റിപ്പോർട്ട്‌ : ഫർസീൻ അലി പി.വി

കാലോചിതമായി സംസാരിക്കുന്ന ചലചിത്ര താരങ്ങൾ ചരിത്രത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി സംഭവിക്കുന്ന പ്രതിഭാസങ്ങളാണ്.

കാമറയ്ക്ക്‌ മുന്നിൽ സ്ക്രിപ്റ്റ്‌ കേട്ട്‌ പറയുന്ന ഡയലോഗുകൾക്കപ്പുറം നിറഞ്ഞു കവിഞ്ഞ വേദിയിൽ വെള്ളി ഉച്ചവെയിലിനെ പോലും വകവെക്കാത്തെ കാത്തു നിന്ന ജനസഞ്ചയത്തെ സാക്ഷി നിർത്തി പ്രശസ്ത തമിഴ്‌ നടൻ പ്രകാശ്‌ രാജ്‌ സംസാരിച്ച വാക്കുകളോരോന്നും വൈവിധ്യങ്ങളെ ഇഷ്ടപ്പെടുന്ന ജനാധിപത്യ വിശ്വാസികളുടെ നഷ്ടപ്പെട്ട പ്രതീക്ഷകളിലേക്കുള്ള തിരിഞ്ഞു നടത്തമായിരുന്നു.

ഡി.സി കിഴക്കേമുറി ഫൗണ്ടേഷൻ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ കോഴിക്കോട്‌ കടപ്പുറത്ത്‌ സംഘടിപ്പിച്ച കേരള സാഹിത്യോത്സവം മൂന്നാം പതിപ്പിൽ രണ്ടാം ദിനം വേദി ‘എഴുത്തോലയിൽ’ നടൻ പ്രകാശ്‌ രാജുമായി സംവിധായകൻ സനൽകുമാർ ശശിധരൻ നടത്തിയ ‘ സിനിമ: സെൻസറിംഗ്‌ ആവശ്യമോ ? ‘ ചർച്ച  അക്ഷരാർത്ഥത്തിൽ നടന്റെ രാഷ്ട്രീയ നിലപാടുകളുടെ തുറന്നു പ്രഖ്യാപനത്തിന്റെ വേദി കൂടിയാവുകയായിരുന്നു.

സ്നേഹം പോലും ഈ രാജ്യത്ത്‌ അപരാധമാക്കപ്പെട്ടിരിക്കുകയാണ്. സിനിമ, മാധ്യമം, ഭക്ഷണം തുടങ്ങി പൗരന്റെ ജീവിത പരിസരങ്ങളൊക്കെയും സെൻസറിംഗിന്ന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമായ ജനാധിപത്യം നിലനിൽക്കുന്നിടത്ത്‌ സെൻസറിംഗ്‌ അവധിയിലായിരിക്കും. എന്തൊക്കെ കാണണമെന്നും എന്തൊക്കെ കാണാതിരിക്കണമെന്നും പൗരന്ന് സ്വയം തീരുമാനിക്കാനാവുന്നിടത്താണ് ജനാധിപത്യം പൂർണ്ണമാവുന്നത്‌.

വിഘ്നമില്ലാതെയുള്ള കൂട്ടായ്മയ്ക്ക്‌ മാത്രമേ മാറ്റം സൃഷ്ടിക്കാനാവുമെന്നും ഐക്യമത്യമുള്ള പ്രസ്ഥാനമുണ്ടാവാത്ത കാലത്തോളം അനീതി നാടു വാഴുമെന്നും നടൻ അഭിപ്രായപ്പെട്ടു.    ഡൽഹി ജന്തർ മന്തറിൽ നടക്കാറുള്ള സമരങ്ങളെ പ്രതിപാദിച്ച നടൻ ഒറ്റപ്പെട്ട സമരങ്ങൾ നയിക്കുന്നതിന്ന് പകരം യോജിച്ച മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിയാത്തതിലുള്ള ആശങ്കയും പങ്കുവെച്ചു.

ഭൂരിപക്ഷം നമ്മളാണ്, നമ്മൾ ന്യൂനപക്ഷമാണെന്ന് അവർ നമ്മളെ ബോധപൂർവ്വം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. ഭിന്നിച്ച്‌ നിൽക്കുന്ന സമൂഹ  നിർമ്മിതി ഫാസിസ്റ്റുകളുടെ പദ്ധതിയാണെന്നിരിക്കെ വേർപ്പെട്ട തുരുത്തുകളായി കഴിയുന്നതിന്ന് പകരം ഒറ്റക്കെട്ടാവുകയുന്നുള്ളതാണ് കാലം  ആവശ്യപ്പെടുന്നത്‌. നഗരത്തിൽ വന്ന് സമരം ചെയ്യുന്ന കർഷകന്റെ പ്രശ്നങ്ങൾ തങ്ങളുടെ കൂടെ പ്രശ്നമായി കാണാൻ നഗരവാസിക്ക്‌ കഴിയുന്ന തരത്തിൽ യോജിപ്പിന്റെ സന്ദേശമാണ് പ്രചരിക്കേണ്ടത്‌.

രാഷ്ട്രീയ നേതാവാകുക എന്നുള്ളത്‌ തന്റെ ലക്ഷ്യമല്ലെന്നും നിർഭയനായി സത്യം വിളിച്ച്‌ പറയുന്ന ഉത്തന പൗരനാവാനാണ് താൻ ശ്രമിക്കുന്നതെന്നും ഫെസ്റ്റിവൽ കാണികളുടെ ചോദ്യത്തിന്ന് മറുപടിയായി നടൻ പങ്കുവെച്ചു.  ഇന്നത്തെ രാഷ്ട്രീയ പാർട്ടികളൊക്കെയും ആളുകളെ റോബോർട്ടുകളാക്കി മാറ്റുകയാണെന്നും കേവല വോട്ടുബാങ്കുകളാവുന്നതിന്ന് പകരം സമ്മർദ്ധ ചാലകങ്ങളായി പൗരന്മാർ മാറണം. ഭരണാധികാരികളിൽ പ്രതീക്ഷയില്ലെന്നും ജനങ്ങളിലാണ് പ്രതീക്ഷയെന്നും നടൻ കൂട്ടിച്ചേർത്തു.

ഒരു മണിക്കൂർ നീണ്ട്‌ നിന്ന ചർച്ച സംഗമത്തിൽ പ്രകാശ്‌ രാജിന്റെ പ്രതികരണങ്ങളിൽ പലതും കയ്യടികളോടെയാണ് സദസ്സ്‌ സ്വീകരിച്ചത്‌.

Leave a Reply