Home » ഇൻ ഫോക്കസ് » സൂഫീപഥങ്ങളില്‍: മീന്‍വില്‍പ്പനക്കാരനായ ഗുരുവിന്റെ പരമ്പര; ദ്വൈതാദ്വൈത രഹസ്യം തേടി പി പി ഷാനവാസ്

സൂഫീപഥങ്ങളില്‍: മീന്‍വില്‍പ്പനക്കാരനായ ഗുരുവിന്റെ പരമ്പര; ദ്വൈതാദ്വൈത രഹസ്യം തേടി പി പി ഷാനവാസ്

‘എല്ലാ സൃഷ്ടികളിലും അള്ളാഹുവിന്‍റെ സാന്നിധ്യം കാണുക, എന്നാല്‍ ആ സൃഷ്ടി പൂര്‍ണാര്‍ത്ഥത്തില്‍ അള്ളാഹുവല്ല എന്നും അറിയുക. അതായത് എല്ലാ ഭൂതങ്ങളിലും ഈശ്വരനെ കാണുക. എന്നാല്‍ ആ ഭൂതങ്ങള്‍ ഈശ്വരനല്ല എന്നറിയുകയും ചെയ്യുക. ഈ ദിക്റ് സ്വായത്തമാക്കാന്‍ നൂരിഷാ തങ്ങള്‍ക്ക് ഏകദേശം പത്തുവര്‍ഷം വേണ്ടിവന്നു’. ദ്വൈതാദ്വൈതത്തിന്‍റെ സൂഫീരഹസ്യം തേടിയുള്ള യാത്ര തുടരുന്നു, പി പി ഷാനവാസ്

 

രാത്രികളിലെ സലുവിന്‍റെ ക്ലാസുകള്‍ എനിക്ക് സൂഫീജ്ഞാനത്തിന്‍റെ അതുവരെ തുറക്കാത്ത പല വാതായനങ്ങളും തുറന്നിട്ടു. പില്‍ക്കാലത്ത്, ഹൈദരാബാദില്‍ നൂരിഷ ത്വരീഖത്തിന്‍റെ ആസ്ഥാനത്ത് ചെലവിട്ട നാളുകളില്‍ അറിവിന്‍റെ മുത്തുകളും പവിഴങ്ങളും കണ്ടെടുക്കുന്നതിലേക്ക് അതെന്നെ നയിച്ചു. എന്നാല്‍ ഇത്തരം അറിവ് നല്‍കുന്ന അപകടസാധ്യതകളെക്കുറിച്ചും ഞാന്‍ ബോധവാനായിരുന്നു. വിശ്വാസം ഉള്ളിലുറയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ശാന്തിയും ധൈര്യവും, ഭൗതികജീവിതത്തില്‍ തെറ്റായ പ്രവൃത്ത്യുന്മുഖതയിലേക്ക് നീങ്ങുവാനുള്ള സാധ്യതയും സൃഷ്ടിക്കുന്നു.

ഭഗവദ്ഗീതയിൽ ആത്മാവിന്‍റെ അനശ്വരതയെക്കുറിച്ചും അര്‍ജുനനോട് സംശയലേശമില്ലാതെ യുദ്ധം ചെയ്യാനുള്ള ഭഗവാന്‍റെ ആഹ്വാനത്തെപ്പറ്റിയും സ്ഥിതപ്രജ്ഞ എന്ന ആശയത്തെപ്പറ്റിയും തെറ്റായി മനസ്സിലാക്കുംപോലുള്ള ഒരു കാര്യംതന്നെ ഇതും. ആത്മാക്കള്‍ക്ക് മരണമില്ല, അതുകൊണ്ട് നിന്‍റെ ക്ഷത്രിയ ധര്‍മ്മം നിറവേറ്റുക എന്നു ഭഗവാന്‍ പറയുമ്പോള്‍, നമ്മുടെ പഞ്ചേന്ദ്രിയാനുഭവങ്ങള്‍ക്കപ്പുറത്തുള്ള ആത്മാവിന്‍റെയും ഈശ്വരാസ്തിത്വത്തിന്‍റെയും യാഥാര്‍ത്ഥ്യത്തെ വിശദീകരിക്കാനാണ് ശ്രമിക്കുന്നത് എന്നു വരികിലും; ധര്‍മ്മസംസ്ഥാപനം പലപ്പോഴും യുദ്ധങ്ങളിലൂടെയാണ് സാധ്യമാകുക എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഉണര്‍ത്തുന്നതെങ്കിലും, കൊലയ്ക്കും ഹിംസയ്ക്കുമുള്ള ലൈസന്‍സായും അത് വായിക്കപ്പെടാം. ഈ അപകടം ഭഗവദ്ഗീതയെയും ഖുര്‍ആനെയും ബൈബിളിനെയുമെല്ലാം നിരവധി രക്തച്ചൊരിച്ചിലുകളുടെ ന്യായപുസ്തകങ്ങളാക്കി മാറ്റിയിട്ടുണ്ട്; അധികാരത്തിന്‍റെ വ്യാഖ്യാന നീതിയാക്കിയിട്ടുണ്ട്.

അതിനാല്‍ കഠോപനിഷത്ത് ആഹ്വാനം ചെയ്യുംപോലെ, ജ്ഞാനാന്വേഷണം അത്ര എളുപ്പമല്ല, അത് കത്തിമുനയിലൂടെയുള്ള നടത്തമാണ്. സിറാത്ത് പാലത്തിലൂടെ നടക്കുംപോലെ ഏറെ ഉള്ളുറപ്പു വേണ്ട ഒന്നാണ്. അതിനാല്‍ ശരിയായ മാര്‍ഗദര്‍ശി ഇല്ലാതെ ഇത്തരം അറിവുകള്‍, കുരുടന്മാര്‍ ആനയെ കണ്ട അവസ്ഥയില്‍ നമ്മെ എത്തിച്ചുവെന്നു വരാം. അതുകൊണ്ടാണ് ഗുരുവിനെ തേടുക എന്ന നിര്‍ബന്ധം ജ്ഞാനാന്വേഷണത്തിന്‍റെ കാര്യത്തില്‍ സൂഫി മാര്‍ഗവും യോഗീപാരമ്പര്യവും മുന്നോട്ടുവെയ്ക്കുന്നത്.

‘ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാന്‍ നിബോധത! ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ, ദുര്‍ഗ്ഗം പഥസ്തത് കവയോ വദന്തി’. അനാദിയായ അജ്ഞാനനിദ്രയില്‍ ആണ്ടുകിടക്കുന്ന ജനങ്ങളേ, ഉണരുവിന്‍, എഴുന്നേല്‍ക്കുവിന്‍, വിശിഷ്ടന്മാരായ ആചാര്യന്മാരെ പ്രാപിച്ചു ആത്മതത്ത്വത്തെപ്പറ്റി അറിയുവിന്‍! ചവിട്ടി നടക്കുവാന്‍ വിഷമമായ മൂര്‍ച്ചയുള്ള കത്തിയുടെ വായ്ത്തലപോലെ നടക്കുവാന്‍ വിഷമമുള്ളതാണ് ആ ജ്ഞാനമാര്‍ഗമെന്നു വിവേകികള്‍ പറയുന്നു. കത്തിമുനയെക്കുറിച്ചും നൂല്‍പ്പാലങ്ങളെക്കുറിച്ചുമുള്ള ഈ അറിവാണ് അറിവ്. ഇത്തരം വായ്ത്തലകളിലും നൂല്‍പ്പാലങ്ങളിലും വെച്ച് ഉള്ളകം സമീകരിക്കുന്നതിലെ ക്ലേശമാണ് സാധകന്‍ അനുഭവിക്കുന്ന ക്ലേശം. പ്രാണനെയും അപാനനെയും സമീകരിക്കുക എന്ന് ക്രിയായോഗം ഇതിന്‍റെ സാങ്കേതികവിദ്യയെ പരിചയപ്പെടുത്തുന്നു. ഇത്തരം നിതാന്തജാഗ്രത, ട്രപ്പീസ് നടത്തം ഏതു സമയവും ഉയരങ്ങളില്‍ നിന്നുള്ള വീഴ്ചയെയും മുന്‍ദര്‍ശിക്കുന്നു.

അതുകൊണ്ടാണ് ദേവീ ഉപാസനയില്‍, മോക്ഷത്തിന് ദേവി നിങ്ങളുടെ തല തന്നെ ചോദിക്കും എന്നു പറയുന്നത്. ദേവിയുടെ കഴുത്തിലെ കപാലമാല അങ്ങിനെ മോക്ഷാര്‍ത്ഥികളുടെ അന്വേഷണത്തിന്‍റെ വിലയാണ് എന്ന് ശ്രീവിദ്യാ ഉപാസകര്‍ അറിയുന്നതും ഈ വഴിയില്‍തന്നെ. നിങ്ങള്‍ ആത്മാഹുതി ചെയ്യണം എന്ന് ഇതേപ്പറ്റി സൂഫിസം പറയുന്നു. ഇതുവരെയുള്ള നിങ്ങളെയും നിങ്ങളുടെ ഇച്ഛകളുടെ സമുദ്രത്തേയും നീന്തിക്കടക്കുന്നതിലൂടെ മാത്രമേ, അറിവിന്‍റെ നൂല്‍പ്പാലത്തിലൂടെ നിങ്ങള്‍ക്ക് അക്കരെക്കടന്ന് സ്വര്‍ഗ്ഗപ്രാപ്തി കൈവരിക്കാനാകൂ. ഇത്തരം രഹസ്യങ്ങളുടെ പുലിനഖങ്ങള്‍ അണിയാനാണ് ഈ യാത്രകള്‍. അത് യാത്രക്കുള്ളിലെ യാത്രയാണ്; ജ്ഞാനത്തിനുള്ളിലെ ജ്ഞാനം.

നൂരിഷാ ത്വരീഖത്തിന്‍റെ സ്ഥാപകന്‍ സയ്യിദ് അഹമ്മദ് മുഹിയുദ്ദീന്‍ നൂരിഷാ ജീലാനി തങ്ങളെക്കുറിച്ചുള്ള കഥകള്‍ ഞങ്ങള്‍ അയവിറക്കി. ഹൈദരാബാദിലെ നബിദിനാഘോഷത്തിനു ചെന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ദര്‍ഗയിലെ വിശാലതയിലായിരുന്നു അന്തിയുറക്കം. അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍ ഗൗസീഷാ തികച്ചും സാധാരണക്കാരനായ ഒരാളായിരുന്നു. നൂരിഷാ തങ്ങളാകട്ടെ, സൂഫി മഹാഗുരു ഇറാഖിലെ മുഹിയുദ്ദീന്‍ ഷെയ്ഖിന്‍റെ ഇരുപത്തിയൊന്നാം തലമുറയില്‍പ്പെട്ടയാള്‍.

ഇപ്രകാരം വലിയ പാരമ്പര്യമുള്ള ഒരാള്‍ ഒരു സാധാരണ ഫക്കീറില്‍നിന്ന് ജ്ഞാനം തേടാന്‍ ഭ്രാന്തമായി അലഞ്ഞ ആദ്യനാളുകളില്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്ക് അപകര്‍ഷത വന്നുചേര്‍ന്നു. എന്തിനു നീ ഒരു ഫക്കീറില്‍നിന്ന് അറിവ് ആര്‍ജിക്കുന്നു എന്നായി അവര്‍. മുഹിയുദ്ദീന്‍ ഷെയ്ഖിന്‍റെ പരമ്പരയില്‍പ്പെട്ട ഉത്കൃഷ്ടകുടുംബമല്ലേ നമ്മുടേത്, പിന്നെന്തിനു ദരിദ്രനും അഷ്ടിക്കു വകയില്ലാത്തവനുമായ ഒരാളില്‍ നിന്ന് നീ അറിവ് സമ്പാദിക്കണം? ഇതാണ് കുടുംബക്കാര്‍ ചോദിച്ചത്. ‘അല്ല, അതങ്ങിനെയല്ല. നമ്മുടെ സ്വത്ത് അവിടെയാണ്. അത് തിരിച്ചുപിടിക്കാനാണ് ഞാന്‍ നടക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ സമര്‍ത്ഥമായ മറുപടി.

നൂരിഷാ തങ്ങള്‍ ഹൈദരാബാദിലെ കുത്തുബ് മിനാറിന്‍റെ അരികിലെ ധനികനായ അരിക്കച്ചവടക്കാരനായിരുന്നു. സൂഫിസത്തില്‍ ആകൃഷ്ടനായ ശേഷം ഗുരുവിന്‍റെ സാന്നിധ്യത്തില്‍ ഇല്‍മ് തേടാന്‍ ചെല്ലും. ഷെയ്ഖ്, നൂരിഷാ തങ്ങള്‍ക്കു പറഞ്ഞുകൊടുത്ത ദിക്റ് – മന്ത്രം – ഇപ്രകാരമുള്ളതായിരുന്നു; അതായത് എല്ലാ സൃഷ്ടികളിലും അള്ളാഹുവിന്‍റെ സാന്നിധ്യം കാണുക, എന്നാല്‍ ആ സൃഷ്ടി പൂര്‍ണാര്‍ത്ഥത്തില്‍ അള്ളാഹുവല്ല എന്നും അറിയുക. ഈ ദിക്റ് സ്വായത്തമാക്കാന്‍ നൂരിഷാ തങ്ങള്‍ക്ക് ഏകദേശം പത്തുവര്‍ഷം വേണ്ടിവന്നു.

അതായത് ഓരോ വസ്തുവിലും അള്ളാഹുവിന്‍റെ സാന്നിധ്യം കാണുക, അതേസമയം അത് അള്ളാഹുവല്ല എന്നും അറിയുക. അതായത് സൃഷ്ടിയിലെ ഗുണം – സിഫത്ത് – തന്നെയാണ് അള്ളാഹു. എന്നാല്‍ അള്ളാഹുവിന്‍റെ അപാരമായ ഗുണങ്ങള്‍ അതില്‍മാത്രം പരിമിതപ്പെടുന്നില്ല. അതായത് എല്ലാ ഭൂതങ്ങളിലും ഈശ്വരനെ കാണുക. എന്നാല്‍ ആ ഭൂതങ്ങള്‍ ഈശ്വരനല്ല എന്നറിയുകയും ചെയ്യുക. സങ്കീര്‍ണമായ ഈ മനക്കണക്കുമായി നടന്ന നൂരിഷ തങ്ങള്‍ കുറേ നാള്‍ ഓരോ വസ്തുവിനെയും ഇങ്ങിനെ ധ്യാനിച്ചും പ്രണമിച്ചും എന്നാല്‍ അത് പൂര്‍ണാര്‍ത്ഥത്തില്‍ അതല്ല എന്നറിഞ്ഞും നടന്നു. വസ്തുപ്രപഞ്ചത്തെയാകെ തനിക്ക് ഗുരു നല്‍കിയ ദിക്റിന്‍റെ പശ്ചാത്തലത്തില്‍ പുതിയ നിലയില്‍ നോക്കിക്കാണാന്‍ തുടങ്ങി. സ്വന്തം വീട്ടിലേക്കുള്ള വഴി മറന്നു.

ഒടുവില്‍ ദ്വൈതാദ്വൈതത്തിന്‍റെ സൂഫീരഹസ്യം മനസ്സിലുറച്ചു. എല്ലാ ഭൂതങ്ങളും തന്‍റെ ആത്മാവിലും തന്‍റെ ആത്മാവ് എല്ലാ ഭൂതങ്ങളിലും കുടികൊള്ളുന്നു എന്ന ഉപനിഷദ് രഹസ്യം. സര്‍വാണി ഭൂതാനി ആത്മന്യേവാനു പശ്യതി, സര്‍വ ഭൂതേഷു ചാത്മാനാം തതോ ന വിജുഗുപ്സതേ എന്നു കേനോപനിഷത്ത്. പിന്നെ അരിക്കച്ചവടം എന്തുചെയ്യും? ആത്മീയജീവിതത്തിന് അതൊരു തടസ്സമല്ലേ? ഗുരുവിനോടുതന്നെ ആരായാം. അദ്ദേഹം ഉപദേശിച്ചത് അരിക്കടയ്ക്കു തീക്കൊടുക്കാനാണ്.

ഹസ്രത് ഗൗസി ഷാ

അങ്ങിനെ സ്വന്തം കച്ചവടം ദൈവ മാര്‍ഗത്തില്‍ ഉപേക്ഷിക്കുകയും സ്വന്തം സ്വത്തുക്കള്‍ വഖഫാക്കി മാറ്റുകയും ചെയ്ത് നൂരിഷാ തങ്ങള്‍ തനിക്കുചുറ്റും ഒരു ശിഷ്യസമൂഹത്തെ വളര്‍ത്തിക്കൊണ്ടുവന്നു. കേരളം, തമിഴ് നാട്, ആന്ധ്ര, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ഇന്ന് നൂരിഷാ ത്വരീഖത്തില്‍ അംഗങ്ങളാണ്. ഇറാഖിലെ മുഹിയുദ്ദീന്‍ ഷെയ്ഖിന്‍റെ ഖാദിരി എന്ന വിചാരമാര്‍ഗവും, അജ്‌മീറിലെ മൊയ്നുദ്ദീന്‍ ഖ്വാജയുടെ ചിഷ്തിയ എന്ന ഭക്തിമാര്‍ഗവും സമന്വയിപ്പിക്കുന്ന, മസ്തിഷ്കത്തിന്‍റെയും ഹൃദയത്തിന്‍റെയും പന്ഥാവുകളെ സമീകരിക്കുന്ന, ഖാദിരി-ചിഷ്തി ത്വരീഖത്ത് ആണ് നൂരിഷാ ത്വരീഖത്ത് പിന്‍പറ്റുന്നത്. മിക്കവാറും സാധാരണക്കാരുടെ ഇടയില്‍നിന്നാണ് നൂരിഷാ തങ്ങള്‍ക്ക് ശിഷ്യഗണങ്ങള്‍ ഉണ്ടായത്. മീന്‍വില്‍പ്പനക്കാര്‍തൊട്ട് കൂലിപ്പണിക്കാര്‍ വരെയുള്ള സാധാരണ മനുഷ്യര്‍ അറിവിന്‍റെ മുത്തും പവിഴവും തേടി ഇന്നും ഹൈദരാബാദിലെ ചാന്ദ്നഗറിലെ തങ്ങളുടെ ഖാന്‍ഖാവില്‍ ചില്ലയിരിക്കാന്‍ എത്തുന്നു.

സംശയാലുവായ ഞാന്‍ ബന്ധുബലത്തിലാണ് അവിടെ എത്തിയത്. രാജ്യത്തു നടന്ന വര്‍ഗീയാതിക്രമങ്ങളുടെയും രാഷ്ട്രീയ മാറ്റങ്ങളുടെയും മുറിവുകള്‍ ഈ സംഘത്തെയും എന്‍റെ കുടുംബത്തിലെ ആത്മീയപ്രണയിനികളെയും ചൂഴ്ന്നുനിന്ന കാലത്തിന്‍റെ പശ്ചാത്തലംകൂടി എന്‍റെ സന്ദര്‍ശനത്തിനു പിന്നിലുണ്ടായിരുന്നു. ബന്ധുജനത്തിന് ആത്മബലം നല്‍കുക, അതോടൊപ്പം അറിവിന്‍റെ രഹസ്യങ്ങളെ ചോര്‍ത്തി സ്വന്തമാക്കുക. ഈ ഇരട്ട ഉദ്ദേശ്യങ്ങളാണ് വഹാബി പാരമ്പര്യത്തിലുള്ള കുടുംബ പശ്ചാത്തലത്തിന്‍റെയും കമ്യൂണിസ്റ്റ് പാരമ്പര്യത്തിന്‍റെയും മാനസികവിലക്കുകള്‍ മറികടന്ന് എന്നെ അവരുടെ കൂടെക്കൂടാന്‍ പ്രേരിപ്പിച്ചത്. അങ്ങിനെയായിരുന്നു ആ യാത്രകള്‍.

പലവട്ടം അവര്‍ അവിടെ പോയിട്ടുണ്ടെങ്കിലും ആദ്യമായാണ്, നൂരിഷാ തങ്ങളുടെ ഗുരു ഗൗസീഷാഹിന്‍റെ ദര്‍ഗ തേടി നഗരം അലയാന്‍ തീരുമാനിച്ചത്. അതിനാകട്ടെ എന്‍റെ പ്രചോദനമാണ് നിമിത്തമായത്. അങ്ങിനെയാണ് ഹൈദരാബാദ് ഗലികളിലെ ഏതോ ഒഴിഞ്ഞ ഇടവഴിയുടെ അവസാനം ഞങ്ങള്‍ ഒരു കൊച്ചു പള്ളിയില്‍ സ്ഥിതിചെയ്യുന്ന ഗൗസീഷായുടെ ദര്‍ഗ കണ്ടത്. അതു തിരിച്ചറിഞ്ഞ്, അദ്ദേഹം ഏകത്വത്തെക്കുറിച്ച് എഴുതിയ ഉറുദുവിലുള്ള ഒരു പുസ്തകവും വാങ്ങി മടങ്ങി.

യഥാര്‍ത്ഥത്തില്‍ ഇവിടെ അന്തിയുറങ്ങുന്ന, ഗുരുവിന്‍റെ ഗുരുവാണ് ഭയങ്കരന്‍. കമാലുള്ളാഹ് ഷാഹ്. മച്ചിലിവാലാ ഷെയ്ഖ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മീന്‍ വില്‍പ്പനക്കാരനായിരുന്നു. മീന്‍ വില്‍പ്പനക്കിടയിലാണ് ശിഷ്യന്മാര്‍ക്ക് അദ്ദേഹം ജ്ഞാനരഹസ്യങ്ങള്‍ പകര്‍ന്നിരുന്നത്. മീന്‍കുട്ട തലയിലേറ്റി പോകുമ്പോള്‍ അത് തലയില്‍നിന്ന് അല്‍പ്പം ഉയര്‍ന്നിരിക്കുകയാണോ എന്ന പ്രതീതി ഉണ്ടായിരുന്നതായും മറ്റും കേട്ടുകേള്‍വിയുണ്ട്. ആ ദര്‍ഗ തേടിയും ഞങ്ങള്‍ അലഞ്ഞു. എന്നാല്‍ സന്ധ്യയായിരുന്നു. തിരിച്ചു ഖാന്‍ഖാവിലേക്ക് മടങ്ങാന്‍ സമയമായി. അതിനാല്‍ അന്വേഷണ പരിധി നിശ്ചയിച്ചു മടങ്ങി. റബിയുല്‍ ആഖര്‍ മാസത്തില്‍ ആയിരുന്നു ആ സന്ദര്‍ശനം. രാവിലത്തെ സമാഅിലെ (സംഗീതശ്രവണ സദസ്സ്) ഖവാലി സദസ്സും കഴിഞ്ഞ് ഞങ്ങള്‍ മടങ്ങി.

ഇപ്പോഴത്തെ ഷെയ്ഖിന്‍റെ സ്ഥാനം അലങ്കരിക്കുന്നത് നൂരിഷാ തങ്ങളുടെ ഇളയ മകന്‍ ആരിഫുദ്ദീന്‍ ജീലാനിയാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ സംഘം ഖ്വാജാ ബന്ദേ നവാസ് അന്ത്യവിശ്രമംകൊള്ളുന്ന ഗുല്‍ബര്‍ഗ സന്ദര്‍ശിക്കുന്നുണ്ട്. അതില്‍ ചേരാന്‍ മോഹമുണ്ടായിരുന്നിട്ടും അതിനാകാതെ ഞങ്ങള്‍ മടങ്ങി.

പിറ്റേ വര്‍ഷം റബിയുല്‍ അവ്വലിന് പ്രവാചകന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെ നാള്‍ ഞങ്ങള്‍ വീണ്ടും ഹൈദരാബാദില്‍ നൂരിഷാ ത്വരീഖത്ത് ആസ്ഥാനത്തെത്തിയപ്പോഴാണ് മച്ച്ലി വാല ഷെയ്ഖിന്‍റെ ദര്‍ഗ സന്ദര്‍ശിച്ചത്. ആത്മീയാനുഭൂതിയുടെ രഹസ്യനിമിഷമാണ് ആ സന്ദര്‍ശനം ഞങ്ങളില്‍ ഉണ്ടാക്കിയത്. ദര്‍ഗാ സന്ദര്‍ശനം എല്ലാവരുടെയും മനസ്സിനെ മസൃണമാക്കി. ഹൃദയാന്തര്‍ഭാഗത്ത് ലാഘവത്തിന്‍റെ പൂമെത്ത. ഷക്കീര്‍ കണ്ണടച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ മദീന പള്ളി തെളിഞ്ഞതായി പറഞ്ഞു. സംസാരപ്രിയനും അരക്കിറുക്കനുമായ സിദ്ധീഖ് സാഹിബ് തികഞ്ഞ മൗനത്തിലേക്കു മറിഞ്ഞു. പിന്നീടുള്ള ദിനങ്ങളില്‍ സ്വതവേ വാചാലനായ അദ്ദേഹം മൗനിയായാണ് കാണപ്പെട്ടത്.

ഇത്തരം അനുഭവങ്ങളിലേക്ക് സംഘത്തെ ഉണര്‍ത്തിയതിന്‍റെ ക്രെഡിറ്റ് ഒരര്‍ത്ഥത്തില്‍ എനിക്കായിരുന്നു. അതിന്‍റെ അഹങ്കാരത്തില്‍ ഞാന്‍ വിനയാന്വിതനായി.

(തുടരും)

(കവർ ചിത്രത്തിന് കടപ്പാട്: www.dawn.com)

 

സൂഫീപഥങ്ങളിൽ ആറാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളില്‍: പരമമായ ഉണ്മയെക്കുറിച്ചുള്ള അറിവല്ലാതെ മറ്റൊന്നുമല്ല അള്ളാഹു

സൂഫീപഥങ്ങളിൽ അഞ്ചാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളില്‍: ഞാനെന്ന ബോധത്തിന്റെ സാഗരത്തെ മണ്‍കുടത്തിലടയ്ക്കുന്നു സൂഫീജ്ഞാനം

സൂഫീപഥങ്ങളിൽ നാലാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളില്‍: പ്രവാചകചര്യയുടെ നന്മകളെ കാത്തുസൂക്ഷിക്കാന്‍ എല്ലാം ത്യജിച്ചിറങ്ങുന്നവര്‍

സൂഫീപഥങ്ങളിൽ മൂന്നാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: പരിവ്രാജകത്വത്തിലൂടെ സത്യത്തെത്തേടുന്ന വിപ്ലവകാരിയുടെ മതമാണ് സൂഫിസം

സൂഫീപഥങ്ങളിൽ രണ്ടാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: ജയ്‌പൂരിലെ വിസ്മയങ്ങള്‍

സൂഫീപഥങ്ങളിൽ ഒന്നാംഭാഗം ഇവിടെ വായിക്കാം:

സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര

Leave a Reply