Home » ന്യൂസ് & വ്യൂസ് » ഫാസിസ്റ്റ് വിരുദ്ധമുന്നണി ഇടതുപക്ഷപ്രവർത്തകരോട് ആവശ്യപ്പെടുന്നത്

ഫാസിസ്റ്റ് വിരുദ്ധമുന്നണി ഇടതുപക്ഷപ്രവർത്തകരോട് ആവശ്യപ്പെടുന്നത്

കോൺഗ്രസിലെ വലതുപക്ഷം ഹിന്ദുവർഗീയതയുമായി എക്കാലവും ഒളിവിലും തെളിവിലും ബന്ധം പുലർത്തിപ്പോന്നിട്ടുണ്ട്. അതേസമയം, എന്നത്തേയും പോലെ ഇന്നും കോൺഗ്രസിന്റെ അണികളിൽ പുരോഗമനേച്ഛുക്കളും വർഗീയവിരുദ്ധരുമായ ജനലക്ഷങ്ങളും നേതാക്കളുമുണ്ട്. ഇവരെ ഫാസിസ്റ്റ് വിരുദ്ധചേരിയിലേക്കു കൊണ്ടുവരാൻ ഇടതുപക്ഷപ്രവർത്തകരുടെ തത്വാധിഷ്ഠിതവും സഹഭാവപൂർണവുമായുള്ള മുൻകൈ പ്രവർത്തനം കാലം ആവശ്യപ്പെടുന്നു. സൈദ്ധാന്തികമായും സംഘടനാപരമായും സമരസജ്ജമാകുന്നതിനൊപ്പം ജനാധിപത്യപരവും പരസ്പരബഹുമാനം പുലർത്തുന്നതുമായ ശൈലിയും ഇതിന് അനിവാര്യമാണ്. ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഇന്നും മുഖവുരയായി നിൽക്കുന്ന, 1993-ൽ ഡോ. ടി. കെ. രാമചന്ദ്രൻ എഴുതിയ പഠനം അവസാനഭാഗം.

 

ന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ഭാവിക്കുമേൽ കരിനിഴൽ പരത്തിക്കൊണ്ട് ഉയർന്നുവന്നിട്ടുള്ള ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഫാസിസത്തിന്റെ ആവിർഭാവത്തെ പൊതിഞ്ഞുനിൽക്കുന്ന വിഭ്രാമകതയുടെ പുകമറകളെ ഉച്ചാടനം ചെയ്തുകൊണ്ടും അതിന്റെ സാമൂഹികവും സാമ്പത്തികവുമായ വേരുകളെ നിർധാരണം ചെയ്തുകൊണ്ടും മാത്രമേ കഴിയൂ. കാരണം, മാർക്‌സ് പറയുന്നതുപോലെ, മനസ്സിൽ നുരപോലെ പ്രത്യക്ഷപ്പെടുന്ന വേതാളദൃശ്യങ്ങളും ഭ്രമകല്പനകൾപോലും സാമൂഹ്യപ്രക്രിയയുടെ ഉൽപന്നങ്ങളാണല്ലോ. ഇന്ത്യയുടെ സാമൂഹ്യ-സാമ്പത്തിക പരിതോവസ്ഥകളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുമ്പോൾ ഈ ഫാസിസ്റ്റ് പ്രവണതകൾ യഥാർത്ഥത്തിൽ അത്രയൊന്നും ദുർഗ്രഹമല്ല
.
പക്ഷേ, ഈ പ്രതിഭാസത്തെപ്പറ്റി ആഴത്തിലുള്ള വൈരുദ്ധ്യാത്മക വിശകലനങ്ങൾ ഇന്നും നടന്നിട്ടില്ല. പൂർണമായും വസ്തുനിഷ്ഠമായ നിഗമനങ്ങൾ ഈ ഘട്ടത്തിൽ ക്ഷിപ്രസാധ്യമല്ല. സമഗ്രമായ സിദ്ധാന്ത രൂപീകരണത്തിന് വിശദമായ ചർച്ചകൾ ഇടതുപക്ഷ പ്രവർത്തകർക്കിടയിലും പുറത്തും നടക്കേണ്ടിയിരിക്കുന്നു. ഈ ചർച്ചക്കു സഹായകമായേക്കാവുന്ന ചില സൂചനകൾ നൽകാൻ മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ.

ആദ്യമായി, ഹിന്ദുത്വ ഫാസിസത്തിന്റെ ആധുനിക ഇന്ത്യൻ അവതാരം പ്രത്യയശാസ്ത്രപരമായി മധ്യകാലബിംബങ്ങളെയും പ്രശ്‌നപരിപ്രേക്ഷ്യങ്ങളെയുമാണ് പ്രത്യാനയിച്ചുകൊണ്ടുവന്നിട്ടുള്ളതെങ്കിലും ഇതിനെ ഫ്യൂഡൽ പുനരുത്ഥാന പരിശ്രമമായി ഗണവൽക്കരിക്കുന്നത് മൗഢ്യമാകും. റഷ്യയിലും കിഴക്കൻ യൂറോപ്പിലും സോഷ്യലിസ്റ്റ് ശക്തികൾക്കു സംഭവിച്ച അപചയവും ഈ സാഹചര്യത്തെ ഉപയോഗിച്ചുകൊണ്ട് സാമ്രാജ്യത്വശക്തികൾ സാമ്പത്തിക-രാഷ്ട്രീയ-പ്രത്യയശാസ്ത്ര രംഗങ്ങളിൽ നടത്തിപ്പോരുന്ന കുരിശുയുദ്ധവും ചേർന്ന് സൃഷ്ടിച്ചിട്ടുള്ള സങ്കീർണമായ ഭൂമികയിലാണ് ഹിന്ദുത്വത്തിന്റെ ഈ നവീന അവതാരം നിലപാടുകൊള്ളുന്നത്. നരസിംഹറാവുവും മൻമോഹൻസിങ്ങും രാജ്യത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെത്തന്നെയും സാമ്രാജ്യത്വശക്തികൾക്ക് അടിയറവെച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തിട്ടുള്ള പുത്തൻ സാമ്പത്തികനയങ്ങളുടെ ആദ്യഫലങ്ങൾ നമ്മുടെ സാമൂഹ്യമണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ഘട്ടത്തിലാണ് ഈ ഫാസിസ്റ്റ് ശക്തിയുടെ തിരപ്പുറപ്പാടെന്നത് നാം മറന്നുകൂടാ.

സമ്പന്നരായ ഒരു വരേണ്യവൃന്ദം മാത്രം വളർന്നുവരികയും ജനസാമാന്യം കൂടുതൽക്കൂടുതൽ കഷ്ടപ്പാടുകളിലേക്കും ദാരിദ്ര്യത്തിലേക്കും വലിച്ചെറിയപ്പെടുകയും ചെയ്തു. നിഷ്ഠൂരമായ ഈ സാമ്പത്തികക്രമം ഭാവിയെപ്പറ്റി ആശയോ പ്രതീക്ഷയോ ഇല്ലാത്ത ഒരു യുവജന വിഭാഗത്തെ ഇന്ത്യയൊട്ടുക്കും സൃഷ്ടിച്ചിട്ടുണ്ട്. ശക്തമായ ബഹുജനപ്രസ്ഥാനങ്ങളുടെ അഭാവത്തിൽ ആത്മശൈഥില്യത്തിലേക്കും കുറ്റവാസനകളിലേക്കും അടിച്ചുതെളിക്കപ്പെടുന്ന ഈ വിഭാഗം ഫാസിസത്തിന്റെ സ്വാധീനത്തിൽ അമരുകയാണോ എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു. ഏതായാലും നരസിംഹറാവുസർക്കാർ തുടർന്നുപോരുന്ന സാമ്പത്തികനയങ്ങളോട് വളരെ അടുത്തുനിൽക്കുന്ന പാർടിയാണ് ബി ജെ പി എന്നത് പ്രധാനമാണ്.

തീർച്ചയായും ബി ജെ പിയുടെ സ്വദേശിമുദ്രാവാക്യത്തെ നാം എങ്ങനെയാണ് കാണേണ്ടതെന്ന പ്രശ്‌നം ഇവിടെ സംഗതമാണ്. സ്വാശ്രയത്വത്തെപ്പറ്റിയുള്ള ഇടതുപക്ഷകക്ഷികളുടെ മുദ്രാവാക്യത്തിന്റെ നേർവിപരീതമാണ് ബി ജെ പിയുടെ സ്വദേശിസങ്കൽപം. സ്വദേശി എന്നത് തികച്ചും ഉപരിപ്ലവവും ചിഹ്നപരവും ആയ തലത്തിലാണ് ബി ജെ പി ആവിഷ്‌കരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാൻ എന്നാക്കുക; മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ പാശ്ചാത്യ സങ്കൽപങ്ങളെ ഉപേക്ഷിക്കുക, ഇംഗ്ലീഷിനെ ഭരണഭാഷയുടെ സ്ഥാനത്തുനിന്ന് നിഷ്‌കാസനം ചെയ്യുക; വിദേശാധിപത്യത്തിന്റെ ചിഹ്നങ്ങൾ (മുസ്‌ലിം ഭരണകാലത്തിന്റെയും) പൂർണമായും തുടച്ചുനീക്കുക… പട്ടിക നീളുന്നു.

ഈ സങ്കൽപത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം സാമ്പത്തികപ്രശ്‌നങ്ങളെപ്പറ്റി അത് പുലർത്തുന്ന നിശബ്ദതയാണ്. ഇടതുശക്തികളുടെ സ്വാശ്രയസങ്കൽപത്തിന്റെ ഉള്ളടക്കം അടിസ്ഥാനപരമായി സാമ്പത്തികവും സാമ്രാജ്യത്വവിരുദ്ധവുമാണെങ്കിൽ, സംഘപരിവാരത്തിന്റെ സ്വദേശിസങ്കൽപം മുച്ചൂടും പ്രത്യയശാസ്ത്രപരമാണ്. ആധുനികയുഗത്തിലെ സങ്കീർണമായ സാമ്പത്തിക-രാഷ്ട്രീയ യാഥാർഥ്യങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്നതിനുപകരം വികാരപരമായ ചില പ്രത്യയശാസ്ത്ര പ്രഖ്യാപനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാനാണ് അവരുടെ ശ്രമം. മുസ്ലീങ്ങളുടെ പേരിൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾക്കും ഹിന്ദുക്കളുടെ ആത്മാഭിമാനം മുതലായ പരികല്പനകൾക്കും വർത്തമാന യാഥാർഥ്യങ്ങളുമായി കാര്യമായ ബന്ധമൊന്നുമില്ല.

സംഘപരിവാരത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ടിട്ടുള്ള പ്രസ്ഥാനം വാസ്തവത്തിൽ സാമ്പത്തികമോ രാഷ്ട്രീയമോ ആയ ഒരുതരം പരിപാടിയും മുന്നോട്ടുവെക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്നതായി പറയപ്പെടുന്ന ഒരു അതിക്രമത്തെ കേന്ദ്രീകരിച്ചുള്ളതാണ് അവരുടെ പടപ്പുറപ്പാട്. ഈ ഭ്രാന്തമായ മുസ്ലിംവിരോധത്തിനും അതിൽനിന്ന് ഉടലെടുക്കുന്ന വർഗീയകലാപങ്ങൾക്കും പിന്നിൽ സാമ്പത്തിക-കച്ചവട താൽപര്യങ്ങൾ കണ്ടെത്താനാവുമെന്നതിൽ സംശയമില്ല. പക്ഷേ, ഇവ പ്രാദേശികവും ഗുപ്തവുമായിരിക്കും. അവരുടെ ചാവേർപ്പടകളിലേക്ക് അണിചേർക്കപ്പെടുന്ന സാധാരണജനങ്ങൾക്ക് ഈ താൽപര്യങ്ങൾ മിക്കവാറും തിരിച്ചറിയാൻ കഴിയാതെ പോകുന്നു. വർഗീയവിദ്വേഷത്തെയും ഭ്രാന്തമായ ആവേശത്തേയും ഊതിക്കത്തിക്കുന്ന കടുംനിറത്തിലുള്ള പ്രചാരണങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ ഫാസിസ്റ്റ് പ്രചാരണതന്ത്രത്തിന്റെ മനഃശാസ്ത്രപരമായ അംശങ്ങളെപ്പറ്റി നിഷ്‌കൃഷ്ടമായ വിശകലമുണ്ടാവേണ്ടതുണ്ട്.

ഫാസിസത്തിന്റെ ആവിർഭാവവും ഇന്ത്യൻ ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങളും തമ്മിലുള്ള വൈരുധ്യാത്മകബന്ധം ഫാസിസത്തിനെതിരായി ഐക്യനിര കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമാണ്. കോൺഗ്രസ് സ്വാഭാവികമായിതന്നെ ഇത്തരം ഒരു മുന്നണിയിൽ നിലയുറപ്പിക്കുമെന്നോ അതിനു നേതൃത്വം കൊടുക്കുമെന്നോ കരുതുക വയ്യ. തീർച്ചയായും എന്നത്തേയും പോലെ ഇന്നും കോൺഗ്രസിന്റെ അണികളിൽ പുരോഗമനേച്ഛുക്കളും വർഗീയവിരുദ്ധരുമായ ജനലക്ഷങ്ങളും നേതാക്കളുമുണ്ട് എന്നത് ശരിയാണ്. പക്ഷേ, ഇവരെ ഫാസിസ്റ്റ് വിരുദ്ധചേരിയിലേക്കു കൊണ്ടുവരികയെന്ന കർത്തവ്യം തത്വാധിഷ്ഠിതവും സഹഭാവപൂർണവുമായുള്ള മുൻകൈ പ്രവർത്തനം ഇടതുപക്ഷ പ്രവർത്തകരിൽ നിന്ന് ആവശ്യപ്പെടുന്നു. കാരണം കോൺഗ്രസ്സിന്റെ സ്വാതന്ത്ര്യാനന്തരചരിത്രം പഠിക്കുന്ന ഏതൊരാൾക്കും കോൺഗ്രസിലെ വലതുപക്ഷ-പിന്തിരിപ്പൻ ശക്തികൾ ഒളിവിലും തെളിവിലും ഹിന്ദുവർഗീയതയുമായി ബന്ധം പുലർത്തിപ്പോന്നിട്ടുണ്ടെന്ന് കാണാൻ കഴിയും. ഗാന്ധിയുടെ വധത്തിനുശേഷം സംഘപരിവാരത്തിനുനേരെയുണ്ടായ നിരോധനം പോലും ഒരു വർഷത്തേക്കേ നിലനിന്നുള്ളൂവെന്ന കാര്യം നാം വിസ്മരിച്ചുകൂടാ.

കോൺഗ്രസിന്റെ രാഷ്ട്രീയശക്തിയും ആർഎസ്എസിന്റെ സാംസ്‌കാരികശക്തിയും (സംഘടനാശക്തിയും) ഒന്നിച്ചുചേർന്നാൽ കമ്യൂണിസമെന്ന ദുർഭൂതത്തെ നശിപ്പിക്കാനാകുമെന്ന ഗോൾവാൾക്കറുടെ സ്വപ്നം രഹസ്യമായെങ്കിലും കോൺഗ്രസ് വലതുപക്ഷം പങ്കിട്ടുപോന്നിട്ടുണ്ട്. 1949ൽ നെഹ്‌റു വിദേശത്തായിരുന്നപ്പോൾ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ആർഎസ്എസുകാർക്കും കോൺഗ്രസ് അംഗത്വം നൽകാൻ തീരുമാനിക്കുകയുണ്ടായി. നെഹ്‌റുവിന്റെ ശക്തമായ എതിർപ്പുമൂലം 1949 നവംബറിൽ ഈ തീരുമാനം പിവലിച്ചുവെങ്കിലും.

മസ്‌ജിദിനകത്ത് ഒരു അത്ഭുതംപോലെ രാമവിഗ്രഹം പ്രത്യക്ഷപ്പെട്ട അന്നുമുതൽ പല ഘട്ടത്തിലും ഈ ഒത്തുകളി ആവർത്തിച്ചിട്ടുമുണ്ട്. ആചാര്യ നരേന്ദ്രദേവിനെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ കയ്യയഞ്ഞ് സഹായിച്ചത് ഹിന്ദുവർഗീയവാദികളായിരുന്നല്ലോ. മന്ദിർ-മസ്ജിദ് വിവാദത്തിന് വീണ്ടും ജീവൻ നൽകിയ പൂട്ടുതുറന്നുകൊടുക്കലിലേക്കു നയിച്ച ഹിന്ദുത്വപ്രസ്ഥാനത്തിൽ ഗുൽസാരിലാൽ നന്ദയെയും കരൺസിങ്ങിനെയും പോലുള്ള കോൺഗ്രസിന്റെ സമുന്നത നേതാക്കൾ ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. ശിലാന്യാസം അനുവദിച്ചതും ജോഷിയെ വ്യോമസേനാ വിമാനത്തിൽ കാശ്മീരിൽ എത്തിച്ചതും അവസാനമിപ്പോൾ അയോധ്യയിൽ അക്രമസംഭവങ്ങൾ നടക്കുമ്പോൾ ഒട്ടകപ്പക്ഷിയെപ്പോലെ അധികാരികൾ തല മണ്ണിൽ പൂഴ്ത്തിയിരുന്നതുമൊക്കെ ഹിന്ദുത്വശക്തികളുടെ വികാസചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകളാണ്.

സോഷ്യലിസ്റ്റു ചേരിയുടെ അപചയം നെഹ്‌റുവിയൻ സമീപനങ്ങൾക്ക് ഏൽപ്പിച്ചിട്ടുള്ള ക്ഷതം ചെറുതല്ല. കൂടുതൽക്കൂടുതൽ സാമ്രാജ്യത്വത്തോട് വിധേയത്വം പുലർത്തുന്ന വലതുപക്ഷനയങ്ങളിലേക്ക് വഴുതിപൊയ്‌ക്കൊണ്ടിരിക്കുന്ന നരസിംഹറാവുവും കൂട്ടരും ജനശക്തിയെ അഴിച്ചുവിട്ടുകൊണ്ട് ഫാസിസത്തെ പ്രതിരോധിക്കാവുന്ന ഒരു അവസ്ഥയിൽ അല്ലതന്നെ. വാസ്തവത്തിൽ തങ്ങളുടെ സാമ്പത്തികനയങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ജനകീയപ്രതിഷേധങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള ഒഴികഴിവായി, ഒരു ഊന്നുവടിയായി അവർ ഫാസിസത്തെ കാണുന്നുണ്ടോ എന്ന സംശയം ഉണർത്തുന്ന തരത്തിലുള്ളതാണ് കോൺഗ്രസ് സർക്കാറിന്റെ വാക്കും പ്രവൃത്തിയും.

ഈ അതീവഗൗരവമായ സ്ഥിതിവിശേഷം ഇടതുപക്ഷ-പുരോഗമനശക്തികളുടെ ചുമലിൽ ഭാരിച്ച ഉത്തരവാദിത്തമാണ് കയറ്റിവെച്ചിട്ടുള്ളത്. ജനങ്ങളുടെ സർഗശക്തിയെയും പ്രതികരണശേഷിയെയും വിസ്‌ഫോടകമായ തലത്തിൽ വികസിപ്പിച്ചുകൊണ്ടേ ഫാസിസത്തിനെതിരായ ഈ പോരാട്ടത്തിൽ നമുക്ക് വിജയിക്കാനാകൂ. ഫാസിസ്റ്റ് വിരുദ്ധപ്രസ്ഥാനം സൈദ്ധാന്തികമായും സംഘടനാപരമായും സമരസജ്ജമാകേണ്ടതുണ്ട്. ജനാധിപത്യപരവും പരസ്പരബഹുമാനം പുലർത്തുന്നതുമായ ഒരു ശൈലി സ്വീകരിച്ചുകൊണ്ട് ഫാസിസത്തെക്കുറിച്ചുള്ള ചർച്ചയും വിശകലനവും വികസിക്കണം. ഫാസിസ്റ്റ് വിരുദ്ധമായ ഓരോ പ്രസ്ഥാനവും ഫാസിസ്റ്റ് വിരുദ്ധനായ ഓരോ വ്യക്തിയും ഇതുമായി കണ്ണിചേർക്കപ്പെടണം. എങ്കിൽമാത്രമേ ഇന്ന് ദുർഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുർഗങ്ങൾ തകർന്നുവീഴുകയുള്ളൂ.

(അവസാനിച്ചു)

 

(കടപ്പാട്: റാസ്ബെറി ബുക്‌സ് (8281278582) പുറത്തിറക്കിയ ഒരു മിഥ്യയുടെ ഭാവിഎന്ന പുസ്‌തകം)

 

ഡോ. ടി. കെ. രാമചന്ദ്രന്റെ ലേഖനത്തിലേക്കുള്ള പ്രവേശിക ഇവിടെ വായിക്കാം:

അപ്പോഴേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ

ഡോ. ടി. കെ. രാമചന്ദ്രന്റെ ലേഖനം ഒന്നാംഭാഗം ഇവിടെ വായിക്കാം:

സംഘപരിവാരത്തിന്റെ മായായുദ്ധം: ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഒരാമുഖം

ഡോ. ടി. കെ. രാമചന്ദ്രന്റെ ലേഖനം രണ്ടാംഭാഗം ഇവിടെ വായിക്കാം:

അസത്യംകൊണ്ടാണ് അധികാരത്തിന്റെ ശിലപ്രതിഷ്ഠ; ത്രിപുരാന്തകനല്ല ഗീബല്‍സാണ് ഇവർക്ക് ഗുരു: ഫാസിസത്തിന്റെ കാളിയഫണങ്ങൾ

ഡോ. ടി. കെ. രാമചന്ദ്രന്റെ ലേഖനം മൂന്നാംഭാഗം ഇവിടെ വായിക്കാം:

അതുകൊണ്ടാണ് ഒരു സാധാരണ മനുഷ്യന്റെ സ്വതന്ത്രമായ വാക്കിനെ ഫാസിസ്റ്റുകള്‍ ഭയക്കുന്നത്: വർഗീയ സ്വത്വസങ്കല്‍പങ്ങളുടെ ഭൂമിക

 

Leave a Reply