Home » കലാസാഹിതി » സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടത്താന്‍ തീരുമാനമായി

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടത്താന്‍ തീരുമാനമായി

ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയിലും കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള കണ്ണൂരും നടത്താന്‍ തീരുമാനമായി. വിദ്യാഭാസമന്ത്രി സി. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം കൊല്ലത്ത് നടക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കിയായിരിക്കും പരിപാടികള്‍ നടത്തുക. ഇതിന്റെ ഭാഗമായി നാലു മേളകളിലും ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ ഈ വര്‍ഷമുണ്ടായിരിക്കില്ല.

കായികോത്സവം തിരുവനന്തപുരത്ത് ഒക്ടോബര്‍ അവസാനമാണ് നടക്കുക. എല്ലാ മേളകളിലും കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ ഇനങ്ങളുമുണ്ടാകും.

എല്ലാ മേളകളും പരമാവധി ചെലവ് ചുരുക്കി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. മേളകളുടെ ദിവസങ്ങള്‍ കുറയ്ക്കുന്നതിന് ശ്രമം നടത്തും. അധ്യയന ദിവസങ്ങള്‍ പരമാവധി നഷ്ടപ്പെടുന്നത് പരമാവധി ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നത്. വ്യക്തിഗത ട്രോഫികളും ഉണ്ടാകില്ല. ഗ്രേസ് മാര്‍ക്കും സര്‍ട്ടിഫിക്കറ്റും മത്സരാര്‍ത്ഥികള്‍ക്ക് നല്‍കും.

231 മത്സരങ്ങളാണ് സ്‌കൂള്‍ കലോത്സവത്തിലുള്ളത്. ടൈം ടേബിള്‍ നിശ്ചയിച്ച ശേഷം മാത്രമായിരിക്കും എത്ര ദിവസമായിരിക്കും മേളയെന്ന് പറയാന്‍ സാധിക്കുക. ശാസ്ത്രമേള നവംബറിലാണ് നടക്കുക. വലിയ പന്തലുകളും ഇത്തവണ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ കലോല്സവവും ചലച്ചിത്ര മേളയും ഒഴിവാക്കുന്നതിന് ധാരണയായിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം മാറ്റിയത്.

Leave a Reply