Home » നമ്മുടെ കോഴിക്കോട് » സമാന്തര സര്‍വ്വീസിനെതിരെ വടകരയില്‍നിന്ന് പേരാമ്പ്രയിലേക്കുള്ള ബസുകള്‍ ഇന്നു മുതല്‍ പണിമുടക്കും

സമാന്തര സര്‍വ്വീസിനെതിരെ വടകരയില്‍നിന്ന് പേരാമ്പ്രയിലേക്കുള്ള ബസുകള്‍ ഇന്നു മുതല്‍ പണിമുടക്കും

സമാന്തര സര്‍വീസിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ചാനിയംകടവ്- മേപ്പയൂര്‍ വഴി വടകരയില്‍നിന്ന് പേരാമ്പ്രയിലേക്കുള്ള ബസുകള്‍ ഇന്നു മുതല്‍ പണിമുടക്കും. സമാന്തര സര്‍വീസ് സ്വകാര്യ ബസുകാരെ നഷ്ടത്തിലാക്കുമെന്ന് പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ബസുടമകളുടെ പരാതി. മുമ്പ് പല തവണയായി സമരങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അധികാരകളുടെ ഉറപ്പിനു മേല്‍ സമരങ്ങള്‍ മാറ്റി വെക്കുകയായിരുന്നു. എന്നിട്ടും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നത്.

ജീപ്പുകളും ഓട്ടോകളും സ്വകാര്യ ബസ്സുകളുടെ സമയത്ത് മുമ്പിലും പിന്നിലുമായി ആളെ വിളിച്ചു കയറ്റി ഓടുന്നത് കൊണ്ട് ബസ്സുകളുടെ സര്‍വ്വീസുകള്‍ നഷ്ടത്തിലാണ്. ബസ്സില്‍ യാത്രക്കാരുടെ എണ്ണം ക്രമേണ കുറയുന്ന അവസ്ഥയാണ്. സമാന്തര സര്‍വ്വീസിനെതിരെ ഹൈക്കോടതി വിധി നിലനിന്നിട്ടും ഒരു മാറ്റവുമില്ല. നൂറില്‍പരം ബസുകള്‍ ഓടുന്ന റൂട്ടിലാണ് ഇന്നു മുതല്‍ സമരം തുടങ്ങുന്നത്.

സമാന്തര സര്‍വീസിനെതിരെ വിവിധ സ്ഥലങ്ങളില്‍ നടപടി തുടങ്ങിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. പരാതിയുള്ള റൂട്ടുകളില്‍ രാവിലെ മുതല്‍ പരിശോധന നടത്തി പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങി. എന്നാല്‍ പിഴ അടച്ച ജീപ്പ്, ഓട്ടോകള്‍ വീണ്ടും സമാന്തര സര്‍വീസ് നടത്തുകയാണെന്നും ഇത്തരം സര്‍വീസ് പൂര്‍ണമായി തടയണമെന്നുമാണ് ബസ് ഉടമകള്‍ പറയുന്നത്.

Leave a Reply