അടുത്ത കാലത്തായി കെട്ടിട നിര്‍മാണ ഇടങ്ങളിലുണ്ടായ അപകടങ്ങളില്‍ തൊഴിലാളികള്‍ മരിക്കുകയും ഏറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍ കര്‍ശന പരിശോധനയുമായി ലേബര്‍ വിഭാഗം മുന്നിട്ടിറങ്ങി. ഇന്നലെ അഞ്ചിടങ്ങളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കി. സ്റ്റോപ് മെമ്മോ ഇന്നു കൈമാറും. പാലാഴി ബൈപാസില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിനാണ് സ്റ്റോപ് മെമ്മോ നല്കാന് തീരുമാനിച്ചിരിക്കുന്നത്.
നിര്‍മാണം നടന്നുവരുന്ന കെട്ടിടത്തില്‍തന്നെ തൊഴിലാളികളെ പാര്പ്പിച്ചുവെന്നതാണ് ഇവര്‍ വരുത്തിയ പ്രധാന പിഴവ്. ഇതോടൊപ്പം സുരക്ഷ മുന്‍നിര്‍ത്തിയുള്ള ബാരിക്കേഡുകളും ഇല്ലെന്നു കണ്ടെത്തി. മറ്റു സ്ഥലങ്ങളില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയില്ലെങ്കിലും ആവശ്യമായ രേഖകളും റെക്കോര്‍ഡുകളും സൂക്ഷിക്കാത്തതില്‍ താക്കീത് ചെയ്തിട്ടുണ്ട്. ഇവ ഇന്ന് ലേബര്‍ ഓഫിസിലെത്തിക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തൊഴിലാളികളുടെയും സമീപവാസികളുടെയും സുരക്ഷ ഉറപ്പുവരുത്താനാണ് പരിശോധനയെന്നും ഉടമകളെ ബുദ്ധിമുട്ടിക്കുകയല്ല ലക്ഷ്യമെന്നും പരിശോധനയ്ക്കു നേതൃത്വം നല്കുന്ന റീജനല്‍ ജോ. ലേബര്‍ കമ്മിഷണര്‍ കെ.എം. സുനില്‍ പറഞ്ഞു. പരിശോധന ശക്തമായി തുടരും. ഗുരുതര പിഴവുകള്‍ കണ്ടെത്തിയാല്‍ നിര്‍മാണം നിര്ത്തിവയ്പിക്കും.
പിഴവുകള്‍ പരിഹരിക്കുന്ന മുറയ്ക്ക് നിര്‍മാണം തുടരാമെന്നും പറഞ്ഞു. ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സമെന്റ്) വി.പി. രാജന്, അസി. ലേബര്‍ ഓഫിസര്‍ ഗ്രേഡ് വണ്‍ എം.പി. ഹരിദാസന്, അസി. ലേബര്‍ ഓഫിസര്‍മാരായ മിനി ജോസഫ്, വി. അവിനാഷ് സുന്ദര്‍ എന്നിവരും പങ്കെടുത്തു.
മേയ് മാസാദ്യം സ്റ്റേഡിയം ജംക്ഷനു സമീപം കെട്ടിട നിര്‍മാണസ്ഥലത്തു മണ്ണിടിഞ്ഞ് രണ്ടു തൊഴിലാളികള്‍ മരിക്കുകയും ആനിഹാള്‍ റോഡില്‍ രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ ലേബര്‍ വിഭാഗം കര്‍ശന പരിശോധന നടത്തുന്നത്. കഴിഞ്ഞയാഴ്ച രണ്ടു കെട്ടിടങ്ങളുടെ നിര്‍മാണത്തിന് സംഘം സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കോര്‍പറേഷന്റെ നേതൃത്വത്തില്‍ മൂന്നുനിര്മാണങ്ങളും നിര്ത്തിവയ്പിച്ചിട്ടുണ്ട്.