Home » കലാസാഹിതി » ചുംബിച്ച ചുണ്ടുകള്‍ പകരുന്ന വിരഹമാണ് പത്മരാജന്‍ സിനിമകള്‍; 27 വര്‍ഷത്തിനിപ്പുറവും മലയാള സിനിമയ്ക്ക് പൂരിപ്പിക്കാനാവാത്ത വിടവ്

ചുംബിച്ച ചുണ്ടുകള്‍ പകരുന്ന വിരഹമാണ് പത്മരാജന്‍ സിനിമകള്‍; 27 വര്‍ഷത്തിനിപ്പുറവും മലയാള സിനിമയ്ക്ക് പൂരിപ്പിക്കാനാവാത്ത വിടവ്

പ്രണയത്തിന്റെ തീവ്രത മഴയുടെ ആന്ദോളനങ്ങളില്‍ സന്നിവേശിപ്പിച്ച പത്മരാജന്‍ മലയാള സിനിമയില്‍ ഇന്നും പൂരിപ്പിക്കാനാവാത്ത ഇടം ബാക്കിവച്ച് യാത്രയായിട്ട് 27 വര്‍ഷം തികഞ്ഞു. തിരശ്ശീലയിലും പുസ്തകത്താളിലും തീവ്രാനുരാഗത്തിന്റെ ഗാന്ധര്‍വം തീര്‍ത്ത ഗഗനചാരി… ഇന്നും നമ്മെ മോഹിപ്പിക്കുന്ന മുന്തിരിത്തോട്ടങ്ങള്‍ സമ്മാനിച്ച ചലച്ചിത്രകാരന്‍… ഉദകപ്പോളയില്‍ ജീവിതത്തിന്റെ നശ്വരതയും ആവേശവും നിറച്ച സ്വപ്നാടകന്‍. പത്മരാജന്‍ എന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട പപ്പേട്ടനെ, തൂവാനത്തുമ്പികള്‍, ഇന്നലെ എന്നീ സിനിമകളിലൂടെ ഒരിയ്ക്കല്‍ക്കൂടി വായിച്ചെടുക്കുകയാണ് വിഷ്‌ണു പടിക്കപ്പറമ്പിൽ

 

അവനവൻ തുരുത്ത് ജയകൃഷ്ണൻ

ന്നെ ആകർഷിക്കുന്നത് ജയകൃഷ്ണനാണ്, ക്ലാരയല്ല!

ഒരൊറ്റ സ്റ്റെപ്പെടുത്താൽ കടിഞ്ഞാൺ പൊട്ടുന്ന ടൈപ്പാണ് എന്ന് പറയപ്പെടുന്ന ജയകൃഷ്ണൻ. മണ്ണാർ തൊടിയിലെ ജന്മിയായ ജസ്റ്റിസ് തമ്പുരാന്റെ പിശുക്കനായ സന്തതി. മേധാവിത്വ ധാർഷ്ട്യത്തിലും അന്തർമുഖത്വത്തിലേക്ക് കൂപ്പുകുത്തി വീണവൻ.

തല്ലുകൊള്ളണമെങ്കിൽ മോതിരവിരൽ കൊണ്ടുതന്നെ കൊള്ളണമെന്ന ‘തങ്ങളുടെ ‘പഴമൊഴിക്ക് അനുയോജ്യനായിരുന്നിട്ടുകൂടി പ്രണയമെന്ന ചപല വികാരത്തിന് കീഴ്പെടുന്ന, ഉള്ളിൽ നന്മ സൂക്ഷിക്കുന്ന ചെറുപ്പക്കാരൻ.

അടുത്തിടപഴുകുമ്പോൾ മാത്രമാണ് ക്ലാരയും രാധയും അയാളെ തിരിച്ചറിയുന്നത്.
ഈ രണ്ടു കഥാപാത്രങ്ങളും ആദ്യം “No” ആണ് പറയുന്നത്. ആദ്യകാഴ്ചയിൽ ‘വട്ടമോറന്റെ ഒരു Culture’ എന്നാണ് രാധ അയാളുടെ സ്വഭാവവൈരുദ്ധ്യത്തെ അടിച്ചിരുത്തുന്നത്.

അയാൾക്ക് മൂന്നാമതൊരു മുഖം ഉണ്ടെന്ന് തിരിച്ചറിയുന്നത് രാധയാണ്. അവിടെയാണ് പ്രണയത്തിന്റെ സോഫ്റ്റ് കോർണറിലേക്ക്, പട്ടത്തിനെ കാറ്റെടുക്കുന്നത്! ക്ലാരയിലേക്ക് അയാൾ പ്രവഹിച്ച പോലെ അയാളിലെ തീരങ്ങളിലേക്ക് രാധ നുരഞ്ഞടുക്കുന്നത് അയാളിലെ അന്തർമുഖത്വത്തിലൊളിപ്പിക്കപ്പെട്ട മൂന്നാമതൊരാളിലേക്കാണ്.

‘നശിക്കണമെങ്കിൽ, ആശ തീർത്ത് മരിച്ചൂടെ/നശിച്ചൂടെ’ എന്നു ചോദിക്കുന്ന,
ക്ലാരയെ ജീവിതത്തിലേക്ക് / ജീവനിലേക്ക് ക്ഷണിക്കുന്നത് പ്രണയത്തിന്റെ യൗവനമൂർച്ഛയെ മുരട് ദേഹമാക്കി കൂച്ചുവിലങ്ങിട്ട ജസ്റ്റിസ് തമ്പുരാൻ കാലത്തിൽനിന്ന് പ്രണയ വായ്പോടെ പരവശനായ് ജീവിക്കുന്ന ഒരു നവജാതനായി വിവർത്തനം ചെയ്യപ്പെട്ട ജയകൃഷ്ണനാണ്. ജീവിതത്തിന്റെ നിയന്ത്രണശേഷി പ്രണയത്തിന് വേണ്ടിയേ അയാൾ പണയപ്പെടുത്തിയിട്ടുള്ളു. പ്രാക്ടിക്കലി മുകളിലാണ് ക്ലാര, ചെറിയ കാര്യത്തിൽ പോലും അവളെ സ്വാർത്ഥത പിടികൂടുന്നുണ്ട്.

വിസ്കിയുടെ ഭ്രമാത്മകതയിൽ രാത്രി കടപ്പുറത്തുപോയി കാറ്റുകൊള്ളാൻ ക്ഷണിക്കുന്ന അയാളിലെ കാമുകനോട് (ഈ സമയങ്ങളിൽ ഹൈപ്പർ ലെവലിൽ ആണ് അയാളിലെ കാമുകൻ) ‘വേണ്ട, ഭ്രാന്തൊന്നും കാണിക്കണ്ട’ എന്നാണ് ക്ലാര പറയുന്നത്.

‘കടപ്പുറത്തു പോയ് കാറ്റു കൊള്ളുന്നോർക്ക് ഭ്രാന്താ?’ എന്ന അയാളുടെ ചോദ്യത്തിന് അവളുടെ മറുപടി: ‘വൈകുന്നേരം കാറ്റു കൊള്ളുന്നോർക്ക് ഭ്രാന്തില്ല; പാതിരാത്രി കാറ്റുകൊള്ളുന്നോർക്ക് ഭ്രാന്തുണ്ട്’.
ഇത്തരത്തിലുള്ള നിയമസംഹിതയിലൂടെ മുന്നോട്ട് നീങ്ങുന്ന ചട്ടക്കൂടുള്ള ജീവിതമാണത്.

തങ്ങളുടെ ക്ലച്ചസ്സിൽ നിന്ന് രക്ഷപ്പെട്ട ബ്രില്യൻസ്സ് അസാമാന്യമാണ്. അടങ്ങാത്ത ആരാധന ജയകൃഷ്ണന് ക്ലാരയോടുണ്ടെന്ന് ഇടക്ക് തോന്നിപ്പോകുന്നുണ്ട്. ഹൈദരാബാദിൽനിന്ന് വന്ന ക്ലാര അയാളെ പ്ലാറ്റ് ഫോമിൽ വച്ച് കാണുന്നു. ‘എവിടേക്ക് പോണം’ എന്ന ചോദ്യത്തിന് അയാൾ പറയുന്ന മറുപടി ‘നിങ്ങൾ പറയുംപോലെ’ എന്നാണ്. അത്രക്ക് പിടിയിലയാൾ അകപ്പെട്ടിരിക്കുന്നു. അവളുടെ ബാഗ് വാങ്ങി പിടിക്കുന്നു, നടക്കുന്നു, ടാക്സി പിടിക്കണം എന്ന വാക്ക് ക്ലാര വകവക്കാത്തതുകൊണ്ട്.

ക്ലാരയുടെ മണ്ണാർതൊടിയിലേക്കുള്ള ആദ്യ കോൾ വളരെ സമയദൈർഘ്യം കുറഞ്ഞതാണ്. കോയിൻ ബോക്സിൽ നിന്നാണെങ്കിൽ ഒരു രൂപ ക്ലാരക്ക് മുഴുമിപ്പിക്കാൻ പറ്റുമായിരുന്നില്ല. ക്ലാര ഫോൺ കട്ട് ചെയ്തതിന് ശേഷവും ജയകൃഷ്ണൻ വീണ്ടും റിസീവർ എടുത്ത് ചെവിയിൽ വക്കുന്നു. ഫോൺ വെച്ചോ എന്ന് സംശയംമാറ്റി തീർച്ചപ്പെടുത്തുകയാണയാൾ. ക്ലാരയുടെ ഒരു തുടർച്ചക്കുവേണ്ടി അയാൾ അദമ്യമായി ആഗ്രഹിക്കുന്നുണ്ട്. ക്ലാര എന്നത് അയാൾക്ക് ഒരു ടൂർ പാക്കേജിൽ ഒരു വിസിറ്റിങ് വിസയിൽ സുരതമോഹങ്ങളുടെ താക്കോലിനാൽ തുറക്കപ്പെടുന്ന നീലച്ചായം പൂശിയ ഒരൊറ്റ മുറിയല്ല; അതയാളുടെ രാജ്യമാണ്.

‘ഈ പെൺകുട്ടിയുടെ കാര്യത്തിൽ എങ്ങിനെ ഞാൻ പെരുമാറും എന്ന് എനിക്കറിയില്ല’ എന്നയാൾ പറയുന്നത് എവിടെനിന്നോ വന്ന് എവിടേക്കോ പോയ ക്ലാരയുടെ ഓരു ചേർന്ന്, മഞ്ഞുവീഴുന്നൊരു ഭ്രാന്തൻ കുന്നിൽ നിലയുറപ്പിച്ച തൽപ്പത്തിനിരുവശവും സ്വർഗ്ഗവിശുദ്ധിയിൽ നിന്ന് അടർന്നുവീണ രണ്ട് പ്രണയധൂമങ്ങൾ ആദ്യരാത്രി പങ്കിട്ടതാവാം ഞങ്ങളിരുവരെന്ന അന്ധവിശ്വാസം അയാളെ പിന്തുടരുന്നതുകൊണ്ടാണ്.
ജയകൃഷ്ണൻതന്നെ സമ്മതിക്കുന്നുമുണ്ട് അയാൾ ഒരു അന്ധവിശ്വാസിയാണെന്ന്. ക്ലാരയെ കാണുമ്പോൾ മഴ പെയ്യും എന്ന വിശ്വാസം അയാളെ ചൂഴ്ന്നുനിൽക്കുന്നു. ഇതറിയാവുന്ന ക്ലാര ആദ്യമായി ജയകൃഷ്ണനെ വിളിക്കുമ്പോൾ ‘അവിടെ മഴ പെയ്യുന്നുണ്ടോ’ എന്ന് എടുത്തുചോദിക്കുന്നു. ‘ഇല്ല’ എന്ന് ജയകൃഷ്ണൻ പറയുമ്പോൾ, ‘ഇവിടെ പെയ്യുന്നുണ്ട്’ എന്നവൾ പറയുന്നത് അതുകൊണ്ടാണ്.

ബിയർ നുരകൾ ഹൈഡ്രജൻ ബലൂണുകൾ പോലെ ഉയർന്നുയർന്ന് പോകുമ്പോൾ ക്ലോസ് ഷോട്ടിൽ അയാൾ അയാളുടെ അന്തർമുഖത്വത്തിലേക്ക് ഉൾവലിയുന്നു. ‘ഡേവിഡേട്ടാ, ഒരു ചിൽഡ് ബിയർ’ എന്നുപറയുന്ന സ്വതസിദ്ധതയിൽ നിന്ന് അയാൾ അപ്പോൾ അന്യനാക്കപ്പെടുന്നു. ഒരു പുറംപൂച്ചുകാരനായി മാറ്റിയെഴുതപ്പെടുന്നു.

‘നമുക്ക് ബ്രേക്ക് ചെയ്യേണ്ടേ ഇഷ്ടാ?’ എന്ന റിഷിയുടെ ചോദ്യത്തിന്, ‘വേണം’ എന്ന് ഉത്തരംനൽകുന്ന ജയകൃഷ്ണൻ, കൂട്ടുകാരന്റെ വെർജിനിറ്റി ബ്രേക്ക് ചെയ്യണം എന്ന ആഗ്രഹത്തിന് വഴിതെളിക്കുന്നു. വാതിലിന്റെ പുറത്ത് ഒറ്റപ്പെടുന്ന നിമിഷത്തിലും അയാൾ അയാളുടെ അന്തർമുഖത്വത്തിലേക്ക് തെന്നി വീഴുന്നുണ്ട്. അയാൾ അയാളെ അടയാളപ്പെടുത്തുകയാണ്. നിലപാട് വ്യക്തമാണ്. കോളേജിലേക്ക് ക്രാഷ് ലാൻഡ് ചെയ്ത് ‘കുട്ടിയെ ഞാൻ കല്യാണം കഴിക്കാൻ പുവ്വാണ്’ എന്ന ജന്മിനിലപാട് വ്യക്തമാക്കുമ്പോഴും, അവളുടെ എതിർനിലപാടിൽ തകർന്നിരിക്കുന്ന ജയകൃഷ്ണനെ ആണ് പിന്നീട് കാണുക. ‘ഞാൻ എന്ത് ചങ്കുവാണെന്നാലോയ്ക്യാ.. ആർക്ക് വേണ്ടിയാണ് ഞാൻ ഇത്ര നാൾ പിടിച്ചു നിന്നത്’ എന്ന ബോധത്തിലേക്ക് അയാളിലെ വിഡ്ഢി ജ്ഞാനസ്നാനം ചെയ്യപ്പെടുന്നു.

സത്യത്തിൽ ജയകൃഷ്ണൻ എന്ന കഥാപാത്രം ഒരു ‘മെയിൽ ഷോവനിസ്റ്റ് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. പ്രണയത്തിൽ അകപ്പെട്ട് വേഷംകെട്ടി നടക്കുന്ന ഒരു സാധുവാണയാൾ. അതുകൊണ്ടാണ് അവസാന ശ്രമമെന്ന നിലയിൽ, തടി കോൺട്രാക്ടർ പുന്നൂസ് മുതലാളിയെ ലാളിച്ച ക്ലാരയുടെ അടുത്തേക്ക് അതേ ജുബ്ബ ധരിച്ച് അയാൾ അതേ ഫസ്റ്റ് ഇംപ്രഷൻ ഉണ്ടാക്കുന്നത്, ക്ലൈമാക്സിൽ. അല്ലെങ്കിൽ പിന്നെന്തിനാണ്, കന്നഡക്കാരി ജമുനാറാണിയായെത്തുന്ന ക്ലാരയുടെ ഡേറ്റിങ്ങ് അഡ്രസ്സുകളിലെ പേര് അവസാനം അയാൾ ഇത്ര കൃത്യമായി ഓർത്തെടുക്കാൻ ഓർത്തുവച്ചത്? ‘ഒറ്റപ്പാലം വഴി ഞങ്ങൾ പാസ് ചെയ്തിരുന്നു പലപ്പോഴായി’ എന്ന് ക്ലാര പറയുമ്പോൾ ‘എന്നിട്ടെന്തേ അറിയിക്കാഞ്ഞത്’ എന്ന് അയാൾ കുണ്ഠിതപ്പെടുന്നത്? ‘തൂവാനത്തുമ്പികൾ’ എന്ന സിനിമയിൽ മനക്കട്ടിയില്ലാത്ത സാധുവായ ജയകൃഷ്ണനെയാണ് ഞാൻ കണ്ടിരിക്കുന്നത്.

‘എന്തിനാണ് നീ ഈ വഴി തിരഞ്ഞെടുത്തത്’ എന്ന് ക്ലാരയോട് ജയകൃഷ്ണൻ ചോദിക്കുമ്പോൾ, ‘നിങ്ങൾ ഈ മുറിയിൽ വരാൻ കാരണം എന്താണെന്ന് ഞാൻ അങ്ങോട്ട് ചോദിച്ചോ?’ എന്ന മറുചോദ്യമാണ് ക്ലാര ചോദിച്ചത്. ‘ക്ലാരയെ ഞാൻ മാരി ചെയ്യട്ടെ’ എന്ന അയാളുടെ ചോദ്യത്തിന്റെ ഉത്തരം, ഒരു തിര വന്ന് തട്ടി ‘ഗംഗേ’ എന്ന് വിളിച്ചുണർത്തിയപോലെ ഒരു നിമിഷം, ചിരി മാഞ്ഞ് മൗനഭാവത്തിലൂടെ അവൾ വ്യക്തമാക്കുന്നുണ്ട്. പിന്തുടർച്ചയുള്ള ഒരു ചിരിയിലൂടെ വളരെ നിസാരവത്കരിച്ച് അതിനെ മാറ്റി മറിക്കുകയും ചെയ്യുന്നു. ചിരി മായാതെ അവൾ പറയുന്ന കണ്ടീഷൻ ‘ഞങ്ങടെ കൂട്ടത്തി ചേരണം, കടലി പോണം, ഒരു വള്ളം നിറയെ മീൻ കൊണ്ടുവരണം’ എന്നാണ്.

പിറ്റേ ദിവസം ‘ഇന്നലെ ചോദിച്ചത് മുഴുവൻ കാര്യായിട്ടന്യാ’ (ജീവിതത്തിലേക്ക് ക്ഷണിച്ചത്), അത് വെറും ലഹരിയുടെ അവസരവാദമായിരുന്നില്ല എന്ന് അയാൾ പകൽവെളിച്ചത്തിൽ ബോധ്യപ്പെടുത്തുമ്പോളും ക്ലാര ഉരിയാടാതെ കണ്ണടച്ചുതുറന്ന് ‘ശരി, ശരി’ എന്ന രീതിയിൽ പെരുമാറുന്നു. അപക്വനായ ഒരാളെ കൈകാര്യം ചെയ്യും പോലെ.

കാക്കനാടന്റെ ഭ്രാന്ത് എന്ന കഥയിലെ സ്‌ത്രീ കഥാപാത്രത്തോട് ചേർന്നുനിൽക്കുന്ന ക്യാരക്ടറൈസേഷൻ ആണ് ക്ലാരയുടേത്. ഈ നിമിഷത്തിന് മാത്രമേ പ്രസക്തിയുള്ളു എന്ന് വിശ്വസിക്കുന്നവൾ. അസാധാരണത്വം കലർന്നവലാണവൾ. ആദ്യമായും അവസാനമായും അവൾ ജയകൃഷ്ണനെയാണ് പ്രണയിച്ചത് എന്ന് പറയുമ്പോഴും, എല്ലാ ക്ലച്ചസ്സിൽ നിന്നും ഒരു പാട് ദൂരെയാണവൾ.

അതുകൊണ്ടുതന്നെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വളവ് തിരിഞ്ഞ് പോകുന്ന തീവണ്ടിയുടെ ഇരമ്പം നിലക്കുംവരെ അവിടേക്കെറിയപ്പെട്ട ജയകൃഷ്ണൻ എന്ന ദുർബല കാമുകനാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്.
കൃഷ്ണനേയും രാധയെയും പത്മരാജൻ ഒന്നിപ്പിക്കുന്നുണ്ടെങ്കിലും, യദുകുല രതിദേവൻ അവസാനം വെറും വെറും ജയകൃഷ്ണൻ ഓഡിനറിയായി മാറി. കടുത്ത പ്രണയാതുരത്വം അനുഭവിക്കുന്ന അവനവൻ തുരുത്താണയാൾ.

ഒരു മഴകൊണ്ട് മാത്രം കണ്ടെടുക്കാൻ കഴിയുന്ന തുരുത്ത് – ജയകൃഷ്ണൻ!

‘ഇന്നലെ’യിലെ മായാനദി നരേന്ദ്രൻ

“With love + love + love
കണ്ട ദൈവങ്ങൾക്കു മുഴുവൻ
നമ്മളോടസൂയ…”

ഗൗരി (തിരുപ്പതിയിൽ നിന്ന് പോസ്റ്റ് ചെയ്ത കത്തിൽ നിന്ന്)

ഇല്ല…പറഞ്ഞത് എനിക്കറിയാം… I am aware of it. പക്ഷെ മനസ്സെപ്പോഴും
ഒരു കച്ചിത്തുരുമ്പ് തേടുമല്ലോ… അവൾ മരിച്ചെങ്കിൽ അതെനിക്കറിയണം…അറിഞ്ഞാമതി…
l can face death as a reality… മൂന്നാമത്തെ വയസ്സിൽ എന്റെ അച്ഛൻ മരിച്ചു, പതിനേഴാമത്തെ വയസ്സിൽ അമ്മയും…വേണ്ടപ്പെട്ടവരുടെ മരണം എനിക്ക് പുതുമയല്ല. അതുകൊണ്ട് അകലങ്ങളിൽ നിൽക്കുമ്പോഴാണ് ശരീരത്തെ കൂടുതലായി അനുഭവിക്കാൻ കഴിയുന്നത്.

Death is near
Because it is an idea not a body
But love is distant
because it is a body not an idea. എന്ന് അഡോണിസ് പറഞ്ഞിട്ടുണ്ട്.

ഒറ്റപ്പെടലിന്റ ദൈന്യത അനുഭവിച്ചറിഞ്ഞതിനാലാണ് നരേന്ദ്രൻ കഴിഞ്ഞ രണ്ട് വർഷത്തെ തേടലിനൊടുവിൽ കൊളാബയിയിലെ ഓർഫനേജിൽ നിന്ന് ഗൗരി എന്ന അനാഥത്വത്തെ കണ്ടെത്തുന്നത്.
തമ്പ്രാൻകുന്ന് പ്രദേശത്തെ കാറ്റിലും മഴയിലും പെട്ട് എത്തിയ ഗൗരിയിൽ ശരത്ത് എന്ന പക്വതയില്ലാത്ത അമ്മയുടെ തണൽപറ്റി കഴിയുന്ന ഇരുപത്താറിലേക്ക് കടക്കുന്ന മുൻശുണ്ഠിക്കാരനായ ചെറുപ്പക്കാരൻ ആദ്യാനുരാഗം കണ്ടെത്തുകയാണ്.

മണിപ്പൂരിൽ എംബിബിഎസ്‌ ജീവിതം മുഴുവനാക്കാതെ തിരിച്ചെത്തിയത് ഒരു കാമുകനാകുക എന്ന നിലയിലേക്ക് സജ്ജമായിരുന്ന കാലഘട്ടത്തിലാണ്. അയാളുടെ ആദ്യാനുരാഗമാണിത്. അയാൾ മനസ്സും ശരീരവും അതിനായി ഒരുക്കാൻ തയ്യാറാവുന്നുണ്ട്. ക്ലബ്ബിലെ മദ്യപാനസദസുകളിൽ നിന്ന് അയാൾ വിട്ടുനിൽക്കുന്നുണ്ട്.

‘എനിക്ക് മായയെ എന്റേതു മാത്രമാക്കിയാൽ കൊള്ളാമെന്നുണ്ട്’ എന്ന് അവസരോചിതമായി പറഞ്ഞുവച്ച്, ഒറ്റപ്പെട്ടവളെ ഘട്ടംഘട്ടമായി അയാൾ വലിച്ചടുപ്പിക്കയാണ്. ഒരോളത്തിനും തിരിച്ചെടുക്കാൻ കഴിയാത്തവിധം വശ്യതയോടെ.

‘ഇന്നലെ ഒരു ദിവസം മാത്രം അങ്ങനെ ഓർമ്മ വരുന്നുണ്ട് ‘… എന്ന് ആംനീഷ്യയുടെ അവസ്ഥാന്തരത്തിലും ഓർമ്മയെ വീണ്ടെടുക്കുന്ന, ആശുപത്രി പരിസരങ്ങളിലെ കിളിയിലും മരങ്ങളിലും നിന്ന് മുമ്പെങ്ങോ നിന്ന സ്ഥലങ്ങളിലേക്ക് വാനിഷ് ചെയ്യാൻ ആഗ്രഹിക്കുന്നവളെ ശരത്ത് എത്ര കൃത്യമായാണ്, ‘നമുക്ക് ഓർമ്മയില്ലാത്ത കാലം നമ്മുടേതല്ലെന്നങ്ങ് കരുതിക്കോണം’ എന്ന പ്രസ്താവനയിലൂടെ അടുപ്പിക്കുന്നത്!

ഒരു പക്ഷെ തമ്പ്രാൻകുന്നിലെ ആ ചെറുപ്പക്കാരന്റെ തേടലാണ് മായ. ഒരു പുരുഷൻ അവന്റെ സ്ത്രീയെ കണ്ടെത്തുകയാണ്. പ്രണയത്തിന്റെ പ്രതിബിംബം അവളിലേക്ക് പതിപ്പിക്കുമ്പോൾ അയാൾ നവരസങ്ങളെല്ലാം അഴിച്ച് ആഞ്ഞൊന്ന് നിശ്വസിക്കുന്നുണ്ട്…

‘പെട്ടെന്നൊരു റിലീഫ് തോന്നുന്നു. ശരിക്കിത് മായയെ ആദ്യം കണ്ടപ്പോഴേ പറയാൻ തോന്നിയതാണ്’ എന്നയാൾ പശ്ചാത്തപിക്കുന്നുണ്ട്. ‘എനിക്ക് നിങ്ങൾ രണ്ടാളുമേ ഉള്ളൂ എന്ന് ഉറക്കത്തിൽ പോലും എനിക്കറിയാം’ എന്ന തീർപ്പിലേക്ക് മായ വളരെവേഗം പൊരുത്തപ്പെടുന്നുണ്ട്.

‘ഇന്നലെ’ ഭൂതകാലത്തെ ‘gone by in time and no longer existing’ എന്ന നിലയിലാണ് സമീപിച്ചിരിക്കുന്നത്. ഭൂതം തന്നെയാണ് വർത്തമാനവും എന്ന നിലയിൽ നോക്കിക്കാണുമ്പോഴാണ് ചിത്രം പൂർത്തിയാവുന്നത്.

‘ഇന്ന് എവിടെയൊക്കെ പോയ്…?’

‘ഒരുപാടിടത്ത് പോയ്…സ്കൂളിൽ, ഓർഫനേജിൽ, കല്യാണം കഴിഞ്ഞ് ഒരു മാസവും രണ്ട് ദിവസവും താമസിച്ച ഫ്ലാറ്റിൽ, ഞങ്ങൾ മാലയിട്ട അമ്പലത്തിൽ…’

അയാളുടെ ഇന്നുകളെല്ലാം ഇന്നലെകളാണ്. മരണത്തിൽ പോലും പൂർണ്ണമായും മൂടപ്പെടാത്ത ഇന്നലെകളുടെ അവ്യക്തമായത്ര തരിശുനിലങ്ങളിലേക്ക് പതിയെ ആഴ്ന്നിറങ്ങുന്ന വൈകുന്നേരത്തെ തണുത്ത മഞ്ഞിലെവിടെയോ മറഞ്ഞിരിക്കുന്ന ഏറ്റവും ഗാഢമായ പ്രണയത്തിലേക്കാണ് ആ വെളുത്ത അംബാസിഡർ ഓടിക്കയറുന്നത്.

‘വരുമെന്ന് പറഞ്ഞാരുന്നു..’ വളരെ ഔപചാരികമായി പുറത്തുവന്ന ആ വാചകം നരേന്ദ്രനെ ഇന്നലെയിലേക്ക് പുനർഹിമായനം ചെയ്യുന്നുണ്ട്. പിന്നീടുള്ള അയാളുടെ ഓരോ ചലനവും കടുത്ത ഒറ്റപ്പെടലിന്റേതാണ്. ഉരുണ്ടുകൂടിയ കാർമേഘത്തിനിടയിൽനിന്ന് കൊള്ളിയാനിറങ്ങി അയാളുടെ ഒറ്റമരത്തിന് തീപിടിച്ചിരിക്കണം.

‘മൂന്നുമണിക്ക് വരുമെന്ന് പറഞ്ഞിട്ട് ഞാൻ ഉച്ചമുതൽ ക്ലാസ് കളഞ്ഞിരിപ്പാണ്’ എന്ന പ്രണയത്തിന്റെ സ്ഥലകാലബോധമില്ലാത്ത സ്വാഭാവികതയിലേക്ക് മായ ശരത്തിലേക്ക് ഡൈവേർഷൻ എടുക്കുന്നുണ്ട്.
ആ നിമിഷത്തിൽ തന്നെ പത്മരാജൻ ഒരു ക്ലോസ് ഷോട്ടിൽ ഒരൊറ്റ ഫ്രെയിമിലേക്ക് പ്രണയത്തിന്റെ രണ്ട് അവസ്ഥകളെ അടയാളപ്പെടുത്തുകയാണ്.

നരേന്ദ്രനും ശരത്തും, ഒന്ന്, ഖരാവസ്ഥയിലകപ്പെട്ട് എന്നന്നേക്കുമായി ഉറഞ്ഞുകൂടി ചലനരഹിതമാകുന്നത്. ഏതുനിമിഷവും ഒരു അഗ്നിപർവ്വതംപോലെ അത് പൊട്ടിത്തെറിച്ചെന്നു വരാം.

മറ്റൊന്ന് ദ്രവാവസ്ഥയിൽ ഏതു ദിശയിലേക്കും തിരിഞ്ഞൊഴുകാവുന്നത്. പ്രണയത്തിന്റെ ഏത് അവസ്ഥയിലേക്കും അതിന് മാറ്റപ്പെടാൻ സാധിക്കും.

‘നിങ്ങൾ ഉദ്ദേശിച്ച പെൺകുട്ടി ഇവരല്ലല്ലേ…’

‘വെറുതേ ബുദ്ധിമുട്ടിച്ചതിൽ സോറി’

‘എന്തേ…ചായ കുടിക്കാഞ്ഞെ’

‘എന്തോ… അറിയില്ല’

ആ വെളുത്ത അംബാസഡർ കാർ തരിശിൽ നിന്ന് കണ്ടെടുത്ത കനത്ത പൊടിക്കാറ്റും ആ തണുത്ത വൈകുന്നേരത്തിലെ മഞ്ഞും തമ്മിൽ പ്രണയിച്ചു. രതിയിലേർപ്പെട്ടു. വീണ്ടും എവിടേക്കോ പിരിഞ്ഞു.
ആ വെളുത്ത കാറിന്റെ കണ്ണാടിയിൽ, സംസാരശേഷി നഷ്ടപ്പെട്ട് തണുത്ത് വിറങ്ങലിച്ച് നീണ്ട ഒറ്റയടിപ്പാതയിലേക്ക് ചലനമില്ലാതെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന അയാളുടെ പ്രതിബിംബം നോക്കി, അതിലെ ഡ്രൈവർ ചോദിച്ചു:

‘എന്താ സാറേ ഇത്രയും ദൂരം വന്നിട്ട് ഒരു പത്തു മിനിറ്റ് പോലും നിക്കാതെ പോന്നേ…?’

അയാൾ അതിന് “ഏയ് ഒന്നുമില്ല…’ എന്നു മറുപടി പറഞ്ഞ് അവസാനമായി ആ ഒറ്റപ്പെട്ട വീട്ടിലേക്ക് നോക്കി.

എന്നിട്ടയാൾ ആരോടെന്നില്ലാതെ പറഞ്ഞു:

‘ഇന്നലെകളിൽ നിന്ന് ഇന്നലെകളിലേക്ക് പലായനം ചെയ്യപ്പെടുകയാണ്, രാത്രിയാത്രകളിൽ നമ്മൾ കണ്ടെത്തിയ തണുപ്പിലേക്ക് ഞാൻ മാത്രം വീണ്ടും ചുരുണ്ടുകൂടുന്നു. ക്യാമറയുടെ വ്യൂ ഫൈന്ററിൽ, ഫിയറ്റിന്റെ പിൻസീറ്റിൽ, കൊളാബ ബീച്ചിൽ, എനിക്ക് മാത്രം നിന്നെ വെളിപ്പെടും…’

‘ഗൗരി എന്ന ഇന്നലെയിലേക്ക് ഞാൻ വാനിഷ് ചെയ്യുകയാണ്…അത്രമേലാകില്ലയെങ്കിലും ഇത്രമേലടുത്തു പോയെങ്കിലും നിന്റെ സ്വാതന്ത്ര്യത്തിന് നിന്നെ വിട്ടുനൽകുന്നു’.

 

(ചിത്രത്തിന് കടപ്പാട്: rajmohan.blogspot.com)

Leave a Reply