Home » ഇൻ ഫോക്കസ് » ‘നീ തിരളുമ്പോഴാണ് അതൊരു ചെമ്പരത്തിയാകുന്നത്’: വി. വി. ഷാജുവിന്റെ ആദ്യ സമാഹാരം കല്‍പ്പറ്റ നാരായണന്‍ വായിക്കുന്നു

‘നീ തിരളുമ്പോഴാണ് അതൊരു ചെമ്പരത്തിയാകുന്നത്’: വി. വി. ഷാജുവിന്റെ ആദ്യ സമാഹാരം കല്‍പ്പറ്റ നാരായണന്‍ വായിക്കുന്നു

വിതകള്‍ക്ക് അവതാരിക എഴുതുമ്പോഴെന്നപോലെ കൂന്നു നടക്കേണ്ടിവരാറില്ല മറ്റൊരിയ്ക്കലും. ഇതെഴുതുമ്പോള്‍ ഞാന്‍ നിവര്‍ന്നു നടന്നു. . ‘നീ തിരളുമ്പോഴാണ് അതൊരു ചെമ്പരത്തിയാകുന്നത്’ എന്ന വരി എഴുതാന്‍ കഴിയാതെപോയതില്‍ എനിക്ക് ഖേദമുണ്ട്’.  രണ്ടടി പിന്നോട്ട് എന്ന കവിതാസമാഹാരം കല്‍പ്പറ്റ നാരായണന്‍ വായിക്കുന്നു

 

ഴുതുന്നത് വായിക്കാനാണ് എന്നതിലേറെ എഴുതല്‍ തന്നെ ഒരു വായിക്കലല്ലേ? ഉടല്‍ കെടുത്ത് മടങ്ങുന്നതിന് തൊട്ടുമുമ്പ് ഇടപ്പള്ളി എഴുതി; ഓമനേ വരുന്നു ഞാന്‍ വായന നിറുത്തട്ടെ/ ഈ മണിദീപാങ്കുരം ഞാന്‍ തന്നെ കെടുത്തട്ടെ”. ഒരെഴുത്തുകാരനെ സംബന്ധിച്ചെങ്കിലും ജീവിക്കലിന്‍റെ ഉചിതമായ ഉപമ, സ്വതന്ത്രമായ ഉപമ, വായിക്കലാണ്. വായിക്കുകയാണ്.

വിചിത്രമായി വായിക്കുകയാണ്, തനിയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയാത്തവിധം വായിക്കുകയാണ് ഷാജു. സെര്‍ജി ബൂബ്കയേയും ഗ്രഹാംബെല്ലിനേയും ജയില്‍ചാട്ടത്തേയും വിവാഹമോചനത്തേയും വിധവയേയും കോട്ടുവായേയും പൂവാലനേയും മുലകളേയും ആണ്‍മുലയേയും പല്ലുതേപ്പിനേയും…

വായിച്ചു പോരുന്നവയുടെ വായനയല്ല, വായിച്ചു പോരുന്ന വായനയുമല്ല, ഇതുവരേയും സംഭവിച്ചിട്ടില്ലാത്ത വായനകള്‍. കവികളെങ്കിലും ചില കവിതകളിലെങ്കിലും അദൃശ്യമായ ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കിലാണ് താനെന്ന് കാട്ടാറുണ്ടല്ലോ; ആ ഉല്ലാസവും സ്വാതന്ത്ര്യവും സൃഷ്ടിപരതയും ഓളംവെട്ടുന്നുണ്ട്, എല്ലായ്‌പ്പോഴും ഷാജുവില്‍. ആരാലും മേല്‍നോട്ടം വഹിക്കപ്പെടാത്ത, ‘ഡിക്റ്റേറ്റു’ ചെയ്യപ്പെടാത്ത, പ്രതീക്ഷിക്കപ്പെടാത്ത ജീവിതത്തിന്‍റെ മുദ്രകള്‍- കവി രാഷ്ട്രീയം പറയുക മുദ്രാവാക്യങ്ങളിലൂടെയല്ല, മുദ്രകളിലൂടെ.

ചിലപ്പോള്‍ വായന എന്ന പദത്തിന് കളി എന്ന അധികാര്‍ത്ഥവുമുണ്ട്. നാം പുസ്തകം മാത്രമല്ല മൃദംഗവും വായിക്കുന്നു. അസ്സലായി വായിക്കും എന്ന് തബലവാദകനായ സക്കീര്‍ ഹുസൈനെക്കുറിച്ച് മാത്രമല്ല നിരൂപകനായ എം. പി. ശങ്കുണ്ണിനായരെക്കുറിച്ചും പറഞ്ഞുകൂടായ്കയില്ല. അന്തര്‍ലീനമായ സാദ്ധ്യതകള്‍ തന്നെയാണ് പുസ്തകത്തില്‍ മാത്രമല്ല മൃദംഗത്തിലും വായിക്കുന്നത് എന്നത് മാത്രമല്ല ഈ ഗമ്യമായ സാമ്യകല്പനയുടെ ഔചിത്യം. ‘ഇംപ്രൊവൈസേഷന്‍റെ’ അധികസാദ്ധ്യതയാണ് നാടകത്തെ, വയലിന്‍ വായനയെ ഒക്കെ ‘പ്ലേ’യായി പറയുന്നതിലെ പ്രേരണ. അവര്‍ ‘പ്ലേ’ ചെയ്യുന്നത് നാം  ‘വായിക്കുമ്പോള്‍’ വായനകളിയുടെ അധികച്ചുമതലകൂടി വഹിക്കുന്നു.

ലീലാവിലോലമായ വായനയിലാണ്, കവിതയുടെ വായനയിലാണ്, മലയാളത്തില്‍ മേതിലിന്‍റേയോ വി.കെ.എന്നിന്‍റേയോ വായനയിലാണ്, വായനയുടെ സാദ്ധ്യതകള്‍ പരമാവധി നിറവേറുന്നത്. കളിയിലുള്ള പോലെയുള്ള രൂപാന്തരങ്ങള്‍ (മതിമറക്കലുകള്‍) കവിയും കൊതിക്കുന്നു. ആ കൊതി ഷാജുവില്‍ കൂടുതലായുണ്ട്. കളിയ്ക്കുന്ന മനുഷ്യനിലാണ് മനുഷ്യത്വത്തിന്‍റെ കൂടിയ സാക്ഷാത്ക്കാരമുള്ളതെന്ന് വരുമോ? (കളി, ജീവിതം എന്ന ശ്രമത്തിന്‍റെ മെച്ചപ്പെട്ട വിവര്‍ത്തനമാണോ?) ജന്മഗൃഹത്തില്‍ എന്നപോലെ സ്വാച്ഛന്ദ്യത്തോടെ കളിക്കളത്തില്‍ കളിക്കാരന്‍ പെരുമാറുന്നു.

ഭൂമിയിലെ ഏറ്റവും പരസ്പരധാരണയുള്ള ഇണകള്‍ ടേബിള്‍ ടെന്നീസ് കളിക്കുന്നു എന്ന് ഷാജു. “ഏത് പ്രണയത്തില്‍ നാം കണ്ടിട്ടുണ്ട്/ഇത്രയ്ക്കഗാധമായ പരസ്പര ശ്രദ്ധ/ഏത് സഖാക്കളിലുണ്ട് ഇത്രയ്ക്ക് അന്യോന്യം കരുതല്‍”. കളിക്കളത്തിലെ പരസ്പരധാരണയും പരസ്പരാശീര്‍വ്വാദങ്ങളും വിജയാഹ്ലാദത്തില്‍ മറ്റെവിടെയാണെങ്കിലും അമിതമെന്ന് തോന്നുന്നവിധത്തില്‍ കാണുന്ന പ്രകടനങ്ങളും അത് സൂചിപ്പിക്കുന്നു. ജീവിതത്തെ തനിനിറത്തില്‍ കാണാനാണ് നാം ഗ്രൗണ്ടിലേക്ക് പോകുന്നത്. കൂടുതല്‍ ജീവിതം സാദ്ധ്യമായ ഒരു സമാന്തരലോകത്തിനായുള്ള വെമ്പല്‍ കളിയില്‍ സാക്ഷാത്ക്കരിക്കപ്പെടുന്നുണ്ടാവാം. എവിടെ നമ്മുടെ സിദ്ധികള്‍ കൂടുതല്‍ ഉചിതമായിത്തീരുന്നുവോ അവിടം തേടിയുള്ള നടത്തം എത്തിച്ചേരുന്ന ഇടങ്ങള്‍ എന്ന സാമ്യം ടെന്നീസിനും കവിതയ്ക്കും തമ്മിലുണ്ട്. ഷട്ടില്‍ ബാഡ്മിന്‍റന്‍ കണ്ടുപിടിച്ച ആ ഗഗന കേളീവല്ലഭന് കവിതകളുമായി പരിചയമുണ്ടാവാതെ വരില്ലെന്നതിന്‍റെ സാക്ഷ്യമുണ്ട് ഷാജുവിന്‍റെ കവിതകളില്‍.

വസീം അക്രമിന്‍റെ ഔട്ട് സ്വിംഗറെക്കുറിച്ച് ഷാജു എഴുതുന്നുണ്ട്. “ഔട്ട് സ്വിംഗറുകള്‍ പോലെ / ജീവിതത്തെ ദൃഷ്ടാന്തവല്‍ക്കരിക്കുന്ന മറ്റൊരു രൂപകമില്ല”. ആറ് ഏറിലും ആറടിച്ചാറാടിയ യുവരാജിന്‍റെ പന്തുകളെക്കുറിച്ചുള്ള വിഭ്രമമുണ്ടിവിടെ. “അതത് നിമിഷങ്ങളില്‍/യാദൃച്ഛികമായി സംഭവിക്കുന്ന/ തിരക്കഥ”, യാദൃച്ഛികതകളുടെ കൂട്ടയോട്ടം.

ഗോള്‍ഫ് കളിയെക്കുറിച്ചുള്ള ഷാജുവിന്‍റെ ധ്യാനം ഗ്രഹാംബെല്ലിലും ബുദ്ധനിലും എത്തുന്നുണ്ട്. “വിദൂരവിനിമയ യന്ത്രത്തിന്‍റെ സ്വപ്നം ഗ്രഹാംബെല്‍ കാണാനിടയായത് വിദൂരത്തോടുള്ള പ്രണയത്താല്‍ നയിക്കപ്പെട്ട ഗോള്‍ഫ് കളിക്കാരനെ കണ്ടതിനാലോ?”

പോള്‍വാള്‍ട്ടിനെ ഷാജു വായിക്കുന്നു. “കളിയായുധത്തെ പാതിവഴിയില്‍ ഉപേക്ഷിക്കുന്ന മറ്റൊരു കളിയില്ല”. വിരമിച്ചിട്ടും വിരമിക്കാത്ത റോജര്‍ ഫെദററെക്കാട്ടി, വറീതിനോട് തൂങ്ങാന്‍ കെട്ടിയ കയറഴിച്ച് “നിനക്ക് വേണ്ടി മാത്രമുണ്ടാക്കിയ/ കക്ക കൂണു കലര്‍ത്തിയുലര്‍ത്തിയത് കൂട്ടി “ഊണ് കഴിക്കാന്‍ പറയുന്നു കവി.” റോജര്‍ ഫെദറര്‍ ഉറങ്ങുമ്പോഴും /റാക്കറ്റ് നെഞ്ചോട് ചേര്‍ത്ത് പിടിക്കാറുണ്ട്.” അണിയറയാണ് യഥാര്‍ത്ഥ അരങ്ങ് എന്നും അരങ്ങ് അണിയറയുടെ പാഴ്പ്രതിബിംബമാണ് എന്നും  പറഞ്ഞ് ‘കളി’ഭ്രാന്തനായ കവിയെ ‘കളി’ ഭ്രാന്തനായ ഷാജു വിവര്‍ത്തനം ചെയ്യുന്നു. “സന്നാഹ മത്സരങ്ങളിലേ ഞാന്‍ കളിക്കൂ… കളി കളിയാക്കുന്നത് ട്രയലിലാണ്.”

‘പരിപൂര്‍ണ്ണത ഒരു സുന്ദര കലാശില്പമാണ് എന്ന രചനയില്‍ എതിരാളിയോട് സഹകരിയ്ക്കാനാവാത്തവിധം ഉയരത്തില്‍ നില്‍ക്കുന്ന പ്രതിഭകളുടെ ദൈവങ്ങളോട് സഹതപിക്കുന്നു ഷാജു. “രണ്ടാമന്‍ ഫിനിഷിങ് പോയന്‍റിലെത്തുമ്പോള്‍/തല തുവര്‍ത്തിക്കൊണ്ട് അത് നിര്‍ന്നിമേഷമായി നോക്കിനില്‍ക്കുന്ന/വിജയിയായ നീന്തല്‍താരം/ആ കളിക്ക് ശവപ്പെട്ടി തീര്‍ക്കുകയാണ്.” ബിയോണ്‍ ബോര്‍ഗ്ഗിന്‍റെയും സെര്‍ജി ബുബ്ക്കയുടെയും ഫെലിപ്സിന്‍റേയും ബോബി ഫിഷറിന്‍റേയും ദൈവത്തെക്കുറിച്ച് ഷാജു പറയുന്നു. “ഇത്രയ്ക്കധികം കൊണ്ടു നിങ്ങളെ അനുഗ്രഹിച്ച സ്രഷ്ടാവിനേക്കാള്‍/ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്ലാത്ത ബോറന്‍ വേറെയില്ല”. ആക്രമണമെന്നു തോന്നിക്കുമെങ്കിലും (രതിയില്‍പോലും കടുത്ത പ്രതിയോഗികളെപ്പോലെയല്ലേ ഇണകള്‍ പെരുമാറുന്നത്?) കൊച്ചുകുട്ടികള്‍ വാവിട്ട് കരയുന്നു. സഹകരണമാണ് കളികളില്‍, അതാവാം ഷാജുവിന്‍റെ കളിപ്രിയത്തില്‍. കളിയായിട്ടിടിച്ചിടുകയാണിയാള്‍,  എങ്കിലും റസ്ലിങ്ങല്ല, ചായമല്ല, ചോരതന്നെ.

സൗന്ദര്യപ്പെടുത്തിയ യുദ്ധം എന്ന് ടേബിള്‍ ടെന്നീസിനെപ്പറ്റി ഷാജു. എതിര്‍പ്പുകള്‍ സര്‍ഗ്ഗാത്മ കമായി പരിണമിക്കുന്നത് സ്പോര്‍ട്സിലാണ്. ഫലിതത്തിനടിയിലും ഒരു സാങ്കല്പിക ഗ്രൗണ്ടുണ്ട്. കളി യായല്ലാതെ ഭയങ്കര കാര്യങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുക. ഈ ‘നില്‍പ്പനില്‍’ കളിയും കളിക്കാരും കളിവാക്കും.

ദേശീയഗാനത്തെക്കുറിച്ചുള്ള ഒരു കലുഷമായ രചനയാണ് ‘നില്‍പ്പന്‍ ദേശീയത.’ മനുഷ്യന് സ്വീകരിക്കാവുന്ന തന്മകളില്‍ ഏറ്റവും ദുര്‍ബലമായ തന്മയത്രെ ‘ദേശവാസി’. ഭാരതത്തില്‍ മാത്രം വളരുന്നൊരു വൃക്ഷത്തിന് അത് മതിയായിരിക്കാം, മനുഷ്യനതു പോര. നിന്നുകൊണ്ടുള്ള ഈ ഭോഗം, പലര്‍ക്കുമതിന്‍റെ അര്‍ത്ഥമറിയില്ല. പലരേയും അത് പ്രതിനിധീകരിക്കുന്നില്ല. എന്തിന്? ഓടി മറയുവാനുള്ള സൗകര്യമോ? ദേശസ്വത്വത്തിന്‍റെ ഈ ആലാപനത്തിന്‍റെ പരിമിതിയെ പരിഹാസത്തിലൂടെ തീക്ഷ്ണമായി നേരിടുന്നു ‘നില്‍പ്പന്‍ ദേശീയത’. “ആ പാട്ട് കേള്‍ക്കാന്‍/ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?/ സ്കൂളില്‍ പഠിച്ച ഓരോരുത്തര്‍ക്കും അത്/ വിമോചനത്തിന്‍റെ ഗാനമാണ്” ഷാജു (ഉപ)സംഹരിക്കുന്നു. “രാഷ്ട്രത്തേക്കാള്‍ ഹിംസാത്മകമായി മറ്റൊന്നില്ല/ നില്‍ക്കുന്നതില്‍ അല്ല ആദരവ് എന്ന് നിങ്ങള്‍ക്കറിയാം/ എന്നിട്ടും എത്ര കാലമായി നിങ്ങള്‍ നില്‍പ്പിലാണ്”. എന്തപരാധം ചെയ്തിട്ടാണ് നാം നിന്നുകൊണ്ടീപ്പാട്ട് കേള്‍ക്കുന്നത്? ആ പഴയ ശിക്ഷാകാലം ദേശവ്യാപകമായി മടങ്ങിവരുന്നുവോ?”

“ജയില്‍ച്ചാട്ടം’ (കാലാപഹരണം) ഒട്ടും ലളിതമല്ല. “ചലനത്തെ പരിമിതപ്പെടുത്തുന്ന/ തെരഞ്ഞെടുപ്പുകളെ മരണതുല്യം നേര്‍പ്പിക്കുന്ന/സ്വകാര്യതയെ അനാദരിക്കുന്ന/ മുന്‍ഗണനകളെ കുഴിച്ചുമൂടുന്ന/ ഇഷ്ടങ്ങളെല്ലാം മതില്‍പ്പുറത്തു നിറുത്തുന്ന/ രാഷ്ട്രീയ പ്രവര്‍ത്തനം നിഷേധിക്കുന്ന/തൊഴില്‍ നിയമങ്ങളെ പരിഹസിക്കുന്ന ഒരു ശിക്ഷണശാസ്ത്രം ഭോഷ്ക്കല്ലേ”

പരിഷ്ക്കരണപ്രവര്‍ത്തനങ്ങളിലുള്ള വിപ്ലവ നിഷേധത്തെ വിചാരണ ചെയ്യാന്‍ പറ്റുന്ന രൂപകമായി ജയില്‍ച്ചാട്ടം പതുക്കെ പരിണമിക്കുന്നു. “പോള്‍ വാള്‍ട്ട് പുറകിലെറിഞ്ഞു/നിശ്ചിത ഉയരം കീഴിലാക്കുന്ന ബൂബ്ക്കയാകട്ടെ/ ജയിലിലെ വിഗ്രഹവും ആത്മീയാചാര്യനും.” ഷാജു ജയില്‍ഭേദനക്കാരന്‍ തരണം ചെയ്തതോടെ പിന്നിലേക്കിട്ട പോള്‍വാള്‍ട്ടായി ജയിലിനെ കാണുന്നു. പോള്‍വാള്‍ട്ടിലെ ആ കുറ്റന്‍ ഭേദനത്തിലൊരു ജയില്‍ചാട്ടമോ ജയില്‍ച്ചാട്ടത്തിലൊരു കൂറ്റന്‍ പോള്‍വാള്‍ട്ടോ വായിക്കുന്നു ഷാജു. വിലക്ഷണങ്ങളായ വഴിയിലൂടെ മാത്രം ചെന്നെത്താന്‍ കഴിയുന്നതിന്‍റെ പാതയായി ഷാജുവില്‍ കവിത മാറുന്നു.

ഫോണ്‍ സെക്സിനെക്കുറിച്ചെഴുതുമ്പോള്‍ ഗ്രഹാംബെല്‍ എന്ന ദീര്‍ഘദര്‍ശിയായ പിമ്പിന് ഒരു സല്യൂട്ട് നല്‍കുന്നു ഷാജു. “അസംതൃപ്തരതിയേ ആ ഭൂഖണ്ഡത്തിലില്ല/സ്വാഭാവിക രതിയിലെ ആ രസം കൊല്ലി ട്രാജഡികള്‍ അതിലില്ല/പിടിക്കാത്ത മണങ്ങളോ മനം മടുപ്പിക്കുന്ന ശൈലികളോ ഒന്നും…? ഫോണ്‍രതി ഒരുവളെയും ഗര്‍ഭവതിയാക്കുന്നില്ല/ അത് അത്രമേല്‍ പ്രകൃതി സൗഹൃദപരമാണ്/ ഇന്ത്യന്‍ സാഹചര്യത്തിന് വളരെ ഇണങ്ങുന്നത്.” ഒരു സ്പീഷീസ് പ്രകൃതിയുടെ ആളിരട്ടിപ്പിക്കല്‍ ഗൂഢതന്ത്രത്തെ നൈസായി പൊട്ടിച്ചുകൊടുത്ത സാങ്കേതിക ഭാഷാ ഭാവനാവിപ്ലവമാണ് ഫോണ്‍രതിയെന്ന് ഷാജു.

ആണ്‍മുലകളെപ്പറ്റി, സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് മാത്രം സാക്ഷാത്ക്കരിക്കാന്‍ കഴിയുന്ന “നിശ്വാസമേല്‍ക്കുമ്പോഴേക്കും /ഉടലിലാകെ മിന്നല്‍ പായിക്കുന്ന/ വിസ്മയമെന്നും” ഷാജു. മറ്റെവിടേയോ കൂടുതല്‍ ഉചിതമാവാനിരിക്കുന്നവയോട് ഷാജുവിന്‍റെ കവിത കുശലം പറയുന്നു.

കോട്ടുവായയെ ഷാജു കവിതയാക്കുന്നത് നോക്കുക. അസന്ദര്‍ഭത്തിലെ കോട്ടുവാ പോലെ നമ്മെ അപകടത്തിലാക്കുന്ന ശരീരഭാഷയില്ല. അയാളുടെ ഉടല്‍മൂര്‍ച്ചയുടെ തൊട്ടുമുമ്പത്തെ നിമിഷം അവള്‍ പ്രണയം പ്രഖ്യാപിക്കുമ്പോള്‍ തൊട്ടടുത്ത മേശയ്ക്കരികിലിരിക്കുന്ന മദ്ധ്യവയസ്കന്‍ കോട്ടുവായിട്ടാല്‍, ഭര്‍ത്താവിന്‍റെ ശവശരീരത്തിനടുത്ത് തകര്‍ന്നിരിക്കുന്ന സ്ത്രീ കോട്ടുവായിട്ടാല്‍/ഷാജു നമ്മെ മുഴുക്കെ കൊള്ളയടിക്കുന്നു. ആരൊക്കെ കാണുന്നില്ലെന്നു നടിച്ചാലും വിധവകള്‍ ആനന്ദത്തിന്‍റെ പട്ടങ്ങള്‍ പറപ്പിക്കുന്നുവെന്ന് ഷാജു.

‘അനന്തരം അവര്‍’ എന്ന ശീര്‍ഷകത്തില്‍ സൗമ്യമായി അടക്കിയിട്ടുണ്ട് ഷാജു വൃദ്ധദമ്പതികളെ. “ഞങ്ങള്‍ അമരവള്ളികള്‍ക്ക് ഒരുമിച്ച് വെള്ളം നനയ്ക്കുകയും /പൈക്കിടാവിന് കറുകപ്പുല്ല് വിളമ്പുകയും കമുകറയുടെ ഗാനം കേട്ട് ഒരു ഉടല്‍പോലെ കോരിത്തരിക്കുകയും…/ ഒരേ കുപ്പിയില്‍നിന്ന് മാണിഭദ്രലേഹ്യം ആഹരിക്കുകയും/ചില്ലിട്ട പഴയ ഫോട്ടോകള്‍/പഴുത്ത മാവിലകൊണ്ടു തുടച്ച് വൃത്തിയാക്കുകയും ചെയ്യും.” “ആണുങ്ങളുടെ ഡോണ്‍ ക്വിക്സോട്ട് നാടകങ്ങള്‍ തുലയട്ടെ”  എന്നത് ഇതിലെ കവിതയിലൊരു വരി മാത്രമല്ല, എല്ലാ കവിതകളിലും ന്യായമായിത്തുടരുന്ന ഒരു നിലപാടിന്‍റെ ആത്മഗതവുമാണ്. സാറയ്ക്കും വറീതിനും മാറിമാറിച്ചുരത്തുന്ന പല കവിതകളുള്ള ഒരു പുസ്തകത്തിന്‍റെ നന്മയും ഈ വരിയിലൂടെ സംസാരിക്കുന്നു. ഒന്നും വെറുതെയായിട്ടില്ല/ഒരാള്‍ ജീവിക്കുന്നതെന്തോ/ അതാണ് അയാളുടെ ജീവിതം.

കവിതപോലെ അനന്യത ആവിഷ്കരിക്കാവുന്ന ഒരു മാധ്യമവുമില്ല. എന്നിട്ടും ഏറ്റവും വൈവിധ്യ ക്കുറവുള്ള മാധ്യമമാണ് മലയാളത്തില്‍ കവിത. ആ പ്രശസ്തമായ ടൂത്ത്പേസ്റ്റ് കമ്പനി പറയുമ്പോലെ എല്ലാ പല്ലുതേപ്പുകാരും ഉപയോഗിക്കുന്നത് ഒരേ ടൂത്ത് ബ്രഷാണ്. ഒരു പല്ലുതേപ്പിന്‍റെ ഫോട്ടോസ്റ്റാറ്റുകളായിരുന്നു എന്‍റെ മുഴുവന്‍ പല്ലുതേപ്പുകളും” എന്നു പരിഹാസിയായ, ആത്മ പരിഹാസിയുമായ ഷാജു. പുതുതാവാതിരിക്കാനോ വ്യത്യസ്തമാവാതിരിക്കാനോ നിവൃത്തിയില്ലാത്ത കവിതയാണ് ഷാജുവില്‍ നിത്യമെന്നോണം വന്നിരിക്കുന്നത്.

കവിതകള്‍ക്ക് അവതാരിക എഴുതുമ്പോഴെന്നപോലെ കൂന്നു നടക്കേണ്ടിവരാറില്ല മറ്റൊരിയ്ക്കലും. ഇതെഴുതുമ്പോള്‍ ഞാന്‍ നിവര്‍ന്നു നടന്നു. ഷാജുവിന്‍റെ ദീര്‍ഘലക്ഷ്യങ്ങളിലുള്ള ഉപകരണമികവ് എന്നെ അത്ഭുതപ്പെടുത്തി.

“ഭൂഗുരുത്വാധികാരപ്രമത്തതയെ ചെറുക്കാന്‍ തൂവലിനേക്കാള്‍ കരുത്തില്ലെന്നറിയുന്ന ഈ സൂഫി കൗതുകങ്ങളിലെല്ലാം എനിക്കും കൗതുകം മുമ്പോട്ട് കുതിയ്ക്കാനുള്ള എല്ലാ വെമ്പലുകളേയും ഞാനും ഇനി മുലകളെന്നേ വിളിക്കൂ. നീ തിരളുമ്പോഴാണ് അതൊരു ചെമ്പരത്തിയാകുന്നത് എന്ന വരി എഴുതാന്‍ കഴിയാതെപോയതില്‍ എനിക്ക് ഖേദമുണ്ട്. എങ്കിലും കറകളഞ്ഞ് മൃതസഞ്ജീവനിമാത്രമായി വരുന്ന ഒരു ഹനുമാന്‍ അസാദ്ധ്യമാവണമെന്നില്ല എന്ന് ഷാജുവിനെ വിനയത്തോടെ ഓര്‍മ്മിപ്പിക്കുകയും ചെയ്യട്ടെ.

[റാസ്ബെറി ബുക്‌സ് (8281278582) പ്രസിദ്ധീകരിച്ച വി. വി. ഷാജുവിന്റെ പ്രഥമ കവിതാസമാഹാരം ‘രണ്ടടി പിന്നോട്ടി’നെഴുതിയ അവതാരിക]

Leave a Reply