Home » നമ്മുടെ കോഴിക്കോട് » ഫറാസ് തമിഴ്‌ നടനെ കണ്ടു , തമിഴ്‌ നടനെ

ഫറാസ് തമിഴ്‌ നടനെ കണ്ടു , തമിഴ്‌ നടനെ

” ഫറാസ് തമിഴ്‌ നടനെ കണ്ടു , തമിഴ്‌ നടനെ “. ചുണ്ടിൽ പുഞ്ചിരിയുമായി ഫറാസ് തന്റെ ടീച്ചറുടെ അരികിലേക്ക്‌ ഓടി വന്നു പറഞ്ഞു.
തമിഴ്‌ നടൻ പ്രകാശ്‌ രാജിനെ കണ്ട സന്തോഷത്തിലാണവൻ.

കനം കൂടിയ ചർച്ചകൾ നടക്കുമ്പോഴും, പ്രശസ്തർ വേദികളിൽ തിളങ്ങുമ്പോഴും നിഷ്കളങ്കമായ മനസ്സുകൾക്ക്‌ തിരമാല എണ്ണാനായിരുന്നു തിടുക്കം.

ഇടക്കാലത്തു ഹിറ്റായ ‘ ഷുക്കൂറു സുന്ദരനാ, ഓനൊരു വല്ലാത്ത സംഭവമാ..’ എന്ന ആൽബം പാട്ട്‌ പാടിക്കൊണ്ടും കിന്നാരം പറഞ്ഞും അവർ ഇരുന്നു.

കോഴിക്കോട്‌ നടക്കാവ് മാനസികമായ അവശതകൾ അനുഭവിക്കുന്നവർക്കായുള്ള ‘ We Smile ‘ ചാരിറ്റബിൾ ട്രസ്റ്റിലെ വിദ്യാർത്ഥികളാണിവർ. തൊഴിലധിഷ്ഠിത പഠനം നടത്തുന്ന ഇവർ പല മേഖലകളിലും അവരുടേതായ മികവു പുലർത്തുന്നു. അവരിൽ തയ്യൽ, വെൽഡിങ്, ടൈപ്പിംഗ്‌, കൃഷി, അടുക്കള രംഗം, തുടങ്ങിയവ.

വന്നവരിൽ പലർക്കും പല പല ഇഷ്ടങ്ങൾ . ചിലർക്ക്‌ ബീച്ചിൽ പോയി കാറ്റുകൊള്ളണം, മറ്റു ചിലർക്ക്‌ വേദികളിലെ കാഴ്ച്ചകളും സംഗതികളും കാണണം.

വീണുകിട്ടിയ അവസരത്തിന്റെ സന്തോഷത്തിൽ മതിമറന്നു ഉല്ലസിക്കുകയാണവർ. ഒരുപാട്‌ കഴിവുകൾ ഉറങ്ങിക്കിടക്കുന്നുണ്ടവരിൽ, കഴിവിനെ പരിപോഷിപ്പിക്കാനായി സഹപ്രവർത്തകരും കൂടെ. ‘ അയ്യോ പാവം ‘ എന്ന സഹതാപത്തിനിവിടെ ഒരു പ്രാധാന്യവുമില്ല.

വളർച്ച ലഭിച്ച തലചോറും ശരീരവുമുള്ള നമുക്ക്‌ ചെയ്യാൻ പറ്റാത്ത പലതും, നമുക്ക്‌ മടിയുള്ള ചിലതും ഇവർ ചെയ്യുന്നു. ഫെസ്റ്റിവലിന്റെ മധുരം നുണഞ്ഞ്‌ കൊണ്ട്‌ അടിച്ചു പൊളിയിലും ആനന്ദത്തിലും പങ്കു ചേർന്ന് കൊണ്ടവർ ജീവിതത്തിന്റെ ഒരു കുഞ്ഞു ഭാഗം ആസ്വദിക്കുന്നു. ലഭിക്കട്ടെ നമ്മെ പോലെ ഒരുപാടൊരുപാട്‌ അവസരങ്ങൾ.. ജീവിക്കട്ടെ അവർ നമ്മെ പോലെ

Report by Anusree. V R

Photo : Zainul Abid

Leave a Reply