കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസ് പിടിയില്‍. മനു, ശ്യാം,ലൈജു, ദീപു, കിരണ്‍, വിഷ്ണു, സുജിത് എന്നിവരാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്. ഇതില്‍ പിടിയിലായ ദീപു പഞ്ചായത്തംഗമാണ്. കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ഏഴ് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസ് അടിയന്തര നടപടി സ്വീകരിച്ചത്. സംഭവത്തെ ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം കൊല്ലം റൂറല്‍ എസ്.പിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിരുന്നു. ഇന്നലെ രാത്രി കോട്ടുക്കലില്‍ കൈരളി ഗ്രന്ഥശാലാ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുരീപ്പുഴയെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. താന്‍ സഞ്ചരിക്കുകയായിരുന്ന കാറിനടുത്തെത്തിയ അക്രമികള്‍ കാറിന്റെ ഡോര്‍വലിച്ച് തുറന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കുരീപ്പുഴ പറഞ്ഞു.
ഗ്രന്ഥശാലാ ചടങ്ങില്‍ വടയമ്പാടി ജാതി മതില് സമരത്തെക്കുറിച്ചും ചിത്രകാരന് അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ കുറിച്ചും സംസാരിച്ച അദ്ദേഹം ആര്‍എസ്എസിനെയും സംഘപരിവാറിനെയും രൂക്ഷമായി വിര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.