Home » ആരോഗ്യം » എലിപ്പനി നിയന്ത്രണ വിധേയം: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

എലിപ്പനി നിയന്ത്രണ വിധേയം: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണ വിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ഒരിടത്തും എലിപ്പനി കുടുന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ബുധനാഴ്ച എലിപ്പനി ബാധിച്ച് ഒരാളും സംശയാസ്പദമായി ഒരാളുമാണ് മരണമടഞ്ഞത്. പ്രളയം ഉണ്ടായി ഓഗസ്റ്റ് മാസം മുതല്‍ എലിപ്പനി സംശയിച്ച 45 മരണവും 13 സ്ഥിരീകരിച്ച മരണവുമാണുണ്ടായത്. അതേസമയം ജനുവരി മുതല്‍ എലിപ്പനി സംശയിച്ച 85 മരണവും 43 സ്ഥിരീകരിച്ച മരണവുമാണുണ്ടായത്. ഇത്രയേറെ വെള്ളപ്പൊക്കമുണ്ടായ സമയത്തും മരണനിരക്ക് കുറച്ച് നിര്‍ത്താന്‍ കഴിഞ്ഞത് വളരെ വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ എല്ലായിടത്തും വിതണം ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായ ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് വളരെ സജീവമായി ഇടപെട്ടതുകൊണ്ടാണ് പകര്‍ച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞത്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നു വരുന്നു. എല്ലാ മഴക്കാലത്തിനും പിന്നാലെ ഒരു പകര്‍ച്ചവ്യാധി ഒളിഞ്ഞിരിക്കുന്നതിനാല്‍ ആരോഗ്യ വകുപ്പ് അത് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ഈ ജാഗ്രത മൂന്നാഴ്ച തുടരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഫലപ്രദമായ മരുന്ന് വിതരണം നിലവിലുണ്ട്. കെ.എം.എസ്.സി.എല്‍. വഴിയാണ് മരുന്നുകള്‍ സംഭരിച്ച് വിതരണം ചെയ്യുന്നത്. വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍, എന്‍എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍, വെയര്‍ ഹൗസ് മാനേജര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലകളിലെ മരുന്ന് ലഭ്യത സ്ഥാപനങ്ങളില്‍ വിളിച്ച് ദിവസവും ഉറപ്പാക്കുന്നുണ്ട്. വാഹനം ഏര്‍പ്പെടുത്തി എല്ലാ സ്ഥാപനങ്ങളിലും മരുന്നെത്തിക്കാന്‍ വേണ്ടി ദിവസനേ ഡെയ്‌ലി ഡ്രഗ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 75,33,018 ഡോക്‌സിസൈക്ലിനാണ് ഇതുവരെ വിതരണം ചെയ്തത്. 83 ലക്ഷം ഗുളികകള്‍ കേരളത്തിലെ പല ആശുപത്രികളിലായും 13,11,000 ഗുളികകള്‍ വെയര്‍ ഹൗസിലായും സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

പ്രളയദുരന്തത്തെത്തുടര്‍ന്ന് ലക്ഷക്കണക്കിനാളുകളാണ് ക്യാമ്പുകളിലെത്തിയത്. പതിനായിരക്കണക്കിന് ആള്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തനത്തിനും എത്തിയിരുന്നു. മൃഗങ്ങളുടേയും മറ്റും അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും ഉണ്ടായിരുന്നെങ്കിലും എലിപ്പനി മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞത് ആരോഗ്യ വകുപ്പിന്റെ ശക്തമായ പ്രവര്‍ത്തനം കൊണ്ടാണ്.

ഐ.സി.എം.ആര്‍., സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ എന്നിവ മുഖേന പകര്‍ച്ചവ്യാധികളെപ്പറ്റി പഠനവും നടത്തി വരുന്നു. നിപ സമയത്ത് പാലിച്ച അതേ കരുതലോടെയാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു. 30 ദിവസം നീണ്ടു നില്‍ക്കുന്ന മൈക്രോ പ്ലാനുകളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. എല്ലാ ക്യാമ്പുകളിലും മെഡിക്കല്‍ ക്യാമ്പ് നടത്തിയിട്ടുണ്ട്. ഡയാലിസിസ് രോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങിയ രോഗമുള്ളവരെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയത് കൊണ്ടാണ് ക്യാമ്പുകളില്‍ നിന്നും അത്യാപത്തുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തത്.

വീടുകളില്‍ പോയവരുടെ ആരോഗ്യ സ്ഥിതി ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ട്. പ്രളയക്കെടുതിക്ക് ശേഷമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് എല്ലായിടത്തും ചികിത്സാ സംവിധാനം ലഭ്യമാക്കാനുമായി 244 താത്ക്കാലിക ആശുപത്രികള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മാതൃകയിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുക. ഒരു ഡോക്ടറും ഒരു നഴ്‌സും ഉണ്ടാകും. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് പ്രവര്‍ത്തന സമയം. ഈ കേന്ദ്രങ്ങള്‍ക്കാവശ്യമായ ഡോക്ടര്‍മാരേയും നഴ്‌സുമാരെയും നിയമിച്ചിട്ടുണ്ട്.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി വലിയ ക്യാംപയിനാണ് സംഘടിപ്പിച്ചുവരുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂം, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയാണുള്ളത്. ഇതുകൂടാതെ സത്വര നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിലാണ് സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ ക്യാമ്പുകളിലേയും അന്തിമ ഏകോപനം നടക്കുന്നത് ഇവിടെയാണ്. എല്ലാദിവസവും കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പകര്‍ച്ച വ്യാധി, രോഗവ്യാപനം, പ്രതിരോധം, ജീവനക്കാരുടെ അഭാവം, മരുന്നിന്റെ ലഭ്യത, പരിഹാര മാര്‍ഗങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ അവലോകന യോഗം ചേരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും അവലോകന യോഗം നടക്കുക.

പ്രളയബാധിത പ്രദേശങ്ങളിലുള്ള പകര്‍ച്ചവ്യാധികളെ സംബന്ധിച്ചുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓണ്‍ ലൈന്‍ ടൂള്‍ കിറ്റിന് രൂപം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.

പ്രളയ ദുരന്തത്തിന് ശേഷമുണ്ടായ എലിപ്പനിക്ക് പിന്നാലെ അങ്ങിങ്ങായി റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പ്രളയ ജലം ഒഴുകി പോയതോടെ പല സ്ഥലത്തും വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണുള്ളത്. അതില്‍ മുട്ടയിട്ട് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ വലിയ തോതില്‍ വ്യാപിക്കാന്‍ കാരണമാകും. അതിനാല്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഉറവിടനശീകരണം. ഈ പ്രവര്‍ത്തനം താഴെത്തട്ടിലാണ് നടത്തേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യനിര്‍മാര്‍ജനം ദ്രുതഗതിയില്‍ സാധ്യമാക്കി വരുന്നു.

വെള്ളം കയറിയ സ്ഥലങ്ങളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തുവരുന്നു. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലുകളാണെടുത്തത്. ഇതിനായി 1036 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.സി.ഡി.എസ്. ജീവനക്കാരുടേയും അങ്കണവാടി പ്രവര്‍ത്തകരുടേയും സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

മഞ്ഞപ്പിത്തം, കോളറയുള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍ എന്നിവയും ഫലപ്രദമായി തടയേണ്ടതുണ്ട്. ഇതിനായി ആരോഗ്യ വകുപ്പ് മുന്‍കരുതലുകള്‍ സ്വീകരിച്ചു കഴിഞ്ഞു.

പ്രളയ ദുരന്തത്തില്‍പ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സാന്ത്വനം നല്‍കുന്നതിനായി രൂപീകരിച്ച സാന്ത്വന സംഘത്തിന്റെ പ്രവര്‍ത്തനം ഫലവത്തായതായി നടന്നുവരുന്നു. എല്ലാം നഷ്ടപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിനായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് ഏകോപിപ്പിച്ച് വിപുലമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്. 1,10,712 പേരെയാണ് സംഘത്തിലെ വിദഗ്ധര്‍ സന്ദര്‍ശിച്ച് കൗണ്‍സലിംഗും സാമൂഹ്യ മന:ശാസ്ത്ര ഇടപെടലും സാധ്യമാക്കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ പൊതുജനാരോഗ്യ ടീം, കേന്ദ്ര സര്‍ക്കാരിന്റെ എമര്‍ജന്‍സി മെഡിക്കല്‍ റിലീഫ് ടീം. തമിഴ്‌നാട്, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധാ, എയര്‍ഫോഴ്‌സ്, സി.ആര്‍.പി.എഫ്., സി.ഐ.എസ്.എഫ്., ബി.എസ്.എഫ്, നേവി, ആര്‍മി, കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരും പി.ജി. വിദ്യാര്‍ത്ഥികള്‍, ഐ.എം.എ. ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകളും സേവനം നല്‍കി വരുന്നതായും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐഎഎസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐഎഎസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. റീന, ഡോ. ബിന്ദു മോഹന്‍, ഡോ. രാജു എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

പ്രസ് റിലീസ് 05-09-2018
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്

Leave a Reply