ഫുട്ബോള്‍ മൈതാനത്ത് ഇന്ത്യയും അര്‍ജന്റീനയും നേര്‍ക്കുനേര്‍. വരും കാല സ്വപ്നമല്ല അടുത്ത മാസം ആറിന് നടക്കാന്‍ പോകുന്ന യാഥാര്‍ത്ഥ്യമാണ്. പക്ഷേ മൈതാനത്ത് നേര്‍ക്കുനേര്‍ എത്തുന്നത് ലയണല്‍ മെസിയും സുനില്‍ ഛേത്രിയുമൊന്നുമല്ല അവരുടെ കുഞ്ഞനുജന്മാര്. ഇന്ത്യയുടെ അണ്ടര്‍ 19 ടീം സ്പെയിനില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന അണ്ടര്‍ 19 ടീമിനെ നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വന്‍ ശക്തികളായ അര്‍ജന്റീനയും ഈ രംഗത്ത് പിച്ചവെച്ച് തുടങ്ങുന്ന ഇന്ത്യയും നേര്‍ക്ക്നേര്‍ വരുന്നു എന്നതാണ് ഈ കളിയുടെ പിന്നിലെ ഏറ്റവും വലിയ ആകര്‍ഷണം. അടുത്ത മാസം ആറിനാണ് മത്സരം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെനിസ്വാല, മൗറീഷ്യാന തുടുങ്ങിയ ടീമുകളാണ് അര്‍ജന്റീനയ്ക്കും ഇന്ത്യയ്ക്കുമൊപ്പം സ്പെയിനില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ കളിക്കുന്നത്. ഈ മാസം 22ന് ഇന്ത്യന്‍ ടീം സ്പെയിനിലേക്ക് തിരിക്കും. അവിടെവെച്ചുള്ള പരിശീലനത്തിന് ശേഷമാകും ഇന്ത്യ മത്സരത്തിനിറങ്ങുക
ആദ്യ മത്സരത്തില്‍ മൗറീഷ്യാനെയെയും രണ്ടാം മത്സരത്തില്‍ വെനിസ്വാലയെയും ഇന്ത്യ നേരിടും. മൂന്നാം മത്സരത്തിലാണ് ഇന്ത്യഅര്‍ജന്റീന പോരാട്ടം. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയെ പരിശീലിപ്പിച്ച ലൂയിസ് ഡി മാറ്റോസ് തന്നെയാണ് ഇന്ത്യയുടെ പരിശീലകന്.