കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴക്കെടുതിയില്‍ ഇന്ന് നാല് പേര്‍മരിച്ചു. ആലപ്പുഴ ജില്ലയിലെ ഇരമത്തൂരില്‍ വള്ളം മറിഞ്ഞ് തൂവന്പാറ സ്വദേശി ബാബുവാണ് മരിച്ചത്. മാവേലിക്കരയില്‍ കനാലില്‍ മുങ്ങി പള്ളിയാവട്ടം തെങ്ങുംവിളയിര് രാമകൃഷ്ണനെന്നായാളും കോട്ടയം പെരുവയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാളും കോഴിക്കോട് കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയും മരിച്ചതോടെയാണ് ഇന്ന് മരണ സംഖ്യ നാലായി ഉയര്‍ന്നത്.
അതേസമയം, മഴക്കെടുതിയില്‍ ഇതുവരെ 17 പേര് മരിച്ചുവെന്നാണ് റവന്യൂ വകുപ്പിന്റെ കണക്കുകള്‍. തീരപ്രദേശങ്ങളലില് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. വെള്ളക്കെട്ടു മൂലം പലയിടങ്ങളിലും റോഡ് ഗതാഗതം ദുഷ്കരമായി. റെയില്‍ ഗതാഗതവും താളംതെറ്റി. മീനച്ചിലാറില്‍ ജലനിരപ്പ് അപായ മാര്‍ക്കിനും മുകളിലായിട്ടുണ്ട്. നേരത്തെ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിരുന്നെങ്കില്‍ വൈകുന്നേരത്തോടെ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. വേഗത നിയന്ത്രിച്ചാണ് ട്രെയിനുകള്‍ കടത്തി വിടുന്നത്.
വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കനത്ത മഴയ്ക്കു കാരണമായത്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ പൂര്‍ണമായും എറണാകുളം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, എറണാകുളം ജില്ലയിലെ ചെല്ലാനം, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ എല്ലാ സ്കൂളുകള്‍ക്കും ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും നാളെ 18-07-2018 ബുധനാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു