Home » കലാസാഹിതി » പ്രവാസി മുറികളിലെ പാട്ടരങ്ങുകള്‍

പ്രവാസി മുറികളിലെ പാട്ടരങ്ങുകള്‍

..
മിക്ക പ്രവാസി മുറികളിലും പാട്ടുകൂട്ടങ്ങളുണ്ട്. ദേശാന്തരങ്ങളുടെ നൊമ്പരങ്ങള്‍ കയ്യടികളുടെ നടുവിലിരുന്ന് പാടിപ്പാടി മറക്കുകയാണ് പ്രവാസിപ്പാട്ടുകാര്‍.വെള്ളിയാഴ്ചകളിലാണ് മിക്കപ്പോഴും പാട്ടുകൂട്ടം. അലങ്കരിച്ച സ്റ്റുഡിയോയ്ക്ക് പകരം നിലത്ത് പായവിരിക്കും. ഓരോരുത്തരായി പാട്ടുതുടങ്ങും. വിവാഹ വാര്‍ഷികം, ജന്‍മദിനം, നാട്ടിലെ വിശേഷങ്ങള്‍ അങ്ങനെ ഓരോരോ കാരണങ്ങളുണ്ടാക്കി കൂട്ടുകൂടും. ഒരുതരം പാട്ടുപാര്‍ട്ടി. മറ്റിടങ്ങളിലെ സുഹൃത്തുക്കളും പലപ്പോഴും ഗസ്റ്റ് പാട്ടുകാരായി ചേരും. അങ്ങനെ പാട്ടുമാഹാത്മ്യം പ്രവാസികളില്‍ പരക്കും. പ്രവാസി പട്ടുകൂട്ടത്തെപ്പറ്റി സുരേഷ് നീറാട്

സാമൂഹ്യ മാധ്യമങ്ങളില്‍ വളരെപ്പെട്ടന്നാണ് പാട്ടുകളും പാട്ടുകാരും താരമാകുന്നത്. സംഗീതമൊഴുകുന്ന മൊബൈല്‍ ആപ്പുകളും സാമൂഹ്യ മാധ്യമങ്ങളിലെ ആസ്വാദകരുടെ പിന്തുണയും ചേര്‍ന്നപ്പോള്‍ പാട്ടുകള്‍ ശരിക്കും പാലാഴിയായി. അവസരങ്ങളുടെ ഈ പുതിയ പാട്ടരങ്ങിനെ ഇങ്ങനെ ഇമ്പമാക്കി മാറ്റിയതിന്റെ മുന്‍നിരയിലാണ് പ്രവാസികള്‍. ദേശാന്തരങ്ങളുടെ നൊമ്പരങ്ങള്‍ കയ്യടികളുടെ നടുവിലിരുന്ന് പാടിപ്പാടി മറക്കുകയാണ് പ്രവാസിപ്പാട്ടുകാര്‍.
മിക്ക പ്രവാസി മുറികളിലും പാട്ടുകൂട്ടങ്ങളുണ്ട്. സംഗീതോപകരണങ്ങളുടെ പശ്ചാത്തലമൊരുക്കി പാടുന്നവരും മൊബൈല്‍ ആപ്പുകളിലൂടെ പാടുന്നവരും. മൈക്കും ലൗഡ് സ്പീക്കറും ഇവര്‍ക്കിടയില്‍ ആനന്ദമൊരുക്കുന്നുണ്ട്. പത്തൊ പതിനഞ്ചോ പേര്‍ ഒന്നിച്ചുതാമസിക്കുന്നിടങ്ങളില്‍ പ്രോല്‍സാഹകര്‍ കുറയില്ല. പാട്ടിന് സാമൂഹ്യമായ സാഹചര്യമൊരുക്കിയ സ്മൂള്‍ പോലെയുള്ള ആപ്പുകള്‍ രംഗം കൊഴുപ്പിച്ചു. അതുകൊണ്ടുതന്നെ പാട്ടുകാര്‍ കൂടിക്കൂടി വരുന്നു. മൂളിപ്പാട്ടില്‍ ഒതുക്കിവച്ച പ്രതിഭകള്‍ മിനുക്കിയെടുക്കലിന്റെ തിരക്കിലാണ്. അലങ്കരിച്ച സ്റ്റുഡിയോ പ്ലാറ്റ്‌ഫോമില്‍ കയറിച്ചെന്ന് താരങ്ങള്‍ക്കൊപ്പം മല്‍സരിക്കാനുള്ള ആവേശംപോലും പ്രവാസികളിലെ പാട്ടുകാര്‍ക്കുണ്ട്. നാട്ടില്‍, സദസ്സുകളിലെ ബാക്ക്ബഞ്ചുകാരാണ് ഇവരില്‍ മിക്കവരുമെന്നത് ആത്മവിശ്വാസവും കഠിനമായ പ്രയത്‌നവും നല്‍കിയ കൗതുകം.
ദിവസവും അല്‍പ്പനേരത്തെ ഇടവേളകളാണ് നാടുവിട്ടു തൊഴിലെടുക്കുന്നവര്‍ക്കുള്ളത്. പ്രത്യേകിച്ച് വിദേശങ്ങളില്‍. ജോലി സമയവും ഓവര്‍ടൈമും കഴിഞ്ഞാല്‍ മണിക്കൂറുകള്‍ കുറവായിരിക്കും. എന്നാല്‍ പാട്ടിനും ചാറ്റിനും ഇതിനിടയില്‍ നേരമുണ്ടാക്കും. ഓരോ ദിവസവും നാട്ടില്‍നിന്നുള്ള വിശേഷങ്ങളില്‍ ഗുണവും ദോഷവുമുണ്ടാവും. തൊഴിലിടത്തും പുറത്തും പ്രവാസത്തിന്റെ പ്രശ്‌നങ്ങളും വേറെയും. എല്ലാംകൂടി ആലോചിച്ച് ചടഞ്ഞ് മൂലയിലിരിക്കുന്നതിനേക്കാള്‍ രണ്ടുപാട്ടില്‍ സ്വയം തൃപ്തി വരുത്തുന്ന പുതിയ ചിന്തയാണിത്. ജോലി കഴിഞ്ഞ് മുറിയില്‍ ആദ്യമെത്തുന്നവര്‍ ആദ്യം പാടി രംഗമൊഴിയും. കൂടെയുള്ള ഉറക്കക്കാരെ മറികടക്കാന്‍ മൈക്കും സ്പീക്കറുമെടുത്ത് വരാന്തയിലോ പുറത്തോ ഇരുന്ന് പാടും. മൊബൈല്‍ ചാഞ്ഞുംചരിഞ്ഞും റെക്കോര്‍ഡ് ചെയ്യും. ഒത്തുകിട്ടിയാല്‍ ഫേസ്ബുക്കിലിടാം. ഇല്ലെങ്കില്‍ കുടുംബഗ്രൂപ്പിലിടാം.
വെള്ളിയാഴ്ചകളിലാണ് മിക്കപ്പോഴും പാട്ടുകൂട്ടം. അലങ്കരിച്ച സ്റ്റുഡിയോയ്ക്ക് പകരം നിലത്ത് പായവിരിക്കും. ഓരോരുത്തരായി പാട്ടുതുടങ്ങും. വിവാഹ വാര്‍ഷികം, ജന്‍മദിനം, നാട്ടിലെ വിശേഷങ്ങള്‍ അങ്ങനെ ഓരോരോ കാരണങ്ങളുണ്ടാക്കി കൂട്ടുകൂടും. ഒരുതരം പാട്ടുപാര്‍ട്ടി. മറ്റിടങ്ങളിലെ സുഹൃത്തുക്കളും പലപ്പോഴും ഗസ്റ്റ് പാട്ടുകാരായി ചേരും. അങ്ങനെ പാട്ടുമാഹാത്മ്യം പ്രവാസികളില്‍ പരക്കും. പിന്നീട് സംഘടനകളും മറ്റും നടത്തുന്ന കൂട്ടായ്മകളില്‍ പാട്ടുകാരാവും. മുറികളില്‍നിന്ന് മൂളിത്തുടങ്ങിയവര്‍ ഗാനമേളയ്ക്കുവരെ റെഡിയായിയെത്തും. പ്രതിസന്ധികളില്‍ തളരാത്തവര്‍ ആള്‍ക്കൂട്ടത്തിനുമുന്നില്‍ പാടിത്തിമര്‍ക്കും.
താല്‍പ്പര്യമുള്ള വാര്‍ത്തകളുണ്ടെങ്കില്‍ മാത്രം, മാക്‌സിമം ന്യൂസ് അവറാണ് ശരാശരി പ്രവാസിയുടെ വാര്‍ത്താനേരം. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും സജീവമായവര്‍ക്ക് പാട്ട് ഹരമാണ്. ഒത്തുവന്നാല്‍ ചിലത് വൈറലാവും. ഹിറ്റായാല്‍ സ്റ്റാറായി. സോഷ്യല്‍ മീഡിയയിലെ സ്റ്റാര്‍ സിംഗര്‍മാരാണ് പ്രവാസികളില്‍ പലരുമിപ്പോള്‍. മൊബൈലില്‍ സംഗീതം രൂപപ്പെടുത്തിയ ആപ്ലിക്കേഷനുകള്‍ വഴി ദൂരങ്ങളിലുള്ള രണ്ടുപേര്‍ ചേര്‍ന്ന് പാടുമ്പോള്‍ ആത്മവിശ്വാസം ഇരട്ടിയാവും. അതൊടൊപ്പം പാട്ടുകാരനെന്ന മേല്‍വിലാസവും. സാമൂഹ്യമാധ്യമങ്ങളില്‍ പാട്ട് കേട്ടും കണ്ടും നാട്ടുകാരും ചങ്ങാതിമാരും അഭിപ്രായം കുറിക്കുമ്പോള്‍ അടുത്ത പാട്ടിന്റെ റിഹേഴ്‌സല്‍ തുടങ്ങിയിട്ടുണ്ടാവും. അതിനിടയിലാണ് ലോകമാകെ തരംഗമായി ‘മാണിക്യമലരായ പൂവി’യുടെ ആ അഡാര്‍ കണ്ണിരുക്കല്‍. പ്രവാസം, പാട്ടുകമ്പത്തിനോട് പ്രണയം പറഞ്ഞിരിക്കുന്നു. ഫലമാവട്ടെ, ‘പാടാത്ത വീണയും പാടും.

Leave a Reply