Home » കലാസാഹിതി » ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല; ‘അമ്മ’ക്കെതിരെ വനിതാ കമ്മീഷന്‍

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല; ‘അമ്മ’ക്കെതിരെ വനിതാ കമ്മീഷന്‍

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍. ദിലീപിനെ തിരിച്ചെടുത്ത നടപടി അനുചിതമല്ല. ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കുകയാണ് സംഘടന.

ഇരയായ നടിക്കൊപ്പമല്ല സംഘടന. മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഉന്നതമായ സാംസ്‌കാരിക നിലവാരമാണ്. അദേഹം ഒരു ലഫ്റ്റനന്റ് കേണല്‍ ആണെന്ന് ഓര്‍ക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. അമ്മയ്ക്ക് ഇനി ആ പേര് യോജിക്കില്ലെന്നും അവര്‍ പറഞ്ഞു. അമ്മയിലെ അംഗങ്ങളായ ഇടത് എംഎല്‍എമാര്‍ക്കെതിരെയും വനിത കമ്മിഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇടത് എംഎല്‍എമാര്‍ വിമര്‍ശനത്തിന് ഇടവരുത്തരുതായിരുന്നു.

ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. നാലു നടിമാരുടെ രാജിയില്‍ മഞ്ജു വാര്യര്‍ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം. തന്റെ അഭിപ്രായം പറയാന്‍ മഞ്ജു ആരെയും ഭയപ്പെടേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

‘അമ്മ’യില്‍ നിന്നും രാജി വച്ച നടിമാരുടെ തീരുമാനത്തെ അനുമോദിച്ച് വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നിരുന്നു. നാല് നടിമാരുടെ രാജി ധീരമെന്ന് വി.എസ് പറഞ്ഞു. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് ‘അമ്മ’ സംഘടനയില്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല. സിനിമാ വ്യവസായത്തിന് സംഘടന ഗുണം ചെയ്യില്ലെന്നും വിഎസ് വ്യക്തമാക്കി. രാജിവെച്ച നടിമാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും അദേഹം പറഞ്ഞു.

നേരത്തെ നടിമാരെ അഭിനന്ദിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പു നല്‍കാന്‍ കഴിയാത്തത് ഖേദകരമാണ്. താരസംഘടനയില്‍ ജനപ്രതിനിധികളുണ്ടെങ്കിലും ഇപ്പോഴത്തെ സംഭവങ്ങള്‍ സംഘടനയുടെ ആഭ്യന്തര പ്രശ്‌നമാണ്. രാജിവയ്ക്കണോ എന്നത് ജനപ്രതിനിധികളായ നടന്മാരുടെ സ്വാതന്ത്ര്യമാണെന്നും കാനം പറഞ്ഞു.

സംഘടനയില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നാലു നടിമാര്‍ രാജിവച്ചത്. ആക്രമിക്കപ്പെട്ട നടി, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. അമ്മയ്ക്കെതിരെ വനിതാകൂട്ടായ്മ തുറന്നടിച്ചതിന് പിന്നാലെയാണ് സംഘടനയെ പൊട്ടിത്തെറിയിലേക്ക് നയിച്ച് നടിമാരുടെ രാജി. ഡബ്ല്യുസിസിയുടെ ഫെയ്ബുക്ക് പേജിലാണ് രാജി പ്രഖ്യാപിച്ചത്. നാലുപേരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

Leave a Reply