Home » എഡിറ്റേഴ്സ് ചോയ്സ് » സൂഫീപഥങ്ങളില്‍: പരമമായ ഉണ്മയെക്കുറിച്ചുള്ള അറിവല്ലാതെ മറ്റൊന്നുമല്ല അള്ളാഹു

സൂഫീപഥങ്ങളില്‍: പരമമായ ഉണ്മയെക്കുറിച്ചുള്ള അറിവല്ലാതെ മറ്റൊന്നുമല്ല അള്ളാഹു

ള്ളാഹുവിനെ മനസ്സിലെ ഒരു പിതൃരൂപമായി അറിയുന്ന വിശ്വാസികളില്‍ ഭൂരിപക്ഷവും, പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അറിയുന്നതിനപ്പുറത്തെ യാഥാര്‍ത്ഥ്യം എന്ന നിലയില്‍ അള്ളാഹു എന്ന പദത്തിന് കൂടുതല്‍ ഗഹനമായ അര്‍ത്ഥവും അസ്തിത്വവും ഉണ്ട് എന്ന് മനസ്സിലാക്കാറില്ല. മനസ്സില്‍ പൊന്തിവരുന്ന വിഗ്രഹരൂപത്തിന്‍റെ പേര് മാത്രമാണ് അവര്‍ക്ക് അള്ളാഹു.  എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നറിയുന്നവര്‍ പതിനായിരത്തിലൊന്ന്, അനുഭവിക്കുന്നവരോ ലക്ഷത്തില്‍ ഒരാളും എന്ന് കബീര്‍. സൂഫീജ്ഞാനരഹസ്യങ്ങള്‍ തേടി പി പി ഷാനവാസ്. ‘സൂഫീപഥങ്ങളിൽ’ ആറാംഭാഗം.

 

ഹൈദരാബാദിലെ നൂരിഷാ ത്വരീഖത്തിന്‍റെ ആസ്ഥാനത്ത് നാല്‍പതു ദിവസത്തെ ചില്ലയിരുന്നാണ് ഷിര്‍ക്കിന്റെയും ബഹുദൈവാരാധനയുടെയും രഹസ്യത്തെക്കുറിച്ചുള്ള ജ്ഞാനം,ഷെയ്ഖുമാര്‍ മുരീദുമാര്‍ക്ക് പങ്കുവെയ്ക്കുന്നതെന്ന് എന്നെ സൂഫിസത്തിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച എന്‍റെ ഇളയമ്മയുടെ മകന്‍ അബ്ദുസലാം എന്ന സലു പറഞ്ഞുതന്നിട്ടുണ്ട്. അവനില്‍നിന്നാണ് അന്ധവിശ്വാസമെന്നു തോന്നുന്ന അനുഷ്ഠാനങ്ങളുടെയും, യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള പരമമായ അറിവിന്‍റെയും വിലപ്പെട്ട മുത്തുകള്‍ സമ്പാദിച്ചത്.

റഹീമും റഹ്മാനുമായ അള്ളാഹുവിന്‍റെ പേരില്‍ ബിസ്മി ചൊല്ലുന്ന പ്രാര്‍ത്ഥനയുടെ ശരിയര്‍ത്ഥം പറഞ്ഞു തന്നതും അവനാണ്. തന്നെ അറിഞ്ഞവരും അറിയാത്തവരുമായ സകലര്‍ക്കും, തനിക്ക് അടിമപ്പെട്ടവരും അടിമപ്പെടാത്തവരുമായ സകല പ്രപഞ്ചത്തിനും കാരുണ്യവും സഹായവും അരുളുന്ന അള്ളാഹുവാണ് റഹ്മാൻ എങ്കില്‍, തന്നെ പ്രത്യേകമായറിഞ്ഞ് തനിക്കു വഴിപ്പെട്ട് തന്‍റെ സാമീപ്യം ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് പ്രത്യേകം കരുണ ചൊരിയുന്നവന്‍ എന്നാണ് റഹീം എന്നതിന്‍റെ അര്‍ത്ഥം. ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച രാത്രിയുടെ അര്‍ധയാമങ്ങളില്‍ ഇത്തരം രഹസ്യങ്ങള്‍ ഏറെ ശ്രദ്ധയോടെയും, തനിക്ക് പകരാന്‍ അര്‍ഹതയുണ്ടോ എന്ന ആശങ്കയോടെയും അവന്‍ ആഖ്യാനം ചെയ്യുമായിരുന്നു.

 

‘കെട്ടുകാഴ്ചകളുടെ ലോക’ത്ത് സിറാത്ത് പാലം എന്ന രൂപകത്തിന്‍റെ കഥ

നരക-സ്വര്‍ഗങ്ങളെ വേര്‍തിരിക്കുന്ന സിറാത്ത് പാലം എന്ന രൂപകത്തിന്‍റെ കഥയുടെ തത്വവും അവനില്‍ നിന്നാണറിഞ്ഞത്. ഷിര്‍ക്കിന്‍റെയും കുഫ്റിന്‍റെയും രണ്ടു വശങ്ങള്‍. മനുഷ്യമനസ്സ് യാഥാര്‍ത്ഥ്യം അറിയുന്നത് പ്രത്യയശാസ്ത്രപരമായാണ് എന്ന് മാര്‍ക്സ് പറയുംപോലെ, സ്വന്തം ഉള്ളത്തിലെ ഈശ്വര സാന്നിധ്യത്തെ രൂപകാത്മകമായോ അല്ലെങ്കില്‍ ശൂന്യബോധമായോ മാത്രമേ മനുഷ്യമനസ്സിന് മനസ്സിലാക്കാന്‍ സാധിക്കൂ. ഈ പരിമിതിയാണ് പങ്കുചേര്‍ക്കലിന്‍റെ ഷിര്‍ക്കിലും അവിശ്വാസത്തിന്‍റെ കുഫ്റിലും ഒരാള്‍ എത്തിച്ചേരുന്നതിന് ഇടയാക്കുന്നത്.

അള്ളാഹുവിനെക്കുറിച്ചുള്ള കേവലമായ അറിവ് രൂപീകൃതമാകുമ്പോള്‍, അവന്‍റെ ഗുണത്തെയും സ്വഭാവത്തെയും എല്ലായ്‌പ്പോഴും രൂപകങ്ങളിലൂടെ അറിയാനുള്ള വാസന മനുഷ്യസഹജമാണ്. മാത്രമല്ല, അത് അവന്‍റെ അറിയല്‍ പ്രക്രിയയുടെ പരിമിതിയുമാണ്. യാഥാര്‍ത്ഥ്യത്തെ രൂപകങ്ങളിലൂടെ, പ്രതിരൂപങ്ങളിലൂടെ, ബിംബങ്ങളിലൂടെ, പ്രതിച്ഛായകളിലൂടെ അറിയാനുള്ള വാസന. കണ്ണാടി പ്രതിബിംബമായി തന്നെ ആദ്യമായി കാണുന്ന കുട്ടിയുടെ അവസ്ഥയെപ്പറ്റി ഫ്രഞ്ച് മനഃശാസ്ത്രകാരന്‍ ഴാക് ലകാന്‍ പറയുന്നതും മറ്റൊന്നല്ല.

എല്ലാ അറിവിനെയും ഇങ്ങിനെ രൂപകാത്മകമാക്കുന്ന ഭാഷയുടെ ഘടനയിലാണ് മനുഷ്യര്‍ ജീവിക്കുന്നത്. ഇത് ഒരു സൊസ്യൂറിയന്‍ യാഥാര്‍ത്ഥ്യമാണ്. യാഥാര്‍ത്ഥ്യത്തിന് നാമരൂപങ്ങള്‍ നല്‍കാനുള്ള മനുഷ്യവാസന അറിവിന്‍റെ ഈ തലത്തെയാണ് പ്രതിനിധീകരിക്കുന്നത്.

കാഴ്ചയിലൂടെയുള്ള അറിവിലേക്ക് എല്ലാത്തിനെയും പരിമിതപ്പെടുത്തുക എന്നത് മനുഷ്യലോകത്തിന്‍റെ സര്‍വ്വസാധാരണമായ അനുഭവമാണ്. കെട്ടുകാഴ്ചകളുടെ ലോകം എന്ന് നമ്മുടെ കാലത്തെ, ഒരു പാശ്ചാത്യ തത്വചിന്തകന്‍ (ഴാക് ഡീബോര്‍ഡ്) വിശേഷിപ്പിച്ചത് ഇതിനോട് കൂട്ടിവായിക്കാം. യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഇത്തരം പ്രതിരൂപങ്ങള്‍ ജാഗ്രദാവസ്ഥയുടെ പ്രത്യേകതയാണ്. ആലമുല്‍ ഷഹാദ എന്നാണ് ഈ ലോകത്തെപ്പറ്റി സൂഫി പരികല്‍പ്പനയില്‍ പറയുക. ആലമുല്‍ ഷഹാദ, അല്ലെങ്കില്‍ പ്രകാശത്തിന്‍റെയും അതു സാധ്യമാക്കുന്ന കാഴ്ചയുടെയും ലോകം. കാര്യകാരണബന്ധവും യുക്തിയും നിലനില്‍ക്കുന്ന ലോകമാണത്.

ഇങ്ങിനെ സങ്കല്‍പ്പനങ്ങളെ പ്രതിരൂപവല്‍ക്കരിക്കാനുള്ള മനുഷ്യന്‍റെ വാസനയെയാണ് ഷിര്‍ക്ക് എന്നു പറയുന്നത്. അങ്ങിനെ ഷിര്‍ക്ക്, വിശ്വാസത്തില്‍ പങ്കുചേര്‍ക്കലാകുന്നു. കുഫ്റ് ആകട്ടെ ഉണ്‍മയെ നിഷേധിക്കുന്ന ശൂന്യതാവാദമാണ്, നിഷേധം; അല്ലെങ്കില്‍ അവിശ്വാസം. ഉണ്ടോ എന്നു സംശയം. ഈ രണ്ട് മനോനിലയെയും – രൂപകാത്മകതയുടെയും ശൂന്യതാവാദത്തിന്‍റെയും – തുടച്ചുനീക്കിയും ചുട്ടെരിച്ചുംകൊണ്ടേ ഒരാള്‍ക്ക് യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള, അള്ളാഹുവിനെക്കുറിച്ചുള്ള, അവന്‍റെ ഏകത്വത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വിശ്വാസത്തില്‍, ഹഖില്‍ എത്തിച്ചേരാന്‍ കഴിയൂ.

പ്രതിരൂപവത്ക്കരണത്തിന്‍റെയും ശൂന്യതാബോധത്തിന്‍റെയും ഈ രണ്ടു മനോനിലകളെയും മറികടക്കുന്ന ഒരാള്‍ക്കാണ്, യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ജ്ഞാനം ഉണ്ടാകുന്നത്. യാഥാര്‍ത്ഥ്യം എന്നത് ഇവിടെ ലകാനിയന്‍ അര്‍ത്ഥത്തിലുള്ള ഒന്നായിത്തീരുന്നു. ഉള്ളതാണ് ഉണ്‍മ. അതാകട്ടെ ഉള്ളിലുള്ള അനുഭവമാണ്. പരമമായ ഉണ്‍മയെക്കുറിച്ചുള്ള അറിവല്ലാതെ മറ്റൊന്നുമല്ല അള്ളാഹുവിനെക്കുറിച്ചുള്ള അറിവ്. യാഥാര്‍ത്ഥ്യം നിങ്ങളുടെ ഉള്ളിലാണ് എന്നുകൂടി അറിയുമ്പോള്‍, ഉള്ളിന്‍റെ ചാഞ്ചല്യങ്ങളെ, പ്രതിരൂപവല്‍ക്കരണത്തിനുള്ള വാസനയെയും, ശൂന്യവല്‍ക്കരണത്തിനുള്ള ത്വരയെയും മറികടക്കേണ്ടത് അനിവാര്യമാകുന്നു എന്നുവരുന്നു.

ശ്രീ എം

 

കടവുള്‍ അഥവാ ഉള്ളിലെ യാഥാര്‍ത്ഥ്യം

സൃഷ്ടികളിലൂടെ സ്രഷ്ടാവിനെ പ്രതിനിധീകരിക്കാനുള്ള വാഞ്ച്ഛയും, സ്രഷ്ടാവിന്‍റെ അസ്തിത്വത്തെത്തന്നെ നിഷേധിക്കാനുള്ള യുക്തിചിന്തയുടെ സമ്മര്‍ദവും മറികടന്നുകൊണ്ടാണ് യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയേണ്ടത് എന്നർത്ഥം. ഉണ്മയെ ഇപ്രകാരം അന്വേഷിക്കുന്ന യാത്രികന്‍ അത് ഉള്ളിലാണ് എന്നറിയുന്നു. ഉള്ളിലുള്ളത്, ഉണ്മ. യാഥാര്‍ത്ഥ്യം, സത്യം. അത് പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവല്ല. ഉള്ളകത്തെക്കുറിച്ചു ലഭിക്കുന്ന അനുഭവജ്ഞാനമാണ്. കടവുള്‍, ഉള്ളിലെ യാഥാര്‍ത്ഥ്യം, എന്ന അര്‍ത്ഥത്തില്‍ ദൈവത്തെ തമിഴില്‍ പരിചയപ്പെടുത്തുന്നത് ഈ നിലയിലാണെന്ന് എന്‍റെ മാനസഗുരു ശ്രീ എം പറയാറുണ്ട്. അങ്ങിനെ യാഥാര്‍ത്ഥ്യം എന്നത് ഉള്ളിലെ ശൂന്യതയില്‍ നിറയുന്ന സത്യത്തിന്‍റെ വ്യത്യസ്ത സ്വരൂപങ്ങളെയും ഭാവങ്ങളെയും അറിയലാണ്; അങ്ങിനെ ഉള്ളത്തിലെ ഉള്ളതിന്‍റെ ഉണ്മയെയും അതിന്‍റെ ഏകത്വത്തെയും അതിന്‍റെ വൈവിധ്യഭാവങ്ങളെയും അറിയലാണ്.

ഇങ്ങനെ, ഉള്ളതിലുള്ള സംശയവും, ഉള്ളതിനെ ഭൗതികവസ്തുക്കളില്‍ പ്രതിരൂപവല്‍ക്കരിക്കാനുള്ള പ്രവണതയും മനുഷ്യമനസ്സിനു സഹജമാണ്. അതിനാല്‍ ഷിര്‍ക്കിന്‍റെയും കുഫ്റിന്‍റെയും രണ്ടു ചായ്‌വുകളില്‍നിന്ന് രക്ഷിച്ചുനിര്‍ത്തി മനസ്സിനെ സത്യത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന ഒരാളാണ് മോക്ഷത്തിനും സ്വര്‍ഗപ്രാപ്തിക്കും അര്‍ഹന്‍. ഈമാന്‍റെ ഉറപ്പ് എന്നത് ഈ സമീകരണമാണ്. സിറാത്ത് എന്ന പാലത്തെക്കുറിച്ചുള്ള ഖുര്‍ആന്‍റെ സങ്കല്‍പം ഇതാണ്. അതായത് ശൂന്യവാദത്തിന്‍റെയും രൂപകാത്മകതയുടെയും പ്രത്യയശാസ്ത്രബോധത്തില്‍നിന്നു രക്ഷപ്പെട്ട് സത്യത്തിന്‍റെ സ്വരൂപം എന്തെന്ന് വെളിപ്പെട്ടവനാണ് യഥാര്‍ത്ഥ വിശ്വാസത്തിന്‍റെ അവകാശി.

യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഭാവനാത്മകമായ ഒരു പ്രതിനിധാനത്തിലൂടെ മാത്രമേ മനുഷ്യന് അറിയാനാവൂ എന്ന് മാര്‍ക്സ് പറയുന്നുണ്ട്. ഇതിനെയാണ് അദ്ദേഹം ‘പ്രത്യയശാസ്ത്രം’ എന്നു വിളിച്ചത്. പ്രത്യയശാസ്ത്രപരമായ പ്രതിനിധാനത്തിലൂടെയാണ് മനുഷ്യന്‍ സ്വന്തം നിലനില്‍പ്പിന്‍റെ യാഥാര്‍ത്ഥ്യം അറിയുന്നത് എന്ന മാര്‍ക്സിന്‍റെ ഉപാദാനവും ഇപ്രകാരം മുകളില്‍ വിശദമാക്കിയതില്‍നിന്ന് ഭിന്നമല്ല. ഇങ്ങിനെ, സിറാത്ത് പാലത്തിനെക്കുറിച്ചുള്ള രൂപകം, മനുഷ്യമനഃശാസ്ത്രത്തിന്‍റെ ഈ രണ്ടു ചായ്‌വുകളെ സമീകരിക്കുന്ന നൂല്‍പ്പാലത്തെക്കുറിച്ചുള്ള അറിവാണ്. ഇഡ, പിംഗള നാഡികള്‍ക്ക് ഇടയില്‍ ശയിക്കുന്ന സുഷുമ്നയെക്കുറിച്ചുള്ള യോഗീജ്ഞാനം പോലെ.

നാരായണഗുരു

രൂപകാത്മകതക്കും ശൂന്യതാവാദത്തിനുമപ്പുറം

കത്തിമുനയിലൂടെ നടക്കുന്ന ജ്ഞാനാന്വേഷിയുടെ രൂപകം കഠോപനിഷത്ത് മുന്നോട്ടുവയ്ക്കുന്നതും മറിച്ചൊന്നായല്ല – രൂപകാത്മകതയും ശൂന്യതാബോധവും മാറിമാറി കുടിയേറാന്‍ ഇടയുള്ള മനുഷ്യമനസ്സിന്‍റെ സഹജസ്വഭാവത്തില്‍നിന്നുള്ള മുക്തിയാണ് മോക്ഷം എന്ന അര്‍ത്ഥത്തില്‍. അറിഞ്ഞു എന്നു കരുതുന്നവര്‍ അറിഞ്ഞിട്ടില്ലാത്തതും അറിഞ്ഞില്ലല്ലോ എന്നു വേവലാതി കൊള്ളുന്നവര്‍ അറിഞ്ഞിരിക്കാന്‍ ഇടയുള്ളതുമായ ഒന്നാണ് ബ്രഹ്മത്തെക്കുറിച്ചുള്ള അറിവ് എന്ന കേനോപനിഷത്തിലെ ഉപാദാനം ജ്ഞാനത്തിന്‍റെയും തിരിച്ചറിവിന്‍റെയും പാണ്ഡിത്യനിരപേക്ഷമായ ഈ അവസ്ഥയുമായി ബന്ധപ്പെട്ടതാണ്. യസ്യാമതം തസ്യ മതം മതം യസ്യ ന വേദ സ: അവിജ്ഞാതം വിജാനതാം വിജ്ഞാതമവിജാനതാം. അതുകൊണ്ടാണ് നിങ്ങള്‍ രൂപം നല്‍കി ആരാധിക്കുന്നതൊന്നും ബ്രഹ്മമല്ല എന്ന് കേനോപനിഷത്ത് ആവര്‍ത്തിക്കുന്നത്, തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ.

യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അറിവ് ഇങ്ങിനെ രൂപകാത്മകതയിലൂടെ മാത്രമേ അറിയാനാവൂ എന്ന പരിമിതി മനുഷ്യമനസ്സിനുണ്ട്. അതേസമയം, രൂപകാത്മകമായ ഈ അറിവിനെ, നേതി നേതി എന്നുപറഞ്ഞു നിഷേധിക്കാന്‍ ഒരുമ്പെടുമ്പോള്‍ അത് ശൂന്യതാവാദത്തിലേക്ക് വഴുതി ചരമമടയാനുള്ള സാധ്യതയുമുണ്ട്. ഈ രണ്ട് മനോചായ്‌വുകളെയും അതിജീവിക്കുന്നതിലൂടെ മാത്രമേ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാകൂ. ഷിര്‍ക്കിന്‍റെയും കുഫ്റിന്‍റെയും ഈ രണ്ട് സാധ്യതകള്‍ക്കു നടുവില്‍, യാഥാര്‍ത്ഥ്യത്തെ ഉള്ളില്‍ ഉറപ്പിക്കുന്നവനാണ് ഇസ്ലാമിക വിശ്വാസപ്രകാരം ശരിയായ ഈമാന്‍ അവകാശമായുള്ളയാള്‍. മധ്യമാര്‍ഗം എന്നു ബുദ്ധിസവും, ഞാന്‍ മധ്യമാര്‍ഗത്തെയാണ് ഉപദേശിക്കുന്നത് എന്ന് പ്രവാചകനും പറയുന്നത് ഈ അര്‍ത്ഥത്തിലാണ്.

മുടിനാരിഴ ഏഴായ് കീറിയ സിറാത്ത് പാലത്തിലൂടെ നടക്കാനുള്ള ജ്ഞാനമാണത്. അതായത് അത്തരം ഒരു നൂല്‍പ്പാലത്തിന്‍റെ സമബുദ്ധതയില്‍ മാത്രമേ മനുഷ്യബുദ്ധിക്ക് യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് ലഭിക്കുന്നുള്ളൂ. തൃഷ്ണകളെ നിയന്ത്രണവിധേയമാക്കി, സമബുദ്ധതയില്‍ എത്തിച്ചേര്‍ന്ന, സര്‍വഭൂത ദയാപരനായ ഭക്തന്‍റെ ഹൃദയത്തിലാണു ഞാന്‍ എന്നു ഭഗവാന്‍ ഗീതയില്‍ പറയുന്നതും മറ്റൊന്നല്ല.

എന്നാല്‍ അള്ളാഹുവിനെ അവന്‍റെ ആട്രിബ്യൂഷനിലൂടെ മാത്രമേ നമുക്ക് അറിയാനാവൂ എന്ന സവിശേഷ പ്രശ്നം അപ്പോഴും നിലനില്‍ക്കുന്നു. ഈശ്വരന്‍റെ ഗുണങ്ങളുടെ മൂര്‍ത്തീഭാവങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അതായത് അള്ളാഹുവിന്‍റെ സിഫത്തുകള്‍. അതിലൂടെയാണ് ഈശ്വരന്‍റെ പ്രത്യക്ഷാനുഭവം ഭാഗികമായെങ്കിലും ലഭിക്കൂ എന്ന സ്ഥിതി. ഇപ്രകാരം ഐക്കണോഗ്രഫിക്കലായ ഒരു ഭാഷയിലൂടെ ദൈവജ്ഞാനം അനുഭവഭേദ്യമാകുന്നത്, പലപ്പോഴും ആ മൂര്‍ത്തീകരണം തന്നെയാണ് ഈശ്വരന്‍റെ പരമഭാവം എന്ന തെറ്റായ ധാരണയിലേക്ക് നമ്മെ കൊണ്ടെത്തിച്ചുവെന്നു വരാം.

ഭാഗികമായ ഈ അബദ്ധമാണ് അന്ധവിശ്വാസമായും പങ്കുചേര്‍ക്കലായും ഷിര്‍ക്കായും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഇതില്‍ വീണുപോയ അജ്ഞാനിയെയാണ് മുഷ്രിക് എന്നു ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. കുഫ്റില്‍ വീണ സംശയാലുവായ യുക്തിവാദിയെ കാഫിര്‍ എന്നും വിശേഷിപ്പിക്കുന്നു. അതിനാല്‍ത്തന്നെ ഷിര്‍ക്കിന്‍റെയും കുഫ്റിന്‍റെയും താത്വികമായ വിപുലീകരണത്തെ അറിയുക എന്നത് ഈശ്വരാന്വേഷണത്തിന്‍റെ വഴിയില്‍ പ്രധാനപ്പെട്ടതാണ്.

മുപ്പത്തി മുക്കോടി ഈശ്വരമൂര്‍ത്തികളെക്കുറിച്ചുള്ള അറിവ് സമ്പൂര്‍ണമാകുന്നതിലൂടെയാണ് ഏകത്വത്തെ അറിയാനാവുക എന്ന് മറ്റൊരര്‍ത്ഥത്തില്‍ പറയാം. ഈശ്വരയാഥാര്‍ത്ഥ്യത്തെ തേടുന്ന സൂഫികളുടെ വഴിയില്‍, ത്വരീഖത്തില്‍, അതിനാല്‍തന്നെ ഷിര്‍ക്കിനെപ്പറ്റിയുള്ള അധ്യാപനം വളരെ പ്രധാനപ്പെട്ടതായിത്തീരുന്നു. നൂരിഷാ ത്വരീഖത്തില്‍ ആകൃഷ്ടനായ ബന്ധു സലാം പറഞ്ഞുതന്നത് , അള്ളാഹുവില്‍ പങ്കുകാരെ ചേര്‍ക്കുക എന്ന കൊടിയ പാപത്തെക്കുറിച്ചുള്ള താത്വികമായ അധ്യാപനം, തങ്ങളുടെ ഹൈദരാബാദിലെ ആസ്ഥാനത്ത് നാല്‍പ്പതു ദിവസത്തെ ചില്ലയിരുന്നു പകരുന്ന അറിവാണ് എന്നാണ്. രഹസ്യമായ ഈ ജ്ഞാനത്തെ ഉലമാക്കളുടെ ആക്ഷേപശരങ്ങളില്‍നിന്ന് രക്ഷിച്ചുനിര്‍ത്താനാണ് ഇത്തരത്തില്‍ വളരെ അവധാനതയോടെയും രഹസ്യാത്മകമായും അധ്യാപനം നടത്തുന്നത്.

അതേസമയം, പഠിതാവ് അന്ധമായ ആലോചനകളിലേക്കും അവിശ്വാസത്തിലേക്കും വീണുപോകാതിരിക്കാനുള്ള നിഷ്കര്‍ഷതയും ഈ അവധാനതയ്ക്ക് പിന്നിലുണ്ട്.കാരണം, കഠോപനിഷത്ത് പറയുംപോലെ, ജ്ഞാനാന്വേഷണം എപ്പോഴും കത്തിമുനയിലൂടെയുള്ള നടത്തമാണ്. മാത്രമല്ല, മറ്റു മതഗ്രന്ഥങ്ങളിലും വിശ്വാസങ്ങളിലും പരാമര്‍ശിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്ന ആശയം തന്നെയാണ് ഇതെന്നും സാമുദായികവാദികള്‍ക്ക് ഈ അധ്യാപനങ്ങളിൽ അപകടം മണക്കാം.

പ്രമാണിവര്‍ഗത്തിനും പൗരോഹിത്യവര്‍ഗത്തിനും ജിഹാദി ആശയക്കാര്‍ക്കും ആപത്ക്കരമായ തത്വചിന്ത

മതസമുദായത്തെ മൂലധനവുമായി ബന്ധിപ്പിച്ചുനിര്‍ത്തുന്ന പ്രമാണിവര്‍ഗത്തിനും അവരുടെ ആശയനേതൃത്വമായ പൗരോഹിത്യവര്‍ഗത്തിനും അവരുടെ കാവല്‍ഭടരായി പ്രവര്‍ത്തിക്കുന്ന ജിഹാദി ആശയക്കാര്‍ക്കും ഇത് തങ്ങളുടെ നിലനില്‍പ്പിനും തത്വചിന്തക്കും അപകടം വരുത്തും എന്നറിയാം. ഹിന്ദു ജീവിതത്തിലെ ഐക്കണോഗ്രഫിയെക്കുറിച്ചുള്ള പഠനംപോലെ ക്ലേശകരവും ദൂരൂഹവുമാണ്, സൂഫിസത്തെക്കുറിച്ചുള്ള അധ്യാപനം എന്നുമാത്രം ഇവിടെ പറഞ്ഞു വയ്ക്കട്ടെ.

അള്ളാഹു എന്നതിന്‍റെ ഭാഷാനിഷ്പത്തിപോലും ഓര്‍ക്കാതെ, അതിനെ മനസ്സിലെ ഒരു പിതൃരൂപമായി അറിയുന്ന വിശ്വാസികളില്‍ ഭൂരിപക്ഷവും, പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അറിയുന്നതിനപ്പുറത്തെ യാഥാര്‍ത്ഥ്യം എന്ന നിലയില്‍ ആ പദത്തിന് കൂടുതല്‍ ഗഹനമായ അര്‍ത്ഥവും അസ്തിത്വവും ഉണ്ട് എന്ന് മനസ്സിലാക്കാറില്ല. ആ അര്‍ത്ഥത്തില്‍ തങ്ങളുടെ മനസ്സില്‍ പൊന്തിവരുന്ന വിഗ്രഹരൂപത്തിന്‍റെ പേര് മാത്രമാണ് അവര്‍ക്ക് അള്ളാഹു. അതിന്‍റെ ശബ്ദഗുണവും മന്ത്രഗുണവും ചിലപ്പോള്‍ അറിഞ്ഞു എന്നു വരാം. എന്നാല്‍ എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നത് ഓര്‍ക്കാറേയില്ല.

അതറിയുന്നവര്‍ പതിനായിരത്തിലൊന്ന്, അനുഭവിക്കുന്നവരോ ലക്ഷത്തില്‍ ഒരാളും എന്ന് കബീര്‍ ഈ അറിവിനെക്കുറിച്ചു പാടിയിട്ടുണ്ട്. എനിക്ക് ശ്രീനാരായണഗുരുവാണ് അള്ളാഹുവിനെക്കുറിച്ചുള്ള അര്‍ത്ഥം പറഞ്ഞുതന്നത്. തന്നെ സന്ദര്‍ശിക്കാന്‍ വര്‍ക്കലയിലെത്തിയ ഉത്തരേന്ത്യക്കാരനായ ഒരു മുസ്ലിം വ്യാപാരി പണ്ഡിതനോട് ഗുരു നടത്തിയ സംഭാഷണങ്ങളില്‍ നിന്ന്.

(തുടരും)

 

സൂഫീപഥങ്ങളില്‍ ഒന്നാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര

സൂഫീപഥങ്ങളില്‍ രണ്ടാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: ജയ്‌പൂരിലെ വിസ്മയങ്ങള്‍

സൂഫീപഥങ്ങളില്‍ മൂന്നാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: പരിവ്രാജകത്വത്തിലൂടെ സത്യത്തെത്തേടുന്ന വിപ്ലവകാരിയുടെ മതമാണ് സൂഫിസം

സൂഫീപഥങ്ങളില്‍ നാലാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളില്‍: പ്രവാചകചര്യയുടെ നന്മകളെ കാത്തുസൂക്ഷിക്കാന്‍ എല്ലാം ത്യജിച്ചിറങ്ങുന്നവര്‍

സൂഫീപഥങ്ങളില്‍ അഞ്ചാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളില്‍: ഞാനെന്ന ബോധത്തിന്റെ സാഗരത്തെ മണ്‍കുടത്തിലടയ്ക്കുന്നു സൂഫീജ്ഞാനം

Leave a Reply