ശ്രീനാരായണഗുരുവിന്റെ ദർശനവും സെൻ ബുദ്ധിസ്റ്റ് സമ്പ്രദായവും പരിചയപ്പെടുത്തുന്ന അപൂർവ്വ ശില്പശാലയ്ക്ക് മലപ്പുറം ജില്ല വേദിയാവുന്നു. ‘സതോരി’ എന്ന പേരിൽ അരിമ്പ്ര മലനിരകളിലെ രമണീയ പ്രകൃതിയിൽ നിലകൊള്ളുന്ന തിരുവോണ മലയും പരിസരവും പശ്ചാത്തലമാക്കിയാണ് മൂന്നു ദിവസത്തെ പരിപാടി – മെയ് 8, 9, 10 തിയ്യതികളിൽ.
ഷൗക്കത്തും ഗീത ഗായത്രിയും അതിഥികൾ
പരിപാടിയിൽ ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യ പരമ്പരയിലെ മുഖ്യകണ്ണികളായ ഷൗക്കത്ത്, ഗീത ഗായത്രി എന്നിവർ മുഖ്യാതിഥികളാവും. നാരായണ ഗുരുവിന്റെ ‘ആത്മോപദേശശതക’ത്തെ മുൻനിർത്തി ഷൗക്കത്തും, സൗന്ദര്യശാസ്ത്രവും മൂല്യങ്ങളും നാരായണഗുരുവിന്റെ ദർശനത്തിൽ എന്ന വിഷയത്തിൽ ഗീത ഗായത്രിയും സംവാദം നയിക്കും. ഗുരുസങ്കല്പത്തെക്കുറിച്ച് ആനക്കച്ചേരി മൂസ സംസാരിക്കും.
വി.സി.ബാലകൃഷ്ണപ്പണിക്കരുടെ
കവിതാലാപനം
ഊരകം മലനിരകൾ പിറവികൊടുത്ത, മലയാളത്തിന്റെ കാവ്യാധുനികത തീർത്ത വി.സി.ബാലകൃഷ്ണപ്പണിക്കരുടെ കവിതകളുടെ ആലാപനവും പ്രബന്ധാവതരണവും ഉണ്ടാവും. കവി ഒ.പി.സുരേഷ് ബാലകൃഷ്ണപ്പണിക്കരുടെ കവിതകളുടെ ആലാപനം നടത്തും.

തിരുവോണമലയിലെ ജൈനക്ഷേത്ര അവശിഷ്ടങ്ങളിൽപ്പെട്ട ശിലാസ്തൂപങ്ങൾ. പല്ലവ കാലത്തേതാണ് ഇതിലെ ശില്പകലയെന്നു കരുതപ്പെടുന്നു
അരിമ്പ്ര മലയെപ്പറ്റി സെമിനാർ
അരിമ്പ്ര മലനിരകളിലെ കരനെൽക്കൃഷി, പ്രാദേശിക സമരചരിത്രം, പ്രദേശത്തെ ഇരുമ്പുയുഗ സംസ്കൃതി, ജലസംരക്ഷണത്തിന്റെ പ്രാധാന്യം, മലനിരകൾ കാത്തുസംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന സെമിനാർ നടക്കും. ആംനെസ്റ്റി ഇന്റർനാഷണലിലെ മുൻ പ്രവർത്തകയും പ്രമുഖ ദളിത് ആക്ടിവിസ്റ്റുമായ ഡോ. രേഖാരാജ് സെമിനാർ ഉദ്ഘാടനംചെയ്യും.
സെമിനാറിലെ പ്രബന്ധങ്ങൾ
അരിമ്പ്ര മലനിരകളിലെയും പരിസരത്തെയും ജനവാസ കേന്ദ്രങ്ങളിൽ കോളറാക്കാലത്തും മറ്റും ആതുരസേവനം നടത്തുകയും ജനജീവിതം സംഘടിപ്പിക്കുകയും ചെയ്ത ആദ്യകാല കമ്യൂണിസ്റ്റ് ആറ്റാശ്ശേരി മുഹമ്മദ് മാസ്റ്ററെ അനുസ്മരിച്ച് മകൾ ഷാജിത ആറ്റാശ്ശേരി പ്രഭാഷണം നടത്തും. പ്രമുഖ ആർക്കിയോളജിസ്റ്റ് ജസീറ മജീദ്, ഗവേഷകരായ ഷംസാദ് ഹുസൈൻ, മിർസാ ഗാലിബ്, മാധ്യമപ്രവർത്തകരായ ഗോപകുമാർ പൂക്കോട്ടൂർ, സി. വി. രാജീവ്, ജോബിൻ ഐസക് ഡേവിഡ്, സാംസ്കാരിക പ്രവർത്തകരായ രഞ്ജിത്ത് മേക്കയിൽ, എസ്. വി. മെഹജൂബ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

അരിമ്പ്ര മലനിരയിലെ നെടിയിരിപ്പ് കോളനി തുടങ്ങുന്നതിവിടെ. ഭൂദാനപ്രസ്ഥാനത്തിൽ ആകൃഷ്ടനായി കോളനിക്ക് സ്ഥലം വിട്ടുനൽകിയ ഗുജറാത്തി വർത്തകൻ ശ്യാംജി സുന്ദർദാസിന്റെതാണ് സ്ഥാപിച്ചിരിക്കുന്ന ഫോട്ടോ
അരിമ്പ്രയിലെ പ്രകൃതിയും
പണിക്കരുടെ ബിംബാവലികളും
അവലംബിച്ച് ചിത്രകലാ ക്യാമ്പ്
പ്രമുഖരായ പതിനഞ്ചോളം ചിത്രകാരന്മാർ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പാണ് ‘സതോരി’യിലെ മറ്റൊരാകർഷണം. ബാലകൃഷ്ണപ്പണിക്കരുടെ കവിതകളിലെ ബിംബകല്പനകളും പ്രദേശത്തെ പ്രകൃതിയും അതിന്റെ സംരക്ഷണവുമാണ് ചിത്രക്യാമ്പിന്റെ പ്രമേയം.
ചിത്രകാരന്മാരുമായുള്ള സംവാദം ചിത്രകാരി കവിത ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. കെ. കെ. മുഹമ്മദ്, ചിന്നൻ, ജോൺസ് മാത്യു, കെ. ടി. മത്തായി, ഷാജു മന്നത്തൂർ, അജി എസ് അടൂർ, കെ. പി. പ്രദീപ്കുമാർ, ഭഗത് സിംഗ്, വിപിൻജോർജ്, രാജൻ അരിയല്ലൂർ, കെ. സുധീഷ്, സുനിൽ അശോകപുരം, സതീഷ്, ഷെറിൻ, കെ.പി.പ്രഭാത്, മനോജ് ഉണ്ണിക്കൃഷ്ണൻ എന്നിവർ ക്യാമ്പിൽ പങ്കെടുക്കും.
ഹിമാലയ യാത്രാനുഭവങ്ങൾ, ഷാൾ നിർമ്മാണ പരിശീലനം
ഹിമാലയ യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന പരിപാടിയിൽ കവയത്രി ക്ഷേമ കെ. തോമസ് മുഖ്യാവതരണം നടത്തും.
വൂളൻ നൂലുകളുപയോഗിച്ച് ഷാളുകളും മറ്റ് കമ്പിളിയുല്പന്നങ്ങളും നിർമ്മിക്കുന്നതിനെക്കുറിച്ച് ശ്രീശങ്കരാചാര്യ സർവ്വകലാശാലാ തിരൂർ കേന്ദ്രത്തിലെ അധ്യാപിക ഗാഥ പരിശീലനം നൽകും. നാരായണഗുരുവിന്റെ കവിതകൾ ഉൾപ്പെടുത്തി ഭജനാലാപനവും നടക്കും.
സിത്താർ വാദനം,
ചീനിമുട്ടും കുഴൽവിളിയുമായി
കാൽനടയാത്ര
പ്രാദേശിക വാദ്യമായ ചീനിമുട്ടിന്റെയും കുഴൽവിളിയുടെയും അകമ്പടിയോടെ കാൽനടയാത്രയും പരിപാടിയുടെ ഭാഗമായി നടക്കും. സ്വാഗതവിരുന്നിലും പ്രഭാതങ്ങളിലും ജാവേദ് അസ്ലമിന്റെ സിത്താർ വാദനമുണ്ടാവും.
പദയാത്ര ചിറയിൽ സ്കൂളിനടുത്തെ പാറപ്പുറത്താണ് സമാപിക്കുക. അവിടെ ശ്രീനാരായണഗുരുവിനെപ്പറ്റി പ്രഭാഷണം. എല്ലാ ദിവസവും അരമണിക്കൂർ ധ്യാന പരിശീലനത്തിലൂടെയാകും പരിപാടി ആരംഭിക്കുക.
സംഘാടകർ, രജിസ്ട്രേഷൻ
കൊണ്ടോട്ടി തുറക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന, ഗവേഷകരുടെയും മാധ്യമ പ്രവർത്തകരുടെയും അധ്യാപകരുടെയും പഠന-പ്രസിദ്ധീകരണ കൂട്ടായ്മയായ റൈസോം ആണ് സംഘാടകർ. പെരുവള്ളൂരിലെ സാംസ്കാരിക സംഘടനയായ കസാവ, മൊറയൂരിലെ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം തുടങ്ങിയവർ സഹകരിക്കുന്നു.
രജിസ്ട്രേഷന്: O483 – 2713633, 9562540981, 9746381223
(കടപ്പാട്: പി. പി. ഷാനവാസ്/ദേശാഭിമാനി)