കോഴിക്കോട് കോര്പറേഷന് പരിധിയില്‍ കൊതുകുജന്യ രോഗ പതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കൊതുക് നിവാരണം പരിസ്ഥിതി സൗഹൃദ ജൈവമരുന്നിലൂടെ പദ്ധതിക്കു തുടക്കമായി. റെയ്ഡ്കോ മുഖേനയാണ് ഈ പദ്ധതി കോര്പറേഷന് നടപ്പാക്കുന്നത്. 15 ദിവസത്തെ മൂന്ന് ഇടവേളകളിലാണ് ബാസിലസ് തുറഞ്ചി അഥവാ ബാക്ടോപവര്‍ ജൈവമരുന്ന് പ്രയോഗിക്കേണ്ടത്. അതിനുശേഷവും ലാര്‍വയുടെ സാന്നിധ്യം ഉണ്ടെങ്കില്‍ മാത്രമേ മരുന്ന് തളിക്കല്‍ ആവശ്യമുള്ളൂ.
പ്രതിദിനം മരുന്ന് തളിക്കുന്നതിനായി 15 പേരെയാണ് ഒരോ ഹെല്‍ത്ത് സര്‍ക്കിളിന്റെയും കീഴില്‍ നിയോഗിക്കുന്നത്. വരാന്‍ പോകുന്ന മഴക്കാലവും തുടര്‍ന്നുണ്ടാകുന്ന മാരകമായ കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കുവാനുമായി കോര്പറേഷന് വളരെ മുന്‍പ് തന്നെ പ്രതിവിധികള്‍ ആരംഭിച്ചിരിക്കയാണ്. നാളിതുവരെ കൊതുകിനെ നിയന്ത്രിക്കാനായി മാരകമായ വിഷങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇതുകാരണം മണ്ണും ജലവും വായുവും മലിനമാക്കപ്പെട്ട സാഹചര്യത്തിലാണ് കൊതുകിനെ നിയന്ത്രിക്കാനായി ജൈവമരുന്ന് പദ്ധതി കൊണ്ടുവന്നത്.
പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഈ മരുന്ന് പ്രകൃതിക്കോ ജീവജാലങ്ങള്‍ക്കോ ദോഷമുണ്ടാക്കില്ല. അതേസമയം കൊതുകിന്റെ വളര്‍ച്ചാ ചക്രത്തെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനുതകുന്നതുമാണിത്. 28 ലക്ഷം രൂപയാണ് കോര്പറേഷന് ഈ പദ്ധതി നടത്തിപ്പിനായി ചെലവഴിക്കുന്നത്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം വെസ്റ്റ്ഹില്‍ എക്സിബിഷന് റോഡിനടുത്തുള്ള വെള്ളരിത്തോട് ഭാഗത്ത് കോര്പറേഷന് ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് കെ.വി. ബാബുരാജ് നിര്‍വഹിച്ചു.