Home » നമ്മുടെ കോഴിക്കോട് » കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ

കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ

ഇടതുപക്ഷ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ
പൊതുപ്രസ്താവന

രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കൊലപാതകത്തിലേക്ക് നയിക്കപ്പെടുന്നത് ഒരു കാരണവശാലും ഒരാധുനിക പൗരസമൂഹത്തില്‍ നടന്നുകൂടാത്ത ഒന്നാണ്. ജനാധിപത്യം എന്നത് സ്വന്തം ബോധ്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും പുറത്തുള്ളവരോട് ആശയപരമായി സംവദിക്കാനുള്ള ഔന്നത്യം കൂടിയാണ്. തനിക്ക് പുറത്തുള്ളവ പരിഗണിക്കപ്പെടാത്ത ഒരിടവും രാഷ്ട്രീയവത്കരിക്കപ്പെട്ട ഇടമാണെന്ന് കരുതിക്കൂടാ. ഹിംസ അരാഷ്ട്രീയമാവുന്നത് അത് അപരത്വത്തെ സമ്പൂര്‍ണമായി ഹനിക്കുന്നു എന്നത് കൊണ്ട് കൂടിയാണ്. നിര്‍ഭാഗ്യവശാല്‍, കേരളത്തില്‍ പല നിലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഏകമുഖമായ ഒരപഗ്രഥനം കൊണ്ട് വിലയിരുത്താന്‍ കഴിയാത്തത്ര സങ്കീര്‍ണവും കേവല മാനവവാദ ആകുലതകള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയാത്തത്ര കെട്ടു പിണഞ്ഞു കിടക്കുന്നതുമാണിത്. ഇത്തരം കൊലപാതകങ്ങളോട് പൊതുമാധ്യമങ്ങള്‍ പുലര്‍ത്തിപ്പോരുന്ന നിരുത്തരവാദിത്തപരമായ പക്ഷം ചേരല്‍ എരിതീയില്‍ എണ്ണ ഒഴിക്കലാണ്. കുറേക്കൂടി ആഴത്തിലും ചരിത്രപരമായും അവര്‍ ഇടപെടുമ്പോള്‍ മാത്രമേ സമാധാനത്തിനുള്ള പൊതു മനസ്സ് രൂപപ്പെടുത്താനാവൂ.
ഇന്ത്യയില്‍ ഒരു ഫാഷിസ്റ്റ് ഭരണക്രമം അതിദ്രുതം പടരുന്ന ഘട്ടത്തില്‍ നാം സ്വയം ഭയക്കേണ്ട ഒന്നു കൂടിയാണ് കേരളം ഗോത്രപരമായ രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടാണെന്ന തരം നിര്‍മ്മിത ആഖ്യാനങ്ങള്‍. അവയ്ക്ക് വഴി മരുന്നിടുന്ന ഒരു ക്രിയയും നമുക്കിടയിലുണ്ടായിക്കൂടാ എന്നത് ഇന്ത്യന്‍ രാഷ്ട്രീയഘടനയോട് നമുക്കുള്ള ഉത്തരവാദിത്തം കൂടിയായി മാറുന്നുണ്ട്. അതിന്റെ പ്രാഥമികമായ പടികളിലൊന്ന് നാം സ്വയം കൂടുതല്‍ കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെടേണ്ടതുണ്ട് എന്നതാണ്. ഇങ്ങനെ ആന്തരികമായും ബാഹ്യമായും നവീകരിക്കേണ്ട ഘട്ടത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന വാര്‍ത്ത ആത്മഹത്യാപരമാണ്. നമ്മുടെ നവോത്ഥാന പ്രക്രിയയുടെ രാഷ്ട്രീയ ഊര്‍ജമായി മാറിയത് അപരത്തെക്കുറിച്ചുള്ള ആകുലതകളാണ്. നാരായണ ഗുരു മുതല്‍ കര്‍ഷക പ്രസ്ഥാനങ്ങള്‍ വരെ പല നിലയില്‍ ആവിഷ്‌കരിച്ചത് ആ രാഷ്ട്രീയ താത്പര്യങ്ങളാണ്. അവ കൈമോശം വന്നു പോകാതെ സൂക്ഷിക്കാനും നവീകരിക്കാനും നമുക്ക് പണിപ്പെട്ടേ തീരൂ. കേരളത്തില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം സംഭവിച്ചു കൂടാ. നിയമ വ്യവസ്ഥയുടെ ഇടപെടലുകള്‍ക്കപ്പുറത്ത് നാം നമ്മോട് തന്നെ ആവര്‍ത്തിക്കേണ്ട ഒരു പ്രതിജ്ഞയാവട്ടെ അത്.

വൈശാഖന്‍, ടി വി ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, കമല്‍, കെ ഇ എന്‍, സുനില്‍ പി ഇളയിടം, പി ടി കുഞ്ഞുമുഹമ്മത്, അശോകന്‍ ചരുവില്‍, കെ പി രാമനുണ്ണി, പ്രിയനന്ദന്‍, വി കെ ജോസഫ്, പി കെ പോക്കര്‍, ടി ഡി രാമകൃഷ്ണന്‍, ടി എ സത്യപാലന്‍, ഇ പി രാജഗോപാലന്‍, കരിവള്ളൂര്‍ മുരളി, ഭാസുരേന്ദ്ര ബാബു, എന്‍ മാധവന്‍ കുട്ടി, ജി പി രാമചന്ദ്രന്‍, പി കെ പാറക്കടവ്, വി ടി മുരളി, ഖദീജ മുംതാസ്, ടി വി മധു, കെ എം അനില്‍, വീരാന്‍കുട്ടി, ഷിബു മുഹമ്മദ്, സോണിയ ഇ പ, ഗുലാബ് ജാന്‍, രാജേന്ദ്രന്‍ എടത്തുംകര, അനില്‍കുമാര്‍ തിരുവോത്ത്, എ കെ അബ്ദുല്‍ ഹക്കീം, ഡോ. പി സുരേഷ്, ശ്രീജിത്ത് അരിയല്ലൂര്‍, റഫീഖ് ഇബ്രാഹിം, രാജേഷ് ചിറപ്പാട്, രാജേഷ് എരുമേലി തുടങ്ങിയവരാണ് പൊതുപ്രസ്താവന പുറപ്പെടുവിച്ചത്.

Leave a Reply