പരിപാടികള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേ വിവാദങ്ങള്‍ ഉണ്ടാകുന്നത് ഒരു പതിവാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ കാര്യത്തില്‍ മാത്രം പതിവ് തെറ്റിക്കുന്നത് ശരിയല്ലെന്ന് കരുതിയാവാം ആരോപണവുമായി ഡിങ്കമത വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഫെബ്രുവരി നാലു മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റവലില്‍ സെഷനുകള്‍ അസഹിഷ്ണുതയോടും സ്ഥാപിത താത്പര്യത്തോടെയാണെന്നുമാണ് ഡിങ്കോയിസ്റ്റുകളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നിലവിലെ മതങ്ങളുടെ നിലപാടുകളെ ശക്തമായ ഭാഷയില്‍ പരിഹസിക്കുന്ന പാരഡി മതമാണ് ഡിങ്കമതം. നവ മാധ്യമങ്ങളിലൂടെ നിലവിലെ മതങ്ങളുടെ യുക്തി ശൂന്യതയെ ചോദ്യം ചെയ്യുന്ന ഡിങ്ക മതത്തിന് നിരവധി അനുയായികളും രംഗത്തുണ്ട്. അടുത്തിടെ ദിലീപ് നായകനാകുന്ന പ്രൊഫസര്‍ ഡിങ്കന് എന്ന ചിത്രത്തിനെതിരെ മതവികാരം വ്രണപ്പെട്ടു എന്ന് ചൂണ്ടികാട്ടി ഡിങ്കോയിസ്റ്റുകള്‍ പ്രകടനം വരെ നടത്തിയിരുന്നു. കലയിലും സാഹിത്യത്തിലും മതം അനാവശ്യമായി കൈകടത്തുന്നതിനെ ഹാസ്യരൂപത്തില്‍ പ്രതിഷേധിക്കുക എന്നതാണ് ഡിങ്ക മതത്തിന്റെ രീതി. അതിന്റെ ഭാഗമായാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിനെതിരെയും ഡിങ്കോയിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഡിങ്കോയിസ്റ്റുകളുടെ ഫേസ്ബുക്ക് പോസ്റ്റ്:
സുഹ്യത്തുക്കളെ,
ഈ വരുന്ന നാലാം തിയ്യതിമുതല്‍ കോഴിക്കോട്ട് വെച്ച് നടത്തപ്പെടുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമകാലീന കേരളീയ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പരിപാടിയാണ്, എന്നാല്‍ ഈ പരിപാടിയില്‍ വളരെ അസഹിഷ്ണുതയോടും സ്ഥാപിത താല്പര്യത്തോടെയുമാണ് പല സെഷനുകളും തട്ടിക്കൂട്ടിയിരിക്കുന്നത്. എന്നാലും അതൊക്കെ സാംസ്കാരികതലത്തില്‍ മാത്രം ബാധിക്കുന്നതും നമ്മുടെ മതത്തെ ബാധിക്കാത്തതും ആയതിനാല്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ല. എന്നാല്‍ മതം, ആത്മീയത, തത്വചിന്ത എന്ന വിഷയത്തില്‍ സംഘടിപ്പിക്കപ്പെട്ട ചര്‍ച്ചയെ ആശങ്കയോടെയല്ലാതെ ഒരു യഥാര്‍ത്ഥ ഡിങ്കോയിസിറ്റിന് നോക്കിക്കാണാന്‍ കഴിയില്ല.