Home » കലാസാഹിതി » ഫഹദിന്റെ ‘വരത്തൻ’ ഈ നാട്ടിലെ ഓരോ സ്ത്രീയുമാണ്

ഫഹദിന്റെ ‘വരത്തൻ’ ഈ നാട്ടിലെ ഓരോ സ്ത്രീയുമാണ്

വീണ ജെ എസ് എഴുതുന്നു.

ഫഹദ് as വരത്തൻ. സിനിമ അങ്ങനെയാണ് ആളുകളിലേക്കെത്തിയത്. ഐശ്വര്യ ലക്ഷ്മി എന്ന നായികയെക്കുറിച്ച് എത്രപേർ എഴുതിയെന്നറിയില്ല. എനിക്കെഴുതാൻ ഉള്ളത് ആ നടി അത്രയും അസാധ്യമായ തരത്തിൽ അഭിനയിച്ചു പ്രതിനിധാനം ചെയ്ത പെൺവർഗത്തെക്കുറിച്ചു മാത്രമാണ്. ആദ്യദിവസം തന്നെയാണ് സിനിമ കണ്ടത്. കണ്ടപ്പോൾ മുതൽ ചെയ്ത ഒരു ജോലി എത്രപേർ റിവ്യൂ എഴുതി എന്നാണ്. സിനിമയിലെ സംഗീതം എന്നെ ഒട്ടും ആകർഷിച്ചിട്ടില്ല എന്നതൊഴിച്ചു Sreejith Divakaran എഴുതിയതിനപ്പുറം ഒന്നും എഴുതാനില്ല. ശ്രീജിത്ത്‌ എഴുതിയത് ഇപ്പോഴാണ് വായിക്കുന്നത്. അത് മുഴുവൻ വായിക്കും മുന്നേ അദ്ദേഹത്തിന്റെ fb സ്റ്റാറ്റസിന് താഴെ എന്തോ പോയി കുറിച്ചിട്ടുണ്ട്. “വരത്തൻ കേരളമെന്ന ദേശത്തിന്റെ, ഇവിടത്തെ പെണ്ണുങ്ങളുടെ കഥയാണ്” എന്ന ശ്രീജിത്തിന്റെ വാക്കുകൾക്ക് ചെറിയൊരു വ്യത്യാസം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.
വരത്തൻ എന്നത് ഈ നാട്ടിലെ ഓരോ സ്ത്രീയുമാണ്. അല്ലാതെ അത് ഫഹദ്ന്റെ കഥാപാത്രം ചെയ്ത ആണല്ല. ഇന്നുവരെ ഇവിടത്തെ ഒന്നും ഞങ്ങളുടേതായി ഞങ്ങൾക്ക് തോന്നിയിട്ടില്ല. ഓരോ തവണ ആഞ്ഞുപിടിക്കാൻ ശ്രമിച്ചപ്പോഴും അതെല്ലാം തിരിച്ചെടുത്തുകൊണ്ട്, അതിലെല്ലാം അക്ഷമരായിക്കൊണ്ട് ഇവിടത്തെ പുരുഷാധിപത്യസമൂഹം “ഞങ്ങൾ പെണ്ണുങ്ങൾ വരത്തന്മാർ” ആണെന്ന് ഓർമിപ്പിച്ചുകൊണ്ടേ ഇരുന്നിട്ടുണ്ട്. എന്നും കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ ഒരു പ്രായം വരെ ഒരു തവണയെങ്കിലും ആലോചിച്ചിട്ടുള്ളത് “അയ്യോ, ഈ വിടവ് കണ്ടാൽ ആരേലും നോക്കാൻ, തോണ്ടാൻ, കമന്റടിക്കാൻ വരില്ലേ” എന്നൊക്കെയാണ്. ബസ്സൊന്നു വേഗം എടുത്താൽ പിന്നാലെ ഓടുന്നതിനേക്കാൾ ഭയം ഓടുമ്പോൾ ഷാളുകൾക്കിടയിലൂടെ ആരെങ്കിലും കണ്ടേക്കാവുന്ന മുലകളെ ഓർത്തായിരുന്നു.

ക്‌ളാസ്സുകളിൽ ഷാൾ ഇടാതെ വരുമ്പോൾ പരതിയെത്തുന്ന അധ്യാപകന്റെ കണ്ണുകളും, ആൺകുട്ടികളുടെ ഇടയിൽ ഇരിക്കുന്ന പെൺകുട്ടിക്ക് പെൻസിൽ താഴെ വീണാൽ കുനിഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണെന്ന് പറയുന്ന വിചിത്രചിന്തകളും, പെണ്ണ് ബൈക്കോടിച്ചു പോകുമ്പോൾ അവളുടെ നെഞ്ചത്തേക്ക് നോക്കി നെടുവീർപ്പിടുന്ന ചേട്ടന്മാരും, കുഞ്ഞിനെ പാലൂട്ടുമ്പോൾ പോലും തുറിച്ചുനോക്കുന്നവൻമാരും, ഒന്നു മുറ്റമടിക്കാൻ കുനിയുമ്പോഴേക്കും “അളിയാ വെട്ടിപ്പൊ കാണാം”എന്നും പറഞ്ഞ് കാത്തിരിക്കുന്നവന്മാരും, ഡാൻസ് കളിക്കുമ്പോൾ പൊക്കിളെങ്ങാനും അബദ്ധത്തിൽ കണ്ടയുടൻ “വടരാധിക” എന്നു വിളിക്കുന്നവന്മാരും, പെണ്ണ് സാക്ഷി പറഞ്ഞാൽ വിലയില്ലാത്ത സഭയും വില്ലേജ് ഓഫീസർമാരും, കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്ക് അമ്മയുടെ ഒപ്പ് പോരാ അച്ഛന്റെയോ മറ്റേതെങ്കിലും ആൺകൂട്ടിരുപ്പുകാരന്റെയോ ഒപ്പ് തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്ന ആശുപത്രി അധികൃതരും, സ്വന്തം ജോലി കൃത്യമായി ചെയ്യുന്ന ഐഎഎസ്സുകാരികളായ ഓഫീസർമാരെപ്പോലും “ആൺകുട്ടികളായിമാത്രം” കാണാൻ “കഴിയുന്ന”വൻമാരും, പരിപാടികളിൽ അതിഥികൾക്ക് പൂക്കൾ കൊടുക്കാനുള്ള ജോലി മാത്രം പെൺകുട്ടികൾക്ക് കൊടുക്കുന്ന ഓഫീസർമാരും, സിനിമയിലുടനീളം ഫഹദിന് ഐശ്വര്യ നല്ല സപ്പോര്‍ട്ട് കൊടുത്തെന്ന് സൗത്ത്‌ലൈവ്‌ വാർത്ത കൊടുക്കുന്ന എഴുത്തുകാരനും
ഒക്കെക്കാരണം എപ്പോഴും എല്ലായിപ്പോഴും വരത്തന്മാരായി ജീവിക്കുന്ന ഞങ്ങൾ. 🙁 As Lissy VT says “വീട്ടിൽ എന്തെങ്കിലും കാര്യം പറയാൻ വരുന്നവർക്ക് വാതിൽ തുറന്നുകൊടുക്കുന്നത് സ്ത്രിയാണെങ്കിൽ ഇവിടാളില്ലേ എന്ന ചോദ്യം. പുരുഷന്മാരോട് ഏതെങ്കിലും വിഷയം ഗൗരവമുള്ളത് സംസാരിച്ചാൽ ഞങ്ങൾ ആണുങ്ങളോടേ സംസാരിക്കൂ എന്നു പറഞ്ഞ് വായടപ്പിക്കൽ അങ്ങനെ ഇനിയുമെത്രയോ…”

ഓരോ നിമിഷവും ഞങ്ങൾ അന്യഗ്രഹജീവികൾ ആണെന്ന് സമൂഹം അത്രമേൽ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു.

അതേ സമയം നല്ല ആണുങ്ങളാൽ ചുറ്റപ്പെട്ട ലോകത്തെ പാടെ മറക്കാനും കഴിയില്ല. എന്നാൽ നല്ല ആണുങ്ങൾ മുകളിൽ പറഞ്ഞ തരത്തിലുള്ളവർക്ക് വെറും കോഴികളായും പാവാടഅലക്കികൾ ആയും മാറുന്നത് പെണ്ണുങ്ങൾ വരത്തരായതു കൊണ്ട് മാത്രമല്ലേ? അതിലും വലിയ ദുരിതമാണ് എബി അനുഭവിക്കുന്നതും. അച്ഛനെപ്പോലെ എബി തന്നെ സംരക്ഷിക്കുന്നില്ല, താൻ എബിയാൽ സംരക്ഷിക്കപ്പെടുകതന്നെ വേണം, അല്ലാത്ത പക്ഷം എബി തന്റെ സ്നേഹത്തിനർഹനല്ല എന്നൊക്കെ അവൾ പറയാതെ പറയുന്നുണ്ട്. എബി അനുഭവിക്കുന്ന മാനസികവിഷമങ്ങൾക്ക് കാരണം സ്ത്രീവിരുദ്ധത കൊണ്ട് എഴുതപ്പെട്ട സമൂഹമാണ്. വെർബൽ റേപ്പ് അനുഭവിച്ചു ജീവിക്കുന്നത് ദുസ്സഹമാണ്, പോലീസിൽ റിപ്പോർട്ട്‌ ചെയ്ത് ആ അവസ്ഥയിൽ എത്താൻ താൻ താല്പര്യപ്പെടുന്നില്ല എന്ന രീതിയിൽ തന്നെയാണ് ഓരോ പെണ്ണും നിലനിർത്തപ്പെടുന്നത്. പതിമൂന്നു തവണ റേപ്പ് ചെയ്തെന്നു ഒരു പെണ്ണ് പറയുമ്പോൾ പന്ത്രണ്ടു തവണ സുഖിപ്പ്, പതിമൂന്നാം തവണ മാത്രം റേപ്പ് ആയെന്നു പറയുന്ന ജനപ്രതിനിധിയും കൂട്ടബലാത്സംഗത്തിനിരയായ പതിനാറു വയസ്സുകാരി “ബാലവേശ്യ”യാണെന്ന് അഭിപ്രായപ്പെടുന്ന ന്യായാധിപനുമെല്ലാം അവളെ നിരന്തരം ഓർമപ്പെടുത്തുന്നത് അവൾ അവളുടെ സ്വന്തം സ്ഥലത്തു മനുഷ്യാവകാശങ്ങളില്ലാത്ത “വെറും” വരത്തയാണെന്ന് തന്നെയാണ്. അന്യനാട്ടിൽ സന്തോഷിക്കുന്ന അവൾ പകൽ പോലെ സത്യവുമാണ്. സ്വന്തം നാട്ടിൽ തന്നിഷ്ടത്തിനു ജീവിക്കുന്ന എത്രപേരുണ്ട് നമ്മുടെ കൂട്ടത്തിൽ? ഇഷ്ട്ടപ്പെട്ട വസ്ത്രങ്ങളണിഞ്ഞു ട്രെയിനിൽ യാത്ര ചെയ്ത് വീടിന്റെ സ്റ്റേഷൻ എത്താറാവുമ്പോൾ ടോയ്‌ലെറ്റിൽ പോയി വസ്ത്രം മാറി, ചിരി പോലും മായ്ച്ചു വണ്ടിയിറങ്ങിപോകുന്ന ഒരുപാട് പെണ്ണുങ്ങളെ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോഴും, അവരെ നോക്കി, “കയ്യിലിരുപ്പ് കണ്ടാ, വീട്ടുകാരുടെ അടുത്ത് പൂച്ച, ട്രെയിനിൽ കേറി കാണിക്കുന്ന കളികൾ, ഇവളൊക്കെ വേറെ നാട്ടിൽ പോയാൽ എന്താവുമായിരിക്കും അവസ്ഥ” എന്നുപറയാൻ മാത്രമേ ചിലർക്ക് കഴിയൂ. ബാംഗ്ലൂരിൽ പഠിച്ച പെണ്ണ്, പെൺകുട്ടികൾ മാത്രമുള്ള വീടുകളിലെ പെണ്ണ്, അച്ഛനില്ലാത്ത വീട്ടിലെ പെണ്ണ്, കറുത്ത പെണ്ണ് ഇവരെല്ലാം വിവാഹാലോചനകളിൽ “ഒന്നൊന്നര വരത്തകൾ” ആവുന്നത് ഇതേ മനോഭാവം കൊണ്ട് തന്നെ. പെണ്ണ്, അതിപ്പോ ഐഎഎസ് ഓഫീസർ ആയാലും “വെറും” പെണ്ണാണ്. അവൾക്ക് സ്വപ്‌നങ്ങൾ കാണാം. പക്ഷെ ആ സ്വപ്നങ്ങൾക്ക് ഇന്നും അതിരുകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply