തെങ്ങുകയറാന്‍ ആളെ കിട്ടുന്നില്ലെന്ന പരാതി ഇനി കോഴിക്കോട്ടുകാര്‍ക്ക് പറയേണ്ടതില്ല. അരിക്കോട് സ്വദേശികളായ ഷാമിലും സലാമും അതിന് പരിഹാരം കണ്ടെത്തി കഴിഞ്ഞു. തെങ്ങുകയറ്റ യന്ത്രങ്ങള്‍ ഇപ്പോള്‍ സുലഭമാണെങ്കിലും വളഞ്ഞ തെങ്ങില്‍ കയറാന്‍ ആ യന്ത്രങ്ങള്‍ പോരെന്ന അവസ്ഥയാണ്. നിലവിലെ യന്ത്രങ്ങളുടെ ഭാരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് വെറും അഞ്ച് കിലോ ഭാരം മാത്രമുള്ള സിസ്റ്റന്റ് ക്ലിമ്പറെന്ന ഈ തെങ്ങുകയറ്റ യന്ത്രം താരമാകുന്നത്. സഹോദരങ്ങളായ ഷാമിലും സലാമും എന്‍ഐടിയില്‍ കെന്‍സണ്‍ എന്ന പേരില്‍ സ്റ്റാര്‍ട്ട് അപ് രജിസ്റ്റര്‍ ചെയ്ത് പേറ്റന്റ് എടുത്തുകഴിഞ്ഞു. എഞ്ചിനിയറിംഗില്‍ ഷിബില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ഷാമില്‍ കെഎംസിടി കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്.
ഉപകരണത്തിന്റെ മുകളില്‍ ഇരിക്കുന്ന ഭാഗത്ത് സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടുണ്ട്. തെങ്ങില്‍ കയറിക്കഴിഞ്ഞാല്‍ യന്ത്രം ലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. അതിനാല്‍ അപകടസാധ്യതയില്ല. 42 സെക്കന്‍ഡു കൊണ്ട് 30 അടി ഉയരത്തില്‍ കയറാന്‍ കഴിയും. ഉപകരണത്തിന് 2000 രൂപയ്ക്കും 4000 രൂപയ്ക്കും ഇടയിലാണ് വില. അടുത്തുതന്നെ ഉല്പന്നം മാര്‍ക്കറ്റിലെത്തും. യന്ത്രം എങ്ങനെ ഉപയോഗിക്കണം എന്ന് വ്യക്തമാക്കുന്ന ബ്രോഷറും സിഡിയും ഇതിനൊപ്പം നല്‍കും. ശനിയാഴ്ച വൈകിട്ട് മന്ത്രി ആര്യാടന് മുഹമ്മദ് യന്ത്രം ലോഞ്ച് ചെയ്യും.