Home » നമ്മുടെ കോഴിക്കോട് » അഭിമന്യുവിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അറസ്റ്റില്‍

അഭിമന്യുവിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അറസ്റ്റില്‍

എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ അരുകൊല നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസാണ് പൊലീസ് പിടിയിലായത്. കൊലപാതകത്തില്‍ ഏഴാമത്തെ പ്രതിയാണ് അനസ്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി മുഹമ്മദിനെ ഫോണില്‍ ബന്ധപ്പെട്ട ഒരാളെ ആലപ്പുഴയില്‍നിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഗൂഢാലോചനയില്‍ അനസ് പങ്കാളിയാണെന്നും ഇതിനാലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.

അഭിമന്യുവിനൊപ്പം കുത്തേറ്റ് ചികിത്സയിലുള്ള അര്‍ജുന്റെ മൊഴിയെടുത്തു. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ അര്‍ജുന്‍ ആശുപത്രിയില്‍ തുടരും. അതേസമയം, മൊഴിയെ സംബന്ധിച്ചോ കേസിന്റെ മറ്റ് വിശദാംശങ്ങളോ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

മഹാരാജാസ് കോളേജില്‍ വെച്ച് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെതിരെ ഗൂഢാലോചന നേരത്തെ തന്നെ നടന്നിരുന്നതായി സൂചനയുണ്ടായിരുന്നു. അഭിമന്യു വധക്കേസിലെ പ്രതിയായ മുഹമ്മദ് എന്ന വിദ്യാര്‍ത്ഥി മാസങ്ങള്‍ക്കുമുന്‍പെ അഭിമന്യുവുമായി അടുക്കാന്‍ ശ്രമിച്ചിരുന്നു.

അഭിമന്യുവിന് കുത്തേറ്റ സ്ഥലത്തിന് സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിരുന്നു. ദൃശ്യങ്ങളില്‍നിന്ന് അക്രമിസംഘത്തെ തിരിച്ചറിയാന്‍ സാധിച്ചേക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇതുവരെ അറസ്റ്റിലായവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഫോണ്‍കാളുകള്‍ ഉള്‍പ്പെടെ സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്.

Leave a Reply