‘കവിതയുടെ അര്‍ത്ഥതലങ്ങളെ വിട്ട് എന്റെ കൂടെപ്പോരുക. രാഗ വിഹാരങ്ങള്‍ തീര്‍ക്കുന്ന മായിക പ്രപഞ്ചത്തില്‍ അഭിരമിപ്പിക്കാം ആവോള’മെന്നു മഴ. ഞാന്‍ തല്ക്കാലം കവിതയെ മറക്കുന്നു – മഴയെ കേട്ട് മീനാക്ഷി മേനോന് എഴുതുന്നു.
എനിയ്ക്കു ചുറ്റുമിപ്പോള്‍ മഴയുടെ ശബ്ദമാണ്. ജോഗ് രാഗത്തിന്റെ ആരോഹണാവരോഹണങ്ങളിലൂടെ, തേന്തുള്ളികള് പോലെ ആത്മാവിലേക്കൂറി വരുന്ന ശബ്ദസൗന്ദര്യമായി മഴ പാടുന്നു. പാടുന്നത് ഒരു കവിതയാണ്… ”ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു….”
സച്ചിദാനന്ദന്റെ ‘ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു’ എന്ന കവിത പ്രശസ്ത സംഗീതജ്ഞൻ ശ്രീ. ഓംകാര്‍നാഥ് ഹവല്‍ദാറാണ് ജോഗ് രാഗത്തില്‍ ചിട്ടപ്പെടുത്തിയത്. മഴയാണ് ആലപിക്കുന്നത്.
കവിതയിലെ വരികള്‍ അടുക്കുകളില്നിന്നും സ്വതന്ത്രരായി ചിറകുകള് വിടര്‍ത്തി പറക്കുകയാണെന്നുതോന്നും മഴ പാടുന്നത് കേള്‍ക്കുമ്പോള്‍. ‘കവിതയുടെ അര്‍ത്ഥതലങ്ങളെ വിട്ട് എന്റെ കൂടെപ്പോരുക. രാഗ വിഹാരങ്ങള്‍ തീര്‍ക്കുന്ന മായിക പ്രപഞ്ചത്തില്‍ അഭിരമിപ്പിക്കാം ആവോള’മെന്നു മഴയുടെ ശബ്ദം. ഞാന്‍ തല്ക്കാലം കവിതയെ മറക്കുന്നു. സംഗീതം സമസ്ത സൗന്ദര്യങ്ങളോടെയും പെയ്തിറങ്ങട്ടെ.
ജോഗ് രാഗം നമുക്ക് പരിചിതമാണ്. ഗര്‍ഷോമിലെ ‘പറയാന്‍ മറന്ന പരിഭവങ്ങള്‍’ എത്ര വട്ടം കേട്ടിരിക്കുന്നു! ജോഗ് രാഗത്തില്‍ ചില കലര്പ്പുകളോടെയാണ് ആ ഗാനത്തിന്റെ ആലാപനം. പക്ഷെ കവിത ശുദ്ധമായ ജോഗിലാണ്.
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു
ചുമലിലിരുന്നാ മഴപ്പക്ഷി പാടിയ
വിറയാര്‍ന്ന പാട്ട് തോരുന്നു
ഒരു ഗ്രാമ വിധവപോലിലകൊണ്ടു തലമൂടി
മെലിവാര്ന്നകാറ്റുപോകുന്നു
തെളിവാനിലൊരു കിളിക്കൂട്ടം തൊടുത്തുവിട്ടരളിതന്
ഞാണ് വിറയ്ക്കുന്നു
ഒരു കൊച്ചു ചാലായി വറ്റുന്നു മൗനവും
ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു.
കവിതയിലെ ഇത്രയും വരികളാണ് ജോഗ് രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആലാപന ശ്രദ്ധ കവിതയെ മറക്കുവാന്‍ പ്രേരിപ്പിക്കുന്നുവെങ്കിലും ചിലയിടങ്ങളില്‍ അതേറ്റവും മനോഹരമായി കവിതയെ പകര്ത്തിവെയ്ക്കുന്നുമുണ്ട്. ‘ഒരു കൊച്ചു ചാലായി വറ്റുന്നു മൗനവും’ എന്ന് മഴ പാടുന്നിടത്ത് കവിത കൂടുതല്‍ ജീവസ്സുറ്റതാവുന്നതുപോലെ.
ഇനിയിവിടെ കവിത ചൊല്ലലാണ് പാടലല്ല എന്ന് വിമര്‍ശിക്കണമോ ഞാന്‍? എന്തിന്! മഴയുടെ ആലാപനം അനുവാചകന്റെ ഹൃദയത്തില്‍ രസം ജനിപ്പിക്കുന്നുണ്ട്. അതില്‍ കുറച്ചു നേരത്തേയ്ക്ക് മറ്റെല്ലാം മറക്കാം.
ഇതാ, മഴ പാടുന്നു:
(കടപ്പാട്: ashrafmalayali/facebook.com)