Home » ഇൻ ഫോക്കസ് » സംസ്ഥാനത്ത് 2500 ഓളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്താനൊരുങ്ങുന്നു

സംസ്ഥാനത്ത് 2500 ഓളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്താനൊരുങ്ങുന്നു

ഇന്ധനവില ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തുന്നു. 2500 ഓളം ബസുകളാണ് താല്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഒരുങ്ങുന്നത്. ഇതിനുള്ള അപേക്ഷകള്‍ ബസുടമകള്‍ ആര്‍ടി ഓഫീസുകളില്‍ നല്‍കി.

ഈ തീരുമാനം ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാരെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ വലയ്ക്കും. കഴിഞ്ഞ ചാര്‍ജ് വര്‍ദ്ധനവിന് ശേഷം 15 രൂപയോളമാണ് ഡീസല്‍ വിലവര്‍ദ്ധനവ്. ഇത് മൂലം ബസ് വ്യവസായം നടത്തി കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നാണ് ഉടമകളുടെ നിലപാട്. ഇതോടെ അസോസിയേഷനെ പോലും അറിയിക്കാതെ ബസുകളുടെ സര്‍വീസ് താല്ക്കാലികമായി നിര്‍ത്തിവെക്കുകയാണ് ഉടമകള്‍. ഇതിനുള്ള അപേക്ഷകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍ടി ഓഫീസുകളില്‍ നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷം ശരാശരി എട്ടുലക്ഷം വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ അതില്‍ ബസുകള്‍ രണ്ട് ശതമാനത്തില്‍ താഴെയാണ് നിരത്തിലിറങ്ങുന്നത്. 10 വര്‍ഷത്തിനിടെ 9000 സ്വകാര്യ ബസുകളും 900 കെഎസ്ആര്‍ടിസി ഷെഡ്യൂളുകളും സര്‍വീസ് നിര്‍ത്തി. ചാര്‍ജ് വര്‍ധന നടപ്പാക്കിയ മാര്‍ച്ചിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ 10 മുതല്‍ 20 ശതമാനം വരെ കുറവുണ്ടായതായും സംഘടന ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply