Home » ന്യൂസ് & വ്യൂസ് » മതം സംസ്‌കാരം പ്രതിരോധം

മതം സംസ്‌കാരം പ്രതിരോധം

മതം സംസ്‌കാരം പ്രതിരോധം എന്ന വിഷയത്തില്‍ കേരള ലിറ്റററി ഫെസ്റ്റിവലില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഹമീദ് ചേന്ദമംഗലൂര്‍, സിസ്റ്റര്‍ ജെസ്മി, കെപി രാമനുണ്ണി എന്നിവര്‍ മുന്നോട്ടുവച്ച ആശയങ്ങള്‍.

കെപി രാമനുണ്ണി

നിലവിലെ അവസ്ഥയില്‍ മതങ്ങളെ പ്രതിരോധിക്കാന്‍ ഹൈന്ദവ ദൈവങ്ങളെ വികൃത വത്കരിക്കുകയാണ്. മതം അസഹിഷ്ണുതയെ പ്രതിരോധിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെങ്കിലും അത് ശരിയായ അര്‍ത്ഥത്തില്‍ നടക്കുന്നില്ല. അതേ സമയം ദൈവങ്ങള്‍ എന്ന് വലിയൊരു സമൂഹം വിശ്വസിക്കുന്ന ബിംബത്തിലെ നന്മയും സാമൂഹിക പ്രസക്തിയും എടുത്ത് കാണിച്ച് മതം അസഹിഷ്ണുതയെ പ്രതിരോധിക്കുകയാണ് വേണ്ടത്. മതം അധികാര ശക്തിയില്‍ നിന്ന് മാറി നിന്നാല്‍ ജനാധിപത്യത്തിന് എതിരെ നില്‍ക്കുന്ന വര്‍ഗ്ഗീയ ശക്തികളെ നേരിടാനാവും. മതം മുന്നോട്ടു വയ്ക്കുന്ന ദയ, കരുണ, സ്‌നേഹം, സഹാനുഭൂതി തുടങ്ങിയ പുരോഗമന വിപ്ലവാത്മക മൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചാണ് ഗാന്ധിജിയെയും ശ്രീനാരായണ ഗുരുവിനെയും പോലുള്ള നവോത്ഥാന നായകര്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെയും സമൂഹത്തിലെ ഉച്ഛനീചത്വങ്ങള്‍ക്കെതിരെയും പോരാടിയത്. മതത്തെ മാറ്റി നിര്‍ത്തികൊണ്ടോ കേവല യുക്തിവാദം കൊണ്ടോ വര്‍ഗ്ഗീയതയെ ചെറുക്കാനാവില്ല.

സിസ്റ്റര്‍ ജസ്മി

ക്രിസ്തുമത വിശ്വാസിയും കന്യാസ്ത്രീയുമായ സിസ്റ്റര്‍ ജസ്മിയ്ക്ക് പറയാനുള്ളത് സ്വന്തം ജീവിതത്തില്‍ നിന്നും ഉള്‍കൊണ്ടുള്ള ആശയങ്ങളായിരുന്നു. മതത്തില്‍ ഇപ്പോള്‍ നടക്കുന്നത് മേധാവിത്വ യുദ്ധമാണ്. ഞങ്ങളുടേതാണ് ദൈവമതമെന്നും യഥാര്‍ത്ഥമതമെന്നും പരമ്പരാഗത മതമെന്നും പറഞ്ഞുള്ള മേധാവിത്വ യുദ്ധം ശക്തമാകുന്നു. മറ്റു മതങ്ങളെ അംഗീകരിക്കുന്നു എന്ന് പറയുമ്പോഴും ഉള്ളുകൊണ്ട് അതിനെ വെറുക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു. പൊതുസമൂഹത്തിന് മുന്നില്‍ ഓരോ മതവും മുന്നോട്ടുവയ്ക്കുന്ന മതസൗഹാര്‍ദ്ദം വെറും പ്രഹസനം മാത്രമാണ്. സത്യത്തില്‍ ഹൈന്ദവരുടെ സഹിഷ്ണുതയാണ് ഇന്ത്യയില്‍ മറ്റ് മതങ്ങളെ വളര്‍ത്തിയത്. പക്ഷെ ഇപ്പോള്‍ ഹൈന്ദവരുടെയും സഹിഷ്ണുത നഷ്ടമായിരിക്കുന്നു. ചിറകുമുളച്ചാല്‍ ചിറകരിഞ്ഞ് അവരെ കാല്‍ക്കീഴിലാക്കുന്ന മത സംവിധാനമാണ് നിലവിലുള്ളത്. ഒഴുക്കു നഷ്ടപെട്ട മലിന ജലം കെട്ടികിടക്കുന്ന ജലസ്രോതസ്സുകളുടെ അവസ്ഥയാണ് ഇന്ന് മതങ്ങളുടെത്. സംസ്‌കാരത്തിന്റെ കുത്തകാവകാശം വരെ മതങ്ങള്‍ ഏറ്റെടുത്തു.  പുരോഗമന ചിന്ത മുന്നോട്ടുവയ്ക്കുന്ന മാര്‍പാപ്പയെ പോലും ഇല്ലാതാക്കാനുള്ള ശ്രമം മതത്തില്‍ നിന്നുണ്ടാകുന്നു. ശത്രുഭയം കാരണം സ്വവതിയില്‍ കഴിയാന്‍ മാര്‍പാപ്പ പോലും ഭയക്കുന്നു. മതത്തിലെ ജീര്‍ണതകള്‍ ഇല്ലാതാക്കി കാലാനുസൃതമായി നവീകരിക്കാനുള്ള ശ്രമം മാര്‍പ്പാപ്പയ്ക്ക് പോലും ശത്രുക്കളെ സൃഷ്ടിച്ചിരിക്കുന്നു. യുക്തവാദികളുമായി ആശയപരമായ സംഘട്ടനങ്ങള്‍ ഉണ്ടെങ്കിലും അന്ധവിശ്വാസിയെക്കാള്‍ തനിക്ക് ഇഷ്ടം യുക്തിവാദികളെയാണ്.

ഹമീദ് ചേന്ദമംഗലൂര്‍

മതത്തെ രണ്ട് രീതിയില്‍ സമീപിക്കുന്നവരാണ് സമൂഹത്തിലുള്ളത്.  മതത്തില്‍ ആത്മീയ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരും ആത്മീയ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ രാഷ്ട്രീയം സ്ഥാപിക്കണമെന്നാണ് മതരാഷ്ട്രീയക്കാര്‍ വിശ്വസിക്കുന്നത്. മതരാഷ്ട്ര സങ്കല്‍പമാണിത്. ആത്മീയ ദൈവത്തില്‍ വിശ്വസിച്ചിരുന്ന നവോത്ഥാന നായകന്മാരൊന്നും മതരാഷ്ട്ര സങ്കല്‍പത്തെ അനുകൂലിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ മതരാഷ്ട്ര സങ്കല്‍പത്തിന് പ്രതിരോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. ഐഎസ്‌ഐഎസ്, ആര്‍എസ്എസ് പോലുള്ള പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതും ഇതേ മതരാഷ്ട്ര സങ്കല്‍പം തന്നെ. ശുദ്ധവായു ശുദ്ധ ജലം എന്ന പോലെ ഒരിക്കലും ശുദ്ധ സംസ്‌കാരം ശുദ്ധ മതം എന്നൊന്നുണ്ടാകില്ല. ശുദ്ധ സംസ്‌കാരം ശുദ്ധ മതം എന്നതെല്ലാം മിഥ്യയാണ്. വൈജാത്യങ്ങളുടെ ഭൂമികയാണ് ലോകം. വ്യത്യസ്ത മത, ജാതി, സംസ്‌കാരം,ഭാഷ എന്നിവ ചേര്‍ന്ന സമന്വയാത്മക സംസ്‌കാരമാണ് നിലവിലുള്ളത്. ഇതിനെ തകര്‍ക്കുകയാണ് മത രാഷ്ട്ര സങ്കല്‍പം. ഇതിനെതിരെ പ്രതിരോധം അത്യാവശ്യമാണ്. സമ്പൂര്‍ണ മതത്തിന്റെ പ്രയോഗം സമ്പൂര്‍ണ മതത്തിന്റെ വക്താക്കളെന്ന് പറയുന്നവര്‍ സമ്പൂര്‍ണ മതത്തിന്റെ പ്രയോഗം മനുഷ്യരാണ് നടത്തുന്നതെന്ന് മനസിലാക്കണം. ദൈവം സമ്പൂര്‍ണനാണെന്ന് അവകാശപ്പെടുന്ന ഇവര്‍ അപൂര്‍ണനായ മനുഷ്യന് ഇത് ഒരിക്കലും പ്രയോഗത്തില്‍ വരുത്താനാവില്ലെന്നും മനസിലാക്കണം. കാലം,ശാസ്ത്രം, എന്നിവ മാറുന്നതിനനുസരിച്ച് ഓരോ മതത്തിന്റെയും അടിസ്ഥാന തത്വങ്ങളും മാറികൊണ്ടിരിക്കും.

പ്രത്യേകിച്ച് ഏതെങ്കിലും മതത്തേയോ സംസ്‌കാരത്തെയോ മാത്രം ലക്ഷ്യം വയ്ക്കാതെ എല്ലാ മതങ്ങളെയും ആശയങ്ങളെയും മുന്‍ നിര്‍ത്തിയാണ് സംവാദം മുന്നേറിയത്. മതങ്ങളെ സംബന്ധിച്ച് ആധുനിക ലോകത്തിന്റെ കാഴ്ചപ്പാടും ആശങ്കകളും പങ്കുവച്ച സംവാദം കാണികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

Leave a Reply