Home » ന്യൂസ് & വ്യൂസ് » ഇടതു നെഞ്ചിലേറ്റ ഒറ്റക്കുത്തില്‍ ഹൃദയം പിളര്‍ന്നാണ് അഭിമന്യു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

ഇടതു നെഞ്ചിലേറ്റ ഒറ്റക്കുത്തില്‍ ഹൃദയം പിളര്‍ന്നാണ് അഭിമന്യു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

ഇടതു നെഞ്ചിലേറ്റ ഒറ്റക്കുത്തില്‍ ഹൃദയം പിളര്‍ന്നാണ് അഭിമന്യു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നാലു സെന്റീമീറ്റര്‍ വീതിയും കുറഞ്ഞത് ഏഴു സെന്റീമീറ്റര്‍ നീളവുമുള്ള മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചാണ് നെഞ്ചില്‍ കുത്തിയിരിക്കുന്നത്.

ഹൃദയത്തില്‍ ഒരു ചെറിയ സുഷിരം വീണാല്‍ പോലും ഒരു മിനിട്ടില്‍ രണ്ടുലിറ്റര്‍ രക്തം ചോരും. ഇവിടെ കുത്തേറ്റ് ഹൃദയം നെടുകെ പിളര്‍ന്നിരുന്നു. ചികിത്സ നല്‍കിയാല്‍ പോലും രക്ഷപ്പെടുത്താനാകാത്ത അവസ്ഥയാണിത്.

കുത്തേറ്റുവീണ സ്ഥലത്തുനിന്ന് അഭിമന്യുവിന് പത്തുമീറ്റര്‍ അപ്പുറത്തേക്ക് ഓടാന്‍ കഴിഞ്ഞിരുന്നില്ല. കുത്തേറ്റയിടത്തു നിന്ന് കുറച്ചുമാറി
റോഡിന്റെ വശത്തെ കാനയ്ക്ക് മുകളിലേക്ക് അഭിമന്യു കുഴഞ്ഞു വീണു.

ബോധരഹിതനായ അഭിമന്യുവിനെ കൂട്ടുകാര്‍ എടുത്താണ് തൊട്ടടുത്തുള്ള ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴി വന്ന ഓട്ടോറിക്ഷകള്‍ക്ക് കൈ കാണിച്ചെങ്കിലും ഓട്ടോ നിര്‍ത്തി നോക്കിയതല്ലാതെ ആരും സഹായിച്ചില്ലെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേവലം നൂറുമീറ്റര്‍ മാത്രം അകലെയുള്ള ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞരക്കമുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ഡോക്ടര്‍ പരിശോധിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാരകമായ കുത്തേറ്റ് അഞ്ചുമിനിട്ടിനുള്ളില്‍ മരണം സംഭവിച്ചു. ഇക്കാര്യങ്ങള്‍ വിശദമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

സംഘടിച്ചെത്തിയ മുതിര്‍ന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ അഭിമന്യുവിനെ പുറകില്‍ നിന്ന് പിടിച്ചു നിര്‍ത്തിയ ശേഷം നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. കൊലപാതകം വളരെ ആസൂത്രിതമായാണ് നടത്തിയതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനത്തെ ശരിവയ്ക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്: കേരള കൌമുദി

Leave a Reply