Home » നമ്മുടെ മലപ്പുറം » കെഎസ്ആര്‍ടിസി അതിവേഗ സര്‍വീസുകളില്‍ നിന്നും യാത്ര ചെയ്യാം

കെഎസ്ആര്‍ടിസി അതിവേഗ സര്‍വീസുകളില്‍ നിന്നും യാത്ര ചെയ്യാം

ഇനി മുതല്‍ കെഎസ്ആര്‍ടിസി അതിവേഗ സര്‍വീസുകളില്‍ നിന്നും യാത്ര ചെയ്യാമെന്ന് സര്‍ക്കാര്‍ തീരുമാനമായി. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, ലക്ഷ്വറി സര്‍വീസുകള്‍ക്കാണ് പുതിയ തീരുമാനം ബാധകം.

കെഎസ്ആര്‍ടിസി സൂപ്പര്‍ക്ലാസ് ബസുകളില്‍ യാത്രക്കാര്‍ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി വിധി സര്‍ക്കാര്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്താണ് മറികടന്നത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മോട്ടോര്‍ വാഹന വകുപ്പിലെ 67 (2) ചട്ടമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.

ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും .കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് തുടങ്ങിയ ബസുകളില്‍ യാത്രക്കാരെ നിറുത്തിക്കൊണ്ട് പോകരുതെന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. സൂപ്പര്‍ ക്ളാസ് ബസുകളില്‍ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കെഎസ്ആര്‍ടിസി ഉയര്‍ന്ന യാത്രാക്കൂലി ഈടാക്കുന്നത്. ഇത് പാലിക്കുന്നില്ലെന്നാരോപിച്ച് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.ആവശ്യമെങ്കില്‍ ഈ വ്യവസ്ഥ സര്‍ക്കാരിന് പരിഷ്‌കരിക്കാമെന്നും വിധിയില്‍ പറഞ്ഞിരുന്നു.

Leave a Reply