ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി (94) വിടവാങ്ങി. ഇന്ന് വെെകുന്നേരം 6.10നാണ് അന്ത്യം സംഭവിച്ചത്. കാവേരി ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണം വിവരം അറിഞ്ഞതോടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ആശുപത്രിയിലേക്ക് അണികളുടെ പ്രവാഹമാണ്.
കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച ട്രക്കിയോസ്റ്റോമി ട്യൂബ് മാറ്റുന്നതിനായിട്ടാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് ശേഷമായിരുന്നു ഗോപാലപുരത്തെ വീട്ടിലേക്ക് മാറ്റിയത്. ഡിഎംകെയുടെ തലപ്പത്ത് അരനൂറ്റാണ്ട് കാലവും തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അഞ്ചു തവണയും സേവനം അനുഷ്ഠിച്ച കരുണാനിധി ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു.
