അടിക്കടി ഉയരുന്ന ഇന്ധന വിലയ്ക്കു പുറമെ ജനത്തിന് കനത്ത പ്രഹരവുമായി പാചക വാതക വിലയും കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സബ്സിഡി ഇല്ലാത്ത സിലണ്ടറിന് 59 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സബ്സിഡി ഇല്ലാത്ത സിലണ്ടറിന് 869.50 രൂപയാണ് നിലവിലെ വില. 2.89 രൂപയാണ് സബ്സിഡിയുള്ള സിലിണ്ടറിന് വര്‍ധിപ്പിച്ചിരിക്കുന്നത്. സബ്സിഡിയുള്ള സിലിണ്ടറിന് ഇതോടെ 502.04 രൂപയായി വര്‍ധിച്ചു. ഇതോടെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സബ്സിഡി ഉപേക്ഷിച്ച ജനങ്ങള്‍ക്ക് കനത്ത പ്രഹരമാണ് വിലവര്‍ധനയിലൂടെ ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് പാചകവാതക വിലയ്ക്കു പുറമെ ഇന്ധനവിലയും കുതിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്നും കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് വില 87.12 രൂപയായി. ഡീസലിന് ലിറ്ററിന് 80.36 രൂപയും . കൊച്ചിയില്‍ പെട്രോള്‍ വില 85.78 രൂപയാണ്. ഡീസലിന് 79.11 രൂപയും.
രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് ഇന്ധന- പാചകവില വര്‍ധനക്ക് കാരണമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് നല്കുന്ന വിശദീകരണം. അതേസമയം വിലവര്‍ധന തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.