തൊടിയിലും വഴിയിലുമെല്ലാം കണ്ടു പരിചരിച്ച ചെടികള്‍, മഹാരോഗങ്ങളെ പോലും വേരോടെ പിഴുതെറിയുന്ന അമൂല്യ മരുന്നുകളാണെന്ന് അറിയുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. ഇതേ അത്ഭുതമാണ് കോഴിക്കോട് സ്വപ്ന നഗരിയിലെ ആയുര്‍വേദ ഫെസ്റ്റിവലിലെത്തിയപ്പോള്‍ പകരുടെയും കണ്ണുകളില്‍ വിടര്ന്നതും. ചികിത്സയ്ക്കായി ലക്ഷങ്ങള്‍ പൊടി പൊടിക്കുമ്പോള്‍ വീട്ടുപറമ്പില്‍ നിന്നും കളകളെന്ന് കരുതി പറിച്ചെറിഞ്ഞവയെല്ലാം ഒറ്റമൂലികളാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അത്ഭുതത്തിനൊപ്പം കുറ്റബോധവും തോന്നിയേക്കാം. കാട്ടുചെടികള്‍ എന്ന് കരുതി വെട്ടി കളഞ്ഞതില്‍ പലതും ഔഷധച്ചെടികളാണെന്നും അവയ്ക്ക് എണ്ണിയാലൊടുങ്ങാത്ത ഉപയോഗങ്ങളുണ്ടെന്നും മനസിലാക്കുന്നതിനൊപ്പം ഭാരതം ലോകത്തിന് സമ്മാനിച്ച ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതായിരുന്നു ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഭാഗമായി നടന്ന പ്രദര്‍ശനം.
ആരോഗ്യമുള്ള സ്ത്രീ, ആരോഗ്യമുള്ള കുടുംബം, ആരോഗ്യമുള്ള സമൂഹം എന്ന സന്ദേശവുമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഒരുക്കിയ സ്റ്റാളുകള്‍ ഫെസ്റ്റിലുണ്ട്. നെല്ലിക്കയുടെ ഗുണങ്ങള്‍ മാത്രം വിശദീകരിച്ചുകൊണ്ട് ദേശീയ നെല്ലി മിഷന് ഒരുക്കിയ പ്രത്യേക സ്റ്റാള്‍ വിവിധ രോഗങ്ങള്‍ക്ക് എങ്ങനെയെല്ലാം നെല്ലിക്ക ഉപയോഗിക്കാം, ഔഷധ പാനീയങ്ങള്‍ എങ്ങനെ നിര്‍മ്മിക്കാം തുടങ്ങി നെല്ലിക്കയുടെ ഗുണഗണങ്ങള്‍ വിശദമാക്കുന്നു. വര്‍ഷങ്ങളായി ആയുര്‍വേദ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
ആയുര്‍വേദ ആശുപത്രികള്‍ സൗജന്യ ചികിത്സയും മരുന്നു വിതരണവും നടത്തുന്നതിനൊപ്പം മേളയിലെത്തുന്നുവര്ക്ക് ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കുന്നു. ആയുര്‍വേദത്തിലെ വിവിധ ചികിത്സാ രീതികള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം അത് അനുഭവിച്ചറിയാനും മേളയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ആയുര്‍വേദത്തിനൊപ്പം കളരി മര്‍മ്മ ചികിത്സയും പരമ്പരാഗത കളരി ആയുധങ്ങളെ കുറിച്ച് പരിചയപ്പെടുത്തുകയും ചെയ്യുന്ന സ്റ്റാളും ഫെസ്റ്റിലുണ്ട്. മലബാര്‍ ബൊട്ടാനിക്കല്‍ ഗാര്ഡന് ഒരുക്കിയ ഹോര്‍ത്തൂസ് മലബാറിക്കസ് വാലി അത്യപൂര്‍വ്വ ആയുര്‍വേദ ചെടികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. ആയുര്‍വേദം മാത്രമല്ല യുനാനി, സിദ്ധ, ഹോമിയോ, സ്റ്റാളുകളും സ്വപ്ന നഗരിയിലെ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റില്‍ കാണാം.