Home » കലാസാഹിതി » എഴുത്തുമേശ » സംഘപരിവാരത്തിന്റെ മായായുദ്ധം: ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഒരാമുഖം

സംഘപരിവാരത്തിന്റെ മായായുദ്ധം: ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഒരാമുഖം

അച്ഛനമ്മമാര്‍ മക്കളെ, അധ്യാപകൻ വിദ്യാര്‍ഥികളെ, പ്രാസംഗികൻ സദസ്യരെ, കുടുംബനാഥൻ അന്യജാതിക്കാരനായ അയല്‍ക്കാരനെ, ഫാസിസ്റ്റ് കമാൻഡര്‍ അയാളുടെതന്നെ സഹപ്രവര്‍ത്തകനെ – എല്ലാവരും എല്ലാവരേയും – സംശയത്തോടെ, ഭയത്തോടെമാത്രം വീക്ഷിക്കുന്ന ദുഃസ്വപ്നസമാനമായ ഈ ഫാസിസ്റ്റ് അവസ്ഥയെക്കുറിച്ച്.

‘ഹിന്ദുത്വത്തിന്റെ പേരില്‍ ഭ്രാന്തമായ മുദ്രാവാക്യങ്ങളുയര്‍ത്തുന്ന വിഭാഗങ്ങള്‍ക്കെതിരെ സന്യാസിമാരുടെ നാടായ ഇന്ത്യയില്‍പ്പോലും വിരലിലെണ്ണാവുന്നത്ര മതാധിപന്മാരേ ശബ്ദമുയര്‍ത്താൻ ധൈര്യപ്പെടുന്നുള്ളുവെന്നത് ആകസ്മികമല്ല. അത്ര ഭീഷണമായ ഒരു തലത്തിലേക്ക് ആള്‍ക്കൂട്ട സംസ്‌കാരം പടര്‍ന്നുകഴിഞ്ഞിരിക്കുന്നു.’

ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഇന്നും ആമുഖമായി കണക്കാക്കാവുന്ന, ഡോ. ടി. കെ. രാമചന്ദ്രൻ 1993-ൽ എഴുതിയ പഠനത്തിന്റെ ഒന്നാം ഭാഗം.

 

നാസി ജര്‍മനി സന്ദര്‍ശിക്കാനെത്തിയ ഒരു വിദേശ സഞ്ചാരിയോട് ആരാണ് അവിടെ ഭരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ”ഭയം.”

ഫാസിസ്റ്റ് ഭരണതന്ത്രത്തിന്റെ സങ്കീര്‍ണ്ണമായ ഉള്‍പ്പിരിവുകളിലേക്ക് വെളിച്ചംവീശുന്ന ബ്രഹ്തിന്റെ ‘ഭരണകൂടത്തിന്റെ ഉല്‍ക്കണ്ഠകള്‍’ എന്ന കവിത ആരംഭിക്കുന്നതിങ്ങനെയാണ്.
നിലനില്‍പ്പിനായി നഗ്നവും ക്രൂരവും നിര്‍വികാരവുമായ ശക്തിപ്രയോഗത്തെമാത്രം ആശ്രയിക്കുന്ന ഒരു ദുസ്സഹക്രമം, അതിന്റെ ഇരകളില്‍ സൃഷ്ടിക്കുന്ന സ്വാഭാവിക പ്രതികരണങ്ങളില്‍ ഈ ഭയം ഒതുങ്ങിനില്‍ക്കുന്നില്ല. ജനമനസ്സുകളിലെ അതിപ്രാചീനവും തമോമയവുമായ മണ്ഡലങ്ങളിലുള്ള അയുക്തിക ഭീതികളേയും സംശയങ്ങളേയും തൊട്ടുണര്‍ത്തുന്ന ഫാസിസ്റ്റ് പ്രചാരണം, ഭയത്തെ സാര്‍വത്രികമാക്കുന്നു.

അച്ഛനമ്മമാര്‍ മക്കളെ, അധ്യാപകൻ വിദ്യാര്‍ഥികളെ, പ്രാസംഗികൻ സദസ്യരെ, കുടുംബനാഥൻ അന്യജാതിക്കാരനായ അയല്‍ക്കാരനെ, ഫാസിസ്റ്റ് കമാൻഡര്‍ അയാളുടെതന്നെ സഹപ്രവര്‍ത്തകനെ – എല്ലാവരും എല്ലാവരേയും – സംശയത്തോടെ, ഭയത്തോടെമാത്രം വീക്ഷിക്കുന്ന ദുഃസ്വപ്നസമാനമായ ഈ ഫാസിസ്റ്റ് അവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടാണ് ഡിസംബര്‍ ആറിനുശേഷമുള്ള ഓരോ ദിവസവും കടന്നുപോകുന്നത്.

ഇന്ത്യൻ അവസ്ഥ എത്ര അടിസ്ഥാനപരമായാണ് മാറിയിട്ടുള്ളത്. ഹിന്ദുവര്‍ഗ്ഗീയതയുടെ വക്താക്കള്‍ അയോധ്യയില്‍ അഴിഞ്ഞാടിയപ്പോള്‍ അലക്ഷ്യമായി ചായ മോന്തിയിരുന്ന രക്ഷാസൈനികരും (ഒരു വെറും തോക്കിന്റെ മാത്രം കാരുണ്യംകൊണ്ട് അവര്‍ ആരെ രക്ഷിക്കാനാണ്?) പാഞ്ചാലിയുടെ വസ്ത്രാക്ഷേപവേളയിലെ കൗരവസഭപോലെ അന്ധരും മൂകരും ബധിരരുമായി വിറങ്ങലിച്ചുകഴിഞ്ഞ കേന്ദ്രഭരണാധികാരികളും മാത്രമല്ല അതിന്റെ തെളിവുകള്‍. അയോധ്യയില്‍ അരങ്ങേറിയ നെറികേടിനെ സൗകര്യപൂര്‍വ്വം മറന്നുകൊണ്ട് ”ഇനി അവിടെ പള്ളി പണിയുന്നത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയേയുള്ളൂ”വെന്ന് മുന്നറിയിപ്പുനല്‍കുന്ന ഫാസിസ്റ്റ് വാനമ്പാടികളും ഒരു സുപ്രഭാതത്തില്‍ മസ്‌ജിദിനടിയില്‍ ഹിന്ദുക്ഷേത്രമുണ്ടായിരുന്നുവെന്ന വെളിപാടുകൊണ്ട് ‘അവിടെ ഒരു ഉദ്യാനം നിര്‍മിച്ച് പക്ഷികളുടെ കളകളാരവം ഉയരാനുള്ള അവസരം സൃഷ്ടിക്കുകയാണ് വേണ്ടത്’ എന്ന് ഉപദേശിക്കുന്ന അടുത്തൂണ്‍ പറ്റിയ ചരിത്രപണ്ഡിതരുമെല്ലാം ആ ഭീകരസത്യം നമുക്ക് മനസ്സിലാക്കിത്തരുന്നു.

ഭയത്തിന്റെ മനഃശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഒരു ഫാസിസ്റ്റ് പ്രചാരണശൈലി സംഘപരിവാരത്തിന്റെ എല്ലാ ഘടകങ്ങളും കയ്യാളിക്കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ദൃഷ്ടാന്തങ്ങള്‍ എത്രവേണമെങ്കിലും ഇന്നു നമ്മുടെ മുന്നിലുണ്ട്. ”വാരാണസിയിലേയും മഥുരയിലേയും പള്ളികളും ദില്ലിയിലെ ജുമാമസ്‌ജിദും സ്വമേധയാ മുസ്ലീങ്ങള്‍ വിട്ടൊഴിയണം. അല്ലെങ്കില്‍…” എന്ന രീതിയിലുള്ള സന്തുമാരുടെ ഭീഷണിയിലും, അയോധ്യയിലെ പള്ളിപൊളിക്കലിന്റെയും, എന്തിന് ബോംബെയിലെ വര്‍ഗീയകലാപങ്ങളുടെതന്നെയും ഉത്തരവാദിത്വം പരസ്യമായി ഏറ്റെടുക്കാൻ മടിക്കാത്ത ശിവസേനക്കാരന്റെ ധാര്‍ഷ്ട്യത്തിലും മാത്രമല്ല ഇതുള്ളത്. അയോധ്യയിലെ അപമാനകരമായ സംഭവങ്ങള്‍ക്ക് കാരണമായ ഹിന്ദുവര്‍ഗ്ഗീയവാദ കുടിലതകളെയും അതിനു അരങ്ങൊരുക്കിക്കൊടുത്ത നരസിംഹറാവു സര്‍ക്കാറിന്റെ നിര്‍ലജ്ജമായ നിഷ്‌ക്രിയത്വത്തെയും അപലപിച്ച് സംസാരിച്ച പ്രൊഫസര്‍ സുകുമാർ അഴീക്കോടിനെതിരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിക്കുകയാണെന്ന നാട്യത്തോടെ, അഴീക്കോട് മാസ്റ്റര്‍ പ്രകോപനപരമായ വാക്കുകള്‍ ഒഴിവാക്കി ഗീത നിര്‍വ്വചിക്കുന്ന തരത്തില്‍ വശ്യവാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കണമായിരുന്നുവെന്ന് ഉപദേശിക്കുന്ന നമ്മുടെ പ്രച്ഛന്നഫാസിസ്റ്റുകളുടെ അതിസംസ്‌കൃതവാങ്മയങ്ങളിലും ഈ ഭീഷണിയുടെ സ്വരംതന്നെയാണ് മുഴങ്ങിക്കേള്‍ക്കുന്നത്.

രാമജന്മഭൂമിന്യാസിന്റെ ചെയര്‍മാൻ ആചാര്യ രാമചന്ദ്രപരമഹംസനെ ഡിസംബര്‍ ഒമ്പതിനു സന്ദര്‍ശിച്ച ഒരു പത്രലേഖകന്റെ വിവരണം ശ്രദ്ധിക്കുക: “പത്രപ്രതിനിധികള്‍ കാണാൻ ചെല്ലുമ്പോള്‍ അദ്ദേഹം ബാഗ്ബക്കരി (പുലിയും ആടും) കളിയില്‍ മുഴുകിയിരിക്കുകയായിരുന്നു. ‘ആടിന് ഈ കളിയില്‍ ജയിക്കാൻ കഴിയും. പക്ഷേ, യഥാര്‍ത്ഥ ജീവിതത്തില്‍ അതിനു ജയിക്കാൻ കഴിയുമോ?’ എന്നു സ്വതസിദ്ധമായ ശൈലിയില്‍ ചോദിച്ചുകൊണ്ടാണ് അദ്ദേഹം സംഭാഷണം തുടങ്ങിവെച്ചത്.”

ഡിസംബര്‍ ആറിനുണ്ടായ സംഭവങ്ങളുടെയും തുടര്‍ന്ന് ഭ്രാന്തവേഗത്തില്‍ ഇന്ത്യയൊട്ടുക്ക് പടര്‍ന്നുപിടിച്ച മതമൗലികവാദത്തിന്റെയും മുസ്ലിം വിരോധത്തിന്റെയും പശ്ചാത്തലത്തില്‍ ആചാര്യന്റെ ചിരിയില്‍ മുഴങ്ങുന്ന ഭീഷണിയുടെ അന്തര്‍ധാര നമ്മെ ആശങ്കാകുലരാക്കേണ്ടതാണ്. പള്ളിപൊളിക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം കര്‍സേവകര്‍ തിരിഞ്ഞത് ആ പ്രദേശത്തെ മുസ്ലീങ്ങള്‍ക്കുനേരെയായിരുന്നു. (4300 ഓളം വരുന്ന മുസ്ലീങ്ങള്‍ ഏറെനാള്‍ കഴിഞ്ഞിട്ടും ദുരിതാശ്വാസകേന്ദ്രങ്ങളിലാണ്). കര്‍സേവയില്‍ കാവിത്തലക്കെട്ടുമായി പങ്കെടുത്ത, ഏറെക്കാലമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫൈസാബാദുകാരനായ ഒരു മുസ്ലീമിനെപ്പോലും ബാബറി മസ്ജിദിന്റെ പഴയ ഇമാമിന്റെ മകനൊപ്പം അവര്‍ വധിച്ചു. ഈ ഭീതി അടിസ്ഥാനരഹിതമല്ലെന്നു ഈ വസ്തുതകള്‍ വെളിവാക്കുന്നുണ്ട്.

അയോധ്യയിലെ പള്ളി പൊളിക്കുന്നതില്‍ അവര്‍ക്കു ലഭിച്ച വിജയവും, ക്രമസമാധാനവും നിയമവാഴ്ചയും സംരക്ഷിക്കുന്നതില്‍ നരസിംഹറാവു സര്‍ക്കാരിനു സംഭവിച്ച സമ്പൂര്‍ണ്ണ പരാജയവും രണ്ടുതരത്തിലുള്ള ഫലങ്ങളാണ് ഉളവാക്കിയിട്ടുള്ളത്.

ഒന്നാമതായി, സംഘപരിവാരത്തിന്റെ ജുഗുപ്‌സാവഹമായ ഫാസിസ്റ്റ് മുഖം കൂടുതല്‍ക്കൂടുതല്‍ വെളിവായിക്കൊണ്ടിരിക്കുന്നു.

ഇന്ത്യൻ ജനതക്കുള്ള നവവത്സര സമ്മാനമായി സ്വാമി വാമദേവും മറ്റു ‘സാധു’ക്കളും ദില്ലിയിലെ പത്രസമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും ഏറെ ശ്രദ്ധേയമാണ്. ദില്ലിയിലെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള പതിവ് ജ്വരജല്പനങ്ങള്‍ക്കു പുറമെ സാധുസംസദ് നിയമത്തിന് അതീതമാണെന്നും ഇന്ത്യൻ ഭരണഘടനതന്നെ ഹിന്ദുത്വത്തിന്റെ വക്താക്കളുടെ ഇംഗിതമനുസരിച്ച് പൊളിച്ചെഴുതപ്പെടേണ്ടതാണെന്നുമുള്ള അത്യാപല്‍ക്കരമായ വാദവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. സ്വാമി മുക്താനന്ദന്റെ ഭരണഘടനാമാറ്റത്തെക്കുറിച്ചുള്ള ലഘുലേഖയും ‘ദ പയനിയര്‍’ (1993 ജനുവരി 3) പ്രസിീകരിച്ചിട്ടുള്ള അദ്ദേഹവുമായുള്ള അഭിമുഖവും തുടരെത്തുടരെ സ്വാമി നിരഞ്ജൻദേവ് തീര്‍ഥ് തുടങ്ങിയവര്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകളുമെല്ലാം സംഘപരിവാരം അതിന്റെ ജനാധിപത്യ നാട്യങ്ങള്‍ പാടേ ഉപേക്ഷിച്ചുകഴിഞ്ഞു എന്ന വസ്തുത അടിവരയിട്ടു കാട്ടുന്നുണ്ട്.

ഈ നാട്യങ്ങള്‍ക്കു പിറകില്‍ ഒളിച്ചുവെച്ചിരുന്ന പഴയ ജനസംഘത്തിന്റെ ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാൻ മുഖം അനാവൃതമായിരിക്കുന്നു. എന്തൊക്കെയായിരിക്കും ഈ ഹൈന്ദവഭരണഘടനയുടെ സവിശേഷതകളെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. എങ്കിലും അതിന്റെ ബ്രാഹ്മണാധിപത്യപരവും, പുരുഷാധിപത്യപരവും, മതമൗലികവാദപരവുമായ ഉന്മുഖത്വം ഇവരുടെ പ്രസ്താവനകളില്‍ വേണ്ടുവോളം പ്രകടമാണ്. ഇന്ത്യയില്‍ ജനിച്ചുവെന്നതുകൊണ്ടുമാത്രം ഒരാള്‍ ഇന്ത്യയിലെ പൗരനാകണമെന്നില്ല. ഇവരുടെ മാനദണ്ഡങ്ങളനുസരിച്ച് കൂറും ദേശസ്‌നേഹവും പ്രകടിപ്പിക്കുന്നുണ്ടോ എന്നതായിരിക്കും പൗരത്വത്തിന്റെ അടിസ്ഥാനം. മതന്യൂനപക്ഷങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ മാത്രമല്ല പട്ടികജാതി-പട്ടികവര്‍ഗ്ഗ അവശവിഭാഗങ്ങള്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സംവരണം തുടങ്ങിയ അവകാശങ്ങളും വിമര്‍ശനവിധേയമാകുന്നു.

പയനിയര്‍ അഭിമുഖത്തില്‍ മുക്താനന്ദ അര്‍ത്ഥശങ്കക്കിടനല്‍കാത്തവിധം പറഞ്ഞുവെച്ചിരിക്കുന്നു: ‘വര്‍ണ്ണത്തിന്റെയോ ഭാഷയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള സംവരണം പാടില്ല.’ ഹിന്ദുവ്യക്തിനിയമത്തില്‍ മധ്യകാലദുരാചാരങ്ങള്‍ക്കെതിരെയുള്ള വകുപ്പുകളും സ്വാമിമാര്‍ക്കു രസിച്ചിട്ടില്ല.

ശിശുവിവാഹം, സ്ത്രീധനം, സതി – ഒരുപക്ഷേ അസ്പൃശ്യത തുടങ്ങിയവപോലും – നിയമവിധേയമാകുന്ന കാലം ദൂരെയല്ല. ആര്‍.എസ്.എസ് വര്‍ണാശ്രമധര്‍മത്തില്‍ വേണ്ടത്ര വിശ്വസിക്കുന്നില്ലെന്നും ഹിന്ദുശാസ്ത്രങ്ങളിലും ആചാരങ്ങളിലും അനാവശ്യമായി ഇടപെടുന്നുണ്ടെന്നും പുരിയിലെ പഴയ ശങ്കരാചാര്യരായിരുന്ന നിരഞ്ജൻ ദേവതീര്‍ഥ പ്രസ്താവിച്ചിരിക്കുന്നു.

ബി.ജെ.പി നേതാക്കളായ അദ്വാനി, സുന്ദര്‍സിങ്ങ് ഭണ്ഡാരി, ഗോവിന്ദാചാര്യ തുടങ്ങിയവര്‍ സന്തുകളുടെ പ്രസ്താവനയോട് പ്രതികരിച്ചിട്ടുള്ള രീതിയും ശ്രദ്ധേയമാണ്. ജുമാമമസ്‌ജിദ് അടക്കമുള്ള മുസ്ലിം ദേവാലയങ്ങള്‍ക്കുമേല്‍ സന്തുകള്‍ ഉയര്‍ത്തിയിട്ടുള്ള അവകാശവാദങ്ങളെക്കുറിച്ച് തെളിച്ചെന്തെങ്കിലും പറയാൻ ഈ നേതാക്കള്‍ സങ്കോചിക്കുന്നു. തല്‍ക്കാലമത് ബി.ജെ.പിയുടെ പരിപാടിയിലില്ല എന്നതാണ് അവരുടെ പല്ലവി. അദ്വാനിജി മറ്റൊരു കാര്യം കൂടി പറയുന്നുണ്ട് – ബാബറിമസ്‌ജിദിനുമേല്‍തന്നെ ബി.ജെ.പി 88ലേ അവകാശവാദമുന്നയിച്ചിട്ടുള്ളൂവെന്ന്. ഈ പ്രസ്താവനയെ നാം എങ്ങനെയാണ് വായിച്ചെടുക്കേണ്ടത്? വി.എച്ച്.പി വളരെക്കാലമായി ഉന്നയിച്ചു പോരുന്ന രാമക്ഷേത്രമുദ്രാവാക്യം സാധിതപ്രായമായത് അത് ബി.ജെ.പി ഉന്നയിച്ചപ്പോഴാണ് എന്നാണോ? അതോ ജുമാമസ്‌ജിദ് അടക്കമുള്ള മൂവായിരത്തോളം വരുന്ന ആരാധനാലയങ്ങള്‍ക്കുമേലുള്ള വി.എച്ച്.പിയുടെ അവകാശവാദം സമയം വരുമ്പോള്‍ ബി.ജെ.പിയും ഉന്നയിക്കുമെന്നാണോ?

ഏതായാലും ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ മുസ്ലീംഭരണത്തിന്റെ എല്ലാ ചിഹ്നങ്ങളും തുടച്ചുനീക്കണമെന്ന് തുടരെത്തുടരെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനസംഘത്തിന്റെ പഴയ പ്രസിഡന്റ് ബല്‍രാജ് മാധോക്കാകട്ടെ താജ് മഹല്‍, കുത്തുബ് മിനാര്‍ തുടങ്ങിയവയുടെ കാലവും നിര്‍മാണചരിത്രവും നിര്‍ണയിക്കാൻ ഒരു കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും ഹരിജന-ആദിവാസിവിരുദ്ധ മുദ്രാവാക്യങ്ങളില്‍ അവര്‍ – വോട്ടു നഷ്ടപ്പെടുമെന്ന ഭയംകൊണ്ടാകും അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്.

രണ്ടാമതായി, നിഷ്പക്ഷത പുലര്‍ത്തേണ്ട ഭരണസ്ഥാപനങ്ങളും വ്യക്തികളും പോലും ഹിന്ദുത്വത്തിന്റെ അക്രമോത്സുകമായ കടന്നുകയറ്റത്തിനു വഴങ്ങിക്കൊടുക്കുന്നു.

അക്രമകാരികള്‍ അനധികൃതമായി നിര്‍മിച്ച രാമക്ഷേത്രത്തില്‍ ദര്‍ശനമനുവദിച്ച ഫൈസാബാദ് ജില്ലാ അധികാരികള്‍, തനിക്കതില്‍ പങ്കില്ലെന്നു പറഞ്ഞ് കൈകഴുകുന്ന പ്രധാനമന്ത്രി, രാമൻ കല്പിതകഥാപാത്രമല്ലെന്നും ഭരണഘടന അംഗീകരിക്കുന്ന ചരിത്രപുരുഷനാണെന്നും വിധികല്‍പിക്കുന്ന കോടതി, അമ്പലത്തിനകത്തുപോലും നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു ശയനപ്രദക്ഷിണപ്രകടനം അനുവദിക്കുന്ന നമ്മുടെ കൊച്ചുകേരളത്തിലെ ദേവസ്വം ഉദ്യോഗസ്ഥര്‍…. അങ്ങനെ പട്ടിക നീളുന്നു.

ഹിന്ദുത്വത്തിന്റെ പേരില്‍ ഇത്തരം ഭ്രാന്തമായ മുദ്രാവാക്യങ്ങളുയര്‍ത്തുന്ന വിഭാഗങ്ങള്‍ക്കെതിരെ സന്യാസിമാരുടെ നാടായ ഇന്ത്യയില്‍പ്പോലും വിരലിലെണ്ണാവുന്നത്ര മതാധിപന്മാരേ ശബ്ദമുയര്‍ത്താൻ ധൈര്യപ്പെടുന്നുള്ളുവെന്നത് ഇങ്ങനെ നോക്കുമ്പോള്‍ ആകസ്മികമല്ല. അത്ര ഭീഷണമായ ഒരു തലത്തിലേക്ക് ഇവിടത്തെ ആള്‍ക്കൂട്ട സംസ്‌കാരം പടര്‍ന്നു കഴിഞ്ഞിരിക്കുന്നു.

എപ്പോഴും യുക്തിയുടെ അപഹാരകാലമാണ് ഫാസിസത്തിനു വളരാനുള്ള സാഹചര്യം. ഇതു മനസ്സിലാക്കാൻ ജര്‍മനിയിലേയും ഇറ്റലിയിലേയും ഫാസിസത്തിന്റെ വളര്‍ച്ച പഠിച്ചിട്ടുള്ളവര്‍ക്കു പ്രയാസമില്ല. യുക്തിരാഹിത്യത്തിന്റെയും അതിഭൗതികതയുടെയും ജീവിതനിരാസത്തിന്റെയും തിരത്തലപ്പത്തേറിയാണ് ഫാസിസത്തിന്റെ ദുര്‍ഭഗജന്മങ്ങള്‍ അധികാരത്തിലേക്കു കുതിച്ചുകയറിയിട്ടുള്ളത്. ഫാസിസത്തിന്റെ കാര്‍മേഘങ്ങള്‍ ഇന്ത്യൻ ചക്രവാളങ്ങളില്‍ ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന സന്ദിഗ്ധസന്ദര്‍ഭത്തില്‍ ഈ തിരിച്ചറിവ് ഏതൊരു ജനാധിപത്യവാദിക്കും അതിപ്രധാനമാണ്.

(“സംഘപരിവാരത്തിന്റെ ഗുരു, അസത്യവാചിയായ ബ്രഹ്മശിരസ്സുപോലും ഛേദിക്കാൻ മടിക്കാത്ത ത്രിപുരാന്തകനല്ല; അസത്യംകൊണ്ട് അധികാരത്തിന്റെ ശിലപ്രതിഷ്ഠ നടത്തിയ ഗീബല്‍സാണ്” – ലേഖനം നാളെയും തുടരും)

(കടപ്പാട്: റാസ്ബെറി ബുക്‌സ് (8281278582) പുറത്തിറക്കിയ ‘ഒരു മിഥ്യയുടെ ഭാവി’ എന്ന പുസ്‌തകം)

ഡോ. ടി. കെ. രാമചന്ദ്രന്റെ ലേഖനത്തിലേക്കുള്ള പ്രവേശിക ഇവിടെ വായിക്കാം:

അപ്പോഴേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ

Leave a Reply