Home » വാർത്തകൾ » ത്രിപുര തുടക്കം മാത്രം മേജർ ഗെയിം കേരളത്തിലാണ് നടക്കുക

ത്രിപുര തുടക്കം മാത്രം മേജർ ഗെയിം കേരളത്തിലാണ് നടക്കുക

വിവി. അബ്ദുൽ ലത്തീഫ്

കേരളം പിടിക്കാനുള്ള വഴിയിൽ ത്രിപുര ബി.ജെ.പി.ക്ക് നല്ലൊരു മാതൃകയാണ്. കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാതെതന്നെ അവിടെ അധികാരം പിടിക്കാൻ ബി.ജെ.പി.യ്ക്കു സാധിച്ചിരിയ്ക്കുന്നു. ഇന്ത്യൻ മാതൃകയിലുള്ള ജനാധിപത്യം ഒരു വോട്ടിന്റെ ബലത്തിലാണ് ബലാബലങ്ങൾ തീരുമാനിക്കുക. ജനതങ്ങളുടെ മനസ്സോ യഥാർത്ഥ ഭൂരിപക്ഷമോ അല്ല തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ജനങ്ങളുടെ എണ്ണത്തിൽ മുന്നിലെത്തുക എന്നതാണ് വിജയത്തിനാധാരം. മണിപ്പൂരിൽ 43 ശതമാനം വോട്ടോടുകൂടിയാണ് (സി.പി.എം.ന് 42.7) ബി.ജെ.പി.അധികാരത്തിലെത്തുന്നത്. ഇതു തന്നെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി.യുടെ പിന്തുണയോടുകൂയിയാണ്. 2011-ലെ സെൻസസ് പ്രകാരം ത്രിപുരയിലെ ഗിരിവർഗ്ഗ ജനസംഖ്യ മുപ്പത്തിയൊന്നു ശതമാനമാണ്. ഈ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഐ.പി.എഫ്.ടി.യുടെ പിന്തുണയാണ് ബി.ജെ.പി.വിജയത്തിൽ നിർണ്ണായകമായത്. കേന്ദ്രഭരണവും മികച്ച സംഘടനാ സംവിധാനവും കുറ്റമറ്റ രീതിയിലുള്ള പ്രചാരണവും ഉറപ്പായും ബി.ജെ.പി.വോട്ടുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കിയിട്ടുണ്ടാവണം. എന്നാൽ ഭരണം പിടിക്കാൻ ബി.ജെ.പി.സ്വന്തം വോട്ടുകളിലെ വർദ്ധനയെയല്ല ആശ്രയിച്ചത്. അതായത് ബി.ജെ.പി.ചിഹ്നത്തിൽ വീണ വോട്ടുകളിൽ 20-30 ശതമാനമെങ്കിലും സഖ്യകക്ഷിയുടെ ബലംകൊണ്ട് ലഭിച്ചവയാണ്. ഇത്തരമൊരു ഫലം ലക്ഷ്യമിട്ടു പ്രവർത്തിച്ച ബി.ജെ.പി.നേതൃത്വം അഭിനന്ദനമർഹിക്കുന്നു.

ഇനി കേരളത്തിലേക്കു വരാം. ഏതു ദുരന്തസാഹചര്യത്തിലും 43-ശതമാനം വരെ ജനങ്ങളെ കൂടെ നിർത്താൻ കേരളത്തിൽ സി.പി.എം.ന് സാധിക്കും. നിലവിലുള്ള സാഹചര്യത്തിൽ ബി.ജെ.പി.ക്ക് എന്തു കളി കളിച്ചാലും ഇടതുപക്ഷ വോട്ടുകളെ പിളർത്താൻ സാധിക്കില്ല. അതുകൊണ്ടു തന്നെ ഭരണം ലക്ഷ്യമിട്ട് മുന്നേറുന്ന ബി.ജെ.പി. കണക്കുകളിൽ മുന്നിലെത്താവുന്ന മറ്റു കളികളാവും കളിക്കുക. തെക്കും വടക്കുമായി നല്ല രണ്ടു സഖ്യകക്ഷികളെ കിട്ടിയാൽ ബി.ജെ.പി.യ്ക്കു കേരളം ഭരിക്കാമെന്ന സാഹചര്യമുണ്ട്. ബി.ജെ.ഡി.എസ്, എൻ.എസ്.എസ്. നാടാർ വിഭാഗങ്ങൾ തുടങ്ങിയ ജാതി സംഘടനകളുടെ പിന്തുണ ഉറപ്പിച്ചാൽ തെക്കൻ കേരളത്തിൽ വിജയത്തിനടുത്ത മുന്നേറ്റമുണ്ടാക്കാം. നിർണ്ണായകവിജയത്തിന് ഇത് മതിയാകില്ല. മധ്യകേരളത്തിലേക്കു വരുമ്പോൾ ബി.ജെ.പിക്കു വേണ്ടത് ശക്തമായ ഒരു കത്തോലിക്കാ രാഷ്ട്രീയ കക്ഷിയുടെ പിന്തുണയാണ്. കെ.എം.മാണിയുടെ കേരളകോൺഗ്രസ് ആണ് ഏറ്റവും നല്ലത്. നിലവിൽ ബി.ജെ.പി.യോട് സഹകരിക്കുന്ന കേരളകോൺഗ്രസ് വിഭാഗങ്ങൾക്ക് സഭയുടെ പിന്തുണ ഉറപ്പിച്ചാലും കാര്യം സാധിക്കാം. ഇത് തെക്കൻ മേഖലയിൽ എഡ്ജിൽനിൽക്കുന്ന സീറ്റുകളെ വിജയത്തിലേക്കെത്തിക്കാൻ കൂടി സഹായിക്കും.

മേജർ ഗെയിം സംഭവിക്കാനിരിയ്ക്കുന്നത് ഇതൊന്നുമല്ല. വടക്കൻ നേതാക്കന്മാരിൽ ചിലരെ മുന്നിൽനിർത്തി കോൺഗ്രസിൽ ഒരു പിളർപ്പാണ് ആലോചനയിലുള്ളതെന്ന് ചില കരവർത്തമാനങ്ങൾ കേൾക്കുന്നു. ദേശീയതലത്തിൽ തീരെ മെലിഞ്ഞുപോയ കോൺഗ്രസ് ഹൈക്കമാന്റിന്റെ സ്വാധീനശക്തിയ്ക്കു കീഴിൽ തുടർന്നാൽ രാഷ്ട്രീയം എന്ന പ്രൊഫഷൻ കൊണ്ടുള്ള ഫലമുണ്ടാവില്ലെന്ന് ചിന്തിക്കുന്ന കോൺഗ്രസുകാരുണ്ട്. കോർപ്പറേറ്റുകൾ കൈവിട്ട കോൺഗ്രസിന്റെ ഇലക്ഷൻ ഫണ്ടുകൾ ഇപ്പോൾ ചാക്കിലല്ല, റേഷൻ സഞ്ചിയിലാണ് വരുന്നത് എന്നതും ചിന്തിക്കണം. അമിത്ഷായുടെ നേതൃത്വത്തിൽ ഇതിനുള്ള ശ്രമങ്ങൾ പലഘട്ടങ്ങൾ മുന്നോട്ടു പോയിരിയ്ക്കുന്നു എന്നു മനസ്സിലാക്കുന്നു. വടക്കൻ കേരളത്തിലെ പല മണ്ഡലങ്ങളിലും കോൺഗ്രസിന്റെ 8-10 ശതമാനം വോട്ടു താമരയിൽ വീണാൽ ജയിച്ചു കയറുന്ന സ്ഥാനാർത്ഥികൾ ബി.ജെ.പി.യുടേതാവും. കാസറഗോഡ്, പാലക്കാട്, തൃശൂർ ജില്ലകൾ ബി.ജെ.പി. തൂത്തുവാരും. കോഴിക്കോട്ടും കണ്ണൂരും പിടിച്ചു കുലുക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പയറ്റിയ കളി കേരളരാഷ്ട്രീയത്തിൽ രാഷ്ട്രീയ വിവേചനബുദ്ധിയോടെ തുടർന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കക്ഷി നില ഏതാണ്ട് ഇങ്ങനെയായിരിയ്ക്കും.

ബി.ജെ.പി.യും സഖ്യ കക്ഷികളും 68-76
ഇടതു പക്ഷം 40-45
കോൺഗ്രസ് 15-20

ഈ പ്രവചനം ശരിയാകരുത് എന്നാണ് ആഗ്രഹം. കെ.എം.മാണിയെ കൂടെ നിർത്തിക്കൊണ്ടുള്ള സി.പി.എം.ന്റെ നീക്കം നിലവിലുള്ള രാഷ്ട്രീയ അന്തർനാടകങ്ങളുടെ പശ്ചാത്തലത്തിൽ ശുഭസൂചനയാണ്. കോൺഗ്രസിൽ ഉണ്ടായേക്കാവുന്ന പിളർപ്പ് ഇടതുസ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാൻ മുസ്ലീം ലീഗിന്റെ വോട്ടുബാങ്കിൽ പിളർപ്പുണ്ടാക്കുന്ന കളികൾകൂടി കളിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യൻ ഭരണഘടന, അതിന്റെ ഫെഡറൽ സംവിധാനം, മതേരത്വം തുടങ്ങിയവയെ മുന്നിൽ നിർത്തി രാഷ്ട്രീയ ചർച്ചകൾ മുന്നോട്ടു കൊണ്ടു പോകാൻ സി.പി.എം.നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയനിര ഇന്ത്യയിൽ ആവശ്യമുണ്ട്. പാർലമെന്റിൽ എത്ര സീറ്റുണ്ട് എന്നതിലല്ല അതിന്റെ പ്രസക്തി. മേൽപ്പറഞ്ഞ അടിസ്ഥാനതത്വങ്ങളിലൂന്നി ഇന്ത്യൻ രാഷ്ട്രീയത്തെ മുന്നോട്ടു നയിക്കാൻ അതുണ്ടാവണം എന്നതിലാണ്.

ഇന്ത്യൻ ജനത നേരിടുന്ന സുപ്രാധനമായ രണ്ടു ഭീഷണികളുണ്ട്. അതിലൊന്ന് ഇന്ത്യൻ ഭരണഘടന റദ്ദു ചെയ്യപ്പെടാനോ നിർണ്ണായകമായി തിരുത്തപ്പെടാനോ ഉള്ള സാധ്യതതയാണ്. രണ്ടാമത്തേത് തൊഴിലാളികൾ, കൃഷിക്കാർ,സർക്കാർ ജീവനക്കാർ എന്നിവരടങ്ങുന്ന ഇന്ത്യൻ ജനതയുടെ ബഹുഭൂരിപക്ഷം ജനങ്ങളെ നിർണ്ണായകമായി ബാധിക്കുന്ന തരത്തിൽ കോർപ്പറേറ്റുകൾക്ക് അനുകൂലമായ നിയമഭേദഗതികളാണ്. രണ്ടു നൂറ്റാണ്ടുകൾകൊണ്ടുണ്ടായ തൊഴിൽനിയമങ്ങൾ അട്ടിമറിക്കപ്പെടും. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥയിൽ കാര്യമായ ഇടപെടലുകളുണ്ടാകും, കൃഷിയും ഭൂമിയും വൻതോതിലുള്ള ചൂഷണത്തിനു വിധേയമാകും. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ ബഹുസംസ്കൃതിയ്ക്ക് ഒരു ഫാസിസ്റ്റ് ഭരണത്തെ സഹിക്കാനാവില്ല. പക്ഷെ, വെറും അഞ്ചു വർഷത്തെ നിർണ്ണായകഭൂരിപക്ഷം അധികാരത്തെ ദീർഘകാലത്തേക്കു നീട്ടിയെടുക്കാനുള്ള കളികൾക്ക് അതിനെ പ്രാപ്തമാക്കും. 2019-ൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ എന്തൊക്കെ കളിച്ചാലും ബി.ജെ.പി.മുന്നണിക്ക് നാല്പത് ശതമാനത്തിൽത്താഴെ ജനപിന്തുണയേ ആർജ്ജിക്കാനാവൂ. അവരുടെ കളികൾ അതുകൊണ്ടു തന്നെ പ്രതിപക്ഷനിരയെ പിളർക്കലാകും. ഇന്ത്യയിൽ വോട്ടിംഗ് ശതമാനവും ജയിച്ചു കയറുന്ന ജനപ്രതിനിധികളുടെ എണ്ണവും രണ്ടു തരം കണക്കുകളാണ്. കൈപൊക്കാനുള്ള പ്രതിനിധികളുടെ എണ്ണമാണ് പ്രസക്തം. ജിഗ്നേഷ് മേവാനിയെപ്പോലുള്ളവർ പറയുന്ന പ്രതിപക്ഷ ഐക്യം ഇവിടെയാണ് പ്രസക്തമാകുന്നത്. അതിന് ആദർശാത്മക നേതൃത്വം കൊടുക്കാൻ സി.പി.എം.നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷം വേണം.
കളികൾ ഇനി കേരളത്തിലാണ് നടക്കുക

Leave a Reply