Home » എഡിറ്റേഴ്സ് ചോയ്സ് » കമലിനോടു കൂടിയായി ആമി അന്നേ പറഞ്ഞിരുന്നു: ‘വെറുതെ വിടുമ്പോഴാണ് ഭൂതകാലത്തിന് ഭംഗി’

കമലിനോടു കൂടിയായി ആമി അന്നേ പറഞ്ഞിരുന്നു: ‘വെറുതെ വിടുമ്പോഴാണ് ഭൂതകാലത്തിന് ഭംഗി’

കാലത്തിനുമപ്പുറത്തേയ്ക്ക് സഞ്ചരിച്ച് മരണമില്ലാതായവളാണ് ആമി. എന്നാൽ കമലിന്‍റെ ‘ആമി’ തീര്‍ന്നപ്പോള്‍ ബാക്കിയാവുന്നത് ഒരു ശൂന്യത. ആമിയുടെ ആത്മാവ് കണ്ടെത്താന്‍ കമലിന് ആയില്ല – മീനാക്ഷി മേനോന്‍ എഴുതുന്നു

ത്ര അറിഞ്ഞാലും പിന്നെയും അറിയാന്‍ ബാക്കി. എത്ര പറഞ്ഞാലും പിന്നെയും പറയാന്‍ ബാക്കി – ഇതവളെക്കുറിച്ചാണ്; കമലയെക്കുറിച്ച് . അവള്‍ പ്രണയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ഹൃദയത്തില്‍ തൊട്ടതിനെക്കുറിച്ചെല്ലാം എഴുതിക്കൊണ്ടേയിരുന്നു. വേലിക്കെട്ടുകളെല്ലാം പൊളിച്ചെറിഞ്ഞ വാക്കുകളിലൂടെ അവള്‍ കാലത്തിനുമപ്പുറത്തേയ്ക്ക് സഞ്ചരിച്ച് മരണമില്ലാത്തവളായി. തിയേറ്ററിലെ തണുപ്പില്‍ കമലിന്‍റെ ‘ആമി’ക്കൊപ്പം ചെലവഴിച്ച കുറച്ചു മണിക്കൂറുകളില്‍ ഞാന്‍ തിരഞ്ഞതു മുഴുവനും ആ കമലയുടെ ആത്മാവിനെയായിരുന്നു.

മുടി വിടര്‍ത്തിയിട്ട്, നിറമുള്ള സാരികളുടുത്ത്, വലിയ പൊട്ടു ചാര്‍ത്തി, നിറയെ ആഭരണങ്ങളിട്ട ആമിയോടൊപ്പം കുറേനേരം. അവള്‍ ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചു.പിന്നെയവള്‍ പര്‍ദ്ദയും ഹിജാബും അണിഞ്ഞവളായി. ഒടുവില്‍ മരണശയ്യയില്‍ മരണത്തെ കാത്തുകിടക്കുന്ന നിസ്സഹായയായ ഒരു സ്ത്രീ മാത്രമായി.കമലിന്‍റെ ‘ആമി’ തീര്‍ന്നപ്പോള്‍ ഒരു ശൂന്യതയായിരുന്നു അവശേഷിച്ചത്. ഒരു പക്ഷെ അതിനു കാരണം ഞാനറിഞ്ഞ കമലയെന്ന മാധവിക്കുട്ടി – മാധവിക്കുട്ടിയെന്ന കമല – അതിനുമൊക്കെ അപ്പുറത്തായിരുന്നു എന്നതുകൊണ്ടാവാം.

ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. ദൈവം ചുംബിച്ച ആ വിരലുകളില്‍ ഒന്ന് തൊടാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ മാധവിക്കുട്ടി എന്നുമെന്‍റെ സമീപത്തുണ്ടായിരുന്നു. അവരെഴുതിയ പുസ്തകങ്ങളായി… വാരികകളിലെ കോളങ്ങളായി… ടെലിവിഷന്‍ അഭിമുഖങ്ങളിലൂടെ… അവര്‍ മാധവിക്കുട്ടിയായി മലയാളത്തില്‍ എഴുതിയതെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്. അവരെക്കുറിച്ച് പലര്‍ എഴുതിയതിൽ ഏറെയും വായിച്ചിട്ടുണ്ട്. മരണം അവരെ കൂട്ടിക്കൊണ്ടുപോയപ്പോള്‍ അവരെക്കുറിച്ചെഴുതിയ ആനുകാലിക പ്രസിദ്ധീകരണങ്ങളെല്ലാം ഞാന്‍ വാങ്ങി വായിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. മാധവിക്കുട്ടിയുടെ‘ബാല്യകാല സ്മരണകള്‍’ മുമ്പ് ദൂരദര്‍ശനില്‍ സീരിയല്‍ ആയി വന്നപ്പോള്‍ ഒരു എപിസോഡും മുടങ്ങാതെ കാണാന്‍ ടെലിവിഷനുമുന്നില്‍ കുത്തിയിരുന്നിട്ടുണ്ട്.

എല്ലാം ഒരു തേടലായിരുന്നു. കാണുന്നതിനും കേള്‍ക്കുന്നതിനുമപ്പുറം അവര്‍ മറ്റു പലതുമായിരുന്നു. ഒരസാമാന്യ വ്യക്തിത്വം. ആ കമലയെ കണ്ടെത്താന്‍ കമലിന് ‘ആമി’യില്‍ ആയില്ലെന്നത് ഖേദപൂര്‍വ്വം പറയട്ടെ. കണ്ടതിനെ മാത്രം പകര്‍ത്തി വെക്കുകയായിരുന്നു ‘ആമി’.

അഭിനയം ഒരു പരകായ പ്രവേശമാണ്. മഞ്ജുവാര്യര്‍ ആമിയാവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കലും പിടികൊടുക്കാത്ത ഒരു വ്യക്തിത്വമായി ആമി മഞ്ജുവില്‍ നിന്നും വഴുതിമാറുന്നു. അഭിനേതാവിനെ മറന്ന് കഥാപാത്രത്തെ പുല്‍കാനുള്ള അവസരം ലഭിക്കാതെ പോയതുപോലെ. എന്നാല്‍ ആഞ്ജലീന അബ്രഹാം കുട്ടി ആമിയായി വന്നപ്പോഴും നീലാഞ്ജന ആമിയുടെ കൗമാരം അവതരിപ്പിച്ചപ്പോഴും അഭിനേതാക്കള്‍ കഥാപാത്രമായി മനസ്സില്‍ നിറഞ്ഞു. മുരളി ഗോപി,ടോവിനോ തോമസ്‌,അനൂപ്‌ മേനോന്‍ ഇവരില്‍ മാധവദാസിനെയും ആമിയുടെ കൃഷ്ണനെയും അക്ബര്‍ അലിയെയും പ്രേക്ഷകര്‍ കാണുന്നുണ്ട്.

ആമിയില്‍ മനോഹരമായ പാട്ടുകളുണ്ട്. ഗൃഹാതുരതയും പ്രണയവും നിറയുന്ന പാട്ടുകള്‍. റഫീഖ് അഹമ്മദിന്‍റെ വരികളും എം ജയചന്ദ്രന്‍റെ സംഗീതവും ശ്രേയ ഘോഷാലിന്‍റെയും വിജയ്‌ യേശുദാസിന്‍റെയും ആലാപനവുമായി രണ്ടു മലയാളം പാട്ടുകള്‍. ഗുല്‍സാറിന്‍റെ വരികളും തൌഫീക്ക് ഖുറേഷിയുടെ സംഗീതവുമായി ഗസലുകള്‍. പാട്ടുകള്‍ സിനിമ കണ്ടുകഴിഞ്ഞിറങ്ങുമ്പോഴും പ്രേക്ഷക ഹൃദയത്തില്‍ അലകള്‍ തീര്‍ക്കുന്നുണ്ട്. ബിജിബാലിന്‍റെ പശ്ചാത്തല സംഗീതവും അതെ.

“വെറുതെ വിടുമ്പോഴാണ് ഭൂതകാലത്തിന് ഭംഗി” എന്ന് മാധവിക്കുട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു. സിനിമ കണ്ടിറങ്ങിയപ്പോള്‍ എന്തുകൊണ്ടോ ആദ്യം ഓര്‍ത്തത് അതാണ്‌. ഒന്നുകില്‍ ആമിയെ വെറുതെ വിടാമായിരുന്നു. അല്ലെങ്കില്‍ കുറേക്കൂടി ആഴത്തില്‍ ആമിയെ കണ്ടെത്തി അവതരിപ്പിക്കാന്‍ ശ്രമിക്കാമായിരുന്നു. ഒരു പക്ഷെ അറിയുന്തോറും കൂടുതല്‍ അറിയാനും പറയുന്തോറും കൂടുതല്‍ പറയാനും ബാക്കിയുള്ളതുകൊണ്ടാവും ‘ആമി’യില്‍ മാധവിക്കുട്ടിയെക്കുറിച്ച് പറഞ്ഞതൊക്കെയും മതിയാകാത്തതുപോലെ തോന്നുന്നത്.

Leave a Reply