Home » നമ്മുടെ കോഴിക്കോട് » കേരളം എന്തിന് ഭയക്കണം; കോഴിക്കോട്ടെ ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ച് അനില്‍കുമാര്‍ തിരുവോത്ത്

കേരളം എന്തിന് ഭയക്കണം; കോഴിക്കോട്ടെ ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ച് അനില്‍കുമാര്‍ തിരുവോത്ത്

”ഈ ഭൂമി നിശ്ചയമായും വാസയോഗ്യമായ ഒരിടമാണ്,
കാരണം അവിടെ മനുഷ്യര്‍ അധിവസിക്കുന്നു.”
തോമസ് കാര്‍ലൈല്‍.

കോഴിക്കോടന്‍ സുമനസ്സുകളോട്, അതുവഴി എല്ലാ സുമനസ്സുകളോടും വലിയൊരു നന്ദി പറയാനാണ് ഈ കുറിപ്പ്.
സ്വാതന്ത്ര്യദിനത്തോടടുപ്പിച്ച് പൊട്ടിപ്പുറപ്പെട്ട പ്രളയപയോധിയില്‍ കേരളം ഏറെക്കുറെ ഭൂരിഭാഗം കടലും അല്പം കരയുമായി തീര്‍ന്നു, ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത ഒരു ദുരന്താനുഭവത്തിലൂടെ കടന്നുപോയപ്പോള്‍, കേരളം അക്ഷരാര്‍ത്ഥത്തില്‍ രണ്ടായിതീര്‍ന്നു. ദുരന്തത്തില്‍പ്പെട്ടവരുടെ കേരളവും, കഷ്ടി അതില്‍നിന്ന് രക്ഷപ്പെട്ടവരുടെ കേരളവും. അന്നേരം കേരളീയര്‍ മുമ്പെങ്ങുമില്ലാത്തവിധം ‘ഒരൊറ്റ ജനത’യായി തീരുകയും, ഒരൊറ്റ ജോലി മാത്രം ഉള്ളവരായിത്തീരുകയും ചെയ്തു. ആ ജോലി ദുരന്തമുഖത്ത് മരണം കാത്തവരെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു. അതിജീവിക്കുന്നെങ്കില്‍ ഒന്നിച്ച് എന്ന് പ്രഖ്യാപിച്ചു കേരളം. എം. എന്‍. വിജയന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തിലായി, ഇപ്പോഴെല്ലാം കൊടുക്കുവാനുള്ളതാണ്, ഭൂമി നിങ്ങളുടേത് മാത്രമല്ല എന്നത് ഒരു ജനതയുടെ വിവേകമായി.
ഇക്കഴിഞ്ഞ 18, 19 തിയ്യതികളില്‍ ടൗണ്‍ഹാള്‍ അങ്ങനെ ഒരിടമായിരുന്നു, കേരളത്തിലെ പല ഇടങ്ങളും പോലെ, 17-ാം തിയ്യതി വൈകുന്നേരം പതിവുപോലെ ആര്‍ട്ഗാലറി പരിസരത്ത് കൂടിച്ചേര്‍ന്ന് ഞങ്ങളില്‍ ചിലര്‍, കണ്ണുമടച്ച് അങ്ങ് തീരുമാനിക്കുകയായിരുന്നു, തീരുമാനപ്രകാരം, ഞാനും, നദിയും, ഗുലാബ്ജാനും വിഭവ സമാഹരണത്തിനൊരുങ്ങുന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നു. പിറ്റേന്ന് രാവിലെ ആര്‍ട്ട് ഗാലറി പരിസരത്ത് ദുരിതാശ്വാസ കേമ്പുകളിലേയ്ക്ക് ആര്‍ട് ഗാലറി ചങ്ങാതിക്കൂട്ടം ആവശ്യവസ്തുക്കള്‍ ശേഖരിക്കുന്നു എന്നേ പറഞ്ഞിരുന്നുള്ളൂ. 18-ാം തിയ്യതി രാവിലെ 10. 30 ആകുമ്പോഴേയ്ക്ക് ഭക്ഷണ സാധനങ്ങളുമായി ജനങ്ങളുടെ ഇടതടവില്ലാത്ത വരവ്. കൂടെ സേവനസന്നദ്ധരായി വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും. പ്രതീക്ഷക്കപ്പുറത്തെ ഒരു ലോകം കാണുകയായിരുന്നു. അറിയുകയായിരുന്നു. വിവിധ ക്യാമ്പുകളിലക്കുള്ള അവശ്യസാധനങ്ങള്‍, അപ്പപ്പോള്‍ ആവശ്യപ്പെടുന്നത് പൊട്ടിവീഴുകയായിരുന്നു; എവിടെ നിന്നറിയാതെ. പക്ഷേ ആ പൊട്ടിവീണ വസ്തുക്കളെല്ലാം ഒരു മനുഷ്യന്റെ കൈ പിടിച്ചാണ് ടൗണ്‍ഹാള്‍ ഗേറ്റ് കടന്ന് വന്നത്. അവരെയാണ് സുമനസ്സുകള്‍ എന്നു വിളിക്കുന്നത്.
യുവതലമുറയുടെ ആപല്‍ബാന്ധവത്വത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരു ഫോണ്‍ കോള്‍പോലും അറ്റന്‍ഡ് ചെയ്യാതെ, ഒരു ചായ പോലും കുടിച്ച് സമയം കളയാതെ പാക്കിംഗിനും ട്രാന്‍സ്‌പോര്‍ട്ടേഷനും കൈമെയ് മറന്ന് വ്യാപൃതരായ പെണ്‍കുട്ടികളടക്കമുള്ള ന്യൂജെന്‍…. അവരും കൂടിയാണ് നമ്മുടെ സൈന്യം. അവരെ സാക്ഷിനിര്‍ത്തി ഉറപ്പിച്ച് പറയാം, കേരളത്തെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. ഒരു വര്‍ഗ്ഗീയവാദിക്കും കേരളത്തെ മുറിവേല്പ്പിക്കാനാവില്ല. ആ സൈന്യം മഹാഭൂരിപക്ഷമാണ്.
സാധനങ്ങളുമായി വന്ന്, പിന്നെ രണ്ട് ദിവസം സന്നദ്ധ സേവകരായി മാറിയ വീട്ടമ്മമാര്‍ക്ക് കോടിപ്രണാമം. കൂടെ ക്യാമ്പുകളിലേയ്ക്ക് സാധനങ്ങളുമായി ഓടാന്‍ വാഹനം സൗജന്യമായി വിട്ടുതന്ന ആളുകള്‍ക്കും, വിവിധ തുറകളിലെ ആളുകള്‍, ഒരു ലിസ്റ്റ് എടുത്താല്‍ അതവസാനിക്കില്ല.
കണ്ണു നിറച്ചുകളഞ്ഞു ഒരാള്‍. രണ്ടാം ദിവസം ഉച്ചയ്ക്ക്, അല്പം ബുദ്ധിമാന്ദ്യമുണ്ടെന്ന് സംശയിക്കാവുന്ന ഒരാള്‍ (ക്ഷമിക്കണം) ടൗണ്‍ഹാള്‍ ഗേറ്റ് കടന്ന് മറ്റൊന്നും ശ്രദ്ധിക്കാതെ വളരെ വേഗത്തില്‍ നടന്നുവന്നു. കയ്യില്‍ ഒരു പൊതിയുണ്ട്. മുന്നില്‍ തന്നെ ഉണ്ടായിരുന്ന കൗണ്ടറില്‍ നിന്ന് ഞാനയാളെ വിളിച്ചു. കൊണ്ടുവരുന്ന സാധനം രേഖപ്പെടുത്തണമായിരുന്നു. പേരും ഫോണ്‍നമ്പറും സ്ഥലവും രേഖയായി വേണമായിരുന്നു. അയാള്‍ അത് കേട്ടില്ല. നേരെ ഹാളിനകത്തേക്ക്. ഞങ്ങള്‍ പിന്നാലെ ചെന്നു. കയ്യിലെ പൊതി വാങ്ങി പരിശോധിച്ചു. അവിടെ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലാതിരുന്ന ഒന്നായിരുന്നു അത്. ഒരു പൊതി ചോറ്! ദുരിതാശ്വാസക്യാമ്പാണെന്ന് കരുതിയതാണ്. തന്നാലാവുന്നത് എന്ന് കരുതിയാണ്. ശേഖരണകേന്ദ്രമാണെന്ന് അയാള്‍ക്കറിയില്ല. അയാളോട് ആരും പറഞ്ഞില്ല. അയാളോട് കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വല്ലാതെ പണിപ്പെട്ടു. കാരണം അയാളോട് സംവാദിക്കാന്‍ മാത്രം ഞങ്ങളുടെ ഭാഷ വളര്‍ന്നിരുന്നില്ല. എന്നിട്ടും ഞങ്ങളുടെ ആത്മവിശ്വാസം വളര്‍ന്നു. ഇത് കേരളമാണെന്ന ആത്മവിശ്വാസം.
എന്നാല്‍ കേരളത്തെ സഹായിക്കരുതെന്നു പറഞ്ഞ ഒരു കേരളം, സഹായം അഭ്യര്‍ത്ഥിച്ച പെണ്‍കുട്ടികള്‍ക്ക് മുണ്ട് പൊക്കി കാണിച്ച കേരളം, ഇതേ കേരളത്തിനകത്തുണ്ട് എന്ന് നാം അറിഞ്ഞിരിക്കണം. ആ കേരളം മാത്രമാണ് നമ്മുടെ ഒടുങ്ങാത്ത ഖേദം. ദുരിതാശ്വാസ കേന്ദ്രത്തിലെ കുരുന്നുലാളന സെല്‍ഫിയാക്കി പോസ്റ്റിയവരും, ചലച്ചിത്ര നടിയെ വരുത്തി ക്യാമ്പില്‍ വെച്ച് കൂട്ട സെല്‍ഫി എടുത്ത് പോസ്റ്റിട്ട വാട്ട്‌സാപ്പ് ഗ്രൂപ്പും, ക്യാമ്പിലെ ഉറക്കം സെല്‍ഫി (!) പ്രമോഷനാക്കിയ ഐ. എ. എസ് സ്‌നോബും ഇതേ കേരളത്തിന്റെ ജീര്‍ണ്ണമുഖം. അതൊരു കണ്ണാടി കൂടിയാണ്. അലയിളകാത്ത ലംബബിംബ പൊങ്ങച്ചം! എന്നാല്‍ നഗ്നപാദനായി ഓടി വന്ന ആ ഒരു പൊതിച്ചോറ് ഒരു പ്രഖ്യാപനമാണ്. ഒരു കൈകൂടി ബാക്കിയുണ്ട് എന്ന പ്രഖ്യാപനം. പിന്നെ കേരളം ആരെ ഭയക്കണം!

Leave a Reply