കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റൈ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്പാഷയുടേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജി പരിഗണിച്ച കോടതി, കേരളാ പൊലീസിനെതിരെ അതിരൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, സി ആര് മഹേഷ് തുടങ്ങിയവരും നിരാഹാരസമരം നടത്തിയിരുന്നു. എന്നാല്‍ യാതൊരു തരത്തിലും കേസ് സിബിഐക്ക് വിടാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇത് സര്‍ക്കാര്‍ കോടതിയിലും അറിയിച്ചുവെങ്കിലും നിഷ്പക്ഷവും നീതിയുക്തവുമായുമുള്ള ഒരന്വേഷണത്തിന് മറ്റ് ഏജന്സികള്ക്കാകില്ലെന്ന വിലയിരുത്തലായിരുന്നു കോടതി നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണ പുരോഗതി സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹന്‍ കോടതിയെ അറിയിച്ചു. കേസിലെ പ്രതികളെയെല്ലാം പിടികൂടിയെന്നും ഇനിയിതില്‍ മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ പിടികൂടിയ പ്രതികളെ ഉപയോഗിച്ച് എന്തുകൊണ്ടു ഷുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കുന്നില്ലെന്നു കോടതി ചോദിച്ചു. പ്രതികളുടെ സാന്നിധ്യത്തിലല്ലാതെ ആയുധം കണ്ടെടുത്തതില്തന്നെ കള്ളക്കളിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിലൂടെയെങ്കിലും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കട്ടെയെന്നായിരുന്നു കേസിന്റെ വിധി പ്രസ്താവനവേളയില് ജസ്റ്റിസ് കമാല്‍പാഷ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മടന്നൂര്‍ എടയന്നൂരിലെ ശുഹൈബിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആദ്യം മുതല്ക്കേ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ആദ്യം തള്ളിപ്പറഞ്ഞ പാര്‍ട്ടി, പ്രതികള്‍ അറസ്റ്റിലായതോടെ പാര്‍ട്ടിക്കു ബന്ധമില്ല, പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് സമ്മതിക്കുകയായിരുന്നു. സംഭവം നടന്ന് ഒരു മാസത്തിനകം കേസ് സിബിഐയ്ക്ക് വിട്ടതോടെ സംസ്ഥാന പൊലീസിന്റെ കേസന്വേഷണത്തില്‍ വന്ന വീഴ്ചയാണെന്നാണ് സൂചിപ്പിക്കുന്നത്. അന്വേഷണം പൂര്‍ത്തീകരിച്ച് പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്കഷിക്കുയായിരുന്നു.