Home » ഇൻ ഫോക്കസ് » പുഴകൾ ഭൂമിയുടെ ജീവഞരമ്പുകൾ; കണ്ടില്ലേ പാവം അവ ശ്വാസം മുട്ടിക്കെടക്കണത്

പുഴകൾ ഭൂമിയുടെ ജീവഞരമ്പുകൾ; കണ്ടില്ലേ പാവം അവ ശ്വാസം മുട്ടിക്കെടക്കണത്

നുഷ്യന്റേയും മറ്റ് ജീവജാലങ്ങളുടേയും നിലനിൽപ്പിനുള്ള ജീവജലം നൽകുന്ന പുഴകൾ എന്നേ മരിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയും നാമീ സത്യത്തിന് നേരേ കണ്ണടച്ചാൽ ഭൂമിയുടെ മാറിലെ അമ്മിഞ്ഞ വറ്റി മക്കൾ കരഞ്ഞ് തളർന്ന് മരിക്കുകയേ ഉള്ളൂ. സമഗ്രമായ ഒരു പുഴയറിവ് കുട്ടികൾക്കായി പകർന്ന് നൽകുന്ന എ.ബി സബ്യുടെ ‘പുഴകൾ ഒഴുകും വഴികൾ’ എന്ന പുസ്തകത്തിൽ നിന്ന്. പുഴകൾ ഭൂമിയുടെ ജീവഞരമ്പുകളാണെന്ന പരമമായ സത്യം കുട്ടികൾക്ക് കൈമാറുന്ന ഈ പുസ്തകം ഒഴുകുന്ന പുഴ, ഒഴുകേണ്ട പുഴ, ഒഴുകട്ടെ പുഴ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് സംവിധാനം ചെയ്തിരിക്കുന്നത്

പുഴയുടെ ഉദ്ഭവസ്ഥാനവും പുഴ സമ്പന്നമാക്കുന്ന കൃഷിയിടങ്ങളും കണ്ടശേഷം പുഴ കടലിലെത്തുന്നതിന് തൊട്ടുമുന്‍പുള്ള ഒരു സ്ഥലത്തേക്കാണ് ഞങ്ങള്‍ പോയത്. പുഴയില്‍ നിന്നും മത്സ്യം പിടിച്ച് ജീവിക്കുന്ന ഒരുപാട് ഉള്‍നാടന്‍ മത്സ്യബന്ധനതൊഴിലാളികളുള്ള ഒരു ഗ്രാമമായിരുന്നു അത്. പുഴയില്‍ അങ്ങിങ്ങായി ചെറിയ തോണികള്‍ ഒഴുകിനടക്കുന്നു. ചൂണ്ടയില്‍ ഇരകോര്‍ത്ത് ചിലര്‍ അതിലിരുന്ന് മീന്‍ പിടിക്കുന്നുണ്ട്.

ചില കുട്ടികള്‍ പുഴയോരത്തു നിന്നു ചൂണ്ടയിടുന്നുണ്ട്. ഒരു മീന്‍ ചൂണ്ടയില്‍ കൊരുക്കുന്നതു കാണാന്‍ കുറച്ച് നേരം ഞങ്ങള്‍ അവരുടെ അടുത്തു നിന്നു. കുറേ നേരമായിട്ടും ഒന്നും ചൂണ്ടയില്‍ കോര്‍ത്തില്ല. പുഴയില്‍ നിന്നും ഒരു വള്ളം ഞങ്ങള്‍ നില്‍ക്കുന്നതിനരികിലേക്ക് തുഴഞ്ഞുവന്നു. പങ്കായം തിരിച്ച് ഗതി നിയന്ത്രിച്ചുകൊണ്ടിരുന്ന ഒരാള്‍ ഞങ്ങളെക്കണ്ട് കൈവീശി. ആജാനബാഹുവായ ആ മനുഷ്യനായിരുന്നു രാജേട്ടന്‍.

വള്ളം കരയ്ക്കടുത്തു. ”കൂരി, വരാല്‍, കരിപ്പിടി.. എടുത്തോ, എടുത്തോ, എടുത്തോ…”
കുട്ടയുമായി കരയില്‍ കാത്തുനിന്ന മീന്‍വില്പനക്കാരോട് രാജേട്ടന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. അവര്‍ തമ്മിലുള്ള ഇടപാട് തീര്‍ത്ത ശേഷം അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് എത്തി.

”പുഴമീന്‍ വാങ്ങാന്‍ വന്നവരാണ്. ഭയങ്കര ഡിമാന്റാണ്. നിങ്ങ നേരത്തെ എത്തി അല്ലേ? എന്റെ പണി ഇപ്പഴാണ് കഴിഞ്ഞത്. തോണിയും വലയും ചൂണ്ടയുമൊക്കെയാണ് ഞങ്ങളുടെ ജീവിതം. ഈ പുഴയാണ് ഞങ്ങടെ ചോറ്. ഇപ്പോ പണ്ടത്തെപ്പോലെ മീനൊന്നുമില്ല. കണ്ടില്ലേ പാവം ശ്വാസം മുട്ടിക്കെടക്കണത്.”

ആരെയാണ് രാജേട്ടന്‍ ഉദ്ദേശിച്ചതെന്നു മനസ്സിലാകാത്തതുകൊണ്ട് അവിനാശ് ചോദിച്ചു. ”ശ്വാസം മുട്ടിക്കെടക്ക്വേ? അതാരാ?”

”പുഴ തന്നെ”, സരസനായ രാജേട്ടന്‍ അല്പം സങ്കടത്തോടെ പറഞ്ഞുതുടങ്ങി. ”സമാധാനം കൊടുക്കുന്നുണ്ടോ പുഴയ്ക്ക്? കെട്ടിനിര്‍ത്തിയിരിക്കുകയാണ്. ഇതൊഴുകുന്നൊന്നുമില്ല.”

”പുഴ ഒഴുകുന്നില്ലെന്നോ?” ഇതുവരെയുള്ള സങ്കല്പങ്ങളെല്ലാം തകര്‍ന്ന മട്ടില്‍ മുബീന ചോദിച്ചു.

”അതേന്നേ. നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നറിയില്ല. റെഗുലേറ്റര്‍ എന്നൊരു സാധനമുണ്ട്. അതുപയോഗിച്ച് പുഴ തടഞ്ഞുനിര്‍ത്തും. ഇപ്പോള്‍ വേനല്‍ക്കാലമാണല്ലോ. വേനല്‍ക്കാലത്ത് ഓരുവെള്ളം കയറാതിരിക്കാന്‍ റെഗുലേറ്റര്‍ അടക്കും. അതോടെ പുഴ കെട്ടിക്കിടക്കും.”

”ഓരുവെള്ളമോ? അതെന്താ സാധനം?” ഭവ്യ ചോദിച്ചു.

”ഞാന്‍ തന്നെ പറഞ്ഞുകൊടുത്താല്‍ മതിയോ?” രാജേട്ടന്‍ എന്നോട്.

”തീര്‍ച്ചയായും. രാജേട്ടനെ കേള്‍ക്കാനല്ലേ ഞങ്ങള്‍ വന്നത്. ”എന്റെ മറുപടിയില്‍ സന്തുഷ്ടനായ രാജേട്ടന്‍ പറഞ്ഞുതുടങ്ങി.

”വേനല്‍ക്കാലത്ത് വെള്ളം കുറഞ്ഞ് പുഴയുടെ ഒഴുക്ക് നിലക്കും. അപ്പോള്‍ താഴെ കായലില്‍ നിന്നുള്ള ഉപ്പുവെള്ളം പുഴയിലേക്ക് കയറിവരും. അതിനാണ് ഓരുവെള്ളം എന്നു ചിലയിടങ്ങളില്‍ പറയുന്നത്. ഓരുവെള്ളം കയറിയാല്‍ അത് കൃഷിയെയെല്ലാം ബാധിക്കും. പൊക്കാളി പോലുള്ള നെല്ലിനങ്ങള്‍ക്ക് ഉപ്പുവെള്ളത്തില്‍ വളരാന്‍ കഴിയുന്നതിനാല്‍ കുഴപ്പമില്ല. പക്ഷേ മറ്റു വിളകള്‍ക്ക് പ്രശ്‌നമാണ്.”

“പണ്ടൊക്കെ വേനലാകുന്നതോടെ ഓരുവെള്ളം തടയാന്‍ ഞങ്ങള്‍ മണല്‍ച്ചാക്ക് കെട്ടി ബണ്ടുണ്ടാക്കുമായിരുന്നു. പിന്നെ റെഗുലേറ്റര്‍ വന്നതോടെ അതൊരു സ്ഥിരം സംവിധാനമായി. പക്ഷേ കുഴപ്പമെന്താന്നു വെച്ചാല്‍ പുഴയില്‍ ഇപ്പോള്‍ ഒഴുക്കു തീരെകുറഞ്ഞു. അതുകൊണ്ട് വേനല്‍ക്കാലത്ത് മാത്രമല്ല വര്‍ഷത്തില്‍ മിക്കവാറും റെഗുലേറ്റര്‍ അടഞ്ഞുതന്നെയാണ് കിടക്കുന്നത്. ഷട്ടറുകള്‍ മിക്കതും അതിനാല്‍ പ്രവര്‍ത്തിക്കാതെയായി.”

“വെള്ളം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ മാലിന്യങ്ങളും ഇവിടെ കെട്ടിക്കിടക്കുകയാണ്. തൊട്ടുമുകളില്‍ പുഴയിലേക്ക് മാലിന്യമൊഴുക്കുന്ന ഒരുപാട് ഫാക്ടറികളുള്ള കാര്യം നിങ്ങള്‍ക്കറിയാമല്ലോ? ആ മാലിന്യങ്ങളും ഈ റെഗുലേറ്ററിന്റെ അടുത്തുവന്നു കെട്ടില്‍ക്കുന്നു. മീനുകള്‍ കുറയാന്‍ ഈ മാലിന്യങ്ങള്‍ കാരണമായിട്ടുണ്ട്.”

“ഇത്തരം പ്രശ്‌നങ്ങള്‍ കാരണം റെഗുലേറ്ററിന്റെ കാര്യത്തില്‍ പുനരാലോചന വേണമെന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ ആവശ്യം. ഇല്ലെങ്കില്‍പിന്നെ പുഴയിലെ ഒഴുക്ക് കൂടണം. ഒഴുക്കുണ്ടെങ്കില്‍ പിന്നെ റെഗുലേറ്ററിന്റെ ആവശ്യമില്ല. ഓരുവെള്ളം കയറുകയുമില്ല. ഒഴുക്ക് കുറഞ്ഞതാണ് ഏറ്റവും വലിയ പ്രശ്‌നം. പുഴയില്‍ ഒഴുക്ക് കൂടാന്‍ ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ.” രാജേട്ടന്‍ പറഞ്ഞുനിര്‍ത്തി.

”അതെ. പുഴയിലെ നീരൊഴുക്ക് നിലനിര്‍ത്താൻ നമ്മളെല്ലാവരും ശ്രമിക്കണം. ഇല്ലെങ്കില്‍ രാജേട്ടനെപ്പോലുള്ള ഒരുപാട് മനുഷ്യരുടെ ജീവിതത്തെ അത് ബാധിക്കും. പുഴയെ പലതരത്തില്‍ ആശ്രയിക്കുന്ന ആളുകളെ നമ്മള്‍ രണ്ടുദിവസമായി കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഇനിയുമുണ്ട് ഇങ്ങനെ വിവിധ തരത്തില്‍ പുഴയെ ആശ്രയിക്കുന്ന ജീവിതങ്ങള്‍. യാത്ര തീരുംമുമ്പ് ഒരു സ്ഥലത്ത് കൂടി നമുക്ക് പോകാനുണ്ട്.” അത്രയും പറഞ്ഞ് ഞാന്‍ കുട്ടികളെയും കൂട്ടി പോകാനൊരുങ്ങി.

എന്നാല്‍ പുഴമീന്‍ കൂട്ടി ഒരൂണ് തരാതെ ഞങ്ങളെ മടക്കി അയക്കാന്‍ രാജേട്ടന്‍ തയ്യാറായിരുന്നില്ല. അടുത്തുള്ള ഹോട്ടലിലേക്ക് നടക്കുന്ന വഴിയില്‍ റോഡരികില്‍ പുഴമീന്‍ കച്ചവടം തകൃതിയായി നടക്കുന്നു. കച്ചവടക്കാര്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.

”മഞ്ഞക്കൂരി, കരിമീന്‍, വാള, പരല്‍, ചെമ്മീന്‍, ഞണ്ടേ…” രാജേട്ട നോട് യാത്രപറഞ്ഞ് പിരിയുമ്പോള്‍ അടുത്ത തവണ എന്നെക്കൂടി ചൂണ്ടയിടാന്‍ പഠിപ്പിക്കണമെന്ന് ചിന്നു ചട്ടംകെട്ടി. കായലോളങ്ങള്‍ കടന്ന് ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി.

”എവിടേക്കാണ് ഇനി നമ്മള്‍ പോകുന്നത്, ടീച്ചര്‍? ” അശ്വതി ചോദിച്ചു.

”നമ്മള്‍ ഇനി കടലിലേക്കാണ് പോകുന്നത്. നേരിട്ടല്ല. ആദ്യം നമ്മള്‍ ചെറായിയിലേക്ക് പോകും. അവിടെ ലൂയിസേട്ടന്‍ എന്ന മത്സ്യത്തൊഴിലാളി നമ്മളെ കാത്തുനില്‍ക്കുന്നുണ്ടാകും. അദ്ദേഹത്തോടൊപ്പം ബോട്ടില്‍ കയറി കായലിലൂടെ സഞ്ചരിച്ച് നമ്മള്‍ മുനമ്പം ബീച്ചിലെത്തും. ഞാന്‍ പറഞ്ഞത് കേട്ട് കുട്ടികള്‍ ആര്‍ത്തുവിളിച്ചു.

ചെറായിയിലെത്തിയ ഞങ്ങളെ ലൂയിസേട്ടന്‍ ബോട്ടുമായി സ്വീകരിച്ചു.

”കേറ്, വേഗം കേറി വാ.” ലൂയിസേട്ടന്‍ തിടുക്കത്തില്‍ ഞങ്ങളെ ബോട്ടില്‍ കയറ്റി. കായല്‍യാത്രയുടെ സന്തോഷത്തില്‍ കുട്ടികൾ ഓടിക്കയറി.

കട-കട ശബ്ദത്തോടെ യന്ത്രബോട്ട് കായല്‍പ്പരപ്പിനെ മുറിച്ച് കുതിച്ചു.

”കടലില്‍ ഉടനെ എത്തുമോ, ടീച്ചര്‍?” ശ്യാമിനായിരുന്നു തിടുക്കം.

”തെരക്ക് കൂട്ടല്ലേ എന്റിഷ്ടാ.” ലൂയിസേട്ടന്‍ അവനെ ശാന്തനാക്കി.

”ഈ കായലോരത്തും കുറേ കാര്യങ്ങള്‍ കാണാനുണ്ട്. നിങ്ങ അതൊക്കെ നോക്കിക്കാണ്. ദേ, ആ കായലിനോട് ചേർന്നുകിടക്കുന്ന പാടത്തൊക്കെ പണ്ട് പൊക്കാളിക്കൃഷി ആയിരുന്നു. മീന്‍പിടിത്തം കഴിഞ്ഞാല്‍ പിന്നെ അതൊക്കെയായിരുന്നു ജോലി. പൊക്കാളി ഇറക്കാത്തപ്പോള്‍ താറാവിനെ വളര്‍ത്തും. ചിലപ്പോള്‍ ആ സ്ഥലത്ത് പെണ്ണുങ്ങള്‍ തൊണ്ടഴുക്കും. തൊണ്ട് തല്ലി കയറ് പിരിക്കും.”

“പണ്ട് കായലോരത്ത് നിറയെ കൈതയുണ്ടായിരുന്നു. അതൊക്കെ ഉണക്കി ഇവിടത്തെ പെണ്ണുങ്ങള്‍ നല്ല തഴപ്പായ ഉണ്ടാക്കുമായിരുന്നു. വല്യ ഡിമാന്റായിരുന്നു അതിന്. ഒക്കെ പോയില്ലേ? പിന്നെ റിസോര്‍ട്ടുകാര് വന്ന് കുറേ പാടമൊക്കെ നികത്തി. കണ്ടില്ലേ? കൂറ്റന്‍ റിസോര്‍ട്ടുകളാണിപ്പോ. അതോടെ പഴയ പണിയൊക്കെ പോയി.”

“പെണ്ണുങ്ങളൊക്കെ കുറച്ചകലെയുള്ള ചെമ്മീന്‍ ഫാക്ടറിയില്‍ പണിക്ക് പോകും. ഞാന്‍ പന്നെ ബോട്ടിലും തോണിയിലുമൊക്കെ കടലീ പോണുണ്ട്. അങ്ങനെയൊക്കെയങ്ങ് ജീവിച്ചുപോണ്.”

”അപ്പോള്‍ ലൂയിസേന്‍ ഇന്നു ലീവാണോ?”, മാനവ് ചോദിച്ചു.

ചിരിച്ചുകൊണ്ട് ലൂയിസേട്ടന്‍ പറഞ്ഞു: ”ഹ! ഹ! ഹ! അങ്ങനെയൊരു സാധനം ഞങ്ങക്കില്ല. വെട്ടം വീഴുംമുമ്പേ ഞങ്ങ കടലീ പോകും. കാരണം അപ്പഴാണ് കാറ്റ് കരേന്നു കടലിലേക്ക് വീശുന്നത്. തോണി എളുപ്പം പോകും. വെട്ടം വീഴുമ്പഴേക്കും മീനുള്ള സ്ഥലത്ത് എത്തും. അപ്പ വെളിച്ചം കണ്ട് മീനുകളും വരും. പിന്നെ മീന്‍ പിടിച്ച് തിരിച്ച് വരുമ്പോ ഉച്ചയാകും. കാറ്റ് കരേലോട്ട് വീശണ ഈ നേരത്ത് ഞങ്ങള്‍ തിരിച്ചുപോരും. ഇവിടെയെത്തിയാല്‍ പിന്നെ മീന്‍ വേര്‍തിരിച്ച് പെണ്ണുങ്ങളെ ഏല്പിക്കും. അവര് വിറ്റോളും. ഞങ്ങക്ക് പിന്നെ റെസ്റ്റ്.”

“ചെലപ്പോ ഉള്‍ക്കടലീ പോകും. അപ്പോ ഭക്ഷണമുണ്ടാക്കാനുള്ള സാധനമൊക്കെ കൊണ്ടുപോകും. കപ്പ, അരി, മുളക്, ഉള്ളി ഒക്കെ കൈയില്‍ കരുതും. ചോറോ കപ്പയോ വേവിച്ച്, കിട്ടുന്ന ഏതേലും മീന്‍ കൊണ്ട് കറിയുണ്ടാക്കി കഴിക്കും. തിര കൂടുതലാണെങ്കി ചെലപ്പോ ഒന്നും പിടിക്കാതെ തിരിച്ചുപോരും. ചെല ദിവസം വലയിട്ടാലും അധികമൊന്നും കിട്ടില്ല.”

കടലിനെ മെരുക്കുന്ന കരുത്ത് ലൂയിസേട്ടന്റെ വാക്കുകളിലുണ്ടായിരുന്നു. കുട്ടികള്‍ കണ്ണിമ വെട്ടാതെ അദ്ദേഹത്തിന്റെ കഥകള്‍ കേട്ടിരുന്നു.

ലൂയിസേട്ടന്‍ തുടര്‍ന്നു: ”നിങ്ങ ചാകര എന്നു കേട്ടിട്ടില്ലേ? പുഴ കൊണ്ടുവരുന്ന മലമട്ട് ഇല്ലെങ്കില്‍ ചാകരയില്ല. മഴക്കാലത്ത് മലമട്ട് കടലിലെത്താന്‍ ഞങ്ങള് കാത്തിരിക്കും. ഈ മലമട്ട് തിന്നാനാണ് മീനുകള്‍ വരുന്നത്. മലമട്ട് കുറഞ്ഞതോടെ ഇപ്പോള്‍ ചാകരയും കുറവാണ്. ഞങ്ങടെ ജീവിതം വഴിമുട്ടി. പിന്നെ കടലമ്മ കനിയുന്നതോണ്ട് കഴിഞ്ഞുപോണ്.”

പറഞ്ഞുതീരുമ്പോള്‍ കടലിന്റെ തിരയിളക്കം പോലെ ലൂയിസേട്ടന്റെ മുഖത്ത് ഭാവങ്ങള്‍ മിന്നിമറഞ്ഞു.

ബോട്ട് മുനമ്പത്തെത്തി. ശരിക്കും ഒരു മുനമ്പു പോലെ തന്നെയാണ് മുനമ്പം. കര ചെറുതായിച്ചെറുതായി വന്ന് കടലിനോട് ചേരുന്നു. കായല്‍ കടലിന്റെ വിശാലതയിലേക്ക് ലയിക്കുന്നു. ബോട്ട് കരയ്ക്കടുത്ത ഉടന്‍ വെള്ള മണല്‍പ്പരപ്പിലേക്ക് കുട്ടികള്‍ ഓടിയിറങ്ങി. ലൂയിസേട്ടന്റെ സുഹൃത്തുക്കളായ കുറേ മത്സ്യത്തൊഴിലാളികള്‍ അവര്‍ക്കൊപ്പം കൂടി വിശേഷങ്ങള്‍ പങ്കുവെച്ചു.

ചിന്നു ഉറങ്ങിപ്പോയതിനാല്‍ ഞാന്‍ അവരുടെ കൂടെ നടന്നില്ല. ചിന്നുവിനെ മടിയില്‍ക്കിടത്തി കടലിന്റെ അനന്തനീലിമയിലേക്ക് കണ്ണോടിച്ച് ഞാന്‍ കുറേ നേരമിരുന്നു.

കുട്ടികളും ലൂയിസേട്ടനും കടലിലേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ലൂയിസേട്ടനും കൂട്ടുകാരുമുള്ളതുകൊണ്ട് പേടിക്കേണ്ടതില്ല. അവർ കരുതലോടെ കുട്ടികളെ ശ്രദ്ധിക്കുന്നു. ചില വിരുതന്മാര്‍ തോര്‍ത്തുമുണ്ടുടുത്ത് തിരമാലകളില്‍ തുള്ളിക്കളിച്ചു. അല്പം പേടിയുള്ളവര്‍ കാലുനനച്ച് സംതൃപ്തരായി. മറ്റ് ചിലര്‍ മണ്ണപ്പം ചുട്ടുവെച്ച് നല്ലൊരു തിരയ്ക്കായി കാത്തിരുന്നു.

കുട്ടികളുടെ ബഹളം കേട്ട് ചിന്നു ഉണര്‍ന്നു. അവള്‍ കണ്ണുതുറന്നു നോക്കിയപ്പോള്‍ മുമ്പില്‍ അതാ കടല്‍! ‘

”അയ്യോ! ഇതെന്താ അമ്മേ?” ചിന്നുവിന്റെ മുഖത്തെ ഭാവം ഒന്നു കാണേണ്ടതുതന്നെയായിരുന്നു. ചിന്നുവിനെ ഒപ്പം കൂട്ടി ഞാനും കടല്‍ത്തിരയില്‍ കാലുനനച്ചു.

സായാഹ്നസൂര്യശോഭയില്‍ കടല്‍ ചുവന്നു തുടുത്തു. ഞാൻ കുട്ടികളോട് തിരികെ കയറാന്‍ പറഞ്ഞു.

ലൂയിസേട്ടന്‍ ഏര്‍പ്പാടാക്കിയ ഒരു ഡോര്‍മിറ്ററിയിലായിരുന്നു ഞങ്ങളുടെ താമസം. വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്തതിനാല്‍ എന്നും ഏറെ വൈകിയായിരുന്നു കുട്ടികളുടെ ഉറക്കം. പക്ഷേ ഇന്ന് കടല്‍ക്കാറ്റേറ്റ ക്ഷീണമുള്ളതിനാല്‍ എല്ലാവരും നേരത്തെ ഉറങ്ങി. ദൂരെ നിന്നുള്ള കടലിരമ്പത്തിന്റെ നേര്‍ത്ത ഒച്ച കേട്ടുകൊണ്ട് ഞാനും അറിയാതെ ഉറങ്ങിപ്പോയി.

(പ്രസാധനം: റിവർ റിസർച്ച് സെന്റർ. കവർ: മേഘ)

Leave a Reply