Home » കലാസാഹിതി » എഴുത്തുമേശ » അസത്യംകൊണ്ടാണ് അധികാരത്തിന്റെ ശിലപ്രതിഷ്ഠ; ത്രിപുരാന്തകനല്ല ഗീബല്‍സാണ് ഇവർക്ക് ഗുരു: ഫാസിസത്തിന്റെ കാളിയഫണങ്ങൾ

അസത്യംകൊണ്ടാണ് അധികാരത്തിന്റെ ശിലപ്രതിഷ്ഠ; ത്രിപുരാന്തകനല്ല ഗീബല്‍സാണ് ഇവർക്ക് ഗുരു: ഫാസിസത്തിന്റെ കാളിയഫണങ്ങൾ

ഫാസിസ്റ്റ് വിരുദ്ധ മുന്നണിയെന്ന അടിയന്തിര ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പത്ര-പരസ്യ ഭാഷ വഴിയുണ്ടാക്കുന്ന ഭ്രമകല്പനകളും പ്രത്യയശാസ്ത്ര മിഥ്യകളും തടസ്സം സൃഷ്ടിക്കുന്നത് ആദ്യമായി വിശകലനം ചെയ്യുന്നു. മിഥ്യയും യാഥാര്‍ഥ്യവും തമ്മിൽ കുഴമറിക്കുന്ന ഫാസിസ്റ്റ് പ്രചാരണരീതികളെക്കുറിച്ച്  ഡോ. ടി. കെ. രാമചന്ദ്രൻ എഴുതുന്നു. ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഒരാമുഖമായി പ്രസിദ്ധീകരിക്കുന്ന ലേഖനം രണ്ടാംഭാഗം.

ഒരു ആധുനികരാഷ്ട്രമെന്ന നിലയ്ക്കുള്ള ഇന്ത്യയുടെ നിലനില്‍പ്പിനെ കുത്തിപ്പിളര്‍ന്ന് വര്‍ഗീയ കലാപങ്ങളില്‍ നിന്നു വര്‍ഗീയകലാപങ്ങളിലേക്ക് രഥയാത്രകള്‍ നടത്തുന്ന സംഘപരിവാരവും, ധര്‍മ്മഭീരുത്വത്തിലും വിഷാദയോഗത്തിലും അമര്‍ന്ന് ‘കിം അകുര്‍വത സഞ്ജയ’ (പിന്നെന്തു ചെയ്തു സഞ്ജയാ?) എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്ന ദില്ലി സിംഹാസനത്തിലെ അന്ധഭൂപതിയും ഇന്ത്യ ഇന്നെത്തിനില്‍ക്കുന്ന രുഗ്ണമായ ദശാസന്ധിയിലേക്കുള്ള ചൂണ്ടുപലകകളാണ്.

ഇന്ത്യയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരു മഹാമാരിപോലെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഈ കാഷായവിപത്തിന്റെ ഫാസിസ്റ്റ് സ്വഭാവം നിര്‍ധാരണം ചെയ്യുക എന്നത് അതിനെ നേരിടുന്നതിലേക്കുള്ള ആദ്യപടിയാണ്. കാരണം, ഡിസംബര്‍ ആറിനുശേഷമുള്ള കണക്കെടുത്താല്‍തന്നെ ആയിരക്കണക്കിന് ശവശരീരങ്ങളെയും പതിനായിരക്കണക്കിന് അംഗഭംഗം വന്നവരേയും അഭയാര്‍ത്ഥിലക്ഷങ്ങളേയും അവര്‍ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു. ഈ അക്രമകാരികളെ നിലയ്ക്കുനിര്‍ത്തേണ്ട കേന്ദ്രത്തിലെ അധികാരികളാകട്ടെ സായിബാബയേയോ ശങ്കരാചാര്യരേയോ ആരെയെങ്കിലും കൂട്ടുപിടിച്ച് ഒരു രാമക്ഷേത്രം നിര്‍മ്മിക്കാനും അതുവഴി ഹിന്ദുത്വത്തിന്റെ ബി ടീമാവാനും ഉള്ള തത്രപ്പാടിലുമാണ്.

പ്രേതദര്‍ശനംപോലെ പെട്ടെന്നു പ്രത്യക്ഷപ്പെട്ട ഈ ഫാസിസ്റ്റ് വിപത്തിനെക്കുറിച്ചുള്ള വിശകലനം ദുസ്സാധ്യമാക്കുന്ന പ്രധാന കാര്യം അതിന്റെ അത്ഭുതവേഗത്തിലുള്ള രൂപപരിണാമങ്ങളാണ്. ഈ ഹിന്ദുത്വ പ്രതിഭാസത്തെ വിവരിക്കാൻ ശ്രമിക്കുന്ന പത്രലേഖകര്‍ പലപ്പോഴും മിത്തുകളുടെയും ഭ്രമകല്പനകളുടെയും സഹായം തേടാൻ നിര്‍ബന്ധിതരാവുന്നു. ഒരു ലേഖകൻ പ്രകടമായ നേതൃത്വമോ ലക്ഷ്യമോ ഇല്ലാതെ മതനിരപേക്ഷതയുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്തു മുന്നോട്ടുനീങ്ങുന്ന ഒരു തിരത്തള്ളിച്ചയായി ഇതിനെ വിവരിക്കാൻ ശ്രമിക്കുമ്പോള്‍ മറ്റൊരാളെ സംബന്ധിച്ചിടത്തോളം ആര്‍.എസ്.എസും സഹോദരസംഘടനകളും കല്പിതകഥകളിലെ അനേകം തലകളുള്ള വിഷസര്‍പ്പത്തെപ്പോലെയാണ്. അതിന്റെ ഒരു തല മുറിച്ചു കളയുമ്പോള്‍ ആ സ്ഥാനത്തു മറ്റു രണ്ടെണ്ണം കിളിര്‍ത്തുവരുന്നു.

ഈ രണ്ടു നിരൂപണങ്ങളും അവയുടെ യുക്തിവൈചിത്ര്യം കൊണ്ടുതന്നെ ശ്രദ്ധേയമായി. ഫാസിസ്റ്റ് പ്രചാരണരീതികള്‍ ‘മിത്തു’കളെയാണ് ഏറ്റവുമധികം ആശ്രയിക്കുന്നത് എന്ന വസ്തുതതയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഈ പ്രതികരണങ്ങള്‍ സ്വാഭാവികവുമാണ്.

റൊളാങ് ബാര്‍ഥിനെപ്പോലുള്ള സൈദ്ധാന്തികര്‍ മിത്തുകളുടെ രൂപീകരണത്തില്‍ സംഭവിക്കുന്ന, മിഥ്യയും യാഥാര്‍ഥ്യവും തമ്മിലുള്ള കുഴമറിയലുകളിലേക്ക് വെളിച്ചം വീശിയിട്ടുണ്ട്. സൂചകങ്ങളേയും സൂചിതങ്ങളേയും സമര്‍ത്ഥമായി വിന്യസിക്കുന്നതിലൂടെ ഭ്രമാത്മകസംജ്ഞകള്‍ സൃഷ്ടിക്കുക എന്നതാണ് മിത്തുകളുടെ രീതി. മനോഹരമായ ഒരു പ്രകൃതിദൃശ്യത്തേയും വിപണിയിലിറക്കുന്ന ഒരു വില്‍പ്പനച്ചരക്കിനേയും തമ്മില്‍ വിളക്കിച്ചേര്‍ക്കുന്നതിലൂടെ ചരക്കിന്റെ വിപണനസാധ്യതയും ആകര്‍ഷകതയും ഉറപ്പിച്ചെടുക്കുന്ന പരസ്യചിത്രങ്ങളില്‍ ഇതിന്റെ സ്ഥൂലരൂപം ദൃശ്യമാണ്. അങ്ങനെ തീരങ്ങളെ കിങ്ങിണിയണിച്ചുകൊണ്ടെത്തുന്ന തിരമാലകള്‍ ഷേവിങ്‌ലോഷന്റെയും, മഞ്ഞുപാളികളുതിര്‍ന്നു വീഴുന്ന മലയോര ദൃശ്യങ്ങള്‍ സൗന്ദര്യസോപ്പുകളുടെയും വില്‍പ്പനയെ സഹായിക്കുന്ന ചിഹ്നങ്ങളായി കയ്യടക്കപ്പെടുന്നു.

ശിവന്റെ ശൂലവും രാമന്റെ വില്ലും കൃഷ്ണന്റെ ഓടക്കുഴലുമൊക്കെ അധികാരത്തിലേക്കുള്ള ജൈത്രയാത്രയിലെ ഊന്നുവടികളാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വത്തിന്റെ വക്താക്കളും ഈ പരസ്യനിര്‍മാതാക്കളും തമ്മില്‍ വാസ്തവത്തില്‍ സത്താപരമായ അന്തരമൊന്നുമില്ല. അധ്യാരോപമാണ് രണ്ട് കൂട്ടരും അവലംബിക്കുന്ന രീതി. അവരുടെ ലക്ഷ്യങ്ങളോ തികച്ചും ഭൗതികവും.

യഥാര്‍ത്ഥത്തില്‍ ബന്ധമില്ലാത്ത ഘടകങ്ങള്‍ മിത്തിന്റെ മൂശയില്‍ വിളക്കിച്ചേര്‍ക്കപ്പെടുമ്പോള്‍ പ്രത്യയശാസ്ത്ര മിഥ്യകള്‍ സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ പ്രകൃതിദൃശ്യങ്ങളുടെ ചാരുത കവര്‍ന്നുകൊണ്ട് പല ഉപഭോഗവസ്തുക്കളും സുന്ദരത്തിലുടെ സാദൃശ്യേയം ആയി ചന്തയില്‍ പ്രത്യക്ഷപ്പെടുന്നു. ചിഹ്നവിന്യാസം സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്രമിഥ്യകള്‍ കൊള്ളയ്ക്കും കൊലയ്ക്കും ബലാല്‍സംഗത്തിനുപോലും – അതു സൂറത്തിലെപ്പോലെ വീഡിയോവിലേക്കു പകര്‍ത്തപ്പെട്ടാലും ഇല്ലെങ്കിലും – ഒരു മതാനുഷ്ഠാനത്തിന്റെ ദിവ്യപരിവേഷം കല്‍പ്പിച്ചു നല്‍കുന്നു. ഇത്തരം വിഭ്രാമകമായ ചരിത്രസന്ധികളില്‍ ഡമോക്രറ്റിസ് പറയുംപോലെ ‘സത്യം ഏറ്റവും ആഴമേറിയ കിണറ്റില്‍ പോയൊളിക്കുന്നു’.

മോക്ഷത്തേയും മുക്തിയേയും രാമരാജ്യത്തെയും പറ്റിയുള്ള സമ്മോഹനങ്ങളായ വാഗ്ദാനങ്ങളുമായാണ് ഇന്ന് ഫാസിസത്തിന്റെ കാക്കിപ്പട കടന്നുവരുന്നത്. ഭാരതീയ സംസ്‌കാരത്തെപ്പറ്റിയുള്ള പുരപ്പുറ പ്രഖ്യാപനങ്ങള്‍ തടങ്കല്‍പ്പാളയങ്ങളിലേക്കും കാടത്തത്തിലേക്കുമുള്ള രാജവീഥികള്‍ വെട്ടിത്തുറക്കുന്നു. തീര്‍ച്ചയായും ഇതൊരു തുറുകണ്ണൻ സമയമാണ്. അസത്യങ്ങളും അര്‍ധസത്യങ്ങളുംകൊണ്ടു മായായുദ്ധം നടത്തുന്ന അഭിനവദശമുഖജന്മങ്ങളുടെ നുണക്കോട്ടകള്‍ തകര്‍ക്കാൻ നിസ്തുലമായ സ്വത്വബോധത്തിന്റെയും ആത്മസ്ഥൈര്യത്തിന്റെയും രാമബാണങ്ങള്‍ ഇന്നാവശ്യമായിവന്നിരിക്കുന്നു.

പ്രസിദ്ധ നരവംശശാസ്ത്രജ്ഞനായ ലെവിസ്‌ട്രോസ് ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ പ്രകൃതിയേയും സംസ്‌കാരത്തേയും പരസ്പരം ഇടകലര്‍ത്തിയാണ് മിത്തുകള്‍ പലപ്പോഴും സൃഷ്ടിക്കപ്പെടുന്നത്. ബോധപൂര്‍വ്വമുള്ള മനുഷ്യകര്‍മ്മങ്ങള്‍ പ്രകൃതി പ്രതിഭാസങ്ങളുടെ ഉല്ലേഖങ്ങളായി പ്രത്യക്ഷപ്പെടുമ്പോള്‍ അവയ്ക്ക് അനിവാര്യതയുടെ പരിവേഷം സിദ്ധിക്കുന്നു. പതിനായിരങ്ങളെ കൊന്നൊടുക്കുന്ന യുദ്ധങ്ങള്‍ ഭൂമികുലുക്കങ്ങളുടെയും മഹാരോഗങ്ങളുടെയും രൂപകങ്ങള്‍ക്കു പിറകില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ യുദ്ധക്കുറ്റവാളികള്‍ എല്ലാത്തരം വിചാരണയില്‍നിന്നും രക്ഷപ്പെടുന്നു. എല്ലാവര്‍ക്കും തെറ്റുപറ്റുമല്ലോ എന്ന സാമാന്യബോധത്തിന്റെ നിഷ്‌കളങ്കമായ നിസ്സഹായത, എല്ലാവരും കുറ്റക്കാരാണ് (നാം എല്ലാവരും കര്‍സേവകന്മാരാണ് എന്ന് സ്വപൻദാസ് ഗുപ്തയുടെ ഭാഷ്യം) എന്ന വിധിപ്രസ്താവമായി പരിണമിക്കുമ്പോള്‍ യഥാര്‍ത്ഥ ഉത്തരവാദിത്തത്തിന്റെ പ്രശ്‌നം വിസ്മരിക്കപ്പെടുന്നു. തെറ്റുകള്‍ സാര്‍വ്വത്രികമാകുമ്പോള്‍ വ്യക്തിപരമായ ഉത്തരവാദിത്വം അപ്രത്യക്ഷമാകുന്നുവെന്ന് അഡോണോ.

പ്രകൃതിപ്രതിഭാസങ്ങളിലെ ബിംബങ്ങള്‍ ഉപയോഗിച്ചുള്ള ഗോപനക്രിയ എന്നും ഫാസിസ്റ്റ് തന്ത്രത്തിന്റെ ഒരു മുഖ്യ ആയുധമായിരുന്നിട്ടുണ്ട്. ഉദാഹരണത്തിന് ഫ്രാൻസിലെ ജര്‍മ്മൻ അധിനിവേശഘട്ടത്തില്‍ ഫാസിസ്റ്റനുകൂല വിച്ചി ഭരണകൂടം വളരെ ബോധപൂര്‍വ്വം പ്രസരിപ്പിച്ചിരുന്ന ഒരു മിത്ത് ഇതാണ് – ഏതോ തരത്തില്‍ തങ്ങളുടെ അസ്വതന്ത്രാവസ്ഥക്കു ഫ്രഞ്ചുകാര്‍ തന്നെയാണ് ഉത്തരവാദികള്‍! ഫ്രഞ്ചുകാരുടെ പാപം അതിസദാചാരപരമായ ചില സങ്കല്പങ്ങളുടെ പിൻബലത്തിലൂടെയാണ് നിര്‍വചിക്കപ്പെട്ടിരുന്നത്. ആര്‍.എസ്.എസുകാര്‍ കപട മതേതരത്വത്തിനെതിരായും മുസ്ലിങ്ങളുടെ സദാചാരജീര്‍ണ്ണതയ്‌ക്കെതിരായും ഉന്നയിച്ചുപോരുന്ന വാദഗതികളും വിച്ചി ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രത്യയശാസ്ത്രവും തമ്മിലുള്ള ഛായാസാമ്യം ആകസ്മികമല്ല. ഈ മാരകമായ പ്രത്യയശാസ്ത്രരൂപത്തിനെതിരായാണ് ഴാങ് പോള്‍ സാര്‍ത്ര് ഈച്ചകള്‍ എന്ന പ്രസിമായ നാടകം രചിച്ചത്.

പ്രച്ഛന്ന ഫാസിസ്റ്റുകളായ നമ്മുടെ സാംസ്‌കാരികനായകന്മാര്‍ അയോധ്യയിലെ സംഭവങ്ങളെ വെള്ളതേച്ചുകാണിക്കാൻ ഉപയോഗിക്കുന്ന തന്ത്രവും മറ്റൊന്നല്ല. അവരെ സംബന്ധിച്ചിടത്തോളം അയോധ്യയിലെ കുറ്റകൃത്യങ്ങള്‍ ഒന്നുകില്‍ പ്രകൃതിപ്രതിഭാസങ്ങള്‍ പോലെ അനിവാര്യമായിരുന്നു. അല്ലെങ്കില്‍ അത് എല്ലാവരുടെയും തെറ്റുകളുടെ ആകത്തുകയുടെ സൃഷ്ടിയായിരുന്നു. തമസിന്റെ ശക്തികള്‍ തുടങ്ങിയ ചില അലങ്കാരപ്രയോഗങ്ങള്‍ വഴി അവര്‍ ബി ജെ പിയെ പേരെടുത്തുപറഞ്ഞു വിമര്‍ശിക്കുന്നതില്‍നിന്നു തന്ത്രപൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കുന്നു. അല്ലെങ്കില്‍ നാം എന്ന സര്‍വ്വനാമത്തിനകത്ത് അവര്‍ അക്രമകാരികളെയും അവരുടെ ഇരകളേയും ലയിപ്പിച്ചു കൈകഴുകുന്നു.

അയോധ്യയിലെ സംഭവങ്ങള്‍ക്ക് ഉത്തരവാദിത്വം അതിസാമാന്യമായി (അമൂര്‍ത്തമായി) നിര്‍വചിക്കപ്പെടുന്ന ‘നമ്മള്‍’ക്കല്ലെന്നും ‘നിങ്ങള്‍'(അതായത് ബി.ജെ.പിക്കും കോണ്‍ഗ്രസിനും)ക്കാണെന്നും തറപ്പിച്ചു പറയാനുള്ള തന്റേടം എല്ലാ പുരോഗമനവാദികളും പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം കര്‍ക്കശമായ വിമര്‍ശനത്തിലൂടെ മാത്രമേ നമ്മുടെ രാഷ്ട്രീയാന്തരീക്ഷത്തെ ധൂമിലമാക്കുന്ന പ്രത്യയശാസ്ത്രമിഥ്യകളെ ദൂരീകരിക്കാനാവൂ.

വാസ്തവത്തില്‍ ഫാസിസ്റ്റുകള്‍ ചെയ്യുന്ന ഒരു പ്രധാന കാര്യം ജനാധിപത്യ – ബൂര്‍ഷ്വാ രീതികളെ തകിടം മറിക്കുക എന്നതാണ്. സ്വതന്ത്ര മത്സരത്തില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥയും കുത്തകയിലും അമിതാധികാരത്തിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥയും തമ്മിലുള്ള വ്യത്യാസം സാംസ്‌കാരികരംഗത്ത് പ്രത്യക്ഷപ്പെടുന്നത് ബൂര്‍ഷ്വാ ജനാധിപത്യമൂല്യങ്ങളുടെ തിരസ്‌കാരമായാണ്. കൊള്ളലും കൊടുക്കലും, രണ്ട് പക്ഷവും കേള്‍ക്കല്‍, മധ്യമാര്‍ഗ്ഗം അവലംബിക്കല്‍ തുടങ്ങിയ ബൂര്‍ഷ്വാ ജനാധിപത്യമര്യാദകള്‍ ഫാസിസ്റ്റുകളെ ഒട്ടും അലോസരപ്പെടുത്തുന്നില്ലതന്നെ. ഹിന്ദു എന്നതിനെ മുസ്ലിങ്ങള്‍പോലും അടങ്ങുന്ന സംജ്ഞയായി വിവരിച്ചിരുന്ന, ജനാധിപത്യ നാട്യങ്ങള്‍ പുലര്‍ത്തിയിരുന്ന ബി ജെ പിക്കാര്‍ എത്രദൂരം ഫാസിസത്തിലേക്കു നീങ്ങിക്കഴിഞ്ഞുവെന്നു മനസ്സിലാക്കാൻ ഇന്നത്തെ അവരുടെ ഹിന്ദുത്വനിര്‍വചനം ഉപകരിക്കും.

സംഘപരിവാരത്തിനകത്തുതന്നെ തീവ്രവാദികളും മിതവാദികളും ഉണ്ടെന്ന ഉപരിപ്ലവമായ വിശകലനത്തെ നാം കാണേണ്ടത് ഈ പശ്ചാത്തലത്തിലാണ്. വാജ്‌പേയി പ്രസിഡന്റായിരുന്നപ്പോള്‍ അദ്വാനിയെ തീവ്രവാദിയായി കാണുകയും ജോഷി പ്രസിഡണ്ടാകുമ്പോള്‍ അദ്വാനിയെ മിതവാദിയായി വിവരിക്കുകയും ചെയ്യുന്ന ഈ സമീപനങ്ങളുടെ പൊള്ളത്തരം വെളിവാക്കിയിട്ടുള്ളത് മറ്റാരുമല്ല അദ്വാനി തന്നെയാണ്.

ഇത്തരം ഭ്രമകല്പനകളും പ്രത്യയശാസ്ത്ര മിഥ്യകളും ഫാസിസ്റ്റ് വിരുദ്ധ മുന്നണിയെന്ന അടിയന്തിര ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ എത്ര തടസ്സം സൃഷ്ടിക്കുന്നുവെന്നതിന്റെ നല്ല ദൃഷ്ടാന്തമാണ് ആര്‍.എസ്.എസിലെ മിതവാദികളുമായി കോണ്‍ഗ്രസ് ചര്‍ച്ചയാരംഭിക്കണമെന്ന വാദം. ഡിസംബര്‍ ആറിനുശേഷമുള്ള ബി.ജെ.പി നേതാക്കളുടെ ചടുലമായ ചുവടുമാറ്റങ്ങളും അവരുടെ നാനാര്‍ഥവാചികളായ പ്രസ്താവങ്ങളും യുക്തിസഹവിശകലനത്തെ എളുപ്പമല്ലാതാക്കുന്ന രീതിയില്‍ വൈരുദ്ധ്യജടിലവും സങ്കീര്‍ണ്ണവുമാണ്. ഫ്രണ്ട്‌ലൈൻ ലേഖകന്റെ ‘പലതലയുള്ള വിഷസര്‍പ്പം’ എന്ന കല്പനയെ അന്വര്‍ഥമാക്കുന്ന തരത്തില്‍ പരസ്പരവിരുദ്ധമാണ് അവര്‍ നല്‍കുന്ന വിശദീകരണം. ഓരോ ശിരസും വ്യത്യസ്തമായ കാര്യങ്ങള്‍ പറയുന്നു. പറഞ്ഞ കാര്യങ്ങള്‍തന്നെ കണ്ണടച്ചുതുറക്കും മുമ്പ് മാറ്റിപ്പറയുന്നു. സംഘപരിവാരത്തിന്റെ ഗുരു, അസത്യവാചിയായ ബ്രഹ്മശിരസ്സുപോലും ഛേദിക്കാൻ മടിക്കാത്ത ത്രിപുരാന്തകനല്ല, അസത്യംകൊണ്ട് അധികാരത്തിന്റെ ശിലപ്രതിഷ്ഠ നടത്തിയ ഗീബല്‍സാണ് എന്നു വ്യക്തം.

ബാബറി മസ്‌ജിദിനുനേരെ അക്രമം നടന്നുകൊണ്ടിരിക്കുമ്പോള്‍ പത്രപ്രവര്‍ത്തകരെ കണ്ട ബി.ജെ.പി. വൈസ് പ്രസിഡന്റ് ഭണ്ഡാരി കര്‍സേവകര്‍ കോടതിവിധി ലംഘിച്ചിട്ടില്ലെന്നും അവര്‍ രാംധുൻ പാടുകമാത്രമാണെന്നും വാദിച്ചുജയിക്കാനാണ് ശ്രമിച്ചത്. അതിനോടകം മസ്‌ജിദിന്റെ ഒരു കുംഭഗോപുരം തകര്‍ന്നുവീണു കഴിഞ്ഞിരുന്നു. ഒരു റോഡപകടം പോലെ ദൗര്‍ഭാഗ്യകരമായ ഒന്നായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അയോധ്യയിലെ സംഭവപ്പകര്‍ച്ചകള്‍.

ഏതായാലും അയോധ്യയില്‍ നടന്നതു രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം (ഒ. രാജഗോപാല്‍) ആണെന്ന വെളിച്ചം അപ്പോഴും ഭണ്ഡാരിക്കു കിട്ടിയിരുന്നില്ല. അതീവ ദുഃഖിതനായി കാണപ്പെട്ട അദ്വാനി, പശ്ചാത്താപത്തിന്റെ മുഖപടമെടുത്തണിഞ്ഞ് പാര്‍ലമെന്റില്‍ പ്രത്യക്ഷപ്പെട്ട വാജ്‌പേയി ഇവരൊക്കെയാണ് ആര്‍.എസ്.എസിന്റെ ആദ്യപ്രതികരണത്തിന്റെ ദൃഷ്ടാന്തങ്ങള്‍. സംഘപരിവാരത്തിനകത്തുതന്നെ ഭിന്നതകളുണ്ടെന്ന മിഥ്യ പ്രസരിക്കുന്നതിന് ഇതു കാരണമാവുകയും ചെയ്തു.

എന്നാല്‍ ഇടത് – വലത് – മധ്യമാര്‍ഗവിഭാഗങ്ങള്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസ് പോലെത്തന്നെ ലക്ഷണയുക്തമായ ഒരു ബൂര്‍ഷ്വാ സംഘടനയാണ് സംഘപരിവാരമെന്ന മിഥ്യ വളരെ സമര്‍ഥമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് തിരിച്ചറിയാൻ പ്രയാസമില്ല. അയോധ്യയില്‍ നടന്ന സംഭവങ്ങള്‍ ആസൂത്രിതമായിരുന്നുവെന്നു തന്നെയാണ് ഓരോ ദിവസവും പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. ബി.ജെ.പി നേതൃത്വം സുപ്രീംകോടതി നിര്‍ദേശം ലംഘിക്കില്ലായെന്ന് പാര്‍ലമെണ്ടിലും കോടതിയിലും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കെതന്നെ വാരാണസിയില്‍നിന്നും മധുരയില്‍നിന്നും കര്‍സേവയ്ക്കായുള്ള പ്രചാരണയാത്രകള്‍ തുടങ്ങിവെച്ചുവെന്നതു യാദൃച്ഛികമല്ല.

കര്‍സേവ പ്രതീകാത്മകമായ കീര്‍ത്തനാലാപനമാവില്ല എന്നു പറഞ്ഞവര്‍ വി.എച്ച്. പിക്കാര്‍ മാത്രമല്ല. കര്‍സേവ ഇഷ്ടികയും കൈക്കോട്ടും കൊണ്ടാകും നടക്കുകയെന്ന് അദ്വാനിജിയും പ്രസംഗിച്ചിരുന്നു. ഇതിന്റെ പേരില്‍ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ന്നത് ഡിസംബര്‍ ആറിനുമുമ്പാണ്. എല്ലാ ഉന്നത നേതാക്കളുടെയും മുന്നില്‍വെച്ചാണ് അയോധ്യയിലെ ആക്രമങ്ങള്‍ അരങ്ങേറിയതെന്നും അന്ധമായ അച്ചടക്കമാണ് ആര്‍.എസ്.എസ് അണികളില്‍ വളര്‍ത്തിയെടുക്കാൻ ശ്രമിച്ചിട്ടുള്ളതെന്നും ഓര്‍മിക്കുമ്പോള്‍ കര്‍സേവകരുടെ കര്‍മങ്ങള്‍ക്കു നേതാക്കളുടെ അംഗീകാരമില്ലായിരുന്നുവെന്ന് വിശ്വസിക്കുവാൻ പ്രയാസമാണ്.

‘ഒരു തള്ളുകൂടി കൊടുക്കൂ, മസ്ജിദ് മറിച്ചിടൂ’ എന്നട്ടഹസിച്ചുകൊണ്ട് നേതൃവേദിയില്‍ നിലയുറപ്പിച്ചിരുന്ന സാധ്വി ഋതംബരയും അവസാനത്തെ കുംഭഗോപുരവും തകര്‍ന്നുവീണപ്പോള്‍ സന്തോഷമടക്കാൻ കഴിയാതിരുന്ന ഉമാഭാരതിയും ഒരു അപഭ്രംശമാണ് അവിടെ നടന്നത് എന്ന വാദത്തെ അസാധ്യമാക്കുന്നുണ്ട്. പത്രപ്രവര്‍ത്തകര്‍ക്കെതിരായ സംഘടിതമായ ആക്രമണം ഇങ്ങനെ നോക്കുമ്പോള്‍ അര്‍ഥവത്താകുന്നു. ഈ സന്ദര്‍ഭത്തില്‍ സംഘപരിവാരത്തിനുള്ളില്‍ മിതവാദികളെ തെരയാനുള്ള ശ്രമം പാഴ്‌വേലയാകാനേ ഇടയുള്ളൂ.

(ഇത്രയേറെ ശക്തിയുണ്ടായിട്ടും സാധാരണ മനുഷ്യന്റെ സ്വതന്ത്രമായ വാക്കിനെ ഫാസിസ്റ്റുകള്‍ ഭയക്കുന്നത് എന്തുകൊണ്ടാണ്? നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഹിന്ദുത്വമാണ് അണപൊട്ടിയൊഴുകുന്നതെന്ന ബി ജെ പിക്കാരുടെ കെട്ടുകഥയുടെ വിശകലനം നാളെ )

 

(കടപ്പാട്: റാസ്ബെറി ബുക്‌സ് (8281278582) പുറത്തിറക്കിയ ‘ഒരു മിഥ്യയുടെ ഭാവി’ എന്ന പുസ്‌തകം)

 

ഡോ. ടി. കെ. രാമചന്ദ്രന്റെ ലേഖനം ഒന്നാംഭാഗം ഇവിടെ വായിക്കാം:

സംഘപരിവാരത്തിന്റെ മായായുദ്ധം: ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഒരാമുഖം

ഡോ. ടി. കെ. രാമചന്ദ്രന്റെ ലേഖനത്തിലേക്കുള്ള പ്രവേശിക ഇവിടെ വായിക്കാം:

അപ്പോഴേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ

Leave a Reply