Home » നമ്മുടെ മലപ്പുറം » പ്രവാസികള്‍ അയയ്ക്കുന്ന പണംകൊണ്ട് ഇനിയധികമൊന്നും വികസിക്കേണ്ടി വരില്ല; ആരിഫ് അന്‍സാരിയുടെ കഥ

പ്രവാസികള്‍ അയയ്ക്കുന്ന പണംകൊണ്ട് ഇനിയധികമൊന്നും വികസിക്കേണ്ടി വരില്ല; ആരിഫ് അന്‍സാരിയുടെ കഥ

സൗദിയിലെ പ്രവാസജീവിതങ്ങള്‍ക്ക് ഇപ്പോള്‍ ഇതുപോലൊരു കരിനിഴലുണ്ട്. വര്‍ഷങ്ങളോളം നാടുവിട്ടുനിന്ന ഒരു മനുഷ്യൻ നാട്ടിൽ തിരിച്ചെത്തിയ ഈ കഥ സമകാലിക പ്രവാസികളിൽ ആരുടേയും കഥയാവാം. സുരേഷ് നീറാട് എഴുതുന്നു

സൗദിയിലെ പ്രവാസികളില്‍ മഹാഭൂരിപക്ഷവും വലിയ ആശങ്കയിലാണ്. തൊഴില്‍ നഷ്ടപ്പെടുമെന്നതിനെക്കാള്‍ നാട്ടില്‍ ഇനിയെന്തു ചെയ്യും എന്ന ചിന്തയാണ് അലട്ടുന്നത്. മറ്റു ഗള്‍ഫ് നാടുകളിലേക്കുള്ള സാധ്യതകളുടെ അന്വേഷണവും നാട്ടില്‍ത്തന്നെ പുതിയ സംരംഭങ്ങള്‍ക്കുള്ള ചര്‍ച്ചകളും സജീവം. അതിനിടയില്‍ കേട്ട മുംബൈക്കാരനായ ഒരു പ്രവാസിയുടെ ഈ അനുഭവം ഒന്നറിയുക.

ആരിഫ് അന്‍സാരി. ഇവിടെ, ജിദ്ദയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റ്. രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് അവിടുത്തെ സമയം. അതുകഴിഞ്ഞാല്‍ കടകളിലെയും മറ്റും അക്കൗണ്ടുകള്‍ ശരിയാക്കുന്നതിനായി ഈ മേഖലയിലുള്ളവര്‍ സമയം കണ്ടെത്താറുണ്ട്. വെറുതെ ചിലവഴിക്കുന്ന സമയം ചെറിയൊരു വരുമാനത്തിനായി ഉപയോഗപ്പെടുത്തുന്നു. അതുപക്ഷെ ഇവിടെ നിയമവിരുദ്ധമാണ്. സ്‌പോണ്‍സറുടെ കീഴില്‍, ഇഖാമയില്‍ പറഞ്ഞിരിക്കുന്ന തൊഴില്‍ മാത്രമേ ചെയ്യാവൂവെന്നാണ് വ്യവസ്ഥ. ഓഫീസിലെ തിരക്കുകള്‍ കഴിഞ്ഞ് വൈകുന്നേരം മറ്റൊരു കടയില്‍ ജോലി ചെയ്യുന്നതിനിടെ പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തി. പിന്നെ സൗദി പൊലിസിന്റെ വാഹനത്തില്‍. ജയിലില്‍.

ഏഴുവര്‍ഷമായി ഇവിടെയുള്ള ആരിഫിന് മുംബൈ മഹാനഗരത്തിന്റെ പൊളപ്പന്‍ കഥകളൊന്നുമല്ല പറയാനുണ്ടായിരുന്നത്. നാല് സഹോദരിമാരുടെ വിവാഹം കഴിഞ്ഞത് സൗദിയില്‍ വന്നശേഷമാണ്. ചെറിയൊരു വീടുണ്ടാക്കി. സ്വന്തം ജീവിതം തുടങ്ങാന്‍ പോകുന്നേയുള്ളൂ. അപ്പോഴാണ് സൗദിയിലെ കര്‍ശനമാവുന്ന നിയമത്തിന്റെ ഇരയാവുന്നത്.

പൊലീസ് വാഹനത്തിലെ യാത്രയില്‍ പലതവണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ കേണു. ഫലമുണ്ടായില്ല. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ താല്‍ക്കാലത്തേക്ക് പാര്‍പ്പിക്കുന്ന ജയിലില്‍ പത്തുദിവസം. അമ്പതു പേര്‍ക്ക് സൗകര്യമുള്ള ജയിലില്‍ അഞ്ഞൂറുപേരുണ്ടാവും. സമാനമായ കേസുകളില്‍ പിടിക്കപ്പെട്ടവര്‍.

അവിടെ, ഭക്ഷണം സര്‍ക്കാര്‍ വക ആയതിനാല്‍ ബുദ്ധിമുട്ടില്ല. വഴിമധ്യേ, അപ്രതീക്ഷിതമായി പിടിക്കപ്പെടുന്നതിനാല്‍ മിക്കവരുടെയും കയ്യില്‍ പണമുണ്ടാവില്ല. അന്നേരം ആരിഫിന്റെ പഴ്‌സും കാലിയായിരുന്നു. ദിവസങ്ങളോളം റീ ചാര്‍ജ്ജ് ചെയ്യാത്തതിനാല്‍ ഫോണ്‍ സ്വിച്ചോഫ് ആയി. പതിനൊന്നാം നാള്‍ ആരിഫിനെ നാട്ടിലേക്ക് വിമാനം കയറ്റിവിട്ടു.

നാട്ടിലേക്കെന്ന് പറഞ്ഞാല്‍, ഇന്ത്യക്കാരനാണെങ്കില്‍ ഇന്ത്യയില്‍ എവിടേക്കെങ്കിലും. അത്രയേയുള്ളൂ. മലയാളിയാണെങ്കില്‍ മിക്കവാറും മുംബൈയിലാണ് വിമാനമിറങ്ങുക. ആരിഫിന്റെ വിമാനം കൊച്ചിയിലേക്കായിരുന്നു.

പാസ്‌പോര്‍ട്ടും പെട്ടിയും സമ്മാനങ്ങളും സ്വപ്‌നങ്ങളും ഒന്നുമില്ലാതെ നിറകണ്ണുകളോടെ നിയമത്തിന്റെ നൂല്‍പ്പാലത്തിലൂടെ വിമാനത്തില്‍. ചുറ്റിലും നാട്ടിലേക്കുള്ള യാത്രയുടെ ആവേശക്കൂട്ടവും കുടുംബങ്ങളും. ഏഴുവര്‍ഷത്തിനിടെ മൂന്നുതവണയാണ് നാട്ടില്‍പോയത്. അതെല്ലാം ആഘോഷം നിറഞ്ഞ യാത്രകളായിരുന്നു. കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് താന്‍ യാത്ര ചെയ്യുന്നത് എന്നുപോലും അറിയുന്നത് സഹയാത്രികന്റെ വാക്കുകളില്‍നിന്നാണ്.

ഉംറ തീര്‍ത്ഥാടകരായ സഹയാത്രികനോട് യാത്രയ്ക്കിടയായ സാഹചര്യം അറിയിച്ചു. അയാളുടെ കയ്യിലുണ്ടായിരുന്ന അറുപത് ഇന്ത്യന്‍ രൂപ ആരിഫിന് നല്‍കി. പിന്നെ നെടുമ്പാശേരിയില്‍.

വിമാനത്താവളത്തിന് പുറത്ത് എന്തുചെയ്യണമെന്നറിയാതെ നിന്നു ഏറെനേരം. കയ്യിലുള്ള അറുപതു രൂപവച്ച് ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോ പിടിച്ചു. ചിന്തകള്‍ക്കിടയിലെപ്പോഴോ ആരിഫിനെ മറ്റൊരു ആധി പിടികൂടി. റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഓട്ടോയുടെ യാത്രയില്‍ പന്തികേട്. ഓട്ടോ ഡ്രൈവറുടെ ഫോണ്‍വിളിയും മറ്റും ചങ്കിടിപ്പ് കൂട്ടി.

വഴിയിലെവിടെയോ ഓട്ടോയില്‍നിന്ന് ചാടിയിറങ്ങി എങ്ങോട്ടോ ഓടി. ആദ്യമായി കാണുന്ന നാട്ടിന്‍പുറത്തിലൂടെ എത്രയോടും. എങ്ങോട്ടോടും. ക്ഷീണിച്ചപ്പോള്‍ റോഡരികിലെ ഒരു വീടിന്റെ ചുറ്റുമതിലിന് പുറത്ത് ഇരുന്നു. എതിര്‍വശത്തെ വീട്ടിലെ സ്ത്രീയുടെ കണ്ണില്‍ ആ ഇരുത്തത്തിനും പന്തികേടുണ്ടായി. ബംഗാളികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചിരിച്ച സമയം. ഒട്ടും അമാന്തിച്ചില്ല. നാട്ടുകാര്‍ കൂടി. മലയാളവും ഹിന്ദിയും തമ്മിലുള്ള പൊരുത്തക്കേട് വലിയ ദുരന്തമായി. നാട്ടുകാര്‍ ഒന്നടങ്കം കൈവച്ചു. ഒടുവില്‍ പൊലീസ് വന്നു. പൊക്കിയെടുത്തു.

വീട്ടിലേക്ക് വിളിച്ചപ്പോള്‍ പൊലിസിന് കാര്യം ബോധ്യപ്പെട്ടു. ടിക്കറ്റും പൊലിസ് തരപ്പെടുത്തിക്കൊടുത്തു. മുംബൈയിലേക്ക് തിക്കിത്തിരക്കി മൂന്നുനാള്‍. അറുപതുരൂപ തീരുവോളം വെള്ളവും ബ്രെഡും.

വര്‍ഷങ്ങളോളം നാടുവിട്ടുനിന്ന ഒരു മനുഷ്യന്‍ ഇതുപോലൊരു സാഹചര്യത്തില്‍ തിരിച്ചെത്തുന്ന അവസ്ഥയുടെ ബാക്കി ചിന്തിച്ചാല്‍ മതി. സൗദിയിലെ പ്രവാസജീവിതങ്ങള്‍ക്ക് ഇപ്പോള്‍ ഇതുപോലൊരു കരിനിഴലുണ്ട്. എപ്പോള്‍ വേണമെങ്കിലും മടങ്ങേണ്ടി വരുന്ന സാഹചര്യം. കണ്ണൊന്നു തെറ്റിയാല്‍ കണ്‍മുന്നില്‍ ജീവിതം വീണുടയുന്നത് കാണുക. ഇവിടെയുള്ളവരുടെ നെഞ്ചിടിപ്പിന്റെ താളവും കേള്‍ക്കുക. ഇങ്ങനെയൊക്കെയാണ് ഇവിടെ മിക്കവരും കഷ്ടപ്പെടുന്നതെന്നും മനസ്സിലാക്കുക.

പ്രവാസികള്‍ ഇന്ത്യയിലേക്ക് പ്രതിവര്‍ഷം അയയ്ക്കുന്ന ഒരുലക്ഷം കോടി രൂപയുടെ വലുപ്പത്തില്‍ ഇനിയാരും അധികമൊന്നും വികസിക്കേണ്ടി വരില്ല എന്നോര്‍മ്മിപ്പിച്ചുവെന്നുമാത്രം.

Leave a Reply