Home » ന്യൂസ് & വ്യൂസ് » രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി

രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി

കേരളം നേരിട്ട ഏറ്റവും വലിയ ദുരിതത്തില്‍ കൈമെയ് മറന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. അത് കാര്യക്ഷമമായി തുടര്‍ന്ന്‌ കൊണ്ടിരിക്കും. ജനജീവിതം സാധാരണ നിലയിലാക്കുന്നതിനാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ള പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തൊട്ടാകെ 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി 724649 ആളുകള്‍ താമസിക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ നടക്കുന്നത്. ദുരന്ത ഘട്ടത്തില്‍ പ്രഥമ പരിഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ്. അത് ലക്ഷ്യം കാണുന്ന നിലയിലാണുള്ളത്. ഇനി ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണം. അതിനുള്ള പദ്ധതികളാണ് അടുത്ത ഘട്ടം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാമ്പുകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി വരികയാണ്. പ്രദേശിക സഹകരണം ലഭ്യമാക്കികൊണ്ട് തന്നെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകും.

വീടുകളില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ വനിതാ പോലീസുകാരെ നിയമിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികളിലാണ്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത് ചെയ്യുക. തെരുവ് വിളുക്കുകളുടേതടക്കമുള്ള വൈദ്യുതി പെട്ടെന്ന് പുനഃസ്ഥാപിക്കും.

രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളുടെ വലിയ ഇടപെടലുകളുണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധനത്തിന് പുറമെ ദിവസംതോറും 3000 രൂപ നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കേടുപാടു പറ്റുകയും നഷ്ടപ്പെട്ട് പോകുകയും ചെയ്ത ബോട്ടുകള്‍ക്ക് നഷ്ട പരിഹാരം നല്‍കും. ദുരിതാശ്വാസത്തിന് എത്തിച്ച ബോട്ടുകള്‍ കൊണ്ടുവന്ന പോലെ തന്നെ തിരിച്ചെത്തിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ സ്വീകരണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വെള്ളം ഇറങ്ങുമ്പോള്‍ ചെളി കെട്ടിക്കിടക്കും. ശുചിത്വം ഇല്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകും. ഏറ്റവും പ്രധാനം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതാണ്. സംസ്ഥാന ഹരിത കേരള മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യും. ഇതിനു വേണ്ടി പ്രത്യേക ടീമുകളെ ഓരോ വാര്‍ഡിലും നിയോഗിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ ഇതില്‍ പങ്കാളികളാകണം. ഓരോ വാര്‍ഡിലും ഒരു ചുമതലപ്പെട്ട ഉദ്യോഗസ്ഥനുണ്ടാകും. വളണ്ടിയര്‍മാര്‍ക്കു നിര്‍ദേശം നല്‍കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടാകും. ഒരു പഞ്ചായത്തില്‍ ആറ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പുറമേ കരാര്‍ അടിസ്ഥാനത്തിലും ആളെ നിയമിക്കും. മാലിന്യ നിര്‍മാര്‍ജനത്തിനു പ്രോട്ടോകോള്‍ ഉണ്ടാക്കും. ആരോഗ്യ – തദ്ദേശ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട സമിതി ഇതു പരിശോധിക്കും. ഫയര്‍ ഫോഴ്സും മാലിന്യം നീക്കാനായി പ്രവര്‍ത്തിക്കും.

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും അഡീഷണല്‍ ചീഫ്‌സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള ഉപസമിതിയെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സഹായം വേണമെങ്കില്‍ അതിനുള്ള നടപടികളുണ്ടാകും. ക്യാമ്പുകളില്‍ എത്തിയവരില്‍ തുടര്‍ച്ചയായി മരുന്നുകളോ ചികിത്സയോ തേടുന്നവരുണ്ടെങ്കില്‍ അവരെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മരുന്നകള്‍ വിതരണം ചെയ്യാനും സ്വീകരിക്കാനും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗാതഗതം മേഖല പുനഃസ്ഥാപിക്കും. റെയില്‍വെയുടെ തകരാറുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. റോഡ് മാര്‍ഗം യാത്ര നടത്തുന്നതിനുള്ള താത്ക്കാലിക സൗകര്യങ്ങള്‍ സ്വീകരിക്കും. വന്‍നാശ നഷ്ടങ്ങളാണ് റോഡുകള്‍ക്കുണ്ടായിട്ടുള്ളത്. നേരത്തെ മാറ്റിവെച്ച ആയിരം കോടി രൂപ ഇത് പരിഹരിക്കാനുപയോഗിക്കും.

നഷ്ടപ്പെട്ട രേഖകള്‍ വേഗത്തില്‍ നല്‍കുന്നതിന് ഐടി അധിഷ്ഠിത സംവിധാനം ഒരുക്കും. നഷ്ടപ്പെട്ട പാഠപുസ്തകം സൗജന്യമായി നല്‍കും. 36 ലക്ഷം പുസ്തകം അച്ചടിച്ചത് ഉണ്ട്. യൂണിഫോം നഷ്ടപ്പെട്ട കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കു യൂണിഫോം നല്‍കും.

Leave a Reply