ഹിന്ദു, മുസ്ലിം സ്വത്വങ്ങള്‍ അത്രയൊന്നും പ്രാചീനമല്ല. ഏറിവന്നാല്‍ ഒരു 150 കൊല്ലത്തെ പഴക്കമേ അവയ്ക്കുള്ളൂ. കൊളോണിയല്‍ കാലത്ത് വരേണ്യ വിഭാഗങ്ങള്‍ക്കു ഭരണകൂടത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താൻ സൃഷ്ടിച്ചെടുക്കപ്പെട്ടവയാണ് ഈ വര്ഗീയസ്വരൂപം. ഭക്തിപ്രസ്ഥാനത്തിന്റെ ഘട്ടത്തില്‍ നിലനിന്നിരുന്ന, സഹിഷ്ണുതയും സാഹോദര്യവും ഉണ്ടായിരുന്ന മതമല്ല ഇത്. പാരമ്പര്യരാഹിത്യത്തെപ്പറ്റിയുള്ള മനഃസാക്ഷിക്കുത്തുണ്ട് ഇവർക്ക്. അതിനാൽ ‘വഴിക്കല്ലുകളുടെ കുറിപ്പുകള്‍ മാറ്റുന്ന ലാഘവത്തോടെ ഫാസിസ്റ്റുകള്‍ ശവക്കല്ലറകളുടെ കുറിപ്പുകള്‍പോലും മാറ്റും’.
ഒരു സാമാന്യ പ്രകൃതിപ്രതിഭാസത്തിന്റെ പരിവേഷത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിലേക്കു കടന്നുവന്നിട്ടുള്ള ഹിന്ദുത്വം എത്ര അസ്വാഭാവികമായി കെട്ടിപ്പടച്ചതാണെന്ന് ഡോ. ടി. കെ. രാമചന്ദ്രൻ വിശദീകരിക്കുന്നു. ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ആമുഖമായി പ്രസിദ്ധീകരിക്കുന്ന പഠനത്തിന്റെ മൂന്നാംഭാഗം.
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെടുന്ന ഹിന്ദുത്വം അണപൊട്ടിയൊഴുകുകയായിരുന്നു അയോധ്യയില്‍ എന്ന ബി ജെ പിക്കാരുടെ കെട്ടുകഥ ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്നുണ്ട്.
ഒരു സാമാന്യ പ്രകൃതിപ്രതിഭാസത്തിന്റെ പരിവേഷത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ രംഗമഞ്ചത്തിലേക്കു കടന്നുവന്നിട്ടുള്ള ഹിന്ദുത്വം എത്രയൊക്കെ സ്വാഭാവികമാണ് എന്നതാണ് ആദ്യത്തെ പ്രശ്നം. ചരിത്രപരമായി നോക്കുമ്പോള്‍ ഈ വര്‍ഗീയ സ്വത്വ സങ്കല്‍പ്പങ്ങള്‍ (അത് ഹൈന്ദവമാകട്ടെ ഇസ്ലാമികമാകട്ടെ) അത്രയൊന്നും പ്രാചീനമല്ലെന്നു പ്രകടമാണ്. ഏറിവന്നാല്‍ കൊളോണിയല്‍ കാലംവരെ – ഒരു 150 കൊല്ലത്തെ – പഴക്കമേ ഈ സ്വത്വബോധത്തിനും അതിന്റെ മാനസസന്താനങ്ങളായ വര്‍ഗീയ കലാപങ്ങള്ക്കുമുള്ളൂ. (ബാബറി മസ്ജിദിനടിയില്‍ പതിനൊന്നാം നൂറ്റാണ്ടിലെ ഒരു ക്ഷേത്രത്തിന്റെ – ഇപ്പോള്‍ അത് ബി.സി. ഒന്നാം നൂറ്റാണ്ടിലേതാണന്നും കേള്‍ക്കുന്നു – അവശിഷ്ടങ്ങള്‍ കണ്ടെത്തി വര്‍ഗീയ സ്വത്വബോധത്തെ പരിപോഷിപ്പിച്ച് പോരുന്ന ചില ചരിത്രഗവേഷകര്‍ മറിച്ചുപറയുമെങ്കിലും).
വാസ്തവത്തില്‍ ജാതിയുടെ അപ്രതിരോധ്യമായിരുന്ന മതില്‍ക്കെട്ടുകളെ ഭേദിച്ച് സാര്‍വത്രികമായ സ്വത്വബോധത്തില്‍ അധിഷ്ഠിതമായ ഒരു മതസങ്കല്‍പ്പത്തിന് ആധുനിക കാലത്തിനുമുമ്പ് ഉയര്ന്നുവരാനാകുമായിരുന്നില്ല. ബ്രാഹ്മണത്വം ചാതുര്‍വര്‍ണ്യത്തിന്റെ ദൈവസൃഷ്ടമായ അതിര്‍വരമ്പുകളെ ഉല്ലംഘിക്കുന്നതും ഒട്ടൊക്കെ സാര്വജനീനമാകുന്നതും ഉത്പാദനപ്രക്രിയയുടെ വ്യവസായവല്ക്കരണത്തോടെയാണ്.
അങ്ങനെ നോക്കുമ്പോള്‍ ഹിന്ദു, മുസ്ലിം സ്വത്വങ്ങള്‍ ഇപ്പോഴും പരിണാമത്തിന്റെയും രൂപീകരണത്തിന്റെയും ആദ്യഘട്ടങ്ങളിലൂടെ കടന്നുപോവുകയാണ്. വര്‍ഗീയവാദികളുടെ കയ്യില്‍ ആയുധമായി തീര്‍ന്നിട്ടുള്ള ഹിന്ദുത്വവും ഇസ്ലാമികതയും ഹിന്ദുമതത്തിലോ ഇസ്ലാംമതത്തിലോ ജനിക്കുന്നവരുടെ കൂടപ്പിറപ്പായ ആത്മബോധത്തിന്റെ സൃഷ്ടിയല്ല, മറിച്ച് നിഷേധാത്മകമായി മാത്രം നിര്‍വചിക്കപ്പെടുന്ന (അനിസ്ലാമികം – അഹൈന്ദവം) കൃത്രിമമായി സൃഷ്ടിച്ചെടുക്കപ്പെടുന്ന അധ്യാരോപങ്ങള്‍ മാത്രമാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ വരേണ്യ വിഭാഗങ്ങള്‍ക്കു ഭരണകൂടത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഉപാധിയായി സൃഷ്ടിച്ചെടുക്കപ്പെട്ട ഒന്നാണ് ഈ വര്ഗീയസ്വരൂപം. മതം ഏറ്റവും സാര്‍വജനീനത കൈവരിച്ചിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ ഘട്ടത്തില്‍ നിലനിന്നിരുന്ന മതസഹിഷ്ണുതയും സാഹോദര്യവും നമ്മെ പഠിപ്പിക്കുന്നതും ഇതുതന്നെയാണ്.
വാസ്തവത്തില്‍ ജാതിവ്യവസ്ഥയുടെ കര്‍ക്കശ നിയമങ്ങളും പൗരോഹിത്യത്തോടുള്ള പ്രതിഷേധവുമായിരുന്നു ഭക്തിപ്രസ്ഥാനത്തിന്റെ പ്രശ്നപരിസരം. താഴ്ന്ന ജാതിക്കാരനായ, അന്ധനായ ഒരു ഭക്തന് ദര്‍ശനം നല്കാൻ ശ്രീകോവിലിന്റെയും പുറംമതിലിന്റെയും ഒരുവശത്തെ ചുവരുകള്‍ തകര്‍ത്തു തിരിഞ്ഞിരുന്ന ഉഡുപ്പിയിലെ ശ്രീകൃഷ്ണവിഗ്രഹവും, ഒരു ജീവിതം മുഴുവൻ അമ്പലത്തിനുപുറത്ത് പ്രവേശനം കാത്ത് കഴിച്ചുകൂട്ടി അവസാനം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്ന് മോക്ഷം പ്രാപിക്കുന്ന മഹാഭക്തയും എല്ലാം ഈ വസ്തുതയാണ് അടിവരയിട്ടു വ്യക്തമാക്കുന്നത്.
നാട്ടുരാജാക്കന്മാര് തമ്മിലുള്ള യുദ്ധങ്ങള്‍ മധ്യകാലയുഗത്തില്‍ മതയുദ്ധങ്ങളാവാതിരുന്നതും അതു വര്‍ഗീയകലാപങ്ങള്‍ക്കു വഴിമരുന്നിടാതിരുന്നതും വംശ- ഗോത്ര-ജാതീയ സ്വഭാവങ്ങളെ അധികരിച്ച് ഒരു വര്‍ഗീയമായ സ്വത്വനിര്‍മിതി അന്ന് നടന്നിരുന്നില്ല എന്നതിനാലാണ്. ശിവജിയും മുഗളരും തമ്മിലുള്ള യുദ്ധങ്ങളെയും റാണാപ്രതാപ് സിങ്ങിനെയും ഒക്കെ ഒരു ഹിന്ദുസ്വത്വത്തിന്റെ ചിഹ്നങ്ങളായി അവതരിപ്പിക്കുന്നത് വര്‍ഗീയവാദത്തിന്റെ ചിത്രരചനകളിലാണ്.
മധ്യകാലയുഗ രാജാക്കന്മാരുടെ ചെറിയ ചോറ്റുപടകള് തമ്മിലുള്ള യുദ്ധങ്ങള്‍ക്ക് ഇന്ത്യയിലെന്നല്ല ഒരിടത്തും ആധുനികയുദ്ധങ്ങളുടെ സാര്വത്രികതയോ സംഹാരശേഷിയോ പ്രത്യയശാസ്ത്രസ്വഭാവമോ ഉണ്ടായിരുന്നില്ലതന്നെ. ഹിന്ദു-മുസ്ലിം സ്വഭാവങ്ങള്‍ തമ്മിലുള്ള വ്യതിരേകത്തിന്റെ അടിസ്ഥാനത്തില്‍ മതസ്വത്വങ്ങളെ നിര്വചിക്കുന്നന്ന രീതിയുടെ വേരുകള്‍ കൊളോണിയല്‍ കാലത്തെ ചരിത്ര സാഹചര്യങ്ങളിലാണ് തെരയേണ്ടതെന്നര്ത്ഥം.
കൊളോണിയല്‍ കാലത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടിച്ചെടുക്കപ്പെട്ട ഹിന്ദു-മുസ്ലിം സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ സ്ഥാപനവല്കൃതമാകുന്നത് ജാതി തിരിച്ചുള്ള സമ്മതിദായക സംഘങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതോടെയാണ്. എങ്കിലും ഇവരുടെ സ്വാധീനശക്തി പരിമിതമായിരുന്നു. തികച്ചും പ്രാദേശികവും ഭൗതികവുമായ കാരണങ്ങളില്‍ നിന്നു പൊട്ടിപ്പുറപ്പെടുന്ന വര്‍ഗീയകലാപങ്ങള്‍; ഇതിനെ ചൂഷണം ചെയ്ത് തങ്ങളുടെ താല്പര്യങ്ങള് സംരക്ഷിച്ചുപോരുന്ന വരേണ്യവൃന്ദങ്ങള് – ഏതാണ്ട് സ്വാതന്ത്ര്യലബ്ധിവരെ ഇതായിരുന്നു സ്ഥിതി.
ഇന്നത്തെ സംഘപരിവാരത്തിന്റെ പൂര്വാശ്രമമായ ഹിന്ദുമഹാസഭ 1947ല്പോലും 0.3 ശതമാനം വോട്ടുകിട്ടുന്ന ഒരു സംഘടനയായിരുന്നുവല്ലോ. മതസൗഹാര്‍ദ്ദത്തിലും ഹരിജനോദ്ധാരണത്തിലും ദേശീയവിമോചനത്തിലും അധിഷ്ഠിതമായ ഗാന്ധിയുടെ ബഹുമുഖ പ്രസ്ഥാനത്തിനു മുന്നില്‍ അവര്‍ക്കു കാര്യമായൊന്നും (അദ്ദേഹത്തെ വധിക്കുന്നതൊഴിച്ച്) ചെയ്യാനാവുമായിരുന്നില്ല. വിഭജനത്തെത്തുടര്ന്നുനടന്ന രക്തരൂഷിതമായ കലാപങ്ങളുടെ വളക്കൂറുള്ള മണ്ണിലാണ് ഭൂരിപക്ഷ വര്‍ഗീയത അതിന്റെ മുസ്ലിംവിരോധത്തിലും ബ്രാഹ്മണമേധാവിത്തത്തിലും നിലയുറപ്പിക്കുന്ന സ്വത്വസങ്കല്പം തട്ടിപ്പടച്ചെടുക്കുന്നത്.
പ്രത്യശാസ്ത്രമിത്തുകള് എക്കാലത്തും ചരിത്രനിഷേധത്തിലൂടെയാണ് സൃഷ്ടിക്കപ്പെടുന്നത്. ചലനസ്വഭാവമാര്ന്നതും നിരന്തരപരിണാമിയുമായ ചരിത്രപ്രതിഭാസങ്ങളെ ചില സ്ഥിരമൂലകങ്ങളിലേക്കു ചുരുക്കിക്കൊണ്ടാണ് അതു പ്രവര്‍ത്തിക്കുന്നത്. അത് വര്‍ത്തമാനത്തിന്റെ മിഥ്യകളെ ഭൂത-ഭാവികളിലേക്കു പ്രക്ഷേപിക്കുന്നു. വഴിക്കല്ലുകളുടെ കുറിപ്പുകള്‍ മാറ്റുന്ന ലാഘവത്തോടെ ഫാസിസ്റ്റുകള്‍ ശവക്കല്ലറകളുടെ കുറിപ്പുകള്‍പോലും മാറ്റുമെന്ന് പ്രസിദ്ധ ജര്‍മ്മൻ ചിന്തകൻ വാള്‍ട്ടര്‍ ബഞ്ചമിൻ പറഞ്ഞതു വെറുതെയല്ല.
പൊതുവെ ബ്രിട്ടീഷ് സര്‍ക്കാറിന്റെ പാദദാസരായിരുന്ന മഹാസഭക്കാര്ക്ക് കാര്യമായ സ്വാതന്ത്ര്യസമര പാരമ്പര്യമോ ദേശസ്നേഹപാരമ്പര്യമോ ഉയര്‍ത്തിപ്പിടിക്കാനില്ല. സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഹിന്ദുത്വത്തിന്റെ ദേശീയബോധത്തിന്റെ (ഇന്ത്യ=ഹിന്ദുസ്ഥാൻ!) വക്താക്കളായി പ്രത്യക്ഷപ്പെടേണ്ടിവരുമ്പോള് ഈ ചരിത്രയാഥാര്‍ഥ്യം അവരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.
ഇതില്‍നിന്നു പുറത്തുകടക്കാൻ അവര്‍ കണ്ടെത്തിയിട്ടുള്ള മാര്‍ഗം കൗതുകമുളവാക്കുന്നതാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം യഥാര്‍ഥത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമല്ല, അത് വിദേശാധിപത്യത്തിനെതിരായ (മുസ്ലീങ്ങള്‍ക്കെതിരായ) സമരങ്ങളില്‍ ആരംഭിക്കുന്നുവെന്ന് വാദിക്കുക. പക്ഷേ മുസ്ലീമുകളെ വിദേശികളാക്കി മുദ്ര കുത്തുമ്പോള്‍ ഒരു പ്രയാസമുണ്ട്. ആര്യന്മാരും ഇന്ന് ഇന്ത്യയായി അറിയപ്പെടുന്ന ഭൂവിഭാഗത്തിലേക്ക് കുടിയേറ്റം നടത്തിയ വിദേശികളല്ലേ എന്ന ചോദ്യം ഉയര്‍ന്നുവരും. അതിന്റെ മറുപടിയാണ് ഏറെ രസകരം. ആര്യന്മാര് ഇവിടെയുണ്ടായിരുന്നവരാണെന്നാണ് പുതിയ ചരിത്രകാരന്മാര് (അവര്‍ ആരൊക്കെയെന്ന് ആര്‍ക്കും വ്യക്തമല്ല) പറയുന്നത്. ഗാന്ധിയെ രാഷ്ട്രപിതാവായല്ല, മറ്റു പലരേയും പോലെ ധീരനായ ഒരു ഭാരതപുത്രനായാണ് (ഗോദ്സെയെപ്പോലെ എന്ന് പറയുന്നതെപ്പോഴെന്നറിയില്ല) കാണേണ്ടതെന്നും മറ്റുമുള്ള പ്രസ്താവങ്ങളിലും സ്ഫുരിച്ചുനില്ക്കുന്നത് ഈ പാരമ്പര്യരാഹിത്യത്തെപ്പറ്റിയുള്ള മനഃസാക്ഷിക്കുത്താണ്. യു.പിയിലേയും മറ്റും ബിജെപി സര്‍ക്കാറുകള്‍ ചരിത്രപാഠ്യപതിയില് വരുത്തിയിട്ടുള്ള മാറ്റങ്ങളും അവരുടെ കള്ളചരിത്രരചനയും വിപുലമായൊരു ഫാസിസ്റ്റ് തന്ത്രത്തിന്റെ ഭാഗമായി തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു.
വാസ്തവത്തില്‍ ബുദ്ധിജീവിവിഭാഗത്തിനിടയില് ചരിത്രകാരന്മാരാണ് ആര് എസ് എസ് ഭീഷണിയെക്കുറിച്ച് ആദ്യം ബോധവാന്മാരായിട്ടുള്ളതെന്നത് യാദൃച്ഛികമല്ല. അതുകൊണ്ടുതന്നെ സ്വതന്ത്രചരിത്രരചനയാണ് ആര്.എസ്.എസുകാര്‍ക്ക് ഏറ്റവും സഹിക്കാൻ കഴിയാത്തത്.
ഇത്രയേറെ ശക്തിയുണ്ടായിട്ടും ഒരു സാധാരണ മനുഷ്യന്റെ സ്വതന്ത്രമായ വാക്കിനെ ഫാസിസ്റ്റുകള്‍ ഭയക്കുന്നത് എന്തുകൊണ്ടാണ്? കല്പിതകഥകളിലെ അസീറിയൻ രാജാവായ ഥാറിന്റെ കോട്ടപോലെയാണ് അവരുടെ ശക്തിദുര്‍ഗവും. സ്വതന്ത്രമായൊരു വാക്ക് അതിനുള്ളില്‍ ഉച്ചരിക്കപ്പെടുന്ന നിമിഷം കല്ലിന്മേല്കല്ല് അവശേഷിക്കാതെ അതു തകര്‍ന്നടിയും. ബ്രഹ്ത് തന്റെ കവിത അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
(കോൺഗ്രസ് അടക്കമുള്ള വലതുപക്ഷവുമായി ചേർന്നുള്ള ഫാസിസ്റ്റ് വിരുദ്ധമുന്നണിയുടെ
സാധ്യതകളെക്കുറിച്ചും അതിലെ സമസ്യകളെക്കുറിച്ചും നാളെ)
(കടപ്പാട്: റാസ്ബെറി ബുക്സ് (8281278582) പുറത്തിറക്കിയ ‘ഒരു മിഥ്യയുടെ ഭാവി’ എന്ന പുസ്തകം)
ഡോ. ടി. കെ. രാമചന്ദ്രന്റെ ലേഖനത്തിലേക്കുള്ള പ്രവേശിക ഇവിടെ വായിക്കാം:
അപ്പോഴേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ
ഡോ. ടി. കെ. രാമചന്ദ്രന്റെ ലേഖനം ഒന്നാംഭാഗം ഇവിടെ വായിക്കാം:
സംഘപരിവാരത്തിന്റെ മായായുദ്ധം: ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഒരാമുഖം
ഡോ. ടി. കെ. രാമചന്ദ്രന്റെ ലേഖനം രണ്ടാംഭാഗം ഇവിടെ വായിക്കാം: