Home » കലാസാഹിതി » സംഗീതം കൊണ്ടൊരു സർഗ്ഗ കവചം: വിദ്യാർഥിനികളെ മുത്തായ്‌ കോർത്ത് ചാലപ്പുറം ഹൈസ്കൂളിൽ ‘സ്വരരാഗസംഗമം’

സംഗീതം കൊണ്ടൊരു സർഗ്ഗ കവചം: വിദ്യാർഥിനികളെ മുത്തായ്‌ കോർത്ത് ചാലപ്പുറം ഹൈസ്കൂളിൽ ‘സ്വരരാഗസംഗമം’

കോഴിക്കോട് ചാലപ്പുറം ഗവർമെന്റ് ഗേൾസ്‌ ഹൈസ്കൂളിലെ അഞ്ചുമുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥിനികൾ ‘സ്വരരാഗസംഗമ’ത്തിലെ മുത്തുകളായി. കത്തുന്ന വെയിലിൽ നിന്നുകൊണ്ട് ”അബലയല്ലബലയിന്നു സ്ത്രീകൾ പ്രബലമായണയും പ്രപഞ്ചശക്തി” എന്ന് അവർ വിളിച്ചുപറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ പരിശ്രമങ്ങൾ സർഗോന്നതിയുടെ പുതിയ വഴികളിൽ. ‘മികവുത്സവം’ ജില്ലാതല ഉത്ഘാടനത്തിന്റെ ഭാഗമായി കോഴിക്കോട് ചാലപ്പുറം ഗവർമെന്റ് ഗേൾസ്‌ ഹൈസ്കൂളിൽ സംഘടിപ്പിക്കപ്പെട്ട രണ്ടായിരത്തോളം വിദ്യാർഥികൾ അണിനിരന്ന ‘സ്വരരാഗസംഗമം’ അറിവന്വേഷണങ്ങളുടെ വഴികളിൽ പാട്ട് കൊണ്ട് ചൂട്ടു കത്തിക്കുന്ന അനുപമമായ ഒരനുഭവമായി.

സ്കൂളിലെ അഞ്ചുമുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥിനികൾ ‘സ്വരരാഗസംഗമ’ത്തിലെ മുത്തുകളായി. കത്തുന്ന വെയിലിൽ നിന്നുകൊണ്ട്, തപിക്കുന്ന നാടിന് താങ്ങാവുമെന്നവർ പാടി.”അബലയല്ലബലയിന്നു സ്ത്രീകൾ പ്രബലമായണയും പ്രപഞ്ചശക്തി” എന്ന് വിളിച്ചുപറഞ്ഞു.

സ്കൂൾ തയ്യാറാക്കിയ 2018 -19 മാസ്റ്റർ പ്ലാനിലെ ഒരു ഊന്നൽ മേഖല കലാകായികരംഗങ്ങളുടെ പ്രോത്സാഹനാർഥമുള്ള ടാലന്റ് ലാബ് പദ്ധതിയാണ്. അതിലേക്കുള്ള ആദ്യ ചുവടുവയ്പായാണ് മുഴുവൻ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട് ശാസ്ത്രീയ സംഗീതം, അർധ ശാസ്ത്രീയസംഗീതം സിനിമ – നാടകഗാനങ്ങൾ, നാടൻപാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, ഉദ്ഗ്രഥന ഗാനങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീത സമന്വയ പരിപാടി സംഘടിപ്പിച്ചത്. നാടിനു തണൽ നൽകാനും പുതിയ ഇന്ത്യ സൃഷ്ടിക്കാനും തങ്ങൾ ഉണ്ടാകുമെന്ന ബോധം ദൃഢീകരിക്കുന്ന പരിപാടിത്തീർന്നു ഇത്. സ്ത്രീശാക്തീകരണം, പരിസ്ഥിതിസംരക്ഷണം, കാർഷികസംസ്കാരത്തിന്റെ വീണ്ടെടുപ്പ് എന്നിവയായിരുന്നു ‘സ്വരരാഗസംഗമ’ത്തിൽ മുഖ്യ പ്രമേയങ്ങൾ.

പുരന്ദരദാസ്, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവരുടെ കൃതികളും അവ അടിസ്ഥാനമാക്കി പിന്നീടുണ്ടായ ചലച്ചിത്ര ഗാനങ്ങളും അവതരിപ്പിച്ചത് ശ്രദ്ധേയമായി. ദീക്ഷിതർ ചക്രവാകം രാഗത്തിൽ തീർത്ത ഗജാനനയുതം എന്ന കൃതിയിലൂടെ രാക്കുയിലിൻ രാഗസദസ്സിൽ, ആയിരം കാതമകലെയാണെങ്കിലും തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. സിന്ധുഭൈരവിരാഗം പരിചയപ്പെടുത്തിക്കൊണ്ട് ഹരിമുരളീരവം, ഇളവന്നൂർ മഠത്തിലെ തുടങ്ങിയ ഗാനങ്ങളും ആലപിച്ചു.

തുളുഭാഷയിലുള്ള നാടൻ പാട്ട്, കൊയ്ത്തുപാട്ടുകൾ എന്നിവയുമുണ്ടായിരുന്നു. സ്കൂളിലെ സംഗീതാധ്യാപകനായ ഗംഗാധരൻ കുറുവങ്ങാടാണ് പരിപാടിക്ക് പരിശീലനം നൽകിയത്. ഒപ്പം അധ്യാപകരും രക്ഷിതാക്കളും ഏറെ സഹായങ്ങൾ നൽകി. മലബാറിലെ പ്രസിദ്ധ സംഗീതജ്ഞർ ഈ സംഗീതവിസ്മയത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply