Home » ന്യൂസ് & വ്യൂസ് » അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതല്ല പ്രളയകാരണമെന്ന് കേന്ദ്ര ജലകമ്മീഷന്‍; ദുരന്തത്തിന് ഇടയാക്കിയത് അപ്രതീക്ഷിതവും അതിശക്തവുമായ മഴ

അണക്കെട്ടുകള്‍ ഒറ്റയടിക്ക് തുറന്നതല്ല പ്രളയകാരണമെന്ന് കേന്ദ്ര ജലകമ്മീഷന്‍; ദുരന്തത്തിന് ഇടയാക്കിയത് അപ്രതീക്ഷിതവും അതിശക്തവുമായ മഴ

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളും ഒറ്റയടിക്കു തുറന്നതല്ല പ്രളയത്തിനു കാരണമായതെന്നു കേന്ദ്ര ജല കമ്മിഷന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഉണ്ടായ അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണു ദുരന്തത്തിന് ഇടയാക്കിയത്. അണക്കെട്ടുകള്‍ നിറഞ്ഞത് അതിവേഗമാണ്.

ഭൂപ്രകൃതിയും ഇതില്‍ നിര്‍ണായക ഘടകമായി. നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രളയത്തിനാണു കേരളം സാക്ഷ്യം വഹിച്ചത്. കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി സുഭാഷ് ചന്ദ്ര വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് എത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് സംഘത്തെ നയിക്കുന്നത്. അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരെക്കൂടാതെ പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാരും നബാര്‍ഡ് പ്രതിനിധികളും പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും.

പ്രളയത്തില്‍ മുങ്ങിപ്പോയ ബാങ്കുകളും എടിഎമ്മുകളും, ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഓഫീസുകളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സംഘം വിലയിരുത്തും. അതോടൊപ്പം പ്രളയത്തില്‍ നശിച്ച നോട്ടുകള്‍ മാറ്റി നല്‍കുന്നത് സംബന്ധിച്ചും വായ്പകളുടെ തിരിച്ചടവ് കാലാവധി സംബന്ധിച്ചും സംഘം അവലോകനം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Leave a Reply