Home » വാർത്തകൾ » കെ സുരേന്ദ്രന് മറുപടിയുമായി ഷൈബിൻ ഷഹാന

കെ സുരേന്ദ്രന് മറുപടിയുമായി ഷൈബിൻ ഷഹാന

കെ സച്ചിദാനന്ദനെതിരെ ആരോപണമുന്നയിച്ച ബി ജെ പി നേതാവ് കെ സുരേന്ദ്രന് കൃത്യമായ മറുപടിയുമായി മാധ്യപ്രവർത്തകനായ ഷൈബിൻ ഷഹാന.

ഷൈബിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇപ്പോൾ വയറലായികൊണ്ടിരിക്കയാണ്.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

” കഥയില്ലായ്മ ഒരു കുറ്റമല്ല K Surendran; പക്ഷെ അതൊരു ഭൂഷണമായ് അണി്ഞ്ഞു നടക്കുന്നത് അല്പം അരോചകമാണ്; ചിലപ്പോഴെല്ലാം രാഷ്ട്രീയ ആശ്ലീലവുമാകാറുണ്ട്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിനെക്കുറിച്ചും സച്ചിദാന്ദനെക്കുറിച്ചും താങ്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹവും സംഘാടകരും അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിച്ചു കാണും.

പക്ഷെ ‘സച്ചിദാനന്ദന്‍ ആരാണെന്നാ വിചാരിക്കുന്നത്’ -എന്ന് താങ്കള്‍ ചോദിക്കുമ്പോള്‍ അദ്ദേഹത്തെ അറിഞ്ഞും ആസ്വദിച്ചും അനുഭവിച്ചുമിരിക്കുന്നവര്‍ക്ക് മുഖംതിരിച്ച് പോകാന്‍ പറ്റില്ല. സച്ചിദാനന്ദന്‍ ആരാണെന്ന് താങ്കള്‍ക്ക് അറിയില്ലെങ്കില്‍ അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കുക തന്നെ വേണം.

രാഷ്ട്രീയ കലഹത്തിന്റെ കനല്‍ച്ചുവപ്പുകള്‍ കാത്തുവെച്ചുകൊണ്ടു തന്നെയാണ് അഞ്ചുപതിറ്റാണ്ടായി സച്ചിദാനന്ദനെന്ന ‘കവിബുദ്ധ’ ന്റെ കവിതകള്‍ കാലത്തോട് സംവദിച്ചത്. അത് കെ സുരേന്ദ്രന്‍ കരുതുംപോലെ കേവലമായ കക്ഷി രാഷ്ട്രീയമല്ല, മറിച്ച് മാനവികതയുടെ തുയിലുണര്‍ത്തുപാട്ടാണ്; പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെയും ന്യൂനപക്ഷത്തിന്‍െയും മൂന്നാംലോക ജീവിതങ്ങളുടെയും ആത്മസ്പന്ദനമാണ്; ഭരണകൂട വര്‍ഗീയതയ്ക്കും വിധ്വംസകതയ്ക്കുമെതിരായ പ്രതിരോധമാണ്; ആധുനിക മലയാള കവിതയുടെ ഭാവുകത്വ പരിണാമങ്ങളില്‍ കൊത്തിവെച്ച കാല്പനികതയുടെ നിലാശില്പമാണ്. അത് കാണണമെങ്കില്‍ കണ്ണട മാത്രം മാറ്റിയാല്‍ പോര, തിമിര ശസ്ത്രക്രിയക്ക് വിധേയനാവുക തന്നെ വേണം.


രാഷ്ട്രീയ ഫാസിസത്തിന്റെ എല്ലാ ആസുരഭാവങ്ങളോടും എക്കാലത്തും പ്രതികരിച്ച സച്ചിദാനന്ദനെപ്പോലൊരാള്‍ നയിക്കുന്ന അക്ഷരോത്സവം വലതുപക്ഷ വാദികളുടെ ഉറക്കം കെടുത്തുന്നത് സ്വാഭാവികമാണ്; കെ സുരേന്ദ്രന്‍ പറഞ്ഞതുപോലെ അത് സി പി എം മേളയായതിനാലല്ല ജനം ഒഴുകിയെത്തുന്നത്. മറിച്ച് ജീവിക്കുന്ന കാലത്തെക്കുറിച്ച് ആധിയുള്ളവര്‍ ബാക്കിയുള്ളതിനാലാണ്; അവര്‍ ഒത്തുകൂടും ആശയങ്ങളും ആശകളും ആശങ്കകളും പങ്കിടും. അത് സ്വാഭാവിക രാഷ്ട്രീയ പ്രക്രിയയാണ്. ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരവും സുതാര്യവുമായ കൊടിപ്പട ഉയര്‍ത്തിപ്പിടിച്ചാണ്, വിയോജിപ്പിന്റെ ഇടങ്ങള്‍ അടയാളപ്പെടുത്തിയാണ് ഓരോ കെ എല്‍ എഫ് വേദികളും സചേതനമായത്.

അവിടെ തീവ്ര ഇടതുബോധമുള്ളവരും മിതവാദികളും പൊതുചിന്തകരും പുരോഗമന കാംക്ഷികളും പൊതുജനവും സമ്മേളിക്കുന്നു. താങ്കളുടെ പാര്‍ട്ടിക്കും സംഘ്പരിവാര്‍ വിചാരതലങ്ങള്‍ക്കും, പുറത്തു നിന്ന് അപവാദം പ്രചരിപ്പിക്കുകയല്ലാതെ അവിടെ ഒന്നും ചെയ്യാനില്ല. പിന്നാമ്പുറത്ത് നിന്ന് കൊതിക്കെറുവു പറയുന്ന ചില ആളുകളുടെ നിലവാരം മാത്രമേ ഈ ജല്പനങ്ങള്‍ക്കുള്ളൂ. മാത്രമല്ല ധൈര്യപ്പെട്ട് സാഹിത്യോത്സവത്തിലേക്ക് കടന്നുവരാന്‍ കെ സുരേന്ദ്രന്റെ ആളുകള്‍ മടിക്കുക തന്നെ വേണം. കാരണം കഴിഞ്ഞ ദിവസം ഒരു സംവാദത്തിനിടെ സദസ്സിന്റെ പ്രതികരണത്തില്‍ നിന്ന് അവിടെ ഒത്തുകൂടുന്നവരുടെ പൊതുമന:ശാസ്ത്രം വായിച്ചെടുക്കാന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയ്ക്ക് കഴിഞ്ഞിട്ടുണ്ടാവും. അത് അസഹിഷ്ണുതയല്ല, ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ച വിയോജിപ്പിന്റെ ശബ്ദമാലകളായിരുന്നു. അങ്ങനെ പ്രതിരോധ ശബ്ദങ്ങളുടെ വലിയൊരു സുനാമിയാണ് ഇത്തരം മേളകള്‍ സൃഷ്ടിക്കുന്നത്. അതു തന്നെയാണ് ല്ക്ഷ്യവും.

അരുന്ധതി റോയിയും കെ എസ് ഭഗവാനും റൊമീല ഥാപ്പറും പ്രകാശ് രാജും ജയറാം രമേശും സാഗരിക ഘോഷും രാജ്ദീപ് സര്‍ദേശായിയും കാഞ്ച ഐലയ്യയും ഉള്‍പ്പെടെ ചെറുതും വലുതുമായ ബഹുമുഖ വ്യക്തിത്വങ്ങളെ കാണാനും കേള്‍ക്കാനുമുള്ള അവസരം കൂടിയാണ് സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ ഒരുക്കി തന്നത്. രാഷ്ട്രീയ ഭൂതഗണങ്ങള്‍ക്കും പരാദജീവികള്‍ക്കും പരാന്നഭോജികള്‍ക്കും ഇതൊക്കെ വിശാലാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നറിയില്ല.

ഒരു കാര്യം കൂടി. കേന്ദ്ര ടൂറിസം വകുപ്പിന്റെ ലക്ഷങ്ങള്‍ കൈപ്പറ്റി ധൂര്‍ത്തടിക്കുന്നുവെന്ന് വിലപിച്ചത് കേട്ടു. പ്രിയ സുരേന്ദ്രന്‍ താങ്കളോട് വലിയ നന്ദിയുണ്ട്. പ്രധാനമന്ത്രിജിയുടെയും പ്രധാന തന്ത്രിയുടെയും തറവാട് സ്വത്തില്‍ നിന്നും നാഗ്പൂരിലെയും അശോകാ റോഡിലെയും മുഖ്യകാര്യാലയങ്ങളില്‍ നിന്നും ഭാഗംവെച്ചു തന്ന വിഹിതമാണ് കേന്ദ്രത്തിന്റെ പണമെന്ന് അറിഞ്ഞിരുന്നില്ല. ആ അറിവ് പകര്‍ന്നു തന്നതിന് നന്ദിയുണ്ട്. യമുനാ തീരത്ത് ലോക സാംസ്‌കാരിക മേള നടത്താന്‍ ശ്രീ ശ്രീ രവിശങ്കറിനുള്‍പ്പെടെ കോടികള്‍ നല്‍കി ആര്‍ഷഭാരത സംസ്‌കൃതിയെ പരിപോഷിപ്പിക്കുന്നതിനിടയില്‍ ഇതുപോലെ കുഞ്ഞുകുഞ്ഞു ഒറ്റത്തുരുത്തുകളില്‍ ‘ദേശസ്‌നേഹികള്‍ അല്ലാത്ത’ കുറച്ചുപേര്‍ ഒത്തുകൂടിക്കോട്ടെ. ദയവായ് അങ്ങോട്ട് മാലിന്യം വലിച്ചെറിയരുത്; ഇത് താങ്കള്‍ക്ക് പറ്റിയ ഇടമല്ല.”

 

കഥയില്ലായ്മ ഒരു കുറ്റമൊന്നുമല്ല K Surendran; പക്ഷെ അതൊരു ഭൂഷണമായ് അണി്ഞ്ഞു നടക്കുന്നത് അല്പം അരോചകമാണ്; ചിലപ്പോഴെല്ലാം ര…

Pubblicato da Shybin Shahana su venerdì 9 febbraio 2018

Leave a Reply