Home » ഇൻ ഫോക്കസ് » ചലച്ചിത്ര മേള ബദല്‍ മാര്‍ഗ്ഗങ്ങളുപയോഗിച്ച് നടത്തണം: ഡോ. ബിജു

ചലച്ചിത്ര മേള ബദല്‍ മാര്‍ഗ്ഗങ്ങളുപയോഗിച്ച് നടത്തണം: ഡോ. ബിജു

ചലച്ചിത്ര മേള എന്തുകൊണ്ട് നിർത്തലാക്കരുത് എന്ന് സൂചിപ്പിച്ചു കഴിഞ്ഞ ദിവസം എഴുതിയതിന്റെ തുടർച്ചയാണ് . ചലച്ചിത്ര മേളകളുടെ അൽപ്പം ചരിത്രവും മേളയുടെ പ്രാധാന്യവും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് . പ്രളയ ദുരന്തം ആയതിനാൽ ഒരു വര്ഷം മേള നിർത്തിക്കൂടെ , അതിലെന്താണിത്ര ബുദ്ധിമുട്ട് എന്ന തോന്നൽ സ്വാഭാവികം ആണ് . സിനിമ കാണിക്കാൻ വേണ്ടി സർക്കാർ ഈ ഒരവസരത്തിൽ പണം മുടക്കുന്നത് ശരിയാണോ എന്നത് രണ്ടാമത്തെ സ്വാഭാവിക ചോദ്യം . ചലച്ചിത്ര മേള എന്ന ആഘോഷം ഈ ഒരു വർഷം വേണോ നമ്മൾ ഓണാഘോഷം പോലും നിർത്തിയില്ലേ എന്നത് മൂന്നാമത്തെ ചോദ്യം . ഇനി ചലച്ചിത്ര മേള നടത്തണമെങ്കിൽ തന്നെ സിനിമക്കാരോ ഫെഫ്കയോ എ എം എം എ യോ ഒക്കെ ഈ ചിലവ് വഹിച്ചു കൂടെ എന്നത് നാലാമത്തെ ചോദ്യം .
1 .ആദ്യം മൂന്നാമത്തെ ചോദ്യം എടുക്കാം .
ചലച്ചിത്ര മേള എന്നത് കേവലം ഒരു ആഘോഷമാണ് എന്ന് തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ഉണ്ടാകുന്നത് . ചലച്ചിത്ര മേള ഒരു ആഘോഷമേ അല്ല , മറിച്ചു അത് ലോക രാജ്യങ്ങൾ തമ്മിലുള്ള ഒരു സാംസ്കാരിക വിനിമയം ആണ് .ലോകത്തെ ഏറ്റവും ജനാധിപത്യപരമായ കല ആണ് സിനിമ , വിവിധ ഭാഷകൾ , സംസ്കാരങ്ങൾ , ലോകത്തിന്റ്റെ വിവിധ രാജ്യങ്ങളുടെ ശബ്ദം എന്നിവ എല്ലാം സമ്മേളിക്കുന്ന ഒരിടം ആണത് . മനുഷ്യന്റ്റെ ചിന്തകളെയും കലയെയും സംസ്കാരത്തെയും നവീകരിക്കുന്ന ഒരു കൾച്ചറൽ ബ്രിഡ്ജ് ആണത് .ഓണാഘോഷം പോലെ തികച്ചും പ്രാദേശികമായ ഒന്നുമായി അതിനെ ഒരിക്കലും തുലനം ചെയ്യാനാവില്ല .
2 . ഇനി നാലാമത്തെ ചോദ്യത്തിലേക്ക് വരാം . തീർത്തും നിഷ്കളങ്കമായ ഒരു ചോദ്യം ആണിത് .സിനിമക്കാരോ ഫെഫ്കയോ എ എം എം എ യോ ഒന്നും തന്നെ ചലച്ചിത്രമേളയുടെ ഒരു പ്രധാന ഭാഗം അല്ല . അവയെല്ലാം തന്നെ സിനിമാ വ്യവസായത്തിന്റ്റെ ഭാഗമാണ് . ചലച്ചിത്ര മേള എന്നത് ഒരിക്കലും വ്യാവസായ സിനിമയുടെയോ മുഖ്യധാരാ സിനിമയുടെയോ ഭാഗമല്ല . സിനിമയെ സാംസ്കാരികമായും രാഷ്ട്രീയമായും സാമൂഹികമായും നവീകരിക്കുന്ന ലോകമെമ്പാടുമുള്ള മാനവികമായ , പരീക്ഷണാത്മകമായ , കലാമൂല്യ സിനിമകളുടെ ഒരു പ്രദർശന ഇടമാണ് ചലച്ചിത്ര മേള . അതുകൊണ്ട് തന്നെ ഈ സംഘടനകൾക്കോ മുഖ്യ ധാരാ സിനിമാ വക്താക്കൾക്കോ ഇത്തരം മേളകൾ നില നിന്ന് പോരണം എന്നോ ഏറ്റെടുക്കണം എന്നോ ഒരു താല്പര്യവും ഉണ്ടാകില്ല . ലോകമെമ്പാടുമുള്ള എല്ലാ മേളകളും സിനിമയുടെ സംസ്കാരത്തെ നവീകരിക്കുന്നതിനായി ഉദ്ദേശിച്ചാണ് മേളകൾ നടത്തുന്നത് , അതുകൊണ്ട് തന്നെ എല്ലാ പ്രധാന മേളകളും നടത്തുന്നത് അതാത് രാജ്യത്തെയും ദേശങ്ങളിലെയും പ്രാദേശിക സർക്കാരുകളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ തന്നെയാണ് . കാഴ്ചയുടെയും കലയുടെയും സംസ്കാരം നിലനിർത്തുകയും നവീകരിക്കുകയും ചെയ്യുക എന്നത് പ്രാഥമികമായി ഒരു ഭരണകൂടത്തിന്റെ ചുമതല ആണ് . ഇന്ത്യയിൽ തന്നെ പ്രധാന ചലച്ചിത്ര മേളകൾ നോക്കൂ , ഗോവ മേള നടത്തുന്നത് കേന്ദ്ര സർക്കാർ ആണ് , കൊൽക്കട്ട മേള നടത്തുന്നത് കൊൽക്കട്ട സർക്കാർ ആണ് ,
3 .ഇനി രണ്ടാമത്തെ ചോദ്യം , ഇപ്പോഴത്തെ പ്രളയ ദുരന്ത പശ്ചാത്തലത്തിൽ ചലച്ചിത്ര മേളയ്ക്ക് വേണ്ടി സർക്കാർ പണം മുടക്കണമോ ?, തീർച്ചയായും വേണ്ട എന്നത് തന്നെയാണ് ഉത്തരം . ഇത്തരം ഒരു സാഹചര്യത്തിൽ സർക്കാർ പണം നിർമാണ പ്രവർത്തനങ്ങൾക്കും മറ്റ് പ്രളയ ദുരന്ത ആശ്വാസ പ്രവർത്തനങ്ങൾക്കുമായി മാറ്റി വെക്കുക തന്നെ വേണം . പക്ഷെ അതുകൊണ്ട് ചലച്ചിത്ര മേള നിർത്തലാക്കേണ്ടതുണ്ടോ എന്നതാണ് പ്രധാന ചോദ്യം . മേളയുടെ ആർഭാടം കുറച്ചുകൊണ്ടും ഡെലിഗേറ്റ് രെജിസ്ട്രേഷൻ ഫീസ് കൂട്ടിയും മറ്റും മേള നടത്താനുള്ള ഒട്ടേറെ ബദൽ മാർഗ്ഗങ്ങൾ ഉണ്ട് . അവ കഴിഞ്ഞ പോസ്റ്റിൽ വിശദമായി തന്നെ സൂചിപ്പിച്ചിട്ടുള്ളതിനാൽ വീണ്ടും കുറിക്കുന്നില്ല .മേള നിർത്തലാക്കാൻ ഒരു തീരുമാനം എടുക്കുന്നതിന് യാതൊരു ധീരതയും ആവശ്യമില്ല , പക്ഷെ ഒരു ചലച്ചിത്ര മേളയുടെ രാഷ്ട്രീയ, സാമൂഹിക , സാംസ്കാരിക പശ്ചാത്തലം മനസ്സിലാക്കി അത് നിലനിർത്താൻ പ്രതികൂല സാഹചര്യങ്ങളിൽ ബദൽ മാർഗ്ഗങ്ങൾ സൃഷ്ടിച്ചെടുക്കാൻ നല്ല ഭാവനാ ശക്തിയും ഇച്ഛാശക്തിയും ഉണ്ടാകേണ്ടതുണ്ട് . ഇടത് പക്ഷ സർക്കാരിൽ നിന്നും അത്തരം ഒരു ഇടപെടൽ ആണ് നമ്മൾ പ്രതീക്ഷിക്കുന്നതും .
4 . ഇനി ഏറ്റവും പ്രധാനപ്പെട്ട ആദ്യ ഭാഗത്തേക്ക് വരാം . അൽപ്പം ചരിത്രം നമ്മൾ ഓർക്കേണ്ടതുണ്ട് . ലോകത്തെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്ര മേള വെനീസ് മേളയാണ് .1932 ൽ ആണ് വെനീസ് ചലച്ചിത്ര മേള ആരംഭിക്കുന്നത് 1935 മുതൽ ഈ മേള വർഷത്തിൽ ഒന്ന് എന്ന നിലയിലേക്ക് മാറി. രണ്ടാം ലോക മഹായുദ്ധത്തിന്റ്റെ കാലത്ത് ചലച്ചിത്ര മേളയുടെ ശക്തി മനസ്സിലാക്കിയ മുസോളിനി ഹിറ്റ്‌ലറുമായി ചേർന്ന് വെനീസ് ചലച്ചിത്ര മേളയെ തങ്ങളുടെ ആശയ പ്രചാരണത്തിനായുള്ള ഒരു മാധ്യമം ആയി തിരിച്ചറിഞ്ഞു ഉപയോഗപ്പെടുത്താൻ തുടങ്ങി . 1938 മുതൽ വെനീസ് മേള ഫാസിസ്റ്റ് നാസി പ്രൊപ്പഗാണ്ടയുടെ ഒരു പ്രധാന പ്രചാരണ ഇടം ആയി മാറി മറിഞ്ഞു . മേളയിൽ പ്രദർശിപ്പിക്കേണ്ട സിനിമകൾ മുസ്സോളിനിയും ഹിറ്റ്ലറും നേരിട്ട് തിരഞ്ഞെടുക്കുക വരെ ഉണ്ടായി . 1940 , മുതൽ മൂന്ന് വർഷം മേളയുടെ സ്ഥിരം വേദിയായ ലിഡോ യിൽ നിന്നും വളരെ ഉൾപ്രേദേശത്തേക്ക് മേള മാറ്റുക പോലും ഉണ്ടായി . ഒരു ചലച്ചിത്ര മേളയുടെ ശക്തി ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് ശക്തികൾ പോലും തിരിച്ചറിഞ്ഞിരുന്നു. അവർ ആ മേള നിർത്തലാക്കുക അല്ല ചെയ്തത് എന്ന് ശ്രദ്ധിക്കുക . മറിച്ചു കൂടുതൽ സാംസ്കാരിക അപകടം സൃഷ്ടിക്കുന്ന തരത്തിൽ മേളയുടെ ചിത്രങ്ങളുടെ ഉള്ളടക്കം തങ്ങൾക്കനുകൂലമായ തരത്തിൽ നാസി ഫാസിസ്റ്റ് നിലപാടുകൾക്ക് യോജ്യം ആക്കുക ആയിരുന്നു എന്നതാണ് .
വെനീസ് മേളയുടെ ഫാസിസ്റ്റ് പ്രൊപ്പഗാണ്ടയിൽ പ്രതിഷേധിച്ചു കൊണ്ടാണ് രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യ കക്ഷികളിൽ പെട്ട ഫ്രാൻസ് ഒരു പുതിയ മേള തുടങ്ങാൻ 1939 ൽ തീരുമാനിക്കുന്നത്. യുദ്ധത്തിന്റെ നടുവിൽ നിൽക്കുമ്പോഴും കലയെ കൃത്യമായ മാനവിക രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുവാനുള്ള ഉൾകാഴ്ചയാണ് ഫ്രാൻസിനെ കാൻ ചലച്ചിത്ര മേള തുടങ്ങുവാൻ പ്രേരിപ്പച്ച ഘടകം എന്നത് ശ്രദ്ധിക്കുക . രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലയളവിൽ 1939 സെപ്തംബർ 1 ന് ആദ്യ കാൻസ് ചലച്ചിത്ര മേള ആരംഭിച്ചു . പക്ഷെ അതേ ദിവസം തന്നെ ഹിറ്റ്‌ലർ പോളണ്ട് കീഴടക്കി . ആദ്യ സിനിമയുടെ പ്രദർശന ശേഷം ഫ്രാൻസിന് ആ ദിവസം കാൻ ചലച്ചിത്ര മേള നിർത്തി വെക്കേണ്ടി വന്നു . പിന്നീട് 1946 ൽ ആണ് കാൻ ചലച്ചിത്ര മേള പുനരാരംഭിക്കുന്നത് . യുദ്ധവും കലാപവും രൂക്ഷമായ ഘട്ടങ്ങളിൽ പോലും ചലച്ചിത്ര മേളകൾ നിലനിർത്താൻ ശ്രമങ്ങൾ നടന്നിരുന്നത് നമ്മൾ നോക്കിക്കാണേണ്ടതാണ് . മുസ്സോളിനിയും ഹിറ്റ്ലറും വെനീസ് ചലച്ചിത്ര മേള നിലനിർത്തുവാൻ ആഗ്രഹിച്ചത് ചലച്ചിത്ര മേളയുടെ ശക്തി തിരിച്ചറിഞ്ഞു അത് തങ്ങൾക്ക് അനുകൂലമായി മാറ്റിത്തീർക്കുവാൻ ആയിരുന്നു . ഫ്രാൻസ് കാൻ ചലച്ചിത്ര മേള തുടങ്ങാൻ ആലോചിച്ചത് വെനീസ് മേളയുടെ നാസി ഫാസിസ്റ്റ് പ്രൊപ്പഗാണ്ടയിൽ പ്രതിഷേധിച്ചു കൊണ്ട് മാനവിക രാഷ്ട്രീയം ഉയർത്തിപ്പിടിക്കുവാൻ ലക്ഷ്യമിട്ട് ആയിരുന്നു .
അതുകൊണ്ടു തന്നെ പ്രളയ ദുരന്തത്തിന്റ്റെ പശ്ചാത്തലത്തിൽ മേള നിർത്തലാക്കുക അല്ല വേണ്ടത് ഈ മേള മാനവികത ഉയർത്തിപ്പിടിക്കുവാനും അതിജീവനത്തിന്റെ പ്രതീകമായി മാറ്റുവാനും ആണ് നമ്മൾ ശ്രമിക്കേണ്ടത്

ഇനി കുറച്ചു സാങ്കേതിക കാര്യങ്ങൾ മുൻ പോസ്റ്റിൽ പറഞ്ഞിരുന്നത് കൂടുതൽ വിശദീകരിക്കാം
ലോകമെമ്പാടും ആയിരക്കണക്കിന് ചലച്ചിത്ര മേളകൾ ഉണ്ട് . പക്ഷെ ചലച്ചിത്രമേളയുടെ അക്രിഡിറ്റേഷൻ ആധികാരികമായി കണക്കാക്കുന്നത് ഫിയാപ്ഫ് (FIAPF ) ആണ് . ഫീച്ചർ ഫിലിം ചലച്ചിത്ര മേളകൾക്ക് ഫിയാപ്ഫ് അക്രിഡിറ്റേഷൻ ഉള്ളത് മൂന്ന് തരത്തിലാണ് . കോമ്പറ്റീറ്റീവ് ഫിലിം ഫെസ്റ്റിവൽ എന്ന വിഭാഗത്തിൽ ലോകമെമ്പാടുമായി കേവലം 15 ചലച്ചിത്ര മേളകൾ മാത്രമാണ് ഫിയാപ്ഫ് അക്രിഡിറ്റേഷൻ ഉള്ളത് . കാനും , ബെർലിനും , വെനീസും , , ഷാങ്‌ഹായിയും , മോൺട്രിയാലും , ടോക്കിയോയും ഒക്കെ ഇതിൽ പെടും. (ഇന്ത്യയിൽ നിന്നും ഗോവ മേള മാത്രമാണ് ഈ വിഭാഗത്തിൽ ഉള്ളത് ). രണ്ടാമത്തെ വിഭാഗം സ്പെഷ്യലൈസ്ഡ് കോമ്പറ്റീറ്റിവ് ചലച്ചിത്ര മേളകൾ ആണ് . ലോകമെമ്പാടും നിന്ന് 24 ചലച്ചിത്ര മേളകൾ മാത്രമാണ് ഈ വിഭാഗത്തിൽ ഫിയപ്ഫ് അംഗീകാരമുള്ളത് . ഇതിൽ ഒന്നാണ് കേരള ചലച്ചിത്ര മേള . ഇന്ത്യയിൽ നിന്നും കൽക്കട്ട, മുംബൈ , കേരള എന്നിങ്ങനെ മൂന്ന് മേളയ്ക്ക് മാത്രമേ ഈ വിഭാഗത്തിൽ അക്രിഡിറ്റേഷൻ ഉള്ളൂ എന്നത് പ്രേത്യേകം ശ്രദ്ധിക്കുക . മൂന്നാമത്തെ വിഭാഗം നോൺ കോമ്പറ്റീഷൻ മേളകൾ ആണ് . ടോറോണ്ടോ , വിയന്ന തുടങ്ങി രണ്ടു മേളകൾ മാത്രമേ ഈ വിഭാഗത്തിൽ അംഗീകാരമുള്ളൂ . ചുരുക്കത്തിൽ എല്ലാ വിഭാഗങ്ങളിൽ നിന്നുമായി ഫിയാപ്ഫ് അംഗീകരിച്ച 41 ചലച്ചിത്ര മേളകൾ മാത്രമേ ലോകത്ത് ഉള്ളൂ . അതിൽ ഒരെണ്ണമാണ് നമ്മുടെ കൊച്ചു കേരളത്തിന്റ്റെ മേള . ഒട്ടേറെ മറ്റ് മേളകൾ ഫിയാപ്ഫ് അക്രിഡിറ്റേഷനു വേണ്ടി കാത്തിരിക്കുന്നുണ്ട് . അത്തരം ഒരു സാഹചര്യത്തിൽ ഒരു വർഷം നിർത്തലാക്കുക എന്നത് തീർച്ചയായും ഗുണകരമല്ല . അത് കൊണ്ട് തന്നെ ലളിതമായ രീതിയിലെങ്കിലും മേള മുടങ്ങാതെ നിലനിർത്തുക എന്നത് ആണ് നമ്മൾ ഇപ്പോൾ ആലോചിക്കേണ്ടത് .
അവസാനമായി ഒന്ന് കൂടി . ദുരന്തങ്ങൾ ലോകമെമ്പാടും നിരന്തരം ഉണ്ടായിട്ടുണ്ട് . ആ സാഹചര്യങ്ങളിൽ അതാതിടങ്ങളിലെ ചലച്ചിത്ര മേളകൾ നിർത്തി വെച്ചിരുന്നുവോ എന്നത് കൂടി പരിശോധിക്കുന്നത് ഒരു ചരിത്ര ബോധ്യം നമുക്ക് ലഭിക്കാൻ ഇടയാക്കും
1 . 2011 മാർച്ച് 11 ന് ജപ്പാൻെറ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായി . തൊഹോകു ഭൂകമ്പം ഏതാണ്ട് 16000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു , 3000 ലധികം ആളുകൾ കാണാതായി , 360 ബില്യൺ യു എസ് ഡോളറിന്റ്റെ നഷ്ടം ഉണ്ടായി . അതിനെ തുടർന്നുള്ള ദിവസങ്ങളിൽ ആണ് ഫുക്കോഷിമ ആണവ ദുരന്തം ജപ്പാനിൽ ഉണ്ടാകുന്നത് . ജപ്പാനിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ ടോക്കിയോ ചലച്ചിത്ര മേളയുടെ ഇരുപതിനാലാമത്തെ വർഷം ആയിരുന്നു 2011 . ടോക്കിയോ ചലച്ചിത്ര മേള ആ വർഷം ഒക്ടോബറിൽ നടക്കുക തന്നെ ചെയ്തു . ജപ്പാൻ മേള മാറ്റിവെച്ചില്ല . അതിജീവനത്തിന്റെ കരുത്ത് പ്രഖ്യാപിച്ചു ടോക്കിയോ മേള 2011 ഒക്ടോബർ 22 മുതൽ 30 വേറെ നടന്നു . ടോക്കിയോ ചലച്ചിത്ര മേളയുടെ എല്ലാ വേദികളിലും ഓരോ കളക്ഷൻ ബോക്സുകൾ ഡൊണേഷൻ നൽകാനായി സ്ഥാപിച്ചു . ടോക്കിയോ ചലച്ചിത്ര മേള പ്രകടിപ്പിച്ച ഏറ്റവും വലിയ മാനവികത അത് മാത്രമല്ല . ആ ഡൊണേഷനിൽ നിന്നും ലഭിച്ച തുക ജപ്പാന് മാത്രമായല്ല അവർ നൽകിയത് മറിച്ചു അതെ വർഷം ടോക്കിയോ മേള നടന്നു കൊണ്ടിരിക്കുമ്പോൾ ടർക്കിയിൽ ഒക്ടോബർ 23 ന് ഭൂകമ്പം ഉണ്ടായി . 700 ഓളം ആളുകളാണ് തുർക്കിയിൽ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത് .ടോക്കിയോ മേളയിൽ നിന്നും സമാഹരിച്ച ഡൊണേഷൻ ജപ്പാനോടൊപ്പം തുർക്കിക്കും നൽകിയാണ് സിനിമയുടെ മാനവികത ടോക്കിയോ ചലച്ചിത്ര മേള ഉയർത്തിക്കാട്ടിയത് .

2 . 2011 ഒക്ടോബർ 23 ന് തുർക്കിയിൽ നടന്ന ഭൂകമ്പത്തിൽ 700 ഓളം പേര് കൊല്ലപ്പെട്ടു . പക്ഷെ ടർക്കിയിലെ പ്രധാനപ്പെട്ട രണ്ടു ചലച്ചിത്ര മേളകളും തൊട്ടടുത്ത വർഷം ഉപേക്ഷിച്ചില്ല .2012 മാർച്ചിൽ ഇസ്താൻബുൾ ചലച്ചിത്ര മേളയും , ഒക്ടോബറിൽ അൻറ്റാല്യ ഗോൾഡൻ ഓറഞ്ചു ചലച്ചിത്ര മേളയും നടക്കുക ഉണ്ടായി .

3 . ചൈനയിൽ 2008 മെയ് 12 ൽ സിചുവാൻ ഭൂകമ്പം ഉണ്ടാവുകയും തൊണ്ണൂറായിരത്തിൽ അധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു . ചൈനീസ് സർക്കാർ മാധ്യമ വാർത്തകൾ ഉൾപ്പെടെ എല്ലാത്തിനും സെൻസർഷിപ് ഏർപ്പെടുത്തി . ആ വർഷം ഷാങ്ഹായി ചലച്ചിത്ര മേളയുടെ പതിനൊന്നാമത് എഡിഷൻ ആയിരുന്നു. അത് പക്ഷെ ചൈനീസ് സർക്കാർ റദ്ദ് ചെയ്തില്ല .. 2008 ജൂൺ 14 മുതൽ 22 വരെ ഷാങ്ഹായി മേള നടന്നു . രണ്ടു മിനിറ്റ് ദുഃഖാചരണത്തോടെ ആണ് മേള തുടങ്ങിയത് .ജൂറി ചെയർമാൻ വോങ് കാർ വായിയും പ്രശസ്ത ചൈനീസ് താരം ജാക്കി ചാനും മേളയിൽ പങ്കെടുക്കാൻ എത്തിയ വിദേശ പ്രതിനിധികളോട് ഒരു സംയുക്ത അഭ്യർത്ഥന നടത്തി . ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ട 5 മില്യൺ ചൈനീസ് ആളുകൾക്ക് സഹായം നൽകാനായി അവരവർക്ക് ആവുന്ന ഡൊണേഷൻ നൽകണം എന്ന് . ഫെസ്റ്റിവൽ ഡയറക്ടർ ഗെസ്റ്റുകളോട് ആ വർഷം ഡ്രസ്സ് കോഡ് മേളയിൽ ഉണ്ടാവുക ഇല്ല എന്നും പകരം പ്രതീക്ഷയുടെ പ്രതീകമായി ഒരു പച്ച റിബൺ ധരിക്കുവാനും ആവശ്യപ്പെട്ടു . ഇതോടൊപ്പം ഓർക്കാവുന്ന മറ്റൊന്നാണ് ആ വർഷം മെയ് മാസത്തിൽ കാൻ ചലച്ചിത്ര മേളയിൽ ചൈനയിലെ പ്രശസ്ത താരങ്ങളായ ജാക്കി ചാനും സിയി ഷാങ്ങും മേളയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ചു റെഡ് കാർപ്പറ്റ് വാക്കിങ്ങിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു ചിത്രം ഉയർത്തി പ്പിടിച്ചു സിചുവാൻ ഭൂകമ്പത്തിൽ ചൈനയെ സഹായിക്കാൻ ആവശ്യപ്പെട്ടു . ഏതാണ്ട് 1 മില്യൺ യു എസ് ഡോളർ ആണ് ഈ അഭ്യർത്ഥനയുടെ ഫലമായി സമാഹരിക്കപ്പെട്ടത് .
ചൈനയിൽ വീണ്ടും 2010 ഏപ്രിൽ 13 ന് യുഷു ഭൂകമ്പത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു . ആ വർഷവും ജൂൺ 12 മുതൽ 20 വരെ ഷാങ്ഹായി മേള ചൈനീസ് ഗവണ്മെന്റ്റ്‌ മുടക്കമില്ലാതെ നടത്തുക ഉണ്ടായി .

4 . 2004 ഡിസംബർ 24 ന് ഇൻഡോനേഷ്യയിലെ ഭൂകമ്പത്തിൽ 3 ലക്ഷത്തിലധികം പേരാണ് മരണപ്പെട്ടത് . തൊട്ടടുത്ത വർഷം ഡിസംബർ 9 മുതൽ 18 വരെ മേള മുടങ്ങാതെ തന്നെ നടത്തുകയുണ്ടായി .

ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാവുന്നതേ ഉള്ളൂ . ചുരുക്കത്തിൽ പറയാവുന്നത് വീണ്ടും ഇത് മാത്രമാണ് . ചലച്ചിത്ര മേള എന്നത് കേവലം ഒരു ആഘോഷമാണ് എന്ന തെറ്റിധാരണ മാറേണ്ടതുണ്ട് . ചലച്ചിത്ര മേള ഒരു ഭരണകൂടത്തിൻറ്റെ കലാ സാംസ്കാരിക പ്രതിരോധവും വിവിധ സംസ്കാരങ്ങളുടെ അന്താരാഷ്ട്ര സംഗമ വേദിയും ആണ് . അത് തുടരേണ്ടത് രാഷ്ട്രീയമായും സാമൂഹികമായും ഉള്ള ആവശ്യകത ആണ് . ഒപ്പം ലോകമെമ്പാടും ഉള്ള കലാ സമൂഹത്തെ അതിജീവിക്കുന്ന ഒരു ജനതയ്ക്ക് ഒപ്പം നിർത്താനുള്ള ഒരു അന്താരാഷ്ട്ര വേദി കൂടെയാണ് . അത് യാതൊരു ആലോചനകളും ഇല്ലാതെ നിർത്തുക എന്നതല്ല അത് വ്യത്യസ്തമായി നടപ്പിലാക്കുക എന്നതിലാണ് ഒരു സർക്കാരിന്റ്റെ ആർജ്ജവം ഉണ്ടാകേണ്ടത് . ലളിതമായ ഒരു നിർദ്ദേശം കൂടി പറഞ്ഞു കൊണ്ട് നിർത്തട്ടെ . മേളയുടെ സിഗ്നേച്ചർ ഫിലിം ഇത്തവണ എന്തുകൊണ്ട് നമ്മുടെ പ്രളയ ദുരന്തം പശ്ചാത്തലമാക്കി നിർമിച്ചു കൂടാ . ലോകത്തിന്റെ ശ്രദ്ധ നമ്മിലേക്ക് കൂടുതൽ ആകർഷിക്കാൻ അത് ഇടയാക്കും . കഴിഞ്ഞ 12 വർഷങ്ങളിലായി മുപ്പതിലധികം രാജ്യങ്ങളിലെ ചലച്ചിത്ര മേളകളിൽ പങ്കെടുത്ത ഒരാൾ എന്ന നിലയിൽ പറയട്ടെ , ചലച്ചിത്ര മേളകൾ ഓരോ രാജ്യത്തിൻറ്റെയും സാംസ്കാരിക അഭിമാനം ആയാണ് അതാത് രാജ്യങ്ങളും സ്റ്റേറ്റുകളും കണക്കാക്കുന്നത് . പ്രതികൂലമായ കാലഘട്ടങ്ങളിൽ പോലും കലയെ അതിജീവനത്തിനായി ഉപയോഗപ്പെടുത്താനും , മാനവികതയെ നിലനിർത്താനും ആളുകളെ ജീവിക്കാൻ പ്രേരിപ്പിക്കാനും, രാഷ്ട്രീയമായ പ്രതിരോധങ്ങൾ സൃഷ്ടിക്കാനും , ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ ലോക ശ്രദ്ധ ആകര്ഷിക്കുന്നതിനായുള്ള ഏറ്റവും പൊട്ടൻഷ്യൽ ഉള്ള ഒരു അന്താരാഷ്ട്ര വേദിയായി മാറ്റുവാനും ചലച്ചിത്ര മേളകളെ എല്ലാ രാജ്യങ്ങളും ഉപയോഗപ്പെടുത്തുന്നു . ഇതൊന്നും കാണാതെ തീർത്തും ലളിതമായി ചലച്ചിത്ര മേള നമുക്ക് വേണ്ട എന്ന് തീരുമാനിക്കുന്നത് വളരെ നിർഭാഗ്യകരമായ അടഞ്ഞ കാഴ്ചപ്പാടാണ് . വരും വർഷങ്ങളിൽ വെറും 15000 പേർക്ക് സിനിമ കാണാൻ സർക്കാർ 5 കോടി രൂപ മുടക്കുന്നത് എന്തിന് എന്ന നിലയിലുള്ള തീരുമാനങ്ങളിലേക്ക് നമ്മൾ എത്തിപ്പെടാനുള്ള സാധ്യതയും ഇത്തരം കണ്ണടച്ചുള്ള തീരുമാനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട് ..

Leave a Reply