ഡോക്ടര്‍മാരുടെ സമരത്തിനെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. പണിമുടക്ക് നിയമവിരുദ്ധമാണെന്നും ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. വിട്ടു നില്ക്കുന്ന ദിവസങ്ങളെ അനധികൃത അവധിയായി കണക്കാക്കും. പ്രൊബേഷനിലുള്ളവര്‍ക്ക് നോട്ടീസ് നല്കി സേവനം അവസാനിപ്പിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് ഐ.എ.എസ് ആണ് ഇതുസംബന്ധിച്ച മൂന്ന് നിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
മുന്‍കൂട്ടിയുള്ള അവധി അനുവദിക്കപ്പെടാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃതമായ ആബ്സന്‍സ് ആയി കണക്കാക്കുന്നതാണ്. ഇങ്ങനെ വിട്ടു നില്ക്കുന്ന ദിവസം ശമ്പളത്തിന് അര്‍ഹതയില്ലാതിരിക്കുകയും ബ്രേക്ക് ഇന്‍ സര്‍വീസായി കണക്കാക്കുകയും ചെയ്യും. ശമ്പളമില്ലായ്മയും ബ്രേക്ക് ഇന്‍ സര്‍വീസും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തേണ്ടതും ശമ്പളം, പ്രൊമോഷന്, ട്രാന്‍സ്ഫര്‍ എന്നിവക്ക് പരിഗണിക്കേണ്ടതുമാണ്.
സേവന ലഭ്യതക്കായി ജോലി ക്രമീകരണം/അക്കോമെഡേഷന്‍ എന്നീ വ്യവസ്ഥ പ്രകാരം ഏതെങ്കിലും ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ മുന്‍കൂട്ടി അനുമതിയില്ലാതെ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന പക്ഷം പ്രസ്തുത വ്യവസ്ഥകള്‍ റദ്ദാക്കേണ്ടതും അവരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയക്കേണ്ടതുമാണ്.
പ്രൊബേഷണല്‍ ആയ അസിസ്റ്റന്റ് സര്ജന് മുന്‍കൂട്ടി അവധിയെടുക്കാതെ സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥന്റെ സേവനം അവസാനിപ്പിക്കുന്നതിനായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടതും 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കേണ്ടതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ഇന്ന് മുതലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപികൾ തുടങ്ങിയതിൽ പ്രതിഷേധിച്ചു ജോലിയിൽ നിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്പെൻഡ് ചെയ്യുകയും രണ്ടു ഡോക്ടർമാർക്ക് നോട്ടീസ് നൽകുകയും ചെയ്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.
സമരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗങ്ങൾ ഒഴികെ ഒപികൾ പ്രവർത്തിക്കില്ലെന്ന് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. മെഡിക്കല്‍ കോളെജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം.