Home » ന്യൂസ് & വ്യൂസ് » അങ്ങനെ ആ കാസറ്റ് പൊതുസ്വത്തായി; മനുഷ്യഹൃദയം അലിയിപ്പിക്കുന്ന ബാബുക്കയുടെ സംഗീതം എല്ലാരും അറിഞ്ഞു
ബാബുരാജ്, എസ്. ജാനകി

അങ്ങനെ ആ കാസറ്റ് പൊതുസ്വത്തായി; മനുഷ്യഹൃദയം അലിയിപ്പിക്കുന്ന ബാബുക്കയുടെ സംഗീതം എല്ലാരും അറിഞ്ഞു

കോഴിക്കോട് നഗരത്തിലെ ആദ്യ ബാബുരാജ് – കോഴിക്കോട് അബ്ദുള്‍ ഖാദര്‍ അനുസ്മരണവും ഗസല്‍ധാര രൂപീകരണവും ഓര്‍ത്തെടുക്കുകയാണ് ലത്തീഫ് സ്റ്റെർലിങ്.  ഒപ്പം, എം. എസ്. ബാബുരാജിന്റെ മാന്ത്രികസ്വരത്തിലുള്ള പാട്ടുകൾ അടങ്ങിയ ആ പഴയ കാസറ്റ് വിപണിയിലെത്തിയ കഥയും. മിഠായിത്തെരുവിന്‍റെ കൂടെ നടന്ന കലാസംഘാടകൻ, കോഴിക്കോടിന്റെ സംഗീത വഴികളിലൂടെ ഒരിയ്ക്കല്‍ക്കൂടി ചുവടുവയ്ക്കുന്നു.

 

കോഴിക്കോട് നഗരത്തിലെ മിഠായിത്തെരുവിലെ നടവഴിയായിരുന്നു കോട്ടപ്പറമ്പ്. ജില്ലാ ഭരണ കേന്ദ്രമായിരുന്ന ഹജൂര്‍ കച്ചേരി അവിടെയായിരുന്നു.

ഇന്ന് പി എം താജ് റോഡ് എന്ന പേരില്‍ അറിയപ്പെടുന്നു. നഗരത്തിലെ പ്രധാന വ്യാപാരി കുടുംബാംഗവും, പ്രസിദ്ധ നാടകാചാര്യന്‍ കെ ടി മുഹമ്മദിന്‍റെ സഹോദരിയുടെ മകനുമായ താജ്. സിനിമാക്കാരന്‍, നാടകകാരന്‍, കവി, ചിത്രകാരന്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച, അകാലത്തില്‍ മണ്‍മറഞ്ഞ, എന്‍റെ ആത്മസുഹൃത്തും അയല്‍വാസിയും എന്‍റെ എല്ലാമെല്ലാമായ താജിന്‍റെ പേരിലുള്ള റോഡ്. നഗരത്തിലെ സാമൂതിരിയുടെ അവശേഷിപ്പിന്‍റെ അടയാളമായ റോഡ്.

കോഴിക്കോടിന്‍റെ കഥ പറഞ്ഞ എസ്കെയുടെ കഥാപാത്രമായ കുഞ്ഞിക്കോരു മേലാനും എംടിയുടെ നിഴലാട്ടം സിനിമയെടുത്ത സദാനന്ദന്‍ മുതലാളീം ആര്‍ഭാടജീവിതംകൊണ്ട് നഗരം വാണിരുന്നു. അവരുടെ കുത്തഴിഞ്ഞ ജീവിതം കേട്ടറിവേയുള്ളൂ.

ഞാന്‍ നേരിട്ടറിഞ്ഞ മാന്യദേഹമാണ് അവുക്കുബായ്. നഗരത്തിലെ അറിയപ്പെടുന്ന കുടവ്യാപാരിയും സ്വാതന്ത്ര്യസമര അനുകൂലിയും ദേശീയ മുസ്ലിമും നല്ലൊരു ധര്‍മിഷ്ഠനുമായ ബാവഹാജിയുടെ മകനാണ് അവുക്കുബായ്. ആഭിജാത്യത്തിന്‍റെയും കുലീനതയുടെയും മുഖം. കോട്ടപ്പറമ്പിലെ അക്കാലത്തെ യുവരാജാവ്. വടക്കന്‍പാട്ടിലെ വീരനായകന്മാരെപ്പോലെയുള്ള ഉത്തമപുരുഷന്‍. മിക്കദിവസങ്ങളിലും അവുക്കുബായിയുടെ മാളികപ്പുറത്തുനിന്നു സംഗീതം ഒഴുകിവരും. ഹാര്‍മോണിയത്തിന്‍റെയും തബലയുടെയും നാദധാരയുതിരും. ആ പാട്ട് സദസ്സ് കേട്ടതിനാലാണ് സംഗീതം എനിക്ക് ഒഴിവാക്കാനാവാത്തത്. ആ പാട്ടുകള്‍ പാടിയിരുന്നത് സാക്ഷാല്‍ ബാബുക്കയും സംഘവുമാണെന്ന് വേര്‍തിരിച്ചറിയാന്‍ ഏറെക്കാലമൊന്നും വേണ്ടിയിരുന്നില്ല.

ലത്തീഫ് സ്റ്റെർലിങ് ഭാര്യ സുലേഖക്കൊപ്പം

ബാബുക്കയുടെ പാട്ടുകള്‍ തന്നെയാണ് എനിക്ക് ആസ്വാദനശേഷി വെട്ടിത്തന്നത്. ഞാന്‍ പാട്ടുകാരനായില്ല, പാട്ടെഴുത്തുകാരനായില്ല. അന്ന് എനിക്ക് പ്രായം പത്തുവയസ്സ്. അവുക്കുബായ് എന്‍റെ സാംസ്കാരിക നായകനായിരുന്നു. ആര്‍ഭാടജീവിതത്തിന്‍റെ ഇരയായിരുന്നു അദ്ദേഹം. എല്ലാ സൗഭാഗ്യങ്ങളുമുണ്ടായിട്ടും സഹൃത്തുക്കള്‍ക്കുവേണ്ടി ജീവിതം കളഞ്ഞു. സമയ-കാല സങ്കല്‍പ്പമുണ്ടായിരുന്നില്ല. സ്വത്തെല്ലാം സുഹൃത്തുക്കള്‍ക്കുവേണ്ടി. അവസാനം ഫക്കീറായി യവനികക്കുള്ളില്‍ മറഞ്ഞു.

ഞങ്ങളാരും മിഠായിത്തെരുവിലിറങ്ങാത്ത ഒരു നാളും ബാല്യത്തിലോ യുവാക്കളായപ്പോഴോ ഇല്ല. ജോലി തേടി വിദേശത്തുപോയവര്‍ അവിടെനിന്നെത്തിയാല്‍ ആ ദിവസംതന്നെ സൗഹൃദംതേടി മിഠായിത്തെരുവിലിറങ്ങും. തെരുവ് തന്ന പഴയകാലസ്മരണകള്‍ അയവിറക്കും. സന്തോഷത്തിന് അതിരില്ലാത്ത കാലം. കനത്ത മഴയില്‍ ഏതെങ്കിലും പീടികത്തിണ്ണയില്‍ കയറിനിന്നാലും അവിടെ സാഹിത്യമോ രാഷ്ട്രീയമോ ആകും ചര്‍ച്ച. മിക്കവാറും എസ്കെയും ഉറൂബും. കെ എ കൊടുങ്ങല്ലൂരും ആകാശവാണി അഹമ്മദ്കോയയുമുണ്ടാകും.

രാധ തിയറ്ററിനു മുന്നിലെ മോഡേണ്‍ ഹോട്ടലിന്‍റെ പ്രവേശനകവാടത്തിലുള്ള സായിപ്പിന്‍റെ പത്രക്കടയാണ് അവരുടെ ആസ്ഥാനം. രാധയുടെ കുറച്ച് മുമ്പിലായി സി.എന്‍. അഹമ്മദ് മൗലവിയുടെ കടയുണ്ട്. ഖുര്‍ആന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മഹാപണ്ഡിതന്‍. അക്കാലത്ത് എല്ലാവരുടെയും പ്രശംസയും മുള്ളേറും ഏറ്റുവാങ്ങിയ മഹാന്‍.

കുറച്ചുകൂടി മുന്നോട്ടുപോയാല്‍ കോഴിക്കോട്ടെ മുസ്ലിം ചരിത്രം പറയുന്ന ‘സുല്‍ത്താന്‍ വീടി’ന്‍റെ രചയിതാവ് പി എ മുഹമ്മദ്കോയയുടെ തുണിക്കട. നല്ലൊരു പത്രപ്രവര്‍ത്തകനും സിനിമാക്കാരനുമായ അദ്ദേഹം അവിടെ എപ്പോഴും പുഞ്ചിരിയോടെയുണ്ടാകും. കുറച്ചുകൂടി മുന്നോട്ടുപോയാല്‍ കറന്‍റ്ബുക്സില്‍ മിക്ക ദിവസവും സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിനെ കാണാം.

ഇതെല്ലാം ഈ തെരുവിന്‍റെ പ്രത്യേകതയാണ്. നഗരത്തിലെ ഒട്ടുമിക്ക സാഹിത്യകാരന്മാരുമായി സൗഹൃദം നിലനിര്‍ത്താനായത് ഭാഗ്യമായി കരുതുന്നു. ഈ കരുത്താണ് പല കാര്യങ്ങളിലും മുന്നിട്ടിറങ്ങാന്‍ ധൈര്യം നല്‍കിയിട്ടുണ്ടാവുക. കോഴിക്കോട്ടെ എല്ലാ സാംസ്കാരിക പരിപാടികളിലും എന്‍റെ സാന്നിധ്യമുണ്ടാകും. എന്തോ, അതായിപ്പോയി ജീവിതചര്യ. ടൗണ്‍ഹാളില്‍ എല്ലാ പരിപാടിയിലും ഉണ്ടാവും. നഗരത്തിലെ നാടകക്കാരും സംഗീതജ്ഞരുമെല്ലാം ഒത്തുചേരുന്ന, ഹിന്ദി സിനിമാ പാട്ടുപുസ്തകമൊക്കെ വില്‍ക്കുന്ന കെ ടി സെയ്തുബായിന്‍റെ കടയുണ്ട്. അവിടെനിന്നാണ് കേരളത്തിലെ വലിയ നാടകട്രൂപ്പായ സംഗമത്തിന്‍റെ ജനനം. പിന്നീട് അത് കലിംഗയായി. എല്ലാം കോഴിക്കോടിന്‍റെ ചരിത്രം.

ഒരിയ്ക്കല്‍ ടൗണ്‍ഹാളില്‍ എ പി ബാലകൃഷ്ണപിള്ളയുടെ ഫോട്ടോ അനാച്ഛാദനം നടക്കുന്നു. സ്വര്‍ണാഭരണ കച്ചവടത്തില്‍ വിശ്വസ്തന്‍ എന്നതുകൊണ്ടല്ല, കറകളഞ്ഞ കമ്യൂണിസ്റ്റ് അനുഭാവി. ഖദര്‍ വസ്ത്രം വീടുവീടാന്തരം കൊണ്ടുചെന്ന് വില്‍പ്പന നടത്തിയയാള്‍. ഇതിനേക്കാള്‍ വലിയ പ്രവര്‍ത്തനം കലാരംഗത്തും നടത്തുന്നു. കുതിരവട്ടത്തെ ദേശപോഷിണി വായനശാലയെ ഉയര്‍ച്ചയിലെത്തിച്ചയാള്‍.

പിള്ളയെ പ്രകീര്‍ത്തിച്ച് സംസാരിച്ചപ്പോഴാണ് ബാബുക്കയെന്ന മഹാപ്രതിഭയെപ്പറ്റി ആലോചിക്കുന്നത്. ടൗണ്‍ഹാളിന്‍റെ ചുമരില്‍ ബാബുക്കയുടെയും കോഴിക്കോട് അബ്ദുള്‍ ഖാദറിന്‍റെയും ഛായാചിത്രത്തിന് ഇടംവേണം.

കോഴിക്കോട് അബ്ദുള്‍ഖാദറിനെപ്പറ്റി ഒന്നും പറയേണ്ടതില്ല. എല്ലാരീതിയിലും അംഗീകരിക്കപ്പെട്ട മാന്യദേഹം. പൂര്‍ണചന്ദ്രനെ നോക്കി മഹത്തരം എന്ന് പറയുന്നതുപോലെയായിരിക്കും.

ടൗണ്‍ഹാളില്‍ ചിത്രം സ്ഥാപിക്കുന്നതിനായി പിന്നെ എന്‍റെ എല്ലാ നീക്കങ്ങളും. നഗരസഭയാണ് അനുമതി നല്‍കേണ്ടത്. ഒരാള്‍ പറഞ്ഞാലൊന്നും നഗരസഭ അനുമതി നല്‍കില്ല. അതിന് സംഘടന വേണം. സംഘടനക്ക് പേര് വേണം. ലെറ്റര്‍ ഹെഡ് വേണം. പണിയേറെയുണ്ട്. ഏതായാലും വേണ്ടില്ല. സംഗതി തുടങ്ങി.

അങ്ങനെ 1984ല്‍ ഗസല്‍ധാര തുടങ്ങി. സംഘടനക്ക് പേരിട്ടതോടെ പ്രവര്‍ത്തനത്തിന് ആക്കംകൂടി.

നടന്‍ സിദ്ദിഖ് ഉണ്ടായിരുന്നു അന്ന് കൂടെ. ഇന്നത്തെ സിദ്ദിഖ് അല്ല, കാരപ്പറമ്പിലെ പ്രമുഖ വ്യവസായ കുടുംബത്തില്‍ പിറന്ന്, കാരപ്പറമ്പ് കൗബോയ് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ആൾ. സ്കൂളിലേക്ക് കുതിരപ്പുറത്തൊക്കെയാണ് പോവാറത്രെ. കണ്ടിട്ടില്ല, പറഞ്ഞുകേട്ട അറിവാണ്. വസ്ത്രത്തിലും ഭാവത്തിലും യൂറോപ്യന്‍ മനസ്സ്, എന്നാല്‍, പ്രിയം ശുദ്ധ മലയാള സംഗീതം. സിദ്ദിഖിനെ പ്രസിഡന്‍റാക്കി.

ബാബുക്കയുടെ പാട്ടുകള്‍ പൂര്‍ണമായി പാടും. സിദ്ദിഖ് ഇന്നില്ല, അകാലത്തില്‍ മണ്‍മറഞ്ഞു – സുഹൃത്തിന് പ്രണാമം. സിദ്ദിഖിന്‍റെ നിഴല്‍പോലെയുണ്ടായിരുന്നു അബൂബക്കര്‍ കക്കോടി. ഇവരുടെ പേരുകള്‍ കൂട്ടിക്കെട്ടി അബൂബക്കര്‍ സിദ്ദിഖ് എന്നാണ് നിലമ്പൂര്‍ ബാലേട്ടന്‍ വിളിക്കാറ്. അബൂബക്കര്‍ കക്കോടിയെ ജോയിന്‍റ് സെക്രട്ടറിയാക്കി. ഞാനും സത്യജിത്തും മുഖ്യസംഘാടകരായി.

പുതിയ മിഠായിത്തെരുവിലും പീതാംബർ സ്റ്റുഡിയോ ഉണ്ട്, ഒരു ചരിത്ര ശേഷിപ്പായി

ആദ്യപടിയായി ഫോട്ടോ കിട്ടാനുള്ള ശ്രമമായി. ഖാദര്‍ക്കയുടെ ഫോട്ടോക്ക് യാതൊരു പ്രയാസവുമുണ്ടായില്ല. ബാബുക്കയുടെ ഫോട്ടോ കിട്ടാന്‍ അനുജന്‍ മജീദ് ഒരുപാട് ശ്രമം നടത്തി. ബാബുക്കയുടെ അടുത്ത സ്നേഹിതന്‍ മൂടാടി ഇബ്രാഹിംക്ക പീതാംബര്‍ സ്റ്റുഡിയോയില്‍ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഇലക്ട്രോണിക് മാധ്യമം സജീവമല്ലാത്ത കാലമാണ്. പി മുസ്തഫ കേരള കൗമുദിയില്‍ ജോലിചെയ്യുന്നുണ്ട്. മുഖ്യ പത്രാധിപര്‍ എന്‍. പി മുഹമ്മദാണ്. എന്‍. പിയുടെ അനുവാദത്തോടെ ഒരു ഫോട്ടോ തന്നു, സുശീലയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ.

കോര്‍പറേഷന്‍ കൗണ്‍സില്‍ ഞങ്ങളുടെ ആവശ്യം അംഗീകരിച്ചു. ഛായാചിത്രം വരയ്ക്കാന്‍ പോള്‍ കല്ലാനോടിനെ ചുമതലപ്പെടുത്തി. ബാബുക്കയെ നേരില്‍ കാണാന്‍ പറ്റാഞ്ഞതും ചെറിയ ഫോട്ടോ ആയതുകൊണ്ടും പോള്‍ മാഷിന് വരയ്ക്കുന്ന കാര്യത്തില്‍ വിഷമമുണ്ടായിരുന്നു. എന്തായാലും ഫോട്ടോയുടെ കാര്യത്തില്‍ തീരുമാനമായി.

ഫോട്ടോ അനാച്ഛാദന ചടങ്ങില്‍ ബാബുക്കയുടെയും ഖാദര്‍ക്കയുടെയും പാട്ടുകള്‍ ഉള്‍പ്പെടുത്തി നല്ലൊരു സംഗീതനിശ നടത്താന്‍ തീരുമാനിച്ചു. ഇവരുടെ മരണശേഷം ഇങ്ങനെയൊരു പരിപാടി ആരും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സംഗീതനിശ അപൂര്‍വസംഭവമായിരിക്കുമെന്ന് ഉറപ്പായിരുന്നു.

ബാബുക്കയുടെ പാട്ട് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരുടെ കൈയിലും അതിന്‍റെ ശേഖരമില്ല. ആകാശവാണിയില്‍നിന്ന് സംഘടിപ്പിക്കാന്‍ ആരോ പറഞ്ഞു. അവിടെ തിക്കോടിയനുണ്ട്. അദ്ദേഹത്തിന്‍റെ അടുത്തുപോയി. മകള്‍ പുഷ്പ ആകാശവാണിയില്‍ ജോലിചെയ്യുന്ന സമയമായിരുന്നു.

ഏതായാലും ആകാശവാണിയുടെ ഗെയ്റ്റ് കടക്കാന്‍ ഏറെ കടമ്പ കടക്കണം. പാട്ടുകള്‍ സംഘടിപ്പിക്കുക വല്യ പാടാണ്. പുഷ്പച്ചേച്ചിയെ ബന്ധപ്പെട്ടു. ആകാശവാണി ഡയറക്ടറുടെ മുമ്പാകെ ഞാനും സത്യജിത്തും ഹര്‍ജി ബോധിപ്പിച്ചു. അദ്ദേഹം ഞങ്ങളെ പുറത്താക്കിയില്ല എന്നേയുള്ളൂ. ഇത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് എന്നൊക്കെ പറഞ്ഞ് ഞങ്ങളെ ആകാശവാണിയുടെ നിയമാവലികള്‍ പഠിപ്പിക്കാനുള്ള ശ്രമമായി.

സംഗതി നടക്കില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി, തിരിച്ചുപോന്നു. ഗെയ്റ്റ് കടക്കുമ്പോള്‍ പ്യൂണ്‍ ഓടിവരുന്നു, അയാള്‍ ഞങ്ങളെ അകത്തേക്ക് വിളിച്ചു. പുഷ്പച്ചേച്ചി കാര്യത്തിന്‍റെ ഗൗരവം ഡയറക്ടറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

തിരിച്ചെത്തിയപ്പോള്‍ ഡയരക്ടര്‍ മാന്യമായി സ്വീകരിച്ച് ഇരിക്കാന്‍ പറഞ്ഞു. ബാബുരാജിന്‍റെ എത്ര പാട്ടുവേണമെന്നായി. 35 പാട്ടിന്‍റെ ലിസ്റ്റ് കൊടുത്തു. രണ്ടുദിവസംകൊണ്ട് പാട്ടിന്‍റെ കാസറ്റ് കിട്ടി. കാസറ്റ് കൈയില്‍ കിട്ടിയപ്പോള്‍ എന്തോ സ്വപ്നസാഫല്യം നേടിയ അവസ്ഥ. ഞാനും സത്യജിത്തും ആഴ്ചകളോളം സംഗീതസാന്ദ്രമായ അവസ്ഥയില്‍ നീരാടി. പിന്നീട് എല്ലാ കലാകാരന്മാര്‍ക്കും കോപ്പിയെടുത്ത് കൊടുത്തു. നഗരത്തിലെ പ്രധാന ലോഡ്ജില്‍ റിഹേഴ്സല്‍ ആരംഭിച്ചു.

മാനാഞ്ചിറയിലെ കെ. ടി. മുഹമ്മദ് ശില്‌പം. ശില്‌പി: ജീവൻ തോമസ്

അടുത്തതായി ഞങ്ങള്‍ കെ. ടി. മുഹമ്മദിനെ പോയി കണ്ടു. ബാബുക്കയേയും ഖാദര്‍ക്കയേയുംപറ്റി എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യവും അധികാരവുമുള്ള ആളാണ്. ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. കെ.ടി.യോട് പരിപാടിയുടെ ബ്രോഷര്‍ എഴുതിത്തരാന്‍ പറഞ്ഞു. ഞാനും സത്യജിത്തും കേണപേക്ഷിച്ചതുകൊണ്ട് അദ്ദേഹം ഏറ്റു.

കാസറ്റിന്‍റെ കോപ്പി പപ്പേട്ടനെയും ഹരിദാസനെയും ഏല്‍പ്പിച്ചു.

അടുത്തപടി സാംസ്കാരിക സദസ്സിനുവേണ്ട ആലോചനകളായിരുന്നു. കെ. ടി. മുഹമ്മദ്, എന്‍. പി മുഹമ്മദ്, തിക്കോടിയന്‍, രാഘവന്‍ മാസ്റ്റര്‍, പോള്‍ കല്ലാനോട് എന്നിവരടങ്ങിയ സദസ്സ് പ്രൗഢഗംഭീരമായിരുന്നു. ഇന്നത്തെപ്പോലെ ചാനലുകളുടെ തള്ളിക്കയറ്റമില്ലാത്ത കാലമാണ്. പരിപാടി ആകാശവാണി പ്രക്ഷേപണംചെയ്തു.

മുഖ്യ ഗായകന്‍ കെ. ആര്‍. വേണുവേട്ടനായിരുന്നു. കല്‍ക്കത്തയിലെ ടാഗോറിന്‍റെ ശാന്തിനികേതനിലാണ് പഠിച്ചത്. മന്നാഡേയുടെ സെമിക്ലാസിക് മെലഡികള്‍ മനോഹരമായി ആലപിക്കും. ബാബുക്കയുടെ ട്രൂപ്പില്‍ സ്ഥിരാംഗമായിരുന്നു. സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ കൂടെ ലേഡീസ് ഹോസ്റ്റല്‍ എന്ന സിനിമയില്‍ പാടിയിട്ടുണ്ട്.

മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ എഴുതിയ – സരസ്വതി എന്ന സിനിമയിലാണെന്നാണ് എന്‍റെ ഓര്‍മ – പാട്ട് അവതരണഗാനമായി തെരഞ്ഞെടുത്തു. പരിപാടിയിലെ ഓരോ ഗാനവും എല്ലാ രീതിയിലും ശ്രദ്ധിക്കപ്പെട്ടു. കെ. ആര്‍. വേണു മനോഹരമായി പാടി. രാഘവന്‍ മാസ്റ്റര്‍ പ്രസംഗം ഒഴിവാക്കി നല്ലൊരു നാടന്‍പാട്ട് പാടി സദസ്സിനെ ആവേശക്കൊടുമുടിയിലെത്തിച്ചു.

കോഴിക്കോട് അബ്ദുള്‍ ഖാദറിന്‍റെയും ശാന്താദേവിയുടെയും മകനായ സത്യജിത്ത് ബാലനടനായിരുന്നു. അശ്വമേധം, കുട്ട്യേടത്തി, അച്ചാണി, ചട്ടക്കാരി തുടങ്ങിയ മലയാളസിനിമയിലും ജൂലി എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചു. നന്നായി പാടുകയും ചെയ്യുമായിരുന്നു. എന്നാല്‍ ജീവിതം മറ്റൊരു ദിശയിലേക്ക് തിരിഞ്ഞു. അവന്‍ വളരെ പെട്ടെന്ന് നമ്മെ വിട്ടുപോവുകയുംചെയ്തു. സത്യജിത്തിന്‍റെ മരണത്തോടെ എനിക്ക് വ്യക്തിപരമായി വളരെ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്.

ഗസല്‍ധാര പരിപാടിയില്‍ സത്യജിത്ത് മനോഹരമായി കാദര്‍ക്കയുടെ നിരവധി ഗാനങ്ങള്‍ ആലപിച്ചു. ഇത്രയും കാലം വിസ്മൃതിയിലിരുന്ന ആ പാട്ടുകള്‍ പഴയ തലമുറയില്‍ ആവേശവും നൊമ്പരവും പടര്‍ത്തി. രാത്രിവണ്ടി എന്ന സിനിമയിലെ വിജനതീരമേ കണ്ടുവോ നീ… എന്ന ഗാനം ഡോക്ടര്‍ മെഹ്റൂഫ് രാജ് അവിസ്മരണീയമാക്കി.

‘പ്രിയ’ എന്ന സിനിമയിലെ ആടാനുമറിയാം പാടാനുമറിയാം – മലയാളത്തിലെ ആദ്യ ഖവ്വാലി – എന്ന ഗാനം ലീന പപ്പന്‍ പാടിയത് മറക്കാന്‍ പറ്റാത്ത അനുഭവംതന്നെയായി. ഷക്കീല മുഹമ്മദ് ആലപിച്ച തേടുന്നതാരെ എന്ന ഗാനവും ഇപ്പോഴും ഓര്‍മയിലുണ്ട്. ഇരുപത്തഞ്ച് പാട്ടുകളാണ് അവിടെ അന്ന് അവതരിപ്പിച്ചത്. തിങ്ങിനിറഞ്ഞ ടൗണ്‍ഹാള്‍ കോരിത്തരിച്ചു. ഗസല്‍ധാര എന്തിനുവേണ്ടിയായിരുന്നോ ആ പ്രോഗ്രാം നടത്തിയത്, അതേ ലക്ഷ്യവുമായി – ബാബുരാജ്, അബ്ദുള്‍ഖാദര്‍ – പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും ഓര്‍മ പങ്കുവയ്ക്കാനും പുതിയ ശ്രമങ്ങള്‍ ഉണ്ടാവുന്നതില്‍ സന്തോഷമുണ്ട്.

വര്‍ഷങ്ങള്‍ക്കുശേഷം നജ്‌മലിന്‍റെ തിരിച്ചുവരവ് ഗസല്‍ധാരയ്ക്ക് പുത്തനുണര്‍വ് പകര്‍ന്നു. ബാബുക്കയുടെയും കാദര്‍ക്കയുടെയും ഈണങ്ങള്‍ കോര്‍ത്തിണക്കിയ പാട്ടുകളും മെഹ്ദി ഹസ്സന്‍, ജഗജിത് സിങ്, ഭുപേന്ദര്‍ എന്നിവരുടെ ഗസലുകളും നജ്‌മല്‍ ബാബു പാടുമ്പോള്‍ അത് ആത്മാവില്‍നിന്ന് ആത്മാവിലേക്കുള്ള സാന്ത്വനസ്പര്‍ശമായി. അത്രയും മധുരതരമാണ് ആ ആലാപനശൈലി. ഒരു രീതിയിലുള്ള പ്രസിദ്ധിയും ആഗ്രഹിക്കാത്ത മലയാളത്തിന്‍റെ ആദ്യത്തെ ഗസല്‍ ഗായകന്‍. സമ്പാദ്യമെല്ലാം രോഗം കൊണ്ടുപോയി. സംഗീതമേ ജീവിതം, ഒരു മധുരസംഗീതമേ ജീവിതം എന്നുപാടി വിട്ടുപിരിഞ്ഞ ആത്മസുഹൃത്തിന് പ്രണാമം.

വര്‍ഷങ്ങള്‍ നീണ്ട പ്രവാസജീവിതത്തിനിടയില്‍ ലീവില്‍ വരുമ്പോള്‍ ഒരു മെഹ്ഫില്‍ തട്ടിക്കൂട്ടുക സ്ഥിരം ഏര്‍പ്പാടാണ്. സുഹൃത്തുക്കളുടെ ഒത്തുകൂടല്‍ സംഗീതമയമാവും. അതിനാണിപ്പോള്‍ ഒരു സ്ഥിരം വേദിയായത്.

ബാബുരാജ്, യേശുദാസ്: ഒരു കല്യാണ മെഹ്ഫിൽ

ബാബുക്ക മാളികപ്പുറത്തിരുന്ന് ഹാര്‍മോണിയവും തബലയുമായി ലൈവായി പാടി, സാധാരണ മൈക്കില്‍ റെക്കോഡ് ചെയ്ത രണ്ട് കാസറ്റുകള്‍ വടേരി ഹസ്സന്‍ ബായിയുടെ കൈവശമുണ്ടായിരുന്നു. നഗരത്തിലെ സാംസ്കാരികരംഗത്തെ നിറസാന്നിധ്യമായിരുന്നു വടേരി. കലാകാരന്മാര്‍ക്ക് എന്തുസഹായവും ചെയ്യാന്‍ താല്‍പ്പര്യമുള്ളയാള്‍. മരം എന്ന മാഗസിന്‍റെ പത്രാധിപരായിരുന്നു മരവ്യാപാരിയായ വടേരി. ജാലകം എന്ന ഒരു സാംസ്കാരിക സംഘടനയും നടത്തിയിരുന്നു. സാഹിത്യത്തിലും സംഗീതത്തിലും കേരളത്തിലെ പ്രമുഖരുമായി ഉറ്റ ചങ്ങാത്തം.

ലീവില്‍ വരുമ്പോഴെല്ലാം വടേരിയുടെ കൈയിലുള്ള കാസറ്റ് കേള്‍ക്കാറുണ്ട്. സ്ഥിരമായി കൊണ്ടുവരികയും കേട്ടുകഴിഞ്ഞാല്‍ തിരിച്ചു കൊണ്ടുപോവുകയുമാണ് പതിവ്. റെക്കോഡ് ചെയ്യാന്‍ പലവട്ടം ചോദിച്ചതാണ്, തന്നില്ല. കോഹിനൂര്‍ രത്നം കൊടുത്താലും തരില്ല എന്നാണ് നിലപാട്. ഒരിയ്ക്കല്‍ ലീവില്‍ വന്നപ്പോള്‍ ജോണിവാക്കര്‍ മദ്യം ഫുള്‍ബോട്ടില്‍ കൊടുക്കാമെന്ന് പറഞ്ഞു. അതുകേട്ടതും പിടിവശി തെല്ലൊന്നയഞ്ഞു. പക്ഷേ, ഒരു കണ്ടീഷന്‍, വടേരിയുടെ മുഖദാവില്‍ റെക്കോഡ് ചെയ്യണം. അങ്ങനെ നഗരത്തിലെ ലോഡ്ജില്‍ റൂമെടുത്തു, കല്‍പ്പുറത്ത് ബീരാന്‍ക്ക, കെ ആര്‍ വേണു എന്നിവരുടെ സാന്നിധ്യത്തില്‍ റെക്കോഡ് ചെയ്തു. പിന്നീട് സ്ഥിരമായി ഞാനത് കേട്ടുകൊണ്ടിരുന്നു.

ഒരു ദിവസം കെ. ടി.യുടെ മരുമകന്‍, ഗായകന്‍ ഉമ്മര്‍ എന്‍റെ കൈയില്‍ കാസറ്റ് ഉണ്ടെന്നറിഞ്ഞ് വന്നു. റെക്കോഡ് ചെയ്യാന്‍ സമ്മതിച്ചു. പിന്നെ താജിന്‍റെ അനുജന്‍ വന്നു, അവനും വേണം. എന്തുചെയ്യും കൊടുക്കുകയല്ലാതെ നിവൃത്തിയില്ല. ആസ്വാദകരല്ലേ, പ്രത്യേകിച്ച് ബാബുക്കയുടെ പാട്ടും.

ഒരിയ്ക്കല്‍ എന്‍റെ അടുത്ത സുഹൃത്തും സിനിമാ ഡിസൈനറുമായ ഹബീബ് വിളിച്ച് കാസറ്റിന്‍റെ കോപ്പി വേണമെന്നാവശ്യപ്പെട്ടു. അങ്ങനെ ആ പാട്ടുകള്‍ യേശുദാസിന്‍റെയും ജയചന്ദ്രന്‍റെയുംവരെ കാതിലെത്തി. നടന്‍ സിദ്ദിഖും സംഘവും കേട്ടു. ഇത്രത്തോളം മനുഷ്യഹൃദയം അലിയിപ്പിക്കുന്ന സംഗീതമാണല്ലോ ബാബുക്കയുടേതെന്ന് അപ്പോഴാണ് അവരെല്ലാം മനസ്സിലാക്കുന്നത്.

കോഴിക്കോട്ടും എറണാകുളത്തും വലിയ പ്രോഗ്രാം നടത്താന്‍ അവര്‍ തീരുമാനിച്ചു. അതിനായുള്ള ശ്രമമായി. എന്തുകൊണ്ടോ എറണാകുളത്ത് നടന്നില്ല. കോഴിക്കോട് വെസ്റ്റ്ഹില്‍ മൈതാനത്ത് മിലിട്ടറി ആദ്യമായി സംഗീതനിശയ്ക്ക് അനുവാദംകൊടുത്തു.

ഹിന്ദി – മലയാള സിനിമയിലെ പ്രമുഖ അഭിനേതാക്കള്‍, എസ് ജാനകി മുതല്‍ പാട്ടുകാര്‍, സംഗീതസംവിധായകര്‍ എല്ലാം അണിനിരന്ന ഗംഭീര പരിപാടിയായിരുന്നു കോഴിക്കോട്ട് നടന്നത്. പഴയകാല കലാകാരന്മാരെ ആദരിക്കുകയും ചെയ്തു. നല്ലൊരു ഫണ്ടും ശേഖരിക്കാന്‍ കഴിഞ്ഞു. ബാബുക്കയുടെ കുടുംബത്തിന് സാമ്പത്തികസഹായമായി. ബാബുരാജിന്‍റെ പേരില്‍ സംഗീത സ്കൂള്‍ വന്നു.

എന്തിനുവേണ്ടിയാണോ ബാബുക്ക കല്യാണവീടുകളിലും സ്വകാര്യ സദസ്സിലും പാടിനടന്നത്, അതിന് ഫലം ലഭിക്കുകയാണ്. ഹിന്ദുസ്ഥാനിക്കല്ല, കര്‍ണാടക സംഗീതത്തിനായിരുന്നു മുന്‍ഗണന. ഇപ്പോള്‍ ബാബുക്കയുടെ പാട്ടുകള്‍ എല്ലാവരും പാടിനടക്കുന്നു.

ഇതിനെല്ലാം ഗസല്‍ധാര നിമിത്തമായല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷം. വിസ്മൃതിയിലേക്ക് പോകുമായിരുന്നവ ഇന്ന് അതിന്‍റെ പൂര്‍ണതയിലെത്തിനില്‍ക്കുന്നു. ബാബുക്കയുടെ ആ പഴയ കാസറ്റ് പിന്നീട് മനോരമ മ്യൂസിക് വിപണിയിലിറക്കി.

(ഗസൽധാരയും കോഴിക്കോട് അബ്ദുൽഖാദർ ഫൗണ്ടേഷനും ആര്ടിസ്റ്റ്സ് കലക്റ്റീവും ചേർന്നാണ് ‘സുനയന’ ഒരുക്കുന്നത്)

 

Leave a Reply