Home » ഇൻ ഫോക്കസ് » വികസനം വേണോ പരിസ്ഥിതി വേണോ എന്ന ചോദ്യത്തിനു പരിസ്ഥിതി എന്ന ഒറ്റ ഉത്തരത്തിലേക്ക് കേന്ദ്രീകരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്

വികസനം വേണോ പരിസ്ഥിതി വേണോ എന്ന ചോദ്യത്തിനു പരിസ്ഥിതി എന്ന ഒറ്റ ഉത്തരത്തിലേക്ക് കേന്ദ്രീകരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്

ഗുലാബ് ജാൻ

വികസനം ജനങ്ങൾക്ക് വേണ്ടിയാണ്. എന്നാൽ അതിനെതിരെയാണ് ജനകീയ സമരങ്ങൾ ഉയർന്നു വരുന്നത്. അപ്പോൾ വികസനത്തിന്റെ യുക്തിയും ജനങ്ങളുടെ താല്പര്യങ്ങളും തമ്മിൽ ഒരു വൈരുദ്ധ്യം ഉണ്ടെന്നു വരുന്നു. ആ വൈരുദ്ധ്യമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അഡ്രസ് ചെയ്യേണ്ടത്. ഏകപക്ഷീയമായ ബലപ്രയോഗങ്ങൾ വൈരുദ്ധ്യം മൂർച്ചിപ്പിക്കുകയേയുള്ളു. കേരളത്തിൽ ഇന്ന് ഭൂമി ഒരു ചരക്കായി മാറിയിട്ടുണ്ടെന്ന് ആർക്കുമാറിയാം. നല്ല വില കിട്ടിയാൽ ആരും അത് വിൽക്കും. എന്നിട്ടും വികസന പ്രവർത്തനത്തിന് ഭൂമി നൽകാൻ ആളുകൾ തയ്യാറാവാത്തത് എന്തുകൊണ്ടാണ്. വികസനത്തിന് വേണ്ടി സന്തോഷത്തോടെ ഭൂമി നൽകുന്നതിന് അവരെ തടസ്സപ്പെടുത്തുന്നത് എന്തൊക്കെയാണെന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ? അങ്ങിനെയുള്ളവരുടെ വലിയ ത്യാഗങ്ങളെ നാം വിലമതിക്കുന്നുണ്ടൊ? അവന്റെ വേരുകൾ, ബന്ധങ്ങൾ എല്ലാം പൊടുന്നനെ പൊട്ടിച്ചെറിയപ്പെടുന്നതിന് പകരം തൊട്ടടുത്ത് തന്നെ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാത്തതെന്താണ്. സമൂഹത്തിന്റെ മുഴുവൻ ഗുണത്തിന് വേണ്ടിയവർ നൽകുന്ന ത്യാഗത്തെ നമുക്ക് മാനിക്കാൻ കഴിയുന്നുണ്ടൊ? മറിച്ച് അവരുടെ പ്രതിഷേധങ്ങളെ വികസന വിരോധികൾ എന്നാക്ഷേപിച്ച് കല്ലെറിഞ്ഞ് തോൽപ്പിക്കാനല്ലെ നാം ശ്രമിക്കുന്നത്. അവനവന് നഷ്ടപെടാത്തതു കൊണ്ട് ഉണ്ടാകുന്ന വികസന സ്നേഹത്തിന്റെ ഉത്സാഹമായിരിക്കരുത് ഇരകളെ സമീപിക്കാനുള്ള അടിസ്ഥാന പ്രമാണം’
വികസനത്തിന് വേണ്ടി ത്യജിക്കുന്നവർക്കൊപ്പമാണ് സർക്കാറും ജനങ്ങളും എന്ന വിശ്വാസം ആർജ്ജിക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. അവർ ഉപേക്ഷിക്കപ്പെട്ടില്ലെന്ന ഉറപ്പ് അവർക്കുണ്ടാവണം. അപ്പോൾ പിന്നെ ഒരു “തീവ്രവാദികൾക്കും ” അവരെ “തെറ്റ് ” ധരിപ്പിക്കാനാവില്ല.
വികസനം വേണോ പരിസ്ഥിതി വേണോ എന്ന ചോദ്യം പരിസ്ഥിതി എന്ന ഒറ്റ ഉത്തരത്തിലേക്ക് കേന്ദ്രീകരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.
പരിസ്ഥിതിയുടെ മുകളിൽ വികസനം എന്ന മുതലാളിത്തത്തിന്റെ യുക്തിക്കെതിരെ ഏംഗൽസ് പറഞ്ഞതു പോലെ പരിസ്ഥിതി തന്നെ പ്രതികാരം ചെയ്യുന്ന പൊള്ളുന്ന വർത്തമാനത്തെ നിരന്തം അഭിമുഖികരിക്കയാണ് നാം. അപ്പോൾ ഒരു സെന്റ് വയലിന് പോലും എൺപത് വീടുകളേക്കാൾ വിലയുണ്ടെന്ന തിരിച്ചറിവിലേക്ക് നാം വളരുകയാണ് വേണ്ടത്. വീടുകൾ നമുക്ക്‌ മാറ്റി പണിയാം. എന്നാൽ നഷടപെടുന്ന വയലുകൾ തിരിച്ചുപിടിക്കാനാവില്ല. പരിസ്ഥിതി ഒരു ഭൂപ്രശ്നമായി ചുരുക്കുന്നത് ഒരു ജനതയുടെ ചരമ കുറിപ്പെഴുതലാണെന്ന് അനുഭവിച്ചറിയാൻ കാത്തിരിക്കുകയാണൊ നാം ഇനിയും?

Leave a Reply