അരീക്കോടിനടുത്ത് തച്ചണ്ണയിലെ പാവനാടക-നാടകകലാകാരനായിരുന്നു ഇ. സി. ദിലീപൻ. മൈത്ര ഗവ: യു പി സ്കൂളിൽ അധ്യാപകനായിരിക്കെ 2010ൽ അകാലത്തിൽ പിരിഞ്ഞു. ജീവിതത്തിന്റെ നാനാതുറകളിലുളള മനുഷ്യരുമായി സമാനസൗഹൃദബന്ധം പുലർത്തുകയും ലോക ക്ലാസിക്ക് സിനിമകളെ ദേശത്തിനു പരിചയപ്പെടുത്തുകയും ചെയ്തു ദിലീപൻ. കോഴിക്കോട് ഒഡേസ, അരീക്കോട് റീഡേഴ്സ് ഫോറം എന്നീ കൂട്ടായ്മകളിൽ പങ്കാളിയായിരുന്നു. തച്ചണ്ണയിലെ തെങ്ങിന് തോപ്പില്‍ ചേർന്ന അനുസ്മരണസമ്മേളനത്തിൽ സഞ്ചാര സാഹിത്യകാരനും ദിലീപന്റെ ഉറ്റ മിത്രവുമായിരുന്ന വി. മുസഫർ അഹമ്മദ് ചെയ്ത പ്രഭാഷണം.
“നമ്മുടെ ഗ്രാമങ്ങളില്‍ ഇങ്ങനെ ജീവിച്ച എത്രയോ മനുഷ്യരുണ്ട്. അവരുടെ കാലം കഴിയുമ്പോള്‍ നാം അവരെ എങ്ങനെ ഓര്‍ക്കുന്നു എന്നത് നമ്മുടെ സാംസ്കാരിക ചരിത്രത്തിലെതന്നെ വലിയ പ്രശ്നമാണ്.”
മരിച്ചവരുടെ പില്ക്കാല ജീവിതത്തെക്കുറിച്ച് മതങ്ങള്‍ക്ക് സ്വന്തം നിലക്കുള്ള വിശദീകരണങ്ങളുണ്ട്. അങ്ങനെയാണ് മരണാനന്തര ജീവിതം എന്നൊരു ആശയം മതപ്രഭാഷകരുടെ പ്രസംഗ വിഷയമായി മാറിയത്. എന്നാല്‍ സമൂഹത്തില്‍ മറ്റുതരത്തില്‍ ജീവിച്ചവരുടെ മരണാനന്തര ജീവിതം എങ്ങനെയാണ്? ചിലരെ നമ്മള് അനുസ്മരിക്കുന്നു, ചിലര്‍ വിസ്മൃതരാക്കപ്പെടുന്നു. ചിലര്‍ സ്വാഭാവികമായ നിലയില്‍ അപ്രസക്തരെന്ന് നാം വിധി എഴുതുന്നു.
ദിലീപന് മരിച്ചിട്ട് ഏഴുവര്‍ഷമാകുന്നു. ഈ സമയത്താണ് നാം ദിലീപനെ അനുസ്മരിച്ചുകൊണ്ട് ഇത്തരത്തില്‍ ഒരു സമ്മേളനം നടത്തുന്നത്. അതായത് ദിലീപനെ ഇനിയെങ്കിലും അനുസ്മരിക്കേണ്ടതുണ്ടെന്ന ഒരു തിരിച്ചറിവില്‍ നമ്മള് എത്തി എന്നര്‍ഥം. അത് ശരിയായ ഒരു തിരിച്ചറിവാണെന്ന് എനിക്ക് തോന്നുന്നു.
എൺപതുകളുടെ മധ്യത്തില്‍, തൊണ്ണൂറുകളുടെ തുടക്കത്തില്‍ നമ്മുടെ നാട്ടിലെ യൗവ്വനം വലിയ നിരാശയില്‍ നിപതിച്ചിരുന്നു. ഇടതുപക്ഷം അതിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അക്കാലത്ത് കലയില്‍ പലരും പല തരത്തില്‍ അഭയം തേടി. കല ഒരു വലിയ ആക്ടിവിസം കൂടിയാണെന്ന് തിരിച്ചറിഞ്ഞവരുണ്ടായി. അങ്ങനെയാണ് കലാ അവതരണങ്ങള്‍ മറ്റൊരു വിതാനത്തിലേക്ക് വരുന്നത്.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ദിലീപന് കലയെ അങ്ങനെ ഉള്‍ക്കൊണ്ട ഒരാളായിരുന്നുവെന്ന് മനസ്സിലാക്കാം. അയാള്‍ തച്ചണ്ണ എന്ന സ്വന്തം ഗ്രാമത്തില്‍ ആദ്യമായി 16 എം.എം പ്രൊജക്ടറുമായി എത്തിയ ആളായിരിക്കും. ലോക സിനിമകള്‍ നാട്ടുകാരെ കാണിക്കാന്‍ ദിലീപന് അക്കാലത്ത് ഒഡേസാ മൂവീസുമായും അരീക്കോട് റീഡേഴ്സ് ഫോറവുമായും കൈകോര്‍ത്തു. പ്രൊജക്ഷനിസ്റ്റാണ് ഏറ്റവും വലിയ സിനിമാ പ്രവര്ത്തകന് എന്ന് പലരും പഠിച്ച സന്ദര്‍ഭംകൂടിയാണത്. കലാ അവതരണം പ്രധാനപ്പെട്ടതായതുകൊണ്ട് അതിന്റെ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാന്‍ ദിലീപന് എപ്പോഴും ഉല്‍സുകനായി. ജോഷ്വ എന്ന ബ്രിട്ടീഷ് ഫോട്ടോഗ്രഫറുടെ ക്യാമറ ഉപയോഗിച്ച് അവന് അരീക്കോട് ക്യാമ്പിന് കുന്ന് പകര്‍ത്തിയത് ഇന്നലെയെന്നപോലെ എന്റെ ഓര്‍മകളില്‍ തങ്ങിക്കിടപ്പുണ്ട്.
ഡ്രൈവിംഗ് പഠിക്കാന്‍ ഏറ്റവും നല്ലത് ലോറിയാണെന്ന സമീപനം ദിലീപന് കൈക്കൊളളുമ്പോള്‍ ഞങ്ങളില്‍ പലരും അത് തമാശയായിക്കണ്ടു. പക്ഷെ വൈകാതെ നിരത്തില്‍ ലോറിയുമായി നമ്മള് ദിലീപനെക്കണ്ടു.
കുട്ടികളോട് കൂടുതലായി സംവദിക്കുക പാവനാടകങ്ങളായിരിക്കും എന്നറിഞ്ഞ് അയാള്‍ അതില്‍ പരിശീലനം നേടി. കുട്ടികള്‍ക്കുവേണ്ടി നാടകങ്ങള്‍ ചെയ്തു, തന്റെ തന്നെ വേരുകളില്‍നിന്ന് ലഭിച്ച നാടന്‍പാട്ടുകളില്‍ അലിഞ്ഞു. നിത്യവൃത്തിക്കുവേണ്ടി ചെയ്യുന്ന അധ്യാപന ജോലിയേയും സ്കൂളിനേയും തന്റെ സാംസ്കാരിക സമരങ്ങളുടെ വേദിയാക്കി.
കുറേ വര്‍ഷങ്ങള്‍ ഞാനിവിടെയുണ്ടായിരുന്നില്ല. സൗദിയില്‍ അന്നം തേടി പോയതായിരുന്നു. അക്കാലത്ത് ഒരിക്കല്‍ പാവനാടകങ്ങളെക്കുറിച്ചുള്ള സമാന്യം വലിയ ഒരു ഗ്രന്ഥം വായിച്ചു. അത് പപ്പറ്ററിയെക്കുറിച്ചുള്ള പഠന ഗ്രന്ഥമായിരുന്നു. അതു വായിച്ചുകഴിഞ്ഞ് നാട്ടില്‍ അവധിക്കാലത്ത് വന്നപ്പോള്‍ ഞാന്‍ ദിലീപനോട് ചോദിച്ചു, ഈ പാവകളുടെ പ്രത്യേകത എന്താണ്, അതുകൊണ്ടുള്ള നാടകങ്ങളുടേയും? ആംഗ്യങ്ങളും നിഴലുകളുമാണതിലെ പ്രധാന കാര്യം, പിറകില്‍നിന്നും പറയുന്ന സംഭാഷണങ്ങള്‍, കണ്ടിരിക്കുന്നവര്‍ക്ക് മനസ്സിലാകില്ലേ എന്ന ആധിയില്നിന്നും ഉടലെടുക്കുന്നതാണ്. പക്ഷെ അതും വേണം. ആംഗ്യങ്ങളും നിഴലുകളും മനുഷ്യര്ക്കൊപ്പംതന്നെ ഉണ്ടായ ‘ഭാഷ’ ആണ്. അത് ആര്‍ക്കും മനസ്സിലാവും. അതാണ് പാവക്കൂത്തിന്റെ ഏറ്റവും പ്രധാന ഗുണം – ദിലീപ് പറഞ്ഞു. അവന് പറഞ്ഞ ഈ ആശയം വിശദമാക്കുന്നതായിരുന്നു 300 പേജുള്ള ഞാന്‍ വായിച്ച പുസ്തകമെന്ന് ഇന്നും ഓര്‍മ്മയിലുണ്ട്.
എന്നാല്‍ പല നിലയില്‍ സമൂഹവുമായി റിലേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നവരെ നമ്മള് തിരിച്ചറിയുന്നുണ്ടോ? ഇല്ല. ആ പ്രശ്നം ദിലീപനേയും ബാധിച്ചിരുന്നു. അങ്ങനെയാണ് അയാള്‍ ഒന്നു പരാജയപ്പെടാം എന്നുറച്ചത്. ഞാനോര്‍ക്കുന്നുണ്ട്, ഒരിക്കല്‍ മരണത്തില്‍നിന്ന് തിരിച്ചു വന്നതിനുശേഷം ഞങ്ങള്‍ തമ്മില്‍ നടന്ന ഒരു സംഭാഷണം – പാവനാടകക്കാരനല്ലേ, വലിയ വിലയൊന്നുമുണ്ടാകില്ല എന്ന് മാത്രം പറഞ്ഞ് അയാള്‍ തിരിഞ്ഞുകിടന്നു. അധികം വൈകാതെ അയാള്‍ മരണത്തിലേക്കുതന്നെ നടന്നുപോയി.
നമ്മുടെ ഗ്രാമങ്ങളില്‍ ഇങ്ങനെ ജീവിച്ച എത്രയോ മനുഷ്യരുണ്ട്. അവരുടെ കാലം കഴിയുമ്പോള്‍ നാം അവരെ എങ്ങനെ ഓര്‍ക്കുന്നു എന്നത് നമ്മുടെ സാംസ്കാരിക ചരിത്രത്തിലെതന്നെ വലിയ പ്രശ്നമാണ്.

തച്ചണ്ണ നന്മ പട്ടികജാതി സംഘം സംഘടിപ്പിച്ച ഇ. സി. ദിലീപ് അനുസ്മരണത്തിൽ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ സംസാരിക്കുന്നു
ഇവിടെ ദിലീപനെ അനുസ്മരിക്കുന്ന ഈ പരിപാടി സംഘടിപ്പിച്ചത് തച്ചണ്ണ നന്മ പട്ടികജാതി സംഘമാണ്. ഈ പരിപാടിയുടെ അധ്യക്ഷന്‍ ഇത്തരത്തില്‍ ഒരു സംഘത്തിന്റെ പേരില്‍, ജാതിയുടേയും മതത്തിന്റേയും പേരിലാണോ ദിലീപനെ ഓര്‍ക്കേണ്ടത് എന്ന ചോദ്യം ഉന്നയിക്കുകയുണ്ടായി. മാത്രവുമല്ല, കേരളം വലിയ മുന്നേറ്റങ്ങള്‍ നേടിയ സ്ഥലമാണെന്നും ജാതിയും മതവുമൊന്നുമല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. എം. ആര്. രേണുകുമാര്‍ പറഞ്ഞ, ഭൂമിയില്ലാത്തവര്‍ ഭൂമി വേണമെന്ന് പറയുന്നത് അശ്ലീലമായി തോന്നുന്നത് ഭൂമിയുള്ളവര്‍ക്കു മാത്രമാണ്, എന്ന വാക്കുകള്‍ എനിക്ക് പെട്ടെന്ന് ഓര്‍മയിലേക്ക് വന്നു. അതു പോലെ അശാന്തന് എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ഈ ഇടതുപക്ഷ കേരളം എങ്ങനെ പെരുമാറി എന്നു നമ്മള് കണ്ടുകഴിഞ്ഞു. ആദിവാസികള്‍ക്കിടയില്‍ ഇന്നും വീട്ടടിമപ്പണി ചെയ്യുന്നവരുണ്ടെന്ന വാര്‍ത്തയും നാം വായിച്ചുകഴിഞ്ഞു. അതിനാല്‍ അധ്യക്ഷന്‍ പറഞ്ഞ നിലയില്‍ കേരളം വളര്‍ന്നുവെന്ന് കരുതാന്‍ ഒരു ന്യായവുമില്ല.
എന്തായാലും ദിലീപനും ഇതേ ചോദ്യം നമ്മോട് ചോദിച്ചിട്ടുണ്ട്. അത് പ്രധാനവുമാണ്.
ഇവിടെ അല്‍പ്പസമയത്തിനുള്ളില്‍ ദിലീപന്റെ സഹോദരന് ദിനേശന് എഴുതി പട്ടാമ്പി നാരായണന് സംവിധാനം ചെയ്ത, കേരള സംഗീത നാടക അക്കാദമിയുടെ നാല് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ കാളഭൈരവന്‍ എന്ന നാടകം അരങ്ങേറാന്‍ പോവുകയാണ്. അതില്‍ മരിച്ചവരുടെ പാതാളങ്ങള്‍ ഉണ്ട്. തച്ചണ്ണയുടെ പരിസരത്തുള്ള ദലിത് വാമൊഴിയിലൂടെ പടര്‍ന്ന നിരവധി ആഖ്യാനങ്ങളുണ്ട്. അങ്ങനെയൊരു നാടകം ഇവിടെ അരങ്ങേറുന്നത് കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചയാള്‍ ദിലീപായിരുന്നു. അയാള്‍ ഈ രാത്രി പാതാളങ്ങള്‍ പിളര്‍ന്ന് ഈ നാടകം കാണാന്‍ നമുക്കൊപ്പം കൂടുമെന്ന് ഞാനാശിക്കുകയാണ്.
അനുസ്മരണങ്ങള്‍ പ്രസക്തമാകുന്നത് അനുസ്മരിക്കപ്പെടുന്നയാള് ചെയ്ത ജോലികള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ മാത്രമാണ്. നാം അതിനു ശ്രമിക്കുന്നവരാകട്ടെ എന്നാണ് ദിലീപനെ ഓര്‍ക്കുമ്പോള്‍ പറയാനുള്ളത്.
ചരിത്രം സൃഷ്ടിച്ചവരില്‍, ചെറിയ മനുഷ്യരെന്ന് സമൂഹം പൊതുവില്‍ വിലയിരുത്തുന്ന ദിലീപനെപ്പോലുള്ള വലിയ മനുഷ്യര്‍ക്ക് കാര്യമായ പങ്കുണ്ട്. അത് തിരിച്ചറിയാന്‍ നന്മ എന്ന ഈ സംഘത്തിന് കഴിഞ്ഞിരിക്കുന്നു. ചരിത്രത്തില്‍നിന്ന് മായ്ക്കപ്പെട്ടവര്‍ ഇങ്ങനെയാണ് വീണ്ടും നമ്മെ തേടി എത്തുന്നത്. അതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. അത് നമ്മുടെ ധാരണകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതുമാണ്. ദിലീപന്റെ പാവകള്‍ പുതിയ തലമുറകളുമായി സംവദിക്കട്ടെ. അവന്റെ സമരങ്ങള്‍ അതിന്റെ പുതിയ അര്‍ഥങ്ങള്‍ കണ്ടെത്തട്ടെ.