അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവരുടെ പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ്. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കുമേല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിയമം (യു.എ.പി.എ) ചുമത്താന്‍ ഡി.ജി.പി നിയമോപദേശം തേടി. സംഭവത്തിലെ തീവ്രവാദ ബന്ധത്തേക്കുറിച്ച് എന്‍.ഐ.എയും അന്വേഷണം തുടങ്ങി.
കൊച്ചിയിലെത്തിയ ഡി.ജി.പി ലോക്നാഥ് ബെഹ്റ അറസ്റ്റിലായവരെ സൂക്ഷിച്ചിരിക്കുന്ന സെന്‍ട്രല്‍ സ്റ്റേഷനിലെത്തി ഇവരെ നേരിട്ട് ചോദ്യം ചെയ്തു. മുഹമ്മദ് എന്നയാളാണ് അഭിമന്യുവിനെ കുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ബെഹ്റ അന്വേഷണ സംഘവുമായും ചര്‍ച്ച നടത്തി.
ഡി.ജി.പി ലോക്നാഥ് ബെഹ്റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായരുമായി കേസിന്റെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തു. ഹൈക്കോടതിയിലായിരുന്നു കൂടിക്കാഴ്ച. കേസില്‍ ഗൂഡാലോചനയുണ്ടെന്ന് വ്യക്തമായതായി ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. അഡ്വക്കറ്റ് ജനറലുമായും ഡി.ജി.പി ചര്‍ച്ച നടത്തിയിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന് ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഭിമന്യുവിന്റെ കൊലയുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് സംയുക്തമായി ആസൂത്രണം ചെയ്ത് കൊലപാതകമാണ് അഭിമന്യുവിന്റേത് എന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. മുമ്പ് തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടവരേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
കേസിലെ തീവ്രവാദ ബന്ധം എന്‍.ഐ.എ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. ഇതിന്റെ മുന്നോടിയായി എന്‍.ഐ.എ പൊലീസില്‍ നിന്നും പ്രാഥമിക വിവരം തേടി.
ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായ മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.